Saturday, April 25, 2020

ടൈറ്റിൽ ഇല്ല ....

വായന എന്ന് പറയുന്നത് എഴുതുന്നത് പോലെ തന്നെ സർഗ്ഗാല്മകമായ ഒന്നാണെന്ന് മനസ്സിലാകുന്നത് ആനന്ദിന്റെ ഒരു ആമുഖത്തിൽ നിന്നാണ് . അതെങ്ങനെയെന്ന് അന്നെനിക്ക് മനസ്സിലായില്ല പക്ഷെ , നമ്മുടെ മനസ്സിൽ നമ്മൾക്ക് പോലുമറിയാത്ത സമസ്യകൾ ഉണ്ടെന്നും അവയ്ക്കുത്തരങ്ങൾ കിട്ടുമെന്നും ചില പുസ്തകങ്ങൾ, അല്ലെങ്കിൽ അതിലെ ചില വാക്യങ്ങൾ , വാചകങ്ങൾ നമുക്ക് പറഞ്ഞു തരും . പക്ഷെ ഒരു കാര്യമുള്ളത് ആ ഒരു പുസ്തകത്തിലേക്ക് , ആ ഒരു വാചകത്തിലേക്കു നമുക്കുള്ള ദൂരമാണ് . അത് ചിലപ്പോൾ ദാഹജലമില്ലാതെ ഒരു മരുഭൂമി താണ്ടിയെത്തി ഒരു കിണർ കാണുംപോലെയാകാം . മറിച്ചു ചിലപ്പോൾ നമുക്ക് ഭാഗ്യമുണ്ടെങ്കിൽ  സൈക്കിൾ ദൂരമേ ഉണ്ടാകു .
        86 ആം വയസ്സിൽ എഴുത്തിന്റെ ഗിരി ശൃംഗങ്ങൾ കീഴടക്കിയ നമ്മുടെ എം ടി പറയുന്നത് എഴുത്തുകാരനാണെന്നു പറയാനുള്ള ധൈര്യം ഇപ്പോളും തനിക്കില്ല എന്നാണ് .  എഴുതുന്നതും അത് വായിക്കപ്പെടുകയും ചെയ്യുന്നത്‌ ( ഒരാൾ ആണെങ്കിൽ പോലും ) നമുക്ക് തരുന്ന കനപ്പെട്ട ഉത്തരവാദിത്തം അതിന്റെയെല്ലാ അർഥത്തിലും നമുക്കാ പറഞ്ഞതിൽ വായിച്ചെടുക്കാം . ഇതൊക്കെയും ,ഒരു വാക്കു നമ്മൾ എഴുതിയത് മറ്റൊരാൾക്ക് അയക്കുംമ്പോൾ മനസ്സിലിങ്ങനെ തെളിഞ്ഞു കത്തി നിൽക്കുമെന്ന് മാത്രമല്ല വേറെയുമുണ്ട് കാര്യം . നമ്മൾ എഴുതുന്നതു വായിച്ചിട്ട് ഒരിത്തിരി ഒരു ഉറുമ്പിന്റെ കിണ്ണാമണിയോളം ഇരുട്ടെങ്കിലും ആരുടെയെങ്കിലും മനസ്സിൽ ഉണ്ടായാൽ പിന്നെ ... പിന്നെ നീലകണ്ഠന്റെ മരണമാണ് . അതാണ് സീൻ .

