Sunday, December 18, 2022

ഇലകൾ

 ഞാൻ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ അതിൽ ഇങ്ങനെ ഒരു സീൻ ഉണ്ടാകുമെന്നു പറഞ്ഞു ചില "വിഷ്വൽസ്‌ " ഞാൻ പറഞ്ഞിട്ടുണ്ട് ... ഇതുവരെ പറയാത്ത ഒരു സീൻ പറയട്ടെ ഞാൻ ...

പണ്ട് പണ്ട് പണ്ട് ദിനോസറുകൾക്കും മുൻപ് ... അയ്യോ ക്ഷമിക്കണം അതല്ല ... ഒന്നുടെ പറയാം ....പണ്ടൊരു നാൾ ഏതോ ഒരു ക്വിസ് മത്സരത്തിൽ പങ്കെടുക്കാനെന്ന വ്യാജനെ ഞാൻ പേര് ഓർമ്മയില്ലാത്ത ഏതോ ഒരു പുസ്തകം മറിച്ചു നോക്കുന്നതിനിടയിൽ ഒരു ചിത്രം കണ്ടു . സൊമാലിയയിൽ നിന്നുള്ള ഒരു ചിത്രം .. അതിൽ നൂറുകണക്കിന് കുഞ്ഞുങ്ങൾ ഒരു ഭക്ഷണ പൊതിയ്ക്കായി കൈ നീട്ടി നിൽക്കുന്നത് കണ്ടു ... ഇത്ര വലിയ ബിൽഡ് അപ്പ് ഒന്നും വേണ്ട ഇതൊക്കെ ഇടയ്ക്കിടയ്ക്ക് നമ്മളൊക്കെ കാണാറുള്ളതാണെന്നല്ലേ ( ശരിക്കും ഇപ്പൊ പറഞ്ഞ അതില്ലേ ... വർഷങ്ങൾക്കിപ്പുറവും ഈ കാഴ്ചകളൊന്നും മാറ്റിയിട്ടില്ലാന്നു അതാണ് ശരിക്കുമുള്ള political incorrectness )... അത് പോട്ടെ സംഭവം അതല്ല , ആ ചിത്രം പല തരത്തിൽ എന്നെ ബാധിച്ചിട്ടുണ്ട് ( ആ പ്രയോഗം മനപൂർവ്വമാണ് ).. ഒരു ബാധ തന്നെയാണ് ആ ചിത്രം ...കാരണം പറയാം 

നമ്മൾ ചെടി നനയ്ക്കില്ലേ ...നമ്മളിങ്ങനെ നിന്ന് പൈപ്പ് ഇൽ നിന്ന് വെള്ളം ചെടിയിലേക്ക് ഒഴിക്കില്ലേ ...അങ്ങനെ ഒഴിക്കുമ്പോൾ ഒരാവശ്യവുമില്ലാതെ മുൻപത്തെ ആ ചിത്രം ഇടിച്ചു കയറി വരും ... അതായത് ഇലകളൊക്കെയും കുഞ്ഞു കൈകളാണെന്നു തോന്നാൻ തുടങ്ങും ..ഓരോരുത്തരും ഒരിറ്റു വെള്ളത്തിനായി കേഴുന്നതായിട്ടങ്ങു തോന്നും ... അപ്പോൾ തോന്നും കുറെ നേരം നനയട്ടെ എന്ന് ... അങ്ങനെ നിൽക്കുമ്പോൾ വീണ്ടും തോന്നും എത്രയൊക്കെ നനച്ചാലും ഇടയിലെവിടെയോ അടിയിലെവിടെയോ ഒരു കുഞ്ഞനില  ഞാൻ കാണാതെ മാറി നിന്ന് വെള്ളത്തിനായി കരയുന്നുണ്ടെന്നു ...അവനെ തൃപ്തിപ്പെടുത്താതെ ഞാൻ ഇനി എങ്ങനെ മടങ്ങും ... എനിക്കറിയില്ല ....സത്യമായും എനിക്കറിയില്ല .... 

ഈ പറഞ്ഞ ഒരു ചിത്രം എന്റെ സിനിമയിൽ ഉണ്ടാകും അല്ലെങ്കിൽ അതാകും എന്റെ സിനിമ ... അതെങ്ങനെയെന്നോ നിന്നാണെന്നോ ഒന്നും ചോദിക്കണ്ട ... ഉത്തരമില്ല 

വാൽ : സ്‌ഫടികം സിനിമയിൽ ആടുതോമ കുരിശടിയിൽ നിന്ന് യേശുവിനോട് പരാതി പറഞ്ഞിട്ട് നേർച്ചപ്പെട്ടിയിൽ ഓട്ട കാലണ ഇട്ടിട്ടു ആ നേർച്ച പെട്ടിയിൽ ചെവിയോർക്കുന്നുണ്ട് ... അപ്പോൾ കേൾക്കുന്ന ഒരു സ്വരമുണ്ട് ... ആരുമില്ലാതായവർക്കും ഒന്നുമില്ലാതായവർക്കും ഉണ്ടാകുന്ന ഒരു സ്വരം ... ആ സ്വരം ഞാൻ കട്ടെടുത്തു എന്റെ സ്വന്തം സീനിൽ ഞാൻ തുന്നി പിടിപ്പിക്കും ...


Friday, December 16, 2022

മോട്ടിവേഷൻ

 തൂങ്ങിയാടുന്നുണ്ട് ഒരു മോട്ടിവേഷൻ ,

ഡിപ്രെഷൻ നാട് കടത്തപ്പെട്ട വാർത്തയറിഞ്ഞു ,

അനാഥത്വം കാട് കയറിയെന്നറിഞ്ഞു ,

ഏകാന്തത കാശിക്കു പോയെന്നറിഞ്ഞു 

അശുഭമായതെല്ലാം സ്ഫോടനത്തിനു 

ഇരയായെന്നറിഞ്ഞു , കയറു നോക്കി 

അധിക ചിഹ്നമൊരെണ്ണം (+) കുരുക്കി കഴുത്തിൽ 

തൂങ്ങിയാടുന്നുണ്ട് എന്റെ ചങ്ങാതി , മോട്ടിവേഷൻ