Monday, June 29, 2020

കാലം

ആത്മ കഥ എന്നു വേണമെങ്കിൽ പറയാവുന്ന "എന്റെ കഥ " എഴുതുമ്പോൾ മാധവികുട്ടി 40 വയസ്സ് തികച്ചിട്ടില്ല  എന്ന് തോന്നുന്നു. കാലം, സമയമനുവദിച്ചു തരുമോയെന്ന ആകുലതയിൽ അവരെഴുതിയതാണത് . അവരോടുള്ള ഏറ്റവും വലിയ ബഹുമാനം അവർ കാലത്തോട് കാണിച്ച ആ ബഹുമാനമാണ് .'സഫലമീ യാത്ര' എഴുതിയ കക്കാടും 'നന്ദി' എഴുതിയ സുഗതകുമാരി ടീച്ചറും കാലത്തോട് കാണിച്ച ബഹുമാനമുണ്ട് ആ കവിതകളിൽ നിറയെ .

......'വരും കൊല്ലം ആരെന്നും എന്തെന്നുമാർക്കറിയാം '... ആ വരികളിലെത്ര, എത്ര കാലുഷ്യങ്ങൾ ഉരുകിയൊലിച്ചു പോയി ...സത്യമായും ...കവിയുടെ പുണ്യം കവിതയുടെയും .കവിതയെ പറ്റി പറഞ്ഞപ്പോളാണ് പണ്ടൊരിക്കൽ ആരുമറിയാതെ കോളേജിൽ പഠിക്കുന്ന കാലത്തു മാതൃഭൂമി യുടെ കോളേജ് പംക്തിയിൽ ഒരക്രമം കാണിച്ചു . ആരുമറിയാതെ ഒരു സാധനം (കവിതയെന്നൊക്കെ പറഞ്ഞാൽ അത് അപരാധമാകും ) എഴുതി അയച്ചു . ആരോടും പറഞ്ഞില്ല ആരോടും . അഥവാ മഹാത്ഭുതം സംഭവിച്ചാൽ എല്ലാവരെയും ഞെട്ടിക്കാമെന്നും മാറ്റുമോർത്തു ഒരുപാടു കോള്മയിര് കൊണ്ടു മനസ്സിൽ . അതെ സമയം  തന്നെ എന്റെ ഒരു നിലവാരം എനിക്കറിയാവുന്ന കൊണ്ട് അയച്ച സംഭവം തിരിച്ചു വരുമെന്നു പോലും കരുതിയിരുന്നില്ല. പക്ഷെ . വെട്ടി തിരുത്തി ഭാവിയിലേക്ക് ഉള്ള ആശംസകളോടെ അത് തിരിച്ചു വന്നു . അവർ തന്ന ആശംസ കുറച്ചൊരു സമാധാനം തന്നെങ്കിലും ഉള്ളിന്റെയുള്ളിൽ എന്നെ കടലെടുത്തു .പുറംലോകം അറിയാത്ത ആ മഹാ രഹസ്യം ഇന്നിവിടെ നഗ്നനാക്കപ്പെട്ടു ....പറഞ്ഞു വന്നത് കാലത്തേ പറ്റിയാണ് . കാലം കാണിച്ച ഔദാര്യങ്ങളെക്കുറിച്ചു ഇടയ്ക്കിടക്ക് ആലോചന വരും .

മലമ്പുഴ ഡാം കണ്ടു തിരിച്ചു വരുന്ന 11 വയസ്സുള്ള ഒരു കുട്ടി  സൈഡ് സീറ്റിൽ മഴ കൊണ്ട് ബസ്സിൽ രാപ്പാടി കേഴുന്നുവോ എന്ന് പാട്ടു കേട്ടപ്പോൾ വെറുതെ കണ്ണ് നിറഞ്ഞു പോയി ...അന്ന് കരുതി പാട്ടുള്ള ഒരു വണ്ടി സ്വയം മഴയത്തു ഡ്രൈവ് ചെയ്യുന്നതിലും വലിയ സൗഭാഗ്യം ഇല്ലാന്ന് ...കാലം ഒരുപാടു കാരുണ്യം കാണിച്ചു , എംസി റോഡ് ഇൽ കണ്ണ് കാണാനാകാത്ത മഴയത്തു വഴിയരികിൽ കാലത്തിന്റെ ഔദാര്യം ഞാൻ ഓർമ്മിച്ചു ....

സ്വന്തത്തിലുള്ള ചില മുതിർന്ന കുട്ടികളുടെ പാകമല്ലാത്ത ഉടുപ്പുകൾ മാത്രം സ്വന്തമായുണ്ടായിരുന്ന കാലത്തു പാകമുള്ള ഒരുടുപ്പ് വലിയ സ്വപ്നം ആയിരുന്നൊരു കാലം . കാലം സൗമനസ്യം കാണിച്ചത് കൊണ്ട് കറങ്ങുന്ന പടിക്കട്ടുകളിൽ  നിന്ന് കയ്യിൽ വിലകൂടിയ വസ്ത്രങ്ങളുമായി ഞെളിഞ്ഞിറങ്ങുമ്പോൾ അറിയാതെ തന്നെ ചന്ദ്രലേഖയിലെ  ശ്രീനിവാസന്റെ കഥാപാത്രത്തിന് എന്റെ മുഖമുണ്ടായിരുന്നത് ഓർമ്മ വരും . കുല പഴുപ്പിക്കാൻ ചാക്കിൽ കെട്ടി വെച്ച നാളുകൾ ജയിക്കാനെനിക്ക് അവസരം തന്ന കാലമേ നന്ദി .