എഴുത്തിൽ കാവ്യശൈലിയോട് അടുത്ത് നിൽക്കുന്ന ഗദ്യഭാഷയുള്ള എം ടി യെ കുറിച്ചോ തവള , പാറ്റ പ്രാണി വർഗങ്ങളെ വരെ കൂട്ട് പിടിക്കുന്ന സഖറിയൻ ശൈലിയെ പറ്റിയൊക്കെ ഘോരം ഘോരം വായിച്ചാലും മലയാളത്തിലെ ഏറ്റവും മികച്ച പത്തു ചെറു കഥകളെക്കുറിച്ചു തലകുത്തി നിന്ന് വാദ പ്രതിവാദങ്ങൾ മനസ്സിലുണ്ടെങ്കിലും , നമ്മൾ എഴുതിയത് വായിക്കുന്നൊരാൾ ഒരു  അല്ലലുമില്ലാതെ , മുഖത്തൊരു കുഞ്ഞി ചിരിയോടെ ഒരു കുട്ടി സൈക്കിൾ യാത്ര നടത്തിയിട്ട് ഒരു ചെറിയ മരത്തണലിൽ ഇരുന്ന തോന്നലുണ്ടായാൽ അത് മതി നമ്മുടെ ജന്മം സഫലമാണ് ( ഒരു കട്ട ക്ളീഷേ പ്രയോഗമാണിത് എന്നറിഞ്ഞിട്ടു തന്നെയാണ് അത് പറഞ്ഞത് കാരണം ...അതിനു പകരം മറ്റൊന്നില്ല )അത് കൊണ്ട് നമ്മൾ എപ്പോളും കാണുന്നത് വായിക്കുന്നവരെയാണ് . ഒരു ഭീകരനായ അദ്ധ്യാപകന്റെ മുൻപിൽ പേടിച്ചു നിൽക്കുന്ന ഒരു കുട്ടിയുടെ മനസ്സുണ്ടല്ലോ നമുക്കുത്തരം അറിയാമെങ്കിലും അത് ശരിയുത്തരമാണെന്നു നൂറു ശതമാനം ഉറപ്പുണ്ടെങ്കിലും നമുക്കൊരു ശങ്ക ബാക്കിയുണ്ട് . ആ ശങ്കയോടെയാണ് നമ്മൾ എഴുതിയത് പങ്കു വെയ്ക്കുന്നത് .അതുകൊണ്ടു തന്നെയാണ് ഒരൊറ്റ send ബട്ടൺ ഇൽ ഭൂമിമലയാളം മുഴുവൻ കറങ്ങാനുള്ള ദൂരെയുള്ള ചില അന്യഗ്രഹങ്ങളിലേക്കുള്ള ലൈസൻസ് കാലം നമുക്കെല്ലാം അനുവദിച്ചിട്ടും മനഃപൂർവ്വം ആ ലൈസൻസ് എടുക്കാതെ, അടുത്തുള്ള  , വളരെ അടുത്തുള്ള ചില മഴവില്ലുകളിലേക്കു മാത്രം  കറങ്ങിയിട്ട് ഞാൻ  ചുമ്മാ ഹാപ്പി ആയിട്ടിരിക്കുന്നത് .

ദുർഗ്രാഹ്യമായതൊന്നും ഒരു കാലത്തും നമ്മളെ ആവേശിക്കുന്നില്ല ഒരു തരത്തിലും നമുക്ക് വഴി കാട്ടുന്നുമില്ല . വെറുതെ വെറും ചുമ്മ ബഷീർ നെ കേൾക്കു , ഏറ്റവും എളുപ്പമുള്ള ഭാഷയിൽ ഏറ്റവും കുറഞ്ഞ വാക്കുകളിൽ തന്നെ നിങ്ങളുടെ ഹൃദയത്തിലേക്ക് കുഞ്ഞു വെളിച്ചം കടത്തി വിടുന്ന മന്ത്രവാദി ആയിരുന്നു അങ്ങേരു  ... സമാധാനം കിട്ടാൻ ലോകത്തെല്ലാവർക്കും വരട്ടു ചൊറി വരണം എന്ന് പറഞ്ഞതിന്റെ നിർമ്മമതയ്ക്കപ്പുറം ആ ഒരൊറ്റ വാചകത്തിലെ തത്വശാസ്ത്രത്തിന്റെ , ദർശനത്തിന്റെ അടരുകൾ എത്ര മാറ്റിയാലും തീരില്ല എന്ന് മനസ്സിലായാൽ നമുക്കൊരിക്കലും ബ്രഹ്മാണ്ഡ ബുദ്ധിജീവി ലേഖനങ്ങളെ പുച്ഛിച്ചു തള്ളാൻ ഒരു മടിയുമുണ്ടാകില്ലെന്നെനിക്കു ഉറപ്പാണ് .വിജയനും ബഷീറും വി കെ എന്നും കഴിഞ്ഞിട്ടേ മലയാളം എന്നെഴുതാൻ പോലും പറ്റുമെന്നുറച്ചു വിശ്വസിക്കുന്ന ഒരു യാഥാസ്ഥിതികനായി കാലം എന്നെ കണക്കു കൂട്ടിയാളെനിക്ക് പുല്ലാണ് . സംശയ നിവാരണത്തിന് വേണ്ടി പോലും ഒരു പുസ്തകം നോക്കിയിട്ടോ ഒരു ഗൂഗിൾ സേർച്ച് ചെയ്തിട്ടോ ഒരു വാക്കെങ്കിലും എഴുതേണ്ടി വരുന്നത് നമ്മുടെ തോൽ‌വിയിൽ കുറഞ്ഞതൊന്നുമല്ല എന്നുള്ളത് മാത്രമല്ല , അവനവന്റെ ജീവിതത്തോളം exclusive ആയിട്ട് ...അത്രയ്ക്കും അനന്യമായിട്ടു  കൊടുക്കാൻ സ്വന്തം അസ്തിത്വതേക്കാൾ വലുതൊന്നുമില്ലന്നു സത്യമായും എനിക്ക് അറിയാമായിരുന്നു (മാർട്ടിൻ സ്‌കോസ്‌സി എന്നോട് പൊറുക്കട്ടെ )

