Sunday, March 27, 2016

ഉറുമ്പുകൾ

അന്യദേശം. രോഗമാണ് അവസ്ഥ.  നമ്മളിങ്ങനെ കിടക്കുകയാണ്. മയക്കത്തിലാണ് ...കാണുന്നത് ഉറുമ്പുകളെ ആണ്. ഒരു ചത്ത ഉറുമ്പിനെ കുറെ ഉറുമ്പുകൾ ചേർന്ന് താങ്ങി എടുത്തു  പോകുന്നു. ചത്ത ഉറുമ്പിന്റെ മനസ്സ് പക്ഷെ എന്നോട് സംസാരിക്കുന്നു. ....ഞെട്ടി എണീറ്റ്‌ കട്ടിലിൽ എണീറ്റിരുന്നു.  ഫോൺ എടുത്തു വീട്ടിലുള്ള ...നാട്ടിലുള്ള ...സംസാരിക്കാൻ പറ്റുന്നവരോടോക്കെയും സംസാരിച്ചു. സ്വല്പം മനസ്സമാധാനം കിട്ടിയെന്നു മനസ്സിലായപ്പോൾ രോഗങ്ങളെ പറ്റി ആലോചിച്ചു.....നിസ്സഹായതയുടെ മറ്റൊരു പേരാണ് രോഗങ്ങളെന്നു തോന്നി....മനുഷ്യൻ ഒരു സമൂഹ ജീവിയാണെന്നും അങ്ങനെ ആയിരിക്കെണ്ടാതിന്റെ ആവശ്യ കഥയേയും പറ്റി വര്ഷങ്ങള്ക്ക് മുംബ് ഒരു ടീച്ചർ പഠിപ്പിച്ചതിന്റെ ശരിയായ അർഥം അന്നു ആ നിമിഷം ആ പനിച്ചടവോടെ ഇരുന്ന എന്റെ തലയിൽ ചെറുതായി മിന്നി. സഹായം ഇല്ലാത്ത-നിസ്സഹായതയുടെ -നിമിഴങ്ങളിലാണ് ബന്ധങ്ങൾ ചിലതൊക്കെ ഉണ്ടാകുന്നത്.ചിലതൊക്കെ തിരിച്ചറിയുന്നതും -ചിലതൊക്കെ നഷ്ട്ടപ്പെടുന്നതും.

- അമ്മയില്ലാത്ത ഒരു പെണ്കുട്ടിക്ക് ഒരു പനി പോലും വരാൻ പാടില്ല എന്നു മുകളിലെ ടീം നോട് പറ്റുവാണേൽ പറയണം എന്നു ആഗ്രഹിച്ച ഒരു കൂട്ടുകാരി ഉണ്ടെനിക്ക് . അവളോട്‌ ബഹുമാനമാണ്.  അതു സത്യം മാത്രമാണ്. അനാഥത്വം എന്നതിന് അനുതാപം ആവശ്യമില്ല കാരണം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മളെല്ലാം അതൊക്കെ തന്നെയാണ്. പക്ഷെ നിസ്സഹായത അതല്ല...അനാഥത്വത്തിന്റെ ആഴങ്ങളിൽ പോലും സ്വന്തം അസ്തിത്വത്തിന്റെ ഒരു ചെറിയ തോണി നമുക്ക് സ്വന്തമായുണ്ടാവും പക്ഷെ നിസ്സഹായതയുടെ വലിയ കണ്ണീർ തുള്ളികളിൽ നാം സ്വയം നഷ്ട്ടപ്പെടും അല്ലേൽ നമ്മളെ കടലെടുതപോലെയായിതീരും .
"എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് " അയ്യപ്പൻറെ ആ കവിതയുടെ തലക്കെട്ടു മാത്രം മതി. എല്ല്ലാം ആയിട്ടുണ്ട്.