കാലത്തിന്റെ വലിയ ഔദാര്യങ്ങൾ ഒരുളുപ്പുമില്ലാതെ വാങ്ങിയതുകൊണ്ടാകും കാലുഷ്യമല്ല നമ്മുടെ ഭാഷയാകേണ്ടതെന്നു തോന്നിയിട്ടുണ്ട് . കാലുഷ്യമില്ലാത്ത മനസ്സിന് കനം തീരെ ഇല്ലാതാകുമെന്നും . അങ്ങനെ തീരെ കനമില്ലാതെയാകുമ്പോൾ നമുക്ക് പ്രകൃതിയുടെ വചനങ്ങൾ കേൾക്കാമെന്നുമാണ് അറിഞ്ഞിട്ടുള്ളത് . തെറ്റിദ്ധരിക്കണ്ട , ഓഷോയോ കൃഷ്ണമൂർത്തിയോ ജിബ്രാനോ റൂമിയോ ഒന്നുമല്ല ...പ്രതിഭാസങ്ങളായിരുന്നവർ അവർ . ഞാൻ ഉദ്ദേശിച്ച സീൻ വളരെ ചെറുതാണ് വളരെ വളരെ ചെറുത് . അതിത്രയെ ഉള്ളു . എപ്പോളെങ്കിലും സമയം കിട്ടുമ്പോൾ , തിരക്കൊഴിഞ്ഞ നേരത്തു , ജനലരികത്തിരിക്കുക അല്ലെങ്കിൽ വാതിൽ പടിയിലിരുന്നു വെളിയിലേക്കു നോക്കുക . മഴയാകട്ടെ വെയിലാകട്ടെ , വെളിയിലേക്ക് നോക്കുക .
ഒന്നിനെക്കുറിച്ചും ആലോചിക്കാതെ ,
കൂട്ടുകാരെ ഓർക്കാതെ ...
ചെയ്തു പോയ കാര്യങ്ങളോർക്കാതെ ...
വരാനിരിക്കുന്നതോർക്കാതെ ...
നിങ്ങളെക്കുറിച്ചുപോലുമോർക്കാതെ ....
ഒന്നുമൊന്നും ഓർക്കാതെ പ്രകൃതി കണ്ട് എത്ര നേരമിരിക്കാമെന്നു നോക്കിയിട്ടുണ്ടോ . ഇല്ലെങ്കിൽ ,പറ്റിയാലോന്നു നോക്കണം . സത്യമായും ചില കുഞ്ഞു വെളിപാടുകൾ നമ്മളെ തേടിയെത്തും. ഇനിയെത്തിയില്ലെങ്കിൽ അതിനർദ്ധം ഒരുപാടു ഭാരപ്പെട്ടത് എന്തൊക്കെയോ ഉള്ളിലുണ്ടെന്നാണ് . ഇറക്കി വെയ്ക്കാൻ കഴിയുന്ന എന്തൊക്കെയോ ഉണ്ട് . എന്റെ കാര്യം അത്രക്ക് മെച്ചമല്ല എന്നാലും  അത്രയ്ക്ക് മോശവുമല്ല . സമയം കിട്ടിയാൽ 5 മിനിറ്റ് കൊണ്ട് റിസൾട്ട് അറിയാവുന്ന ഒരു ചെറിയ പരിപാടിയാണ് . മൗനത്തിൽ നാം എപ്പോളും സഞ്ചരിക്കുന്നത് അകത്തേക്കാണല്ലോ . ഉള്ളിലേക്ക് എത്ര സഞ്ചരിക്കുന്നോ അപ്പോളെല്ലാം നാം നമ്മുടെ ഊച്ചാളിതരങ്ങൾ കണ്ടുകൊണ്ടേയിരിക്കും തിരശീലയിലെന്ന പോലെ .ജാള്യതയില്ലാതെ കാണാം കാരണം നമ്മളൊക്കെ വെറും ദുർബലരായ മനുഷ്യരല്ലേ ...

അവസാന വാചകം കടമാണ് . പക്ഷെ കടം പറയുന്നില്ല . ഞാൻ പറയാൻ കണ്ടു പിടിക്കുന്നതൊക്കെയും മുൻപേ പറഞ്ഞ രഞ്ജിത് ഭായ് , നിങ്ങളോടെന്തു പറയാൻ ...നന്ദി കാലത്തിനും രഞ്ജിത്തിനും പിന്നെ നിനക്കും .