Wednesday, September 27, 2017

കാഴ്ചകൾ ...

സിനിമയോടുള്ള ഭ്രമം പണ്ട് മുതലേ ഉള്ളതാണ്. കശ്മീരിലെ ഒരുപട്ടാള  തീയേറ്ററിൽ  മൂന്നാം വയസ്സിൽ മിസ്റ്റർ ഇന്ത്യ സിനിമ കണ്ടതിന്റെ ഓർമ്മകൾ ഇപ്പോളുമുണ്ട് ക്ളാവു പിടിക്കാതെ മനസ്സിൽ . (വിശ്വസിച്ചാലും ഇല്ലെങ്കിലും...!!!). അടുത്തറിയുന്നവരിൽ ഒന്ന് രണ്ടു പേർ  ബ്ലോഗ് വായിച്ചിട്ട് ചോദിക്കുക ഉണ്ടായി." സിനിമയെ പറ്റിയല്ലേ ഒരുപാടു പറയാറുള്ളത്, എന്നിട്ടെന്തേ ബ്ലോഗിൽ ഒന്നുമില്ലാത്ത." അന്ന് അതിനുത്തരം പറഞ്ഞത് ' വിജയുടെ  പോക്കിരി - സിനിമ കണ്ടു കയ്യടിച്ച ഒരാളാണ് ഞാൻ. അതോടൊപ്പം  unforgiven കണ്ടു കഴിഞ്ഞു സിനിമ ഡയറക്റ്റ്  ചെയ്യണമെന്നു തോന്നുകയും ചെയ്തു. ഈയൊരു വൈരുധ്യം ഇപ്പോളും ഉണ്ട് മനസ്സിൽ....അതുകൊണ്ടാണ് എഴുതാത്തത്ന് എന്നാണ് .

ഇപ്പോളും പറയാനുള്ളത് മറ്റെന്തോക്കെയോ ആണ്. ചില കാഴ്ചകളെ പറ്റി...കാഴ്ച -ശീലങ്ങളെ പറ്റി ....മനസ്സിലെ ചില ചിത്രങ്ങളുണ്ട്....
തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതു...
വാലിൽ നൂലുകെട്ടി അതിനെ നമ്മുടെ മാത്രം (വിവരക്കേടിന്റെ)  ഹെലികോപ്റ്റർ ആക്കുന്നത് ....
mud-flap ഇൽ ഉള്ള ദൈവത്തിന്റെ ചിത്രങ്ങൾ.
അടിവസ്ത്രത്തിൽ പോലും വിപ്ലവം വിളയിക്കാൻ പാവം ഏണസ്റ്റോ....
സുപ്രഭാതമെന്ന ആശമ്സക്കു പകരമായി ഒരു ചിരി പോലും തിരിച്ചു നൽകാതെ പോകുന്ന ചിലർ ...അങ്ങനെ അങ്ങനെ...

ഈ പറഞ്ഞ ചിത്രങ്ങളിലൊക്കെ വിവരക്കേടും അർദ്ധ ശൂന്യതയുമുണ്ടെന്നു ഒരുപാടു കഴിഞ്ഞാണ് എനിക്കും മനസ്സിലായത്. ഈയൊരു ലിസ്റ്റ് വളരെ നീണ്ടു പോയേക്കാം. പെട്ടന്ന് മനസ്സിൽ വന്ന ചിലതു പറഞ്ഞന്നേ ഉള്ളു. ഒരു കാലം വരെ, ഇതിൽ ചിലതൊക്കെ മാത്രമേ എന്റെ കണ്ണിലും  കരടായുള്ളു . പക്ഷെ ഒരു ദിവസം നട്ടുച്ചക്ക് എനിക്ക് വെളിപാടുണ്ടായി. ശരിക്കും വെളിപാടുണ്ടായി. അന്ന് ഞാൻ അയ്യപ്പനെ ആണ് വായിച്ചത്. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ മുന്നിൽ മരിച്ചുറങ്ങിപ്പോയ പാവം അയ്യപ്പനെ. അയാളാണ് പറഞ്ഞു തന്നത്..'' ഒരു കല്ലെടുത്തൊരു കുളത്തിലേക്കിടുമ്പോൾ അത് ചെന്ന് വീഴുന്നത് കുളത്തിന്റെ നെഞ്ചകത്താണെന്നും  അതിനു നോവുമെന്നതും. അത് വായിച്ച നിമിഷം അയാളെനിക്ക് ദൈവമായി സത്യം... ....പ്രപഞ്ചത്തിന്റെ രഹസ്യവും....സ്നേഹത്തിന്റെ അർത്ഥവും ....പിന്നെയുമെന്തൊക്കെയോ ആ വരികളിൽ ഉണ്ടെന്നെനിക്കു തോന്നി. ഇനിയൊന്നും വായിച്ചില്ലെങ്കിലും ഏതു സമസ്യയ്ക്കും ഉത്തരം പറയാൻ ഈ ജ്ഞാനം മതിയാകുമെന്നെന്റെ ഉള്ളം പറഞ്ഞു.

