Friday, November 21, 2014

winter in pravithanam

പണ്ട് പണ്ട് പണ്ട് ....അങ്ങനെ തന്നെ തുടങ്ങണം കാരണം ജന്മങ്ങൾക്ക് അപ്പുറത്ത് എവിടെയോ  ആവണം ആ ഓർമ്മകൾ എന്ന് തോന്നി പോകുന്നു ........ഡിസംബർ അതാണ്‌ സംഭവം.....
 clint  eastwood മുതൽ സലിം കുമാർ വരെയുള്ള അനേകം പ്രതിഭകൾ മനസ്സിനെ തൊട്ടിട്ടുണ്ട് അത് സത്യമാണ്.
 എന്നാലും...
എന്നാലും ....
എന്നാലും ...
                                ജലന്ധറിന്റെ  സ്പെല്ലിങ്ങ് കലാഭാവാൻ മണി Summer in Bethleham എന്ന സിനിമയിൽ  പറയുന്നത് കണ്ട നിമിഷത്തിനു പ്രത്യേകതയുണ്ട്.അതിനു മുമ്പോ അതിനു ശേഷമോ ആ നിമിഷത്തിൽ അനുഭവിച്ചതിന്റെ അടുത്തെത്താൻ  ആയിട്ടില്ല. ആ കലാകാരനോടുല്ല എല്ലാ വിധ ബഹുമാനത്തോടും കുടി പറയട്ടെ ....ആ നിമിഷം .... ആ ഒരു നിമിഷം ...എന്റെ എല്ലാമായിരുന്ന ആ ലോവർ പ്രൈമറി  സ്കൂളിന്റെ ചുവരിൽ  വലിച്ചു കെട്ടിയ ആ വെളുത്ത തുണിയിൽ ആ തമാശക്കു അപ്പുറം മറ്റെന്തൊക്കെയോ അനുഭവിച്ചതിനു കാരണം  ആ നടൻ മാത്രമല്ല .
                                             Xmas  പ്രമാണിച് സ്കൂളിൽ നടത്തുന്ന പ്രത്യേക സിനിമ പ്രദര്ശനം ...summer in bethlahem .....ഡിസംബർ  23 ആം തിയതി വൈകിട്ട് 5 മണിക്ക് പ്രവിത്തനം L .P .സ്കൂളിൽ ...ഒരു സംഭവത്തെ കുറിച്ച് കേട്ടിട്ട്  നമ്മൾ കൊതി പൂണ്ടു പോകുക എന്നൊക്കെ പറഞ്ഞാൽ പോര....അതായതു രണ്ടു കാലുമില്ലാത്തവനെ  ഉസൈൻ ബോൾട്ട് വന്നു നമിച്ചാലുള്ള ഒരു അവസ്ഥ...അത്രയ്ക്കും ആശിച്ചു പോയി...    ഒന്ന് ...."പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴിവാര്കവേ" എന്ന് ഗിരീഷ്‌ പുത്തഞ്ചേരി  എഴുതി വെച്ച സംഭവം ആ പടത്തിലുണ്ട്. രണ്ട് ...മഹാ നടൻ  mohanlal താടി വെച്ച് അഭിനയിക്കുന്നു,...പിന്നെ ഊട്ടിയോ കൊടൈക്കനാലോ  അങ്ങനെ ഏതോ സ്ഥലം ....ഈ പറഞ്ഞതെല്ലാം അന്നത്തെ ഏറ്റവും വലിയ ഭ്രമങ്ങൾ  ആണ്. എല്ലാം ശരി ..പക്ഷെ അഞ്ചു രൂപ....അതാണ് പ്രശ്നം..വലിയ വലിയ പ്രശ്നം.
                                     വീട്ടിൽ പറയാൻ ലവ ലേശം ധൈര്യമില്ല. (ബാലരമ വാങ്ങാനും അഞ്ചു രൂപ ആണ് അതുണ്ടാക്കാൻ 18 അടവും പയറ്റിയിട്ടും നടക്കാറില്ല   അതറിയാം ) ഇന്നത്തെ മെഗാ സീരിയലിൽ ഉള്ള അമ്മയിമ്മമാർ പെരുമാറുന്നത് പോലെ ആണ് അമ്മ അക്കാലത്തു പെരുമാറിയിരുന്നതെന്ന് എനിക്ക് പിന്നീടു തോന്നിയിട്ടുണ്ട്.(പണത്തിന്റെ വിലയെ പറ്റിയുള്ള  എന്റെ സർവ അറിവുകളുടെയും തുടക്കം അവിടുന്നാണ്.)..എല്ലാം ശരി അപ്പോൾ 5 രൂപ......????
പ്രവിത്തനം പള്ളി പെരുന്നാളിന് നാരങ്ങ വെള്ളത്തിന്റെ കടയിട്ടു, കാശു വാരിയ സഹാപാഠിയോടു കടം ചോദിച്ചു.....രക്ഷയില്ല.
stumber ക്രിക്കറ്റ്‌ ബോൾ ഒരെണ്ണം  കയ്യിലുണ്ടായിരുന്നത് ..തേഞ്ഞു തീരാറായ അതൊരെണ്ണം വിൽക്കാൻ ശ്രമം നടത്തി നാണം കെട്ടു ....രക്ഷയില്ല..
അവസാന വഴി അത് തന്നെ...മോഷണം.പക്ഷെ അതിലും നമ്മള്  സത്യസന്ധൻ ആയി. അമ്പലത്തിൽ നേര്ച്ച ഇടാനായി വിളക്കിൽ ഇട്ടിരിക്കുന്ന രൂപയാ....
എം .പി യും നടനുമായ  ഇന്നസെന്റ് പറഞ്ഞതു  പോലെ ദൈവത്തിനു ഇതൊക്കെ മനസ്സിലാകും ....അല്ലെ പിന്നെ എന്തിനാ  പുള്ളിയെ ദൈവം എന്ന് വിളിക്കുന്നെ...വല്ല ശശി എന്നോ അംബു  എന്നോ വിളിച്ചാൽ പോരായിരുന്നോ അല്ലെ...അതായിരുന്നു ചിന്ത..ദൈവത്തിനു എന്നെ അറിയാം  പേടിക്കണ്ട എന്ന് സ്വയം വിശ്വസിപ്പിച്ചു. എടുക്കാൻ തീരുമാനിച്ചു. (ആ പൈസ  കാണാതെ പോയാലും അമ്പലത്തിൽ  പോയ ആരെങ്കിലും ഇട്ടെന്നെ ആരും കരുതുകയുള്ളൂ  അതാണ്‌ ഹൈ ലൈറ്റ് .) അപ്പോള് പറഞ്ഞ ദിവസം ഡിസംബർ 23 എത്തി രാവിലെ തന്നെ ഒരുക്കങ്ങൾ തുടങ്ങി. അമ്മ ഒന്ന് മാറിയിട്ട് വേണം സംഭവം നടത്താൻ...രണ്ടു മൂന്നു തവണ അടുത്ത് വരെ ചെന്നെങ്കിലും പൊളിഞ്ഞു പോയി.(പണ്ടാരമടങ്ങാൻ എന്തൊരു വിറയലാ.....)
               സമയം പോകുന്നു ഉച്ചയാകാറായി  ....ഒടുവിൽ  ആ നിമിഷമെത്തി ...എണ്ണി എടുക്കണം കാരണം കിടക്കുന്ന പൈസ മുഴുവൻ ആവശ്യമില്ല. ഏഴോ എട്ടോ രൂപ ഉണ്ട്. കൈ ആലില പോലെ വിറക്കുന്നു...പെട്ടന്ന് അച്ഛന്റെ അമ്മ വന്നു..."നീ ഇന്ന് അമ്പലത്തില പോകുന്നുണ്ടോ വൈകീട്ട്...???" ചോദ്യം കേട്ട്  കൈലിരുന്ന പൈസ വിളക്കിൽ തന്നെ ഇട്ടു (ഇട്ടതല്ല.. വീണതാണ്). :ങാ ..ചിലപ്പോ." ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു .പുള്ളിക്കാരി നടന്നു പോയി ..വൈകീട്ടായി സമയം 4 മണിയായി ...ഒന്നും ഒന്നും ശരിയാകുന്നില്ല. പൈസ ശരിയായില്ല. സംശയം മാറാൻ അമ്പലത്തിൽ പോയാലോ എന്ന് ആലോചിച്ചു വിഷണ്ണനായിട്ടു   ഇരിക്കുമ്പോൾ അമ്മ അടുത്ത് വന്നു പതുക്കെ ചോദിച്ചു .."നിനക്ക് എന്തിനാ പൈസ...??!!!!!!"
ഞടുങ്ങി പോയി .....മിണ്ടാതെ ഇരുന്നു ...കണ്ണ് കാണാൻ വയ്യ ...ജലം സർവത്ര  ജലം. അമ്മ വീണ്ടും വീണ്ടും ചോദിച്ചു..."സിനിമ കാണാന "...ഒരു വിധം പറഞ്ഞു...എപ്പോളാ സിനിമ ?....5 മണിക്ക്...."എത്ര രൂപയാ..?"..."അഞ്ചു രൂപ."
5 രൂപ യുടെ ഒറ്റ നോട്ടു കയ്യിൽ മടക്കി വെച്ച് തന്നിട്ട് അമ്മ പറഞ്ഞു .ചായ കുടിച്ചിട്ടു ഓടി പോയ്കോ .....