അക്ഷരങ്ങൾ ചേർത്തുവെച്ചു , വാക്കുകൾ ചേർത്ത് വെച്ചുണ്ടാക്കിയ വാക്യങ്ങൾ സമ്മാനിക്കുന്ന ചില മന്ത്രിക നിമിഷങ്ങളുണ്ട് ,...ആയിരം കൊടുംകാറ്റുകളെ ചങ്ങലക്കിട്ടു നടക്കുന്ന ദേവാ ...ഇത് കർമ്മ പരമ്പരയുടെ സ്നേഹ രഹിതമായ കഥയാണ് ....അങ്ങനെയങ്ങനെയുള്ള  നൂറുകണക്കിന് നിമിഷങ്ങളുടെ ഓർമ്മയിലാണ് നമ്മൾ പലപ്പോളും ജീവിതം കൊഞ്ഞനം കുത്തുമ്പോൾ തിരിഞ്ഞു നിന്ന് പോടാപ്പാ എന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കുന്നത് .അത്യഗ്രഹത്തിന്റെ പരകോടിയിൽ ആണെങ്കിൽ കുടി ,അത്തരം നിമിഷങ്ങൾ നമ്മുടെ വിരൽത്തുമ്പിനെയും അനുഗ്രഹിക്കുമോ എന്നുള്ള ഒരു തരം അന്ധാളിപ്പ് കലർന്ന വികല ശ്രമങ്ങൾ , പാഴ് വേലകൾ ഒക്കെയും കാലങ്ങളായി എന്നോടൊപ്പമുണ്ട് . സ്നേഹത്തിന്റെ പുറത്തുള്ള കാരുണ്യത്തിന്റെ നിമിഷങ്ങളിൽ നിങ്ങളൊക്കെയും പകരുന്ന ചില സന്ദേശങ്ങളിൽ, ആ നിമിഷങ്ങളുണ്ടായി എന്ന് കള്ളമായിട്ടെങ്കിലും എന്നോട് പറഞ്ഞതാണ് ഇത് വരെയുള്ളതിൽ , എന്ന് വെച്ചാൽ 34 വർഷങ്ങളിൽ തന്നെ ഉള്ളതിൽ വെച്ചുള്ള കളർ പടങ്ങളിൽ ചിലതു എന്നുള്ളത് പ്രപഞ്ച സത്യം .  അതിന്റെയൊരു ത്രില്ല് പൊയ്പ്പോകാതിരിക്കാൻ ഉള്ളിന്റെയുള്ളിൽ കൊണ്ട് നടക്കുന്ന ഒരു ബഹുമാനമുണ്ട് , ഭയമുണ്ട് , പങ്കപ്പാടുണ്ട് , ആശങ്കയുമുണ്ട് , അത് കൊണ്ടാണെപ്പോളും ഞാൻ എഴുതുന്നത്  ഒരു പേജിൽ കവിയാത്തതെന്നാണ് സത്യം .

നമ്മളൊരു ശരിയാണെന്ന്‌ അല്ലെങ്കിൽ കുറഞ്ഞ പക്ഷം  നമ്മളൊരു തെറ്റല്ല എന്ന് നമുക്കുള്ള തെളിവുകളാണ് , എഴുതിയത്  കുറഞ്ഞു പോയെന്നു നമ്മോടു പറയുന്നവർ . ഒരു തരത്തിൽ നമ്മുടെ തന്നെ ബോധ്യങ്ങളാണ് അവർ . അവരോടെനിക്കൊരിക്കലും തർക്കങ്ങളില്ല , പരാതികളില്ല , ഒന്നുമില്ല ... സമരസപ്പെടലുകൾ മാത്രമേയുള്ളു . എണ്ണിയാലൊടുങ്ങാത്ത വിധം ഖസാക്ക് വായിച്ച , പാത്തുമ്മയുടെ ആട് വായിച്ച ഒരുവന് ജീവിതം വെച്ച് നീട്ടുന്ന കനിവിന്റെ നിറഞ്ഞ ബോധ്യങ്ങളാണ് അങ്ങനെയുള്ളവർ ...നിങ്ങൾ ....

