Tuesday, May 11, 2021

underrated

 അണ്ടർറേറ്റഡ് എന്നുള്ളതിന്റെ മലയാളം എനിക്കങ്ങു ഇഷ്ടപ്പെട്ടില്ല അതുകൊണ്ടാണ്  ശീർഷകം അങ്ങനെ തന്നെ ഇട്ടത് . നമ്മൾക്കൊരു  പന്ത്രണ്ടു   വയസ്സുള്ളപ്പോൾ പ്രവിത്താനം ലൈബ്രറിയിൽ  പോകുന്ന സ്വഭാവം ഉണ്ട്.  സംഭവം എനിക്ക് ബോധിച്ചു . നല്ല നേരം പോക്കുണ്ട്. വല്യ ചെലവില്ല . കൂടെയുള്ള ആരും തന്നെ എത്തിപ്പെടാത്ത സ്ഥലം. മാത്രവുമല്ല ചിലതൊക്കെ വായിക്കുമ്പോൾ നായകൻ ഞാനാകുന്നുമുണ്ട് .(മുകുന്ദനും എംടി യുമാണ് എന്നെ കൂടുതലും നായകനാക്കിയത് എന്നെനിക്കു തോന്നി.)അങ്ങനെ ഒരു ദിവസം ഒരു ചെറിയ പുസ്തകം കൈയിൽ കിട്ടി.അതെടുത്ത ദിവസം ലൈബ്രറി യിൽ ഇരുന്ന സാബു ചേട്ടൻ ചോദിച്ചു.' അപാര സെലെക്ഷൻ ആണെല്ലോ " പുള്ളി ആക്കിയതാണോന്ന് എനിക്കപ്പോളെ തോന്നി ഒറ്റ ഇരുപ്പിനു വായിച്ചു തീർത്തു . അങ്ങേരു കളിയാക്കിയതാണെന്നു തീർച്ചയായി ...ഒരക്ഷരം മനസ്സിലായില്ല . അതാണ് ഖസാക്കിന്റെ കുറിച്ചുള്ള ആദ്യത്തെ ഓർമ്മ . പിറ്റേന്ന് തന്നെ സംഭവം തിരിച്ചേൽപ്പിച്ചു . അന്നേരം സാബു ചേട്ടൻ പറഞ്ഞു " വിട്ടു കളയണ്ട , കുറച്ചു കഴിഞ്ഞു സമയമെടുത്ത് വായിച്ചു നോക്ക് ..." വേനലവധിക്ക് വീണ്ടും എടുത്തു വായിച്ചു . ഒന്ന് രണ്ടു കിടിലൻ പ്രയോഗങ്ങൾ കിട്ടിയപ്പോൾ ഒന്നുടെ വായിക്കാം എന്ന് കരുതി വീണ്ടും വായിച്ചു. അന്ത കുതിരക്കു തുണ പടച്ചവൻ ഷെയ്ഖ് തങ്ങൾ എന്ന് വായിച്ചപ്പോൾ രോമാഞ്ചം .പിന്നെയും പിന്നെയും വായിക്കുന്നു ...എന്തൊക്കെയോ എന്തൊക്കെയോ തെളിഞ്ഞു തെളിഞ്ഞു വരുന്നു ...ഒരുവിധ പെട്ട സംഭാഷണങ്ങൾ എല്ലാം മനഃപാഠമായി . പ്രിയപ്പെട്ടവരുടെ നിരയിൽ ഏറ്റവും താഴെ കിടന്ന ഓ വി  വിജയനെന്ന പ്രതിഭാസത്തെ ഏറ്റവും മുകളിൽ പ്രതിഷ്ഠിച്ചു . പക്ഷെ അദ്ദേഹത്തെ വർണിക്കാനോ വിവരിക്കാനോ നമുക്കൊരിക്കലും സാധിക്കില്ലെന്ന് ഉത്തമ ബോധ്യമുള്ളതു കൊണ്ട് എന്റെ പറച്ചിലുകളും എഴുത്തുകളും എന്നും എംടി യിൽ തട്ടി നിന്നു . അണ്ടർറേറ്റഡ് എന്ന വാക്കിനോടുള്ള എന്റെ മുഖാമുഖം ആദ്യമായി തുടങ്ങുന്നത് വിജയനെക്കുറിച്ചുള്ള ഏതോ ഒരാളുടെ ഓർമ്മകുറിപ്പിലാണ് . ആ വാക്കിനോട് തികച്ചും ന്യായ യുക്തമായ പേരാണ് ഒ വി വിജയൻ എന്ന് ഞാൻ അന്നും ഇന്നും എന്നും വിശ്വസിച്ചു പോരുന്നു . പണ്ട് എം വി ദേവൻ അഭിപ്രായപ്പെട്ടതു മലയാളത്തിൽ 'പൈങ്കിളി' എഴുതാത്ത 3 പേരെ ഉള്ളു എന്നാണ് -വിജയൻ , ബഷീർ , വി കെ എൻ . അതിപ്പോ എന്തായാലും അതിൽ വിജയനുണ്ട് ഉറപ്പാണ് . ഒന്നുടെ കടത്തി പറയാം വിജയൻ വരച്ച കാർട്ടൂണുകൾ ഇനി ഒരമ്പത് വർഷം കഴിഞ്ഞാവും നമ്മൾ ചർച്ചക്കെടുക്കുക .

