Monday, November 28, 2016

തേരട്ടകൾക്കു 👏👏👏

ഹൈവേ മുറിച്ചു കടക്കുന്ന തേരട്ട.....
പണ്ട് വായിച്ചു മനസ്സിൽ മായാതെ കടക്കുന്ന ഒരു തലകെട്ടാണ്. നിന്നെ കുറിച്ചും ഏറെക്കുറെ ഇപ്പൊ അങ്ങനെ പറയാറായി എന്നാണു എന്‍റെ ഒരു ഇത്.....
ചുറ്റുപാടുമുള്ളവരുടെ അള്ളു വീണു    കിടക്കുന്ന  വാക്കുകൾക്കിടയിലൂടെ.... ,
കൈപ്പിടിയിലൊതുങ്ങാത്ത ജീവിതത്തിന്റെ വലിയ സമസ്യകളുടെ നാഷണൽ പെർമിറ് ലോറികൽക്കിടയിലൂടെ...,
ചിരിച്ചു കൊണ്ട് നൈസ് ആയിട്ട് പണി തരുന്ന  പിഴച്ച ചില അവന്മാരുടെ (ഞാനടക്കം ) അല്ലെങ്കിൽ അവളുമാരുടെ  വണ്ടികൾക്കിടയിലൂടെ....
ഒടുവിൽ തേരട്ട ഹൈവേ മുറിച്ചു കടക്കുന്ന
കാഴ്ചയുണ്ടല്ലോ...അതാണ് മാസ്സ്....കൊലമാസ്സ്...  അതാണല്ലോ ഹീറോയിസം
സമർപ്പണം : ജീവിതത്തിന്റെ വലിയ ചോദ്യങ്ങൾക്കു മുന്നിൽ ചെറിയ ഉത്തരങ്ങൾ കണ്ടെത്തി , നെടുവീർപ്പെടലുകൾ പോലും ഒഴിവാക്കി കളഞ്ഞ സൂത്രനും...കുടയില്ലാത്തവൻ നനഞ്ഞു തീർത്ത മഴയുടെ...മഴകളുടെ സൗന്ദര്യമൊന്നും ഒരു കവിക്കും അറിഞ്ഞുടന്ന് പഠിപ്പിച്ച ജീൻ ഉം....നന്ദി 

Wednesday, November 2, 2016

ന്താ ല്ലേ ....

പണ്ടൊരു കാലം....അതായത് വര്ഷം 2009 ...മാസം ഏപ്രിൽ ...ദിവസം ഓർമ്മയില്ല. നമ്മളിങ്ങനെ കോളേജ് കഴിഞ്ഞു എന്തു ചെയ്യണം. എന്ത് ചെയ്യാതിരിക്കണം എന്ന് ഭീകരമായി ആലോചിച്ചു,.. ഒടുവിൽ കിട്ടിയ ഒരു താത്കാലിക ജോലിയിൽ കയറി പറ്റിയ കാലം. ജോലി എന്ന് പറഞ്ഞാൽ സർവ്വേ ആണ്. കേരളത്തിൽ അന്ന് പ്രവർത്തന ക്ഷമമായിരുന്ന 117 മൽസ്യ സംസ്കരണ യൂണിറ്റുകളിൽ ചെന്നു വിവരങ്ങൾ ശേഖരിക്കുക. അതാണ് പരിപാടി. അങ്ങനെ കൊച്ചി -ആലപ്പുഴ ഹൈവെയിലുള്ള എല്ലാ യൂണിറ്റുകളും ഏകദേശം തീരാറായി. അങ്ങനെ എരമല്ലൂർ അടുത്തുള്ള ഒരു പ്ലാൻറിൽ ചെന്നിട്ടു ഇറങ്ങാൻ നേരം സമയം കുറച്ചു വൈകി. ഊണ് കഴിച്ചിട്ടില്ല. സമയം 3 മണി  കഴിഞ്ഞു. ബസ് ഒന്നും വരുന്ന വഴിയല്ല. (രാവിലെ  മണിക്ക് ഇറങ്ങിയതാ..മീനം കത്തുന്ന കാലം ) അടുത്തെവിടെയെങ്കിലും കഴിക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന് ചോദിച്ചപ്പോൾ തൊട്ടടുത്തു ഒരു കള്ളു ഷാപ്പ് ഉണ്ടെന്നും അതു കാക്കാത്തുരുത്തു ഷാപ്പ് ആണെന്നും അറിയാൻ കഴിഞ്ഞു.