നോട്ട് : ചെങ്ങന്നൂര് ഉള്ള ഒരു ആശുപത്രിയുടെ ഓപ്പറേഷൻ തീയേറ്ററിന് മുമ്പിലൂടെ സിഗെരട്ടു വലികക്കാതെ  പണ്ടു 2015 ഇൽ ഉലാത്തിയതിന്റെ അത്രയ്ക്കുണ്ട് ടെൻഷൻ എന്ന് പറഞ്ഞാൽ നിങ്ങൾ തള്ളാണെന്നു പറയും പക്ഷെ രണ്ടക്ഷരം ഇങ്ങനെ പങ്കു വെച്ചിട്ടുള്ള ഒരു കാത്തിരുപ്പുണ്ടല്ലോ ...അത് ....ഊഫ്ഫ്‌ ....


Friday, April 24, 2020

ജീവനം

2005 ലെ മികച്ച സംവിധായകനുള്ള ഓസ്കാർ സ്വീകരിച്ചിട്ട് നമ്മുടെ ക്ലിന്റ് ഈസ്റ്റ്  വുഡ് നടത്തുന്ന ഒരു പ്രസംഗം ഉണ്ട് . അയാൾ ആദ്യമായ് നന്ദി പറയുന്നത് അവിടെ അയാളോടൊപ്പം അന്നുണ്ടായിരുന്ന അയാളുടെ അമ്മയ്ക്കാണ് . 96ആം വയസ്സിൽ അവിടെ അയാൾക്കൊപ്പം വന്നതിനല്ല , മറിച്ചു ആ അമ്മയുടെ ജനിതക പാരമ്പര്യത്തിന്റെ തണലുള്ളത് കൊണ്ടാണ് അയാളക്കു 74 ആം വയസ്സിലും സിനിമ സംവിധാനം ചെയ്യാൻ സാധിച്ചതെന്ന വിശ്വാസമായിരുന്നു അത് . 15 വർഷങ്ങള്ക്കിപ്പുറവും , ഇന്നും ലോകം അയാൾ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയ്ക്കായി കാത്തിരിപ്പുണ്ട് . ഇത്രയും ആമുഖം പറഞ്ഞത് ചുമ്മാതെ ആണ് എന്നാലും 23 ജോഡി ക്രോമോസോമുകളിൽ അടക്കം ചെയ്ത പൂർവിക നന്മ തിന്മകളുടെ ഏറ്റക്കുറച്ചിലുകളിൽ ഞാനെന്റെയൊരു പാതിയെ എങ്കിലും സ്വഭാവ വൈചിത്ര്യങ്ങാളായി കണ്ടെടുത്തിട്ടുണ്ട് .

നല്ല നിറഞ്ഞ ദാരിദ്ര്യം മാത്രം സ്വത്തായുണ്ടായിരുന്ന ഒരു ബാല്യം നല്ലമിഴിവോടെ എനിക്ക് ചെറുപ്പത്തിലേ പറഞ്ഞു തന്നൊരാൾ മുത്തച്ഛനാണ്‌ . 'അമ്മ മരിച്ച , രണ്ടാനമ്മയുള്ള ഒരു വീട്ടിൽ നിന്ന് 12 ആം വയസ്സിൽ ഇറങ്ങി പോന്നിട്ടു (ശരിക്കും ഇറങ്ങി പൊന്നു ...തിരിച്ചു പോയിട്ടേ ഇല്ല )പാട്ടത്തിനു വയല് കൃഷി ചെയ്യാൻ തുടങ്ങിയ ഒരു കൗമാരം എനിക്ക് മുൻപിൽ യാതൊരു പതർച്ചയും ഇല്ലാതെ പറഞ്ഞ ആ മനുഷ്യനോട് ഒടുങ്ങാത്ത ബഹുമാനമാണ് ഇന്നും . ചെറുപ്പത്തിൽ നാടുവിട്ടു പോകുന്ന നായകന്മാർ ഫ്ലാഷ്ബാക്കിൽ വരുന്ന ഒരുപാടു സിനിമകൾ കണ്ടത് കൊണ്ട് അന്നെനിക്ക് അതത്ര കാര്യമായി തോന്നിയില്ലെങ്കിലും കാലം പോകെ പോകെ അത് മാറിയെന്നു മാത്രമല്ല , കാള പൂട്ടി കഴിഞ്ഞു വന്നു മുറ്റത്തെ പടിക്കെട്ടിലിരുന്നു തകഴിയുടെ രണ്ടിടങ്ങഴി വായിച്ച മുത്തച്ഛന്റെ ചിത്രമിന്നും മങ്ങാതെയുണ്ടുള്ളിൽ . അവിടുന്നിങ്ങോട്ട് കുറെ കൂടി പോന്നപ്പോൾ അച്ഛനെത്തി... Competition success review വായിക്കണം എന്നു ഒരു 7 ആം ക്ലാസ്സുകരനെ നിർബന്ധിച്ച അച്ഛനൊരിക്കലും അക്കാഡമിക് അല്ലാത്തതിനെ കുറിച്ചല്ലാതെ ഒന്നും ചോദിച്ചിട്ടില്ല . വായനയുടെ ഒരു കുഞ്ഞു ക്രോമോസോം ആരും കാണാതെ എന്റെ പുസ്തക സഞ്ചിയിൽ നിക്ഷേപിച്ചവർ . അല്ലാതെ ഞാനെങ്ങനെയാണ് വള്ളുവനാടിന്റെ അന്ത സംഘർഷങ്ങള് വായിച്ചു നെടുവീർപ്പെട്ടു കിടന്നു മ്മ്‌ടെ എംടി യെ സ്വപനം കാണുക .

