Sunday, May 22, 2022

പ്രശാന്തി

 ശാന്തിയുടെ ഉയർന്ന തലങ്ങളിൽ എവിടെയോ ആകും പ്രശാന്തി എന്ന് കരുതുന്നു . പ്രശാന്തമായത് ചിലതുണ്ട്.. ചില നിമിഷങ്ങളുണ്ട് , ഉള്ളിന്റെ ഉള്ളിൽ നിറവ് അനുഭവിക്കുന്ന നിമിഷങ്ങൾ . അങ്ങനെയുള്ള ചിലതിനു ഒരു പൊതു സ്വഭാവം കണ്ടേക്കാം .ആ പൊതു സ്വഭാവത്തെ പറ്റി സ്വയം ബോധ്യമുണ്ടാകുന്നത് മനുഷ്യൻ എന്ന ജീവിയുടെ ജീവശാത്രപരമായ ചില വൈഷമ്യ്ങ്ങളെ  അതിജീവിക്കാൻ നമുക്ക് ചിലപ്പോൾ തുണയായി തീരും . 

വെള്ളത്തിന് ആഴമുള്ളതു പോലെ വെയിലിന്റെ ആഴം അളക്കാൻ പ്രേരിപ്പിച്ചത് ഖസാക്കിന്റെ ഇതിഹാസം ആണ് . കലയിൽ അന്തരീക്ഷ സൃഷ്ടി എന്നുള്ളത് കഥാപാത്രങ്ങളുടെ കാര്യത്തിൽ മാത്രമല്ല, മറിച്ചു , തികച്ചും physical ആയിട്ടുള്ള അന്തരീക്ഷം , അതായത്  മഴയും സായാഹ്നങ്ങളും വർണ്ണിക്കുന്നതിൽ കഥാകാരന്റെ കഴിവ് ചിലപ്പോ സഹൃദയന്റെ ബോധത്തിൽ സ്ഫോടനങ്ങൾ സൃഷ്ടിക്കുമെന്ന് തോന്നിയിട്ടുണ്ട് . കൂമൻ കാവിൽ ബസ് നിർത്തുന്നിടത്തു തന്നെ നമ്മളും ഇറങ്ങുന്നത് അത് കൊണ്ടാണ് (വെളുത്ത മഴ നോക്കി രവി കിടക്കുന്ന നിമിഷത്തിൽ , ബാല്യത്തിലെ ചില ഇടമുറിയാത്ത മഴ പകലുകളിൽ മഴയുടെ നിറമേതെന്നു അന്തിച്ച നിമിഷങ്ങൾക്കുള്ള ഉത്തരം കിട്ടുകയായിരുന്നു ...മനസ്സിലെ നിറമാണ് മഴയ്ക്കെന്നു ) ...

  അത്തരത്തിലുള്ള ചില, അന്തരീക്ഷങ്ങളെ  ബോധമണ്ഡലങ്ങളിൽ ഫ്രീസ് ചെയ്തു സൂക്ഷിക്കാൻ ചിലപ്പോ നമുക്ക് സാധിക്കും ...ശാന്തിയുടെ ഉയർന്ന നിലകൾ  നമുക്ക് ആ ഫ്രീസ് ചെയ്ത അറകളിൽ അനുഭവിക്കാനായേക്കും. എന്റെ ബാല്യത്തിലെ അവധി ദിവസങ്ങളിൽ ഞാൻ അനുഭവിച്ച ചില അപര ജീവിതങ്ങളുണ്ട് ...അതിൽ ഒന്ന് ചാച്ചന്റെ ആണ് . രാവിലെ 4 മണിക്കോ മറ്റോ തുടങ്ങുന്ന മേട് ഉച്ചക്കൊന്നു brake ചെയ്യും . ഈ ആദ്യ പാദത്തിൽ 500 ഇൽ പരം റബ്ബർ മരം വെട്ടി പാലെടുത്തു ഉറയൊഴിച്ചു വെക്കുകയും , കയ്യാല കെട്ടുകയും പശുവിനു പുല്ലു വെട്ടുകയും  ഒക്കെ കഴിയും ചോറുണ്ടു കഴിഞ്ഞു അര മണിക്കൂർ കിടക്കുന്ന സമയം റേഡിയോ കേൾക്കാറുണ്ട് ...അന്ന് ചാച്ചന്റെ അടുത്തിരുന്ന കേട്ട പാട്ടുകളുണ്ട് .."മോഹം കൊണ്ടു ഞാൻ "..."മെല്ലെ മെല്ലെ മുഖ പടം " നിലാവിന്റെ നീല ഭസ്മ " "ഒരായിരം കിനാക്കളാൽ "...എണ്ണിയാലൊടുങ്ങില്ല ...ആ പാട്ടുകൾ കേട്ട നിമിഷങ്ങളിൽ ചാച്ചന്റെ ജനലിനപ്പുറത്തു പെയ്ത കാലവർഷമുണ്ട്‌ , മകരമുണ്ട് , ധനുവുണ്ട്‌ , പത്തുമണി വിരിഞ്ഞതിനു തൊട്ടപ്പുറത്തായി 11 കുഞ്ഞുങ്ങളും തള്ളക്കോഴിയും വിലസിയിരുന്ന എന്റെ മനസ്സിന്റെ അതെ ആഴമുണ്ടായിരുന്ന പ്രശാന്തമായ പകലുകൾ ഉണ്ടായിരുന്നു ...ആ അന്തരീക്ഷങ്ങളെ ഞാൻ ഫ്രീസ് ചെയ്തതല്ല തനിയെ ഫ്രീസ് ആയി പോയതാണ് ..

തിരക്കുകളിലെ ,നരകങ്ങളിലെ രാപ്പകലുകളിൽ ഞാൻ കണ്ണ് തുറന്നു , ബോധമണ്ഡലങ്ങൾ അടച്ചു വെച്ചു ജീവിതം കെട്ടിയാടുമ്പോൾ എത്ര ശ്രമിച്ചാലും , കണ്ടില്ലെന്നു നടിച്ചാലും , ഇപ്പോളും ചില മഴ ദിവസങ്ങൾ , വെയിൽ ആഴങ്ങൾ എനിക്ക് ജനൽ തുറക്കാറുണ്ട് , മർമ്മാണി തൈലവും വായുഗുളികയും മണ്ണും ചന്ദ്രിക സോപ്പും മണക്കുന്ന ആ ജനലരികത്താണ് ശാന്തി ...പ്രശാന്തി ...

നോട്ട് : ചാച്ചന്റെ പേര് ശ്രീധരൻ , ചാച്ചന്റെ അച്ഛന്റെ പേര് ആനന്ദൻ