Tuesday, August 22, 2017

കോലം ...

കൊക്കോ മരങ്ങൾക്കടിയിലൂടെ , ചീവീടിനെ പിടിക്കാൻ നടന്നൊരു കാലം...
ചീവീടിനെ പിടിച്ചു തീപ്പെട്ടി കൂടിനുള്ളിലിട്ടു കുഞ്ഞുങ്ങളുമായി  നടക്കുന്ന തള്ളക്കോഴിക്കിട്ടു നടന്ന കാലം.
ചേമ്പിലയിൽ വെള്ളം നിറച്ചു, മുഷി കുഞ്ഞുങ്ങളാണെന്നു കരുതി വാല്മാക്രിയെ കൊണ്ടുവന്നു  കിണറ്റിലിട്ട കാലം.
തലയിണക്കടുത്തായിട്ട് എം.ടി യെ വെച്ചു ആശ്വസിച്ചു കിടന്നുറങ്ങിയ കാലം.
സന്മാർഗബോധം കൂടിയിട്ട് അയലത്തെ വീട്ടിലെ ലവ് ബേർഡ്‌സ് നെ തുറന്നു വിട്ട കാലം.
പൂത്ത കാപ്പി ചെടിയുടെ ചോട്ടിലിരുന്നു അമർ ചിത്രകഥ വായിച്ച കാലം.
' അരം + അരം =കിന്നരം' കണ്ടു ചിരിച്ചു ചിരിച്ചു കണ്ണീരു വന്ന കാലം .
'കുട്ടികളുടെ ദീപിക' വന്നോ എന്നറിയാൻ പോസ്റ്റ് ഓഫീസിൽ പോയി തമ്പടിച്ച കാലം
ഡിഫെൻസ് അക്കാദമി പരീക്ഷക്കുള്ള പുസ്തകത്തിനുള്ളിൽ ഒളിച്ചു വെച്ച് ഖസാക്ക് വായിച്ചു അന്തംവിട്ട കാലം.
ദീപാരാധന നടക്കുമ്പോളൊക്കെയും അവസാനം കിട്ടാൻ പോകുന്ന കൂട്ടുപായസത്തെക്കുറിച്ചോർത്ത പ്രാർത്ഥനകളുടെ കാലം.
അടവെച്ചു വിരിയാനുള്ള 21 ദിവസവും കലണ്ടറിൽ അടയാളപ്പെടുത്തി കോഴിക്കുഞ്ഞുങ്ങളെ സ്വപനം കണ്ടു നടന്ന കാലം.
രാത്രി...ഇടുക്കി...ബസ്-ൽ  സൈഡ് സീറ്റ്.....പോരാത്തതിന് സൂര്യമനസത്തിലെ പാട്ടും. കരഞ്ഞു തോർന്നു പോയ കാലം.
ജാതിക്ക തിന്നു തിന്നു നാവിലെ തൊലി പോയ കാലം.
വാൽനക്ഷത്രം എന്ന അതിമോഹത്തെ 16 രൂപ തന്നു സാദാ നക്ഷത്രമാക്കിയ വീട്ടുകാരെ പ്രാകിയ  കാലം....
ഓട്ടുപാലും ചകിരിയും സമാസമം ചേർത്ത് ക്രിക്കറ്റ് ബോൾ ഉണ്ടാക്കി stumber  കമ്പനി കാരെ കൊഞ്ഞനം കുത്തിയ കാലം.
പള്ളിപെരുന്നാളിന്‌ സിപ് അപ്പ് വാങ്ങാൻ പന്തയം വെച്ച് ക്രിക്കറ്റ് കളിച്ച കാലം.
 സൈക്കിൾ -ൽ ഒട്ടിക്കാനായി കല്യാണക്കുറിമേലുള്ള ഗണപതിയെ വെട്ടിയെടുത്തു സൂക്ഷിച്ച കാലം .
സ്കൂൾ ആനിവേഴ്സറിക്കു പൊങ്ങച്ചം കാണിക്കാൻ മൈക്ക് ൽ പേര് വിളിക്കാറാകുമ്പോ സ്‌കൂട്ടയിട്ടു,എല്ലാരും നോക്കുമ്പോൾ സ്ലോ മോഷൻ-ൽ (നമ്മുടെ മനസ്സിൽ )പ്രത്യക്ഷപ്പെടുന്ന കാലം.
കരോൾ പാടാൻ പോകുമ്പോൾ കണ്ട ചിരികൾ സ്വപ്നം കണ്ടുറങ്ങിയ ഡിസംബർന്റെ കാലം

 ...........................................
ചിരികളൊക്കെയും ശമ്പളക്കമ്മീഷനുകളായി മാറിയ കോലം.
ഉത്തരങ്ങളൊക്കെയും സ്മൈലി-കളായി ഒടുങ്ങുന്ന കോലം.
നല്ലതു പറഞ്ഞാൽ കുറവായി പോകുന്ന കോലം
വിമർശനമാണ് സാമർഥ്യമെന്നു ധരിച്ചുപോയ കോലം.
ഞാനെന്ന ശരിയുടെ ശബ്ദം മാത്രമുള്ള കോലം.
കോലങ്ങൾ കൊണ്ട് നിറങ്ങളത്രയും കെട്ടുപോയ കാലം.

..............................................