ബിരുദാനന്തര ബിരുദം മത്സ്യ ശാസ്ത്രം ആയിരുന്നെങ്കിലും മറ്റുള്ളവരെ   ബുദ്ധിമുട്ടിക്കാതെയെങ്ങനെ ജീവിക്കാം എന്നുള്ളതായിരുന്നു ആ കാലങ്ങളിൽ ഞാൻ മനസ്സിൽ ഗവേഷണം ചെയ്തത് . അങ്ങനെ ഓർമ്മകൾ കുഴിതോണ്ടിയെടുത്തപ്പോൾ ഒരു ചിത്രം തെളിഞ്ഞു വന്നു . 5 ആം വയസ്സിൽ കണ്ട ഒരു കുടുംബ ചിത്രം. അമ്മ നിന്ന് പൊട്ടി പൊട്ടി കരയുകയാണ് . കാര്യമറിയില്ലെങ്കിലും അമ്മയ്ക്കൊരു കമ്പനിക്ക് ഞാനും കരയുന്നുണ്ട് . " ഇനി നമ്മളെന്നാ ചെയ്യും ....നാട്ടിൽ പോയാൽ എന്നാ  ജോലി കിട്ടാനാ ...എങ്ങനെ ജീവിക്കും ...വീട് പോലുമില്ല ...."അങ്ങനെ പരിദേവനങ്ങൾ എണ്ണി പറയുന്നുണ്ട് അമ്മ . 17 വർഷത്തെ സർവീസ് മതിയാക്കി മുപ്പത്തിയഞ്ചാമത്തെ  വയസ്സിൽ മിലിട്ടറി VRS എടുത്തു അച്ഛൻ നമ്മളെ ഇങ്ങനെ അനിശ്ചിതത്വത്തിന്റെ പടുകുഴിയിൽ വീഴിക്കുമെന്നു അമ്മ തീരെ പ്രതീക്ഷിച്ചില്ല . അച്ഛനന്ന് കരയരുതെന്നു മാത്രം പറഞ്ഞു . നാട്ടിലെത്തി ഒരാഴ്ചക്കുള്ളിൽ മനോരമ ഇയർബുക്ക്‌ പോലുള്ള നിരവധി പ്രസിദ്ധീകരണങ്ങൾ വാങ്ങി മുറിയടച്ചിരുന്നു വായിക്കുന്ന അച്ഛനെ കണ്ടു കൊണ്ടാണ് ഞാനെന്റെ നാട്ടിലെ സ്‌കൂൾ ജീവിതം ആരംഭിക്കുന്നത് . ഒരു വർഷത്തിനപ്പുറം പോലീസ് ,ബാങ്ക് , ഇൻഷുറൻസ് അടക്കം നാല് വകുപ്പുകളിൽ സർക്കാർ ജോലിക്കുള്ള ഉത്തരവ് അച്ഛൻ കൈപ്പറ്റുമ്പോൾ അമ്മയുടെ മുഖത്ത് സമാധാനം . ഇതെല്ലാം മാറി മാറി ആലോചിച്ചു ഞാനെന്റെ തീരുമാനത്തിൽ എത്തി . ഇനി പഠിക്കേണ്ട , ഒരു ജോലിയെങ്ങനെയെങ്കിലും സ്വന്തമാക്കണം .സാഹചര്യങ്ങളുടെ സമ്മർദ്ദം വേറെ പല രൂപത്തിൽ ഉണ്ടായിരുന്നെങ്കിലും ആകെയുള്ള ഒരു  ആശ്വാസത്തിന്റെ രൂപം മുൻപ് പറഞ്ഞ സീൻ മാത്രമായിരുന്നു .അച്ഛനോളം മിടുക്കനല്ലാതിരുന്നിട്ടു കൂടി ഗൾഫിൽ ഒരു ജോലി സംഘടിപ്പിച്ചു സമയോചിതമായി ( ആ വാക്കു വളരെ വിലപ്പെട്ടതാണ് ) ഞാനെന്റെ പ്രശ്നങ്ങൾ പരിഹരിച്ചപ്പോളും എനിക്കുറപ്പായിരുന്നു ഈ മെഡൽ അച്ഛൻ പണ്ട് വാങ്ങിയതാണെന്നും എനിക്കതു കയ്യിലൊന്നു പിടിക്കാൻ തന്നതാണെന്നും . ട്വിസ്റ്റ് അവിടെയല്ല . സംഭവം 2-3 വർഷത്തെ ഗൾഫ് ജീവിതം മതിയാക്കി ഒരു  സുപ്രഭാതത്തിൽ നുമ്മ നാട് പിടിച്ചു . അച്ഛൻ കാണാൻ തന്ന ആ മെഡലിന്റെ വർക്കത്തു കൊണ്ടാണെന്നു തോന്നുന്നു ഒരു വർഷത്തിനിപ്പുറത്തു ജോലി ...അമ്മയുടെ മുഖത്ത് ഞാൻ പണ്ട് കണ്ട ആ സമാധാനം ഒന്നുടെ ഞാൻ  കണ്ടു .( 'അമ്മ ചുമ്മാ പൊളിയാന്നെ )

