Monday, April 4, 2022

വായിച്ച കാലം

 നല്ല തലക്കെട്ട് അല്ലെ...എനിക്കിഷ്ടപ്പെട്ടു.


വായിച്ച കാലം,


നന്നായി വായിച്ചിരുന്ന കാലത്തു....നന്നായി വായിച്ചിരുന്ന കാലത്തു "നന്നായി വായിക്കുമെന്ന് " പറയാൻ പേടിയായിരുന്നു.. അതായിരുന്നു ഒറ്റ വാക്കിൽ ആ കാലം...(ഇന്നിപ്പോ അങ്ങനെ പറയാമെന്നു ആയതിനു കാരണം മനസ്സിലായിക്കാണുമല്ലോ ). 


വായിക്കും തോറും നമ്മൾ കുഞ്ഞായി കുഞ്ഞായി വരുമെന്നെനിക്ക് തോന്നിയിട്ടുണ്ട്...അറിവിന്റെ കാര്യത്തിൽ കുഞ്ഞായി വരുമെന്ന്...കാരണം അറിയാത്തതു എന്തൊക്കെയാണെന്നുള്ള ബോധ്യം വായിക്കും തോറും കൂടി കൂടി വരും...


വായനയുടെ അടിമയായ ആ കാലത്തു, നമ്മെ തേടി വരുന്ന, നമുക്കായി സ്വന്തമാക്കുന്ന , പകിട്ടുള്ള എന്തിനോടും നമുക്കൊരു അസഹിഷ്ണുത ഉള്ളാലെ തോന്നി തുടങ്ങുമെന്നെനിക്ക് തോന്നിയിട്ടുണ്ട്... മറിച്ചു, ഏതു തരത്തിലുള്ള ഇല്ലായ്മകളും  പലപ്പോഴും ഭൂഷണങ്ങൾ ആയിട്ടാണ് തോന്നുന്നത്... ഒന്നിനോടും പുച്ഛമില്ല...ഒന്നിനോടും...ഇനി അഥവാ അങ്ങനെ തോന്നിയാൽ ഉടനെ അതിന്റെ മറു ചിന്തയും നമുക്ക് സ്വന്തമാണ്... ഒരുദാഹരണത്തിനു,  ആൾക്കാരെ ഒരുപാട് പറ്റിച്ചു, കാശുണ്ടാക്കിയ ഒരാൾ (എന്ന് പൊതു സമൂഹം വിശ്വസിക്കുന്ന ഒരാൾ ) നമ്മുടെ മുന്നിൽ നിന്ന് ചുമ്മാ പൊങ്ങച്ചം ( പൊതു സമൂഹം പൊങ്ങച്ചം എന്നുദ്ദേശിക്കുന്നതു എന്തോ അത്) അടിക്കുന്നു എന്നിരിക്കട്ടെ ,  നമ്മൾ പെട്ടന്ന് ആയാളും ഞാനും മരിച്ചു കഴിഞ്ഞുള്ള ഒരു നിമിഷത്തിലേക്ക് പോകുന്നു.....അപ്പോൾ ..."ഇത് കർമ്മ പരമ്പരയുടെ സ്നേഹ രഹിതമായ കഥയാണ് " കുറച്ചു പൊങ്ങച്ചം കേട്ട് കളയാം എന്ന് നമുക്കങ്ങു തോന്നും....ആടാറു പരിപാടിയാണ് അത്....


ആ കാലത്തു മാത്രമേ നമുക്ക് വെയിലിന്റെ ആഴമറിയാനും മഴയുടെ നിറമറിയാനും കടലിന്റെ മുഖം കാണാനും സാധിക്കൂ ....


note : -ആ കാലത്തു മാത്രമേ ചിരിക്കുമ്പോൾ ശരിക്കും ചിരിക്കാൻ സാധിച്ചിട്ടുള്ളു.


Friday, April 1, 2022

ചിലർ

 ചിലരുണ്ട് 

സീബ്ര യുടെ പുറത്തു വഴി മുറിച്ചിട്ടും 

പോത്തിന്റെ പുറത്തു പോകേണ്ടി വന്നവർ 


ചിലരുണ്ട് 

ഒരു കത്തി പോലും കാണാതെ 

ഒരു കുത്തു വാക്കിൽ തീർന്നു പോയവർ 


ചിലരുണ്ട് 

കൂടെ നിന്നൊരുപാട് ചിരിച്ചിട്ട് 

ഒരു തമാശയിൽ നില തെറ്റിയവർ 


ചിലരുണ്ട് 

കരഞ്ഞു കരഞ്ഞു  തോർന്നിട്ടും 

ഒരു കുഞ്ഞു ചിരിയിൽ അലിയുന്നവർ 


ചിലരുണ്ട് 

നിന്റേതായിരുന്നിട്ടും 

നിന്റേതല്ലാതായവർ