ആ വായനക്ക് ശേഷമാണ് എന്റെ കാഴ്ചകളെ പറ്റി , കാഴ്ച ശീലങ്ങളെ പറ്റിയൊക്കെ ഞാൻ ചിന്തിക്കുന്നത്.
പുറകോട്ടു തിരിഞ്ഞു നോക്കിയപ്പോൾ ചമ്മിപ്പോയി....വൃത്തികേടുകൾ...ഊളത്തരങ്ങൾ....അങ്ങനെയാണ് അതുവരെ വിപ്ലവം കാണിച്ച ചെഗുവേര -തൂവാലകൾ (അദ്ദേഹത്തിന്റെ പടമുള്ള തൂവാലകൾ മുതൽ പലതും ഇന്നും കമ്പോളത്തിൽ സുലഭമാണല്ലോ ) മുതൽ പലതും ഞാനുപേക്ഷിച്ചു തുടങ്ങുന്നത്. സർവ ചരാചരങ്ങളിലും ഊർജമുണ്ടെന്നും ദൈവമുണ്ടെന്നും മനസ്സിലായിത്തുടങ്ങുന്നതു അവിടെ നിന്നാണ്. 

കല്യാണങ്ങൾക്കു മറ്റു ചടങ്ങുകൾക്കും തെങ്ങിന്റെ പൂക്കുല ഉപയോഗിക്കുമ്പോൾ കൂമ്പരിഞ്ഞു പോകുന്ന ജീവനുകളെത്രയെന്നു എന്നോട് നിസ്സംഗമായി ചോദിച്ച ഒരാളേ ഉള്ളു ചങ്ങാതി ആയിട്ട്. അത് ജെസ്റ്റൻ ആണ്.  ഞങ്ങളൊന്നിച്ചാണ്‌ തൃശൂർ -ൽ പേര് മറന്നു പോയ ഏതോ തീയേറ്ററിൽ  ചിന്താമണി കൊലക്കേസ് കണ്ടിറങ്ങിയിട്ട്, മറ്റെന്തും ചർച്ച ചെയ്യാതെ, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ നെഞ്ചത്ത് വലംകാൽ കയറ്റിവെച്ച കലാഭവൻ മാണിയെ കുറിച്ച് വേവലാതിപ്പെട്ടതു, വേദനിച്ചതു....കഥാപാത്രങ്ങൾക്കുമപ്പുറം അക്ഷരങ്ങളെ നെഞ്ചിലേറ്റിയ നമുക്ക് കവിയുടെ നെഞ്ചു വേദനിപ്പിക്കുന്നത് സഹിക്കാൻ കഴിഞ്ഞില്ല, കലയുടെ ശരികളെ പറ്റിയൊക്കെ വാദ പ്രതിവാദങ്ങൾ നടത്തി പിന്നീടും.....ഒരിക്കൽ കാഴ്ചയുടെ ശീലങ്ങൾ തകർക്കുന്നതിനെ പറ്റി  പറഞ്ഞു പറഞ്ഞു  ഐശ്വര്യ റായിക്കു വയറ്റിളക്കം വരുന്ന അവസ്ഥയിലെ കാഴ്ചയുടെ ജീവശാത്രം വരെ ഞങ്ങൾ കാട് കയറി. (അനൂപ് മേനോൻ പിന്നീട് വര്ഷങ്ങള്ക്കപ്പുറം അത് ബ്യൂട്ടിഫുൾ സിനിമയിൽ എഴുതി വെച്ചു.-തെളിവില്ല...സൗകര്യമുണ്ടേൽ വിശ്വസിച്ചാൽ മതി.) പറഞ്ഞു പറഞ്ഞു സിനിമയിൽ എത്തിയ സ്ഥിതിക്ക് കുറച്ചുദി പറയാം.

കാഴ്ചയുടെ ശീലങ്ങളിൽ വേണ്ടത്ര വൈവിധ്യമിന്നും ഇല്ലെന്നൊരു ചെറിയ അഭിപ്രായം എനിക്കുണ്ട് .(ചെറിയൊരു ഉദാഹരണത്തിന്  ബാംഗ്ലൂർ ഡേയ്സും  ഉസ്താദ് ഹോട്ടലും പ്രേമവും മെഗാഹിറ്റുകൾ ആയതിൽ ലേശം പോലും അത്ഭുതമില്ലാത്തതും അത് കൊണ്ടാണ്.) അവയൊക്കെ കണ്ടതിനു ശേഷം എന്റെ നായക സങ്കല്പങ്ങൾ ചിന്തിച്ച വഴികൾ ഇങ്ങനെയാണ്.

ഉസ്താദ് ഹോട്ടൽ----എന്നാണ് പട്ടിണി കിടന്നു സ്വന്തം അവശിഷ്ട്ടം പോലും കഴിക്കേണ്ടി വരുന്നയാൾ , എന്നിട്ടും ആല്മഹത്യക്കു ശ്രമിയ്ക്കാത്ത ആ മനുഷ്യൻ നമുക്ക് നായകൻ ആകുക. അയാളാണ് എന്റെ നായകൻ. പട്ടിണി ആരുടേയും കുറ്റമല്ലെങ്കിൽ, BMW ഉം ബെൻസുമൊന്നും ആരുടേയും കഴിവുമല്ല....ഈ മൊത്തം പ്രപഞ്ചത്തിന്റെ മൊത്തം ടോട്ടാലിറ്റിയിൽ ഈ പറഞ്ഞ എല്ലാമുണ്ടെന്നു കൂട്ടിയ മതി. അത്ര തന്നെ.