അച്ഛൻ കാണാതെ അമ്മയെനിക് മിക്കവാറും ആഴ്ചകളിൽ 75 പൈസ തരാറുണ്ടായിരുന്നത് സോഡാ കുടിക്കാൻ ഞാൻ ഉപയോഗിച്ചിരുന്ന കാലമാണ് . അക്കാലത്തു rotomac ന്റെ പേന ഇറങ്ങി . 7 രൂപ അതിനായി ഒപ്പിക്കുക എന്ന് വെച്ചാൽ ആത്‌മഹത്യാപരമാണ് ( അച്ഛൻ വീട് പണിയാണ് ). കോഴി മുട്ട വിറ്റു കിട്ടിയ പൈസയിൽ നിന്ന് അമ്മ തന്ന പൈസയ്ക് ഞാൻ പേന വാങ്ങി .പക്ഷെ ഒരാഴ്ച നടന്ന ഒരു ക്വിസ് മത്സരത്തിൽ സമ്മാനം കിട്ടിയത് തുറന്നു നൊക്കിയ ഞാൻ തകർന്നു പോയി ... Rotomac ...ഇന്നിപ്പോ rotomac മാറി ...പലതും മാറി ....പേടിച്ചു പേടിച്ചു അമ്മയോട് Kedopia ഡൌൺലോഡ് ചെയ്തു തരുമോന്നു ചോദിക്കുന്ന നാണിടെ കയ്യിൽ 5 mnt കൊണ്ട് സംഭവം ഡൌൺലോഡ് ചെയ്തു subscribe ചെയ്തു കൊടുത്തപ്പോൾ പണ്ടമ്മ വാങ്ങിത്തന്ന Rotomac ന് ക്രോമോസോമിന്റെ മുഖമാണെന്നെനിക്കു തോന്നി ...ശരിയാ അത് Rotomac അല്ലാരുന്നു ..ല്ലേ ...?

നോട്ട് : നിങ്ങള്ക്ക് വായിക്കാനുള്ള ഒരു ഗുമ്മിനു വേണ്ടിയും , എനിക്ക് എഴുതാനുള്ള ഒരു ഗുമ്മിനു വേണ്ടിയും കുറച്ചു മസാല ചേർത്തിട്ടുണ്ടെങ്കിലും ആ മസാല നമ്മുടെ വീട്ടിലെ അമ്മിക്കല്ലിൽ അരച്ചതാണ് സത്യമായിട്ടും .