കാക്കത്തുരുത് ....ആ പേര് എനിക്കങ്ങു ബോധിച്ചു. ഷാപ്പിൽ ഒറ്റയ്ക്ക് കയറാനുള്ള ധൈര്യം പോരായിരുന്നു.(ഇപ്പോളും പോരാ) എന്നാലും കാക്കത്തുരുത് എങ്ങനെ ഇരിക്കുമെന്നു കാണണമെന്ന് വെറുതെയങ്ങു തോന്നി. ലേശം നടന്നേയുള്ളു. ...സ്ഥലം തീർന്നു...ആ വഴി അവിടെ തീരുകയാണ്. വഴി ഇങ്ങനെ വെറുതെയങ്ങു തീർന്നു പോകുമെന്ന് തീരെയും പ്രതീക്ഷിച്ചില്ല ഞാൻ. നോക്കിയപ്പോൾ വഴിയുടെ അറ്റത്തായി ഒരു ഷാപ്പ്. സംഭവം ഇത് അത് തന്നെ. ലോകം അവിടെ തീരുന്ന ഒരു പ്രതീതിയുണ്ട് ആ സ്ഥലത്തിനെന്നു തോന്നി. അവിടെന്നങ്ങോട്ട് കായലാണ്. അപ്പുറത്തായി ചെറിയ ഒരു ദ്വീപ് പോലെ എന്തോ ഒന്ന്. ഇനിയിപ്പോ ഏതു ചെയ്യണം എന്നാലോചിച്ചു....തിരിച്ചു നടക്കാനുള്ള മനസ്സു പാകപ്പെടുത്തുന്നതിനിടയിൽ അവിടെ വെറുതെ ബീഡി വലിച്ചിരുന്ന ഒരു അപ്പാപ്പൻ ചോദിച്ചു ..എവിടുന്നാ..?
ഞാൻ പ്ലാൻറിൽ വന്നതാണെന്ന് മാത്രം പറഞ്ഞു.
കാക്കാത്തുരുത്തിൽ പോകണോ.. ഞാനപ്പോ ചോദിച്ചു "ഇതല്ലേ കാക്കത്തുരുത് ?..വള്ളത്തിൽ കയറിയാൽ കാക്കാത്തുരുത്തിൽ ഇറക്കമെന്നും.ഭയങ്കര സംഭവമാണെന്നും വെറുതെ പറ്റൂല്ല..എന്നും അയാൾ പറഞ്ഞു. എനിക്ക് ചെറിയ അപകടം മണത്തു. മെല്ലെ സ്കൂട്ട് ആകാനായി ഞാൻ പറഞ്ഞു : ഊണ് കഴിച്ചില്ല...ഹോട്ടൽ തപ്പി വന്നതാ.
ആഹാ...എന്നാ പിന്നെ പറയണ്ടേ. നല്ല കപ്പേം മീൻ കരീം ഉണ്ട് കേറിയിരിക്ക്....എന്നായി മൂപ്പിലാൻ. ആള് അത്യാവശ്യം പാമ്പ് ആണ്. പണി ആയി എന്ന് ഏകദേശം ഉറപ്പായി. ആജ്ഞാപന ശക്തിയാരുന്നു വാക്കിൽ കൂടുതലും...വെറും വയറ്റിൽ നല്ല പുളിച്ച തെറി കേൾക്കണല്ലോ എന്ന് വിചാരിച്ചിങ്ങനെ നിൽക്കുവാണ് ഞാൻ.  നിങ്ങ ഇതെന്താണ്. മണി  4  ആകാറായി കേറിയിരിക്കു...ഇനി നിന്നാൽ ശരിയാകില്ല.ഞാൻ അനുസരണയോടെ കയറിയിരുന്നു. ഭാഗ്യം തിരക്കൊന്നുമില്ല !!!. ഞാൻ ഒരു മൂലയ്ക്ക് ഒരു ബെഞ്ചിൽ പോയിരുന്നു (ഞാനിരുന്നത് ആ ബെഞ്ചു പോലും അറിഞ്ഞില്ല...)