രോഗങ്ങളില്ലാത്ത ജീവിതങ്ങളെ പറ്റി മാത്രം മാത്രം  പ്രാർധിക്കുന്ന എല്ലാവരെയും മനസ്സിൽ നമിച്ചു കൊണ്ടു ....ജീവിതത്തിന്റെ വലിയ വലിയ ആക്സ്മികതകളിൽ അത്ഭുതങ്ങളിൽ ഞെട്ടലുകളിൽ ഒന്നും രോഗങ്ങളുടെ പേരുകൾ കടന്നു വരതെയിരിക്കട്ടെ. അഥവാ എന്തേലും കണക്കുകൾ പിഴച്ചാലും സ്വപ്നങ്ങളിൽ പോലും നിന്റെയും എന്റെയും കൈപിടിക്കാൻ നമുക്ക് പരസ്പരം ആകട്ടെയെന്നു മാത്രം ആശിച്ചു കൊണ്ട്....


നന്ദി 

Thursday, March 3, 2016

കത്ത്

പ്രിയപ്പെട്ട നാണിമോൾക്ക്..
മോൾക്ക്‌ സുഖമാണെന്നു വിശ്വസിക്കാൻ ആണെനിക്ക്‌ എന്നും ഇഷ്ടം. അങ്ങനെ ആയിരിക്കട്ടെയെന്നു പ്രാർഥിക്കുന്നു.
നേരിട്ടു കാണാൻ കഴിയാത്തതിനാലും കുറച്ചു കാര്യങ്ങൾ പറഞ്ഞെ തീരു എന്നുള്ളതിനാലും ആണ് മോൾക്ക്‌ അച്ഛൻ ഈ കത്തെഴുതുന്നത്....
ഞെക്കി നോവിക്കുന്നതിന്റെ പേരിൽ കരയുന്ന പാവകൾ നമുക്ക് വേണ്ട. അതിന്റെ പേരിൽ കിട്ടുന്ന സന്തോഷവും നമുക്ക് വേണ്ട. ചിരികൾ കണ്ടു ചിരിക്കാനും  കണ്ണീർ കണ്ടാൽ കരയാനുമുള്ള ഒരു മനസ്സ് മോള്ക്കുണ്ടാവട്ടെ...
പാറി പറന്നു കളിച്ച പാവം തുമ്പികളുടെ വാലിൽ നൂല് കെട്ടി കളിക്കാനുള്ള ബോധം നമുക്ക് വേണ്ട മോളെ. നമുക്കും പാറി പറക്കാനുള്ള വലിയ ആകാശങ്ങളെ പറ്റി മോള്ക് ചിന്തിക്കാൻ കഴിയട്ടെ.
ചിരിച്ചു നിന്ന പൂവുകളുടെ കഴുത്തറുത്തു മുടിയിൽ ചൂടുവാനുള്ള സൗന്ദര്യ ബോധവും നമുക്ക്‌ വേണ്ട. ആ ചിരികൾ കണ്ടു ഉണരാനുള്ള മനോഹരമായ പ്രഭാതങ്ങളെ പറ്റി ചിന്തിക്കാം നമുക്ക്‌
ഒരു കാര്യം കൂടി പറഞ്ഞു കത്ത്  ചുരുക്കട്ടെ...
മരം കയറാൻ സമ്മതിക്കാത്ത...  മതിലു  ചാടാൻ സമ്മതിക്കാത്ത...'വേണ്ട' എന്ന് പറയാൻ പോലും സമ്മതിക്കാത്ത ഒരു അച്ഛനും അമ്മയും ആകാതിരിക്കാൻ ഞങ്ങളും ശ്രമിക്കാമെന്നു മോൾക്ക്‌ വാക്ക് തന്നു കൊണ്ട് നിർത്തട്ടെ
ഏറ്റവും ഏറ്റവും സ്നേഹത്തോടെ...
അച്ഛൻ

കടപ്പാട് :  .കവി   അയ്യപ്പൻ