Friday, April 8, 2011

തുലാ വര്‍ഷം

തുലാവര്‍ഷവും  ബൈബിളും ക്രിസ്തുമസും കണിക്കൊന്നയും എംടിയും  സിനിമയും പിന്നെ പാല എന്ന ആ കൊച്ചു നഗരവും ....ജീവിതത്തിന്‍റെ പ്രിയങ്ങളായിരുന്നു, അതിരുകളായിരുന്നു ഒക്കെയും. അമ്മയുടെ അഭിപ്രായത്തില്‍ രണ്ടേ രണ്ടു ദോഷങ്ങളെ ഉള്ളു ചെക്കനെ കൊണ്ട്, അതില്‍ ആദ്യത്തേത് "നാലാള് കൂടുന്നിടത്തു അവന്‍ കൊന്നാലും പോകൂല്ല" .രണ്ടാമത്തേത് ക്രിക്കറ്റ്‌. (റബ്ബര്‍ തോട്ടത്തില്‍ കളിക്കുമ്പോള്‍ എത്ര വലിയവനടിച്ചാലും 4 മരത്തില്‍ കൊണ്ട് പന്ത് തിരച്ചു 'പിച്ചില്‍' വരും അതു മുന്നില്‍ കണ്ടാണ്‌ bowler  ആയതു....അതിന്നും രഹസ്യമാ)
                                          അതില്‍ ആദ്യത്തേതിനു കിട്ടിയ പണിയാണ് പണി ...കേരളത്തിലെയും ഇന്ത്യയിലെയും തന്നെ മഹാനഗരങ്ങളില്‍ തേരാ- പാരാ നടക്കേണ്ടി വന്നു.. ചില്ലറയൊന്നുമല്ല ആകെ മൊത്തം 7 കൊല്ലം..അങ്ങനെയാണ് പുതിയ പലതും ചെകിട്ടത്തടി പോലെ മനസിലായി തുടങ്ങിയത്.......അംഗവൈകല്യം പിടിച്ച തുലാവര്‍ഷം,..ബൈബിളും ക്രിസ്ത്മസും 'നൊസ്റ്റാള്‍ജിയ' ആയി ...മെസ്സ് അവധി ആയതു കൊണ്ട് bakery-ല്‍ നിന്നും ചിക്കന്‍ പഫ്സ് ഉം നാരങ്ങ വെള്ളോം കുടിച്ച വിഷുവുമുണ്ടായി...
പിന്നെ ക്രിക്കറ്റ്‌ കളിയിലുള്ള പ്രവീണ്യം കൊണ്ട് ഒന്ന് രണ്ടു തവണ ജയിക്കാമായിരുന്ന ചില കളികള്‍ ഒക്കെ തോറ്റു...അതോടെ എല്ലാം പൂര്‍ണമായി.. സിനിമ പ്രാന്തന്‍ എന്ന പേര് മാത്രം ബാക്കിയായി....കോളേജ് വാസം കൊണ്ട് പിന്നെ നേടിയെടുത്തത് , ഒരു മാരത്തോണ്‍ പ്രണയമാണ്. ഈ ബ്ലോഗ്‌വായിക്കുന്ന (ഞാന്‍ പറഞ്ഞിട്ടാനെങ്കിലും)  അപൂര്‍വ്വം ഒരാള്‍  അവളായത് കൊണ്ട് കൂടുതല്‍ വിവരിക്കുന്നില്ല...
                    "കേരള കഫെ "  സിനിമയില്‍ ദിലീപ് പറയുന്ന പോലെ നാട്ടിലേക്ക് പോകുന്നതിന്‍റെ തലേ ദിവസം എനിക്കുറങ്ങനെ സാധിക്കില