അപ്പാപ്പൻ വെളിയിൽ നിന്ന് കാര്യമായി വീക്ഷിക്കുന്നുണ്ട്. കപ്പേം മീൻകറീം തന്നെ പറഞ്ഞു (മാറ്റി പറഞ്ഞാൽ ചിലപ്പോ തല്ലു കിട്ടുമോ എന്നൊരു പേടി ഇല്ലാതില്ലാരുന്നു) ഭക്ഷണം കഴിച്ചു തുടങ്ങിയതോടെ നെഞ്ചിടിപ്പു പതുക്കെ കുറഞ്ഞു ...അത്രയ്ക്ക് രുചി ആയിരുന്നു...വെണ്ണ പോലത്തെ കപ്പ !!!
മൂക്കത്ത കള്ളു ഉണ്ട് എടുക്കട്ടേ എന്ന് രണ്ടു തവണ ചോദിച്ചു. പേടിച്ചാണെങ്കിലും വേണ്ടെന്നു തന്നെ പറഞ്ഞൊപ്പിച്ചു.

കഴിച്ചു പുറത്തിറങ്ങി . ഇനി പതുക്കെ പോകാം എന്ന മട്ടിൽ നിൽക്കുമ്പോൾ അപ്പാപ്പൻ വീണ്ടും. വള്ളത്തിൽ കയറുന്നില്ലേ ? 150 രൂപ തന്നാൽ മതി.!!!(കോഫി പാർക്കിൽ പോയി രണ്ടു പേർ വയറു നിറയെ പൊറോട്ടയും ബീഫും അടിച്ചാലും 150 രൂപ ആകില്ല .) മറിച്ചൊന്നും പറയുന്നതിന് മുൻപേ പുള്ളി വെള്ളത്തിലേക്ക് കയറി .ചെരുപ്പൂരി കയ്യിൽ പിടിച്ചോ എന്ന് ഉത്തരവുമിറക്കി....കഴിക്കാനും കുടിക്കാനും (കള്ളു ) ആൾക്കാരെ സഹായിക്കുന്നത് പുണ്യ പ്രവർത്തി ആയി കാണണേ പുണ്യാളാ എന്ന് മനസ്സിൽ പ്രാർഥിച്ചു കയറിയിരുന്നു. കാക്കത്തുരുത് എത്തി . സംഭവം കൊള്ളാട്ടോ. ...കോളേജിൻറെ പുറകിൽ എന്നും കാണുന്നതാണെങ്കിലും എന്തോ ഒരു ഇത് എന്നൊക്കെ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു....(150  രൂപ കരക്കാര് കൊണ്ടുപോയ ക്ഷീണത്തിൽ എൻറെ മനസ്സ് എന്നെ തന്നെ ആശ്വസിപ്പിക്കുന്നതാണെന്നു എനിക്ക് മനസ്സിലായി.) കയ്യിലുണ്ടായിരുന്ന മൊബൈലിൽ ഒന്ന് രണ്ടു ചെറിയ ഫോട്ടോ ഒക്കെ എടുത്തു തിരിച്ചു വീണ്ടും കരയിലെത്തി. മണി 5 കഴിഞ്ഞു. 150 രൂപ എണ്ണി  കൊടുത്തു. തിരിച്ചു നടക്കാൻ നേരം ഒന്നുടെ നോക്കി...കൊള്ളാം,,,ബ്യൂട്ടിഫുൾ ...!!!