വിജയനെ മനസ്സിലായി തുടങ്ങിയ കാലം മുതൽ മനസ്സിലായ ഒരു കാര്യമുണ്ട് , പൊതു രീതികളോട് പടവെട്ടി , പൊതു സമൂഹത്തിൻറെ ഇഷ്ടങ്ങളോട് കലഹിച്ചു , ജനപ്രിയതയുടെ അതിർ വരമ്പുകൾക്കു  വിപരീതമായി ഒക്കെ പ്രതിഭകളുണ്ട് . അവർ ചിലപ്പോ മറ്റാരേക്കാളും നമ്മളെ ഞെട്ടിക്കും . അവർക്കായി ഒരു കണ്ണ് നാം തുറന്നു വച്ചില്ലെങ്കിൽ ജന്മം പാഴാണ് . അങ്ങനെയുള്ള ഒരു തോന്നലിന്റെ മേലാണ് ഞാൻ ജനപ്രിയത വല്യ കാര്യമില്ല എന്ന കൺക്ലൂഷൻ ഇൽ എത്തിച്ചേരുന്നത് .  അങ്ങനെ കാലം പോകെ എനിക്കുണ്ടാകുന്ന ചില അണ്ടർറേറ്റഡ് വെളിപാടുകളുണ്ട് . 1997 കാലം ആണ് . ഏതു സിനിമ കണ്ടാലും തിരക്കഥ ആരാണെന്നു ശ്രദ്ധിക്കും ( എന്തോ അതിനുള്ള ബോധം അന്നേ എങ്ങനെയോ ഉണ്ടായി!!! ) സംഭവം എന്താന്ന് വെച്ചാൽ ചില പേരുകൾ ചില ഇമോഷൻസ് യുമായി connected ആണ് . എന്ന് വെച്ചാൽ ശ്രീനിവാസൻ , നമുക്കറിയാം കാണാൻ പോകുന്ന പടം ഏകദേശം എന്തായിരിക്കും നമ്മളോട് പറയുന്നതെന്ന് ( നടപ്പു രാഷ്ട്രീയ കലാപരിപാടികളോടുള്ള പുച്ഛമാണല്ലോ അടിസ്ഥാന ശില )..ഇനി ലോഹിതദാസ് നമ്മളറിയാതെ നമ്മുടെയൊക്കെ വീട്ടിൽ നടക്കുന്ന കാര്യങ്ങളൊക്കെ എഴുതി സിനിമയാക്കി കളയും ...രഞ്ജി പണിക്കർ ഉണ്ട് , ഒരു സമരത്തിലും ലാത്തിച്ചാർജ് ഇൽ പങ്കെടുത്ത അനുഭവമാണ് സിനിമ കണ്ടിറങ്ങുമ്പോൾ ( രോമാഞ്ചം , പച്ച തെറിവിളി , ആക്ഷൻ , ഡയലോഗ് ന്റെ ജലഭീരങ്കികൾ എല്ലാം )...

ഇതൊക്കെയാണെങ്കിലും ഒരു കള്ളിയിലും പേര് വെയ്ക്കാൻ വയ്യാത്ത ചില കൊടും ഭീകരന്മാരുണ്ട് അതിലൊരുത്തൻ ദേവാസുരം എഴുതി കുറച്ചു കഴിഞ്ഞു മായാ മയൂരം എഴുതും സമ്മർ  ഇൻ ബെത്ലെഹം എഴുതും ... വീണ്ടും ആറാം തമ്പുരാൻ എഴുതും ..അതാണ് ഐറ്റം . രഞ്ജിത്ത് നെ നിങ്ങൾ പദ്മരാജനോടൊത്തു പറയേണ്ട കാലം വരുമെന്ന് 20 കൊല്ലം മുൻപ് പറഞ്ഞപ്പോ കേട്ട തെറിയൊന്നും മറന്നിട്ടില്ല എന്നാലും വീണ്ടും പറയും . ന്യൂഡൽഹി എഴുതി , രാജാവിന്റെ മകൻ എഴുതിയ ഒരാൾ,  മനു അങ്കിൾ എഴുതിയ നമ്മളങ് സഹിക്കും പക്ഷെ ആകശദൂത് എഴുതിയാലോ ...എന്താല്ലേ ... അങ്ങേരു ചുമ്മാ ലെജൻഡ് ആയിരുന്നു ...ഒരു കള്ളികളിലും ഒതുങ്ങാത്ത ഭീമൻ പേരുകൾ ഉള്ള അവരോടാണെനിക്ക് ഇന്നും പ്രതിപത്തി ...ഡെന്നിസ് സർ കാലം അങ്ങയോടു നീതി പുലർത്തട്ടെ ....

വാൽ : ഉണ്ണി ആർ , സഖറിയാ , എഴാച്ചേരി രാമചന്ദ്രൻ , ഡെന്നിസ് ജോസഫ് , സന്തോഷ് ജോർജ് കുളങ്ങര , ഭദ്രൻ മാട്ടേൽ , ...ഒരു കാര്യോമില്ലേലും ഇവർക്ക് വേണ്ടി ഞാൻ വാദിക്കും ...വാദിച്ചു കൊണ്ടേയിരിക്കും ....