ഓടി..നില്ക്കാതെ ഓടി.  കണ്ണീരു  കാരണം  കണ്ണു കാണാതെ ഓടി....സംവിധാനം.സിബി മലയിൽ  എന്നു എഴുതി കാണിക്കുമ്പോഴും 
  മനസ്സ് അമ്മയുടെ അടുത്തായിരുന്നു...പിന്നിടെപ്പോഴോ സിനിമ പതുക്കെ  മനസ്സിൽ കയറി വന്നു..നിറഞ്ഞു ചിരിച്ചു ...ആവശ്യത്തിൽ കൂടുതൽ.....ഒരുപാടു  ചിരിച്ചു ..ഒരുപാടു .കരഞ്ഞു...എന്തിനെന്നറിയാതെ ....അടുത്തിരുന്നവന്റെ പുച്ഛം. ..."ആദ്യമായിട്ടാണോ കാണുന്നെ?" അവന്  ചോദിച്ചു...
ഞാൻ തലയാട്ടി...
അവൻ പറഞ്ഞു "ഞാൻ മൂന്നാമത്തെയ...രണ്ടു തവണ മഹാറാണി യിൽ  പോയി കണ്ടതാ"...
സിനിമ തന്നെ ആദ്യമായിട്ടാ കാണുന്നത് എന്ന് പറയണം എന്നുണ്ടായിരുന്നു...

പടം കഴിഞ്ഞു...നക്ഷത്രങ്ങൾ...എല്ലായിടവും....വീടുകളിൽ...കടകളിൽ...പള്ളിയിൽ ...സ്കൂളിൽ....ആശുപത്രിയിൽ .....ഏറ്റവും വലിയതോരെണ്ണം എന്റെ മനസ്സിലും....

നന്ദി ...........