ബാംഗ്ലൂർ ഡെയ്സ് ---ജീവിതത്തിന്റെയും സമൂഹത്തിന്റെയും എല്ലാ നിയമങ്ങളും പാലിക്കാനാണ് ലോകത്തേറ്റവും പ്രയാസം. റൂൾസ് ആർക്കും ബ്രേക്ക് ചെയ്യാം. എല്ലാം പാലിച്ചു, ഒരു കര കാണാനാണല്ലോ പാട്. ഓസ്ട്രേലിയ യിൽ  പോയി പഠിക്കാൻ കസിൻ ഇല്ലാത്ത ഒരു സാധാരണക്കാരന് മലയാളിയായ എനിക്ക്  നായകനായി തോന്നുന്നത്  നിവിൻ പോളി നാട്ടിലെത്തുമ്പോൾ കാണുന്ന വാഴ വെട്ടുന്ന ഒരു മനുഷ്യനുണ്ട് അയ്യാളെയാണ്.....അയാളുടെ മുഖത്തുണ്ട്, മണ്ണിൽ പണിയെടുത്തുണ്ടതിന്റെ നിറവ്, സംതൃപ്‌തി. . ഗോവ പോയ വിജയ രാഘവൻ ഒരു മാസം തികച്ചിട്ടുണ്ടാവില്ല തിരിച്ചെത്തിയിട്ടുണ്ടാവും. കല്പനയും,... എനിക്കുറപ്പാണ്. ആത്‌മാവിൽ ....ആല്മാവിൽ , നമ്മളൊക്കെ വെറും മലയാളികളല്ലേ ഭായ്ബാക്കിയെല്ലാം, ബാംഗ്ലൂരും ബാക്കിയെല്ലാം  വെറും വെറുതെയല്ലേ ...

പ്രേമം.---വയറ്റിൽ കുരുത്തു  തുടങ്ങുന്ന ജീവന് സ്വാശ്രയത്തിൽ സീറ്റ് ബുക്ക് ചെയ്യുന്ന അപ്പനമ്മമാരുടെ നാടാണ് കേരളം. അപ്പോൾ പിന്നെ സസ്പെന്ഷന് കിട്ടിയ സ്വന്തം മകന് വേണ്ടി പ്രിൻസിപ്പാൾ നോട് വാദിക്കുന്ന രഞ്ജി പണിക്കർ ചെയ്ത അച്ഛൻ അല്ലാതെ മറ്റാരാണ് നായകൻ. അങ്ങനെയൊരു അപ്പനൊണ്ടെങ്കിൽ ജോർജ്‌ -നെന്നല്ല ഏതൊരാൾക്കും നായകനാകാം . എന്തെ ശരിയല്ലേ. പിന്നെ അത് പറയുമ്പോ ഇതും കൂടി പറയാം...സുരേഷ് ഗോപിയുടെ ഏറ്റവും നല്ല ഹെറോയിക് മൊമെൻറ് , "ഫ പുല്ലേ " ഒന്നുമല്ല, അത് നോട്ടുബുക്ക് എന്ന സിനിമയിലാണ്. സ്‌കൂളിൽ നിന്നും പുറത്താക്കുന്ന സ്വന്തം മോൾക്ക് വേണ്ടി വേണമെങ്കിൽ മുഴുവൻ ലോകത്തെയും തള്ളിപ്പറയാൻ മടിക്കാത്ത ആ അച്ഛനുണ്ടല്ലോ അയാളാണ് നായകൻ. അല്ലാതെ ചുമ്മാ കാണുന്നവരുടെയെല്ലാം മെക്കിട്ടു കേറുന്ന ഭാരത് ചന്ദ്രൻ ഒന്നുമല്ല. .....

ഇത്രയും ഇതെഴുതണമെങ്കിൽ വെജിറ്റേറിയൻ ആയിട്ടേ പറ്റൂ എന്നു മനസ്സിൽ തോന്നിയതും അയ്യപ്പനെ ഓർത്താണ്.  കള്ളുകുടിച്ചു ചിക്കൻ കാലു കടിച്ചു പറിക്കാൻ ഞാൻ ചിലപ്പോ ഇനിയും വരും അന്നു പക്ഷെ കുളത്തിലൊരിയ്ക്കലും കല്ലെറിയില്ല ഞാൻ...!!!!  .  കുറച്ചു കൂടിപോയെന്നറിയാം. ഇതുകൊണ്ടാണ് ഞാൻ കൂടുതലൊന്നും എഴുതാത്തെ . വിവരക്കേടുകൾ ഇതിലുണ്ടെന്നറിയാം. സദയം പൊറുക്കുക. മുഴുവൻ വായിച്ചതിനു നന്ദി.