സംഭവം ആരോടും പറഞ്ഞില്ല. ആണത്തത്തിന് ക്ഷതമേൽക്കാതിരിക്കാൻ മിണ്ടിയില്ല.

കാലമൊരുപാട് കഴിഞ്ഞൊരു നാൾ, സെബിൻ എന്നൊരാളെ പരിചയപ്പെട്ടു (national institute of oceanography യിൽ ഗവേഷണ വിദ്യാർഥി ആണ് ആൾ.) തുറവൂർ ആണ് ദേശം. 'അവിടൊക്കെ അറിയുമോ' എന്ന് ചോദിച്ചു, ..

"പിന്നേയ്...ഞാൻ കാക്കാത്തുരുതൊക്കെ വന്നിട്ടുണ്ട്."

 ഞാൻ തന്നെ ഞെട്ടി പോയി .

ആറേഴു വരഷങ്ങൾക്കു ശേഷം ആ പേര് വീണ്ടും എന്റെ നാവിൽ വന്നിരിക്കുന്നു ഞാൻ പോലും അറിയാതെ.(ഹോ ഈ ഫ്രോയിഡ് ഭയങ്കരൻ  തന്നെ.. അങ്ങേര്‌ന് പറഞ്ഞതു കറക്റ്റ് ആണ്..നമ്മള് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ചില കാര്യങ്ങൾ എത്ര ആഴത്തിലാണ് നമ്മുടെ മനസിൽ വേരുപിടിക്കുന്നതെന്നോർത്തു അതിശയിച്ചു ഞാൻ. )

ഈ സംഭവം കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു ട്വിസ്റ്റ് ഉണ്ടായി.
ഫോട്ടോഗ്രാഫി താല്പര്യമുള്ള ഒരു സംഭവം ആയതു കൊണ്ട് ബ്രിട്ടീഷ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം , നാഷണൽ ജിയോഗ്രഫി തുടങ്ങിയ സംഭവങ്ങളുടെ വെബ്‌സൈറ്റ് കണ്ടു കോൾമയിർ കൊള്ളുന്ന ഒരു പരിപാടി പണ്ടേ ഉള്ളതാണ്.(പ്രത്യേകിച്ച് ചിലവൊന്നുമില്ലല്ലോ, വെറുതെ സ്വപ്നം കാണാൻ)...അപ്പോളാണ് കണ്ടത് Around the world in 24 Hour എന്നൊരു സംഭവം.നാഷണൽ ജിയോഗ്രഫി അവതരിപ്പിക്കുന്നതാണ്. അതായത് ഒരു ദിവസത്തെ 24 മണിക്കൂർ സമയം...ഓരോ മണിക്കൂറും ചിലവഴിക്കാൻ പറ്റുന്ന ലോകത്തെ ഏറ്റവും മികച്ച ...കാണേണ്ട സ്ഥലങ്ങൾ.... അതായത് വെളുപ്പിന് 5 മണിക്ക് ഹവായ് .6 മണിക്ക് പാരീസ് ...അങ്ങനെയങ്ങനെ..

ഞെട്ടിപ്പോയി.....

വൈകുന്നേരം 6 മണിക്ക് കാണേണ്ട ലോകത്തെ ഏറ്റവും മികച്ച സ്ഥലമായി അവർ തിരഞ്ഞെടുത്തത് കാക്കത്തുരുത് ആണ്‌ !!!!!!!!!!!

ദൈവമേ...അപ്പാപ്പാ ....

ചങ്കു ബ്രോ ജെസ്റ്റൻ പറയുന്ന പോലെ ..................ന്താല്ലേ ..............

ഇതാണ് ആ പറഞ്ഞ സംഭവം ...

http://www.nationalgeographic.com/travel/features/around-the-world-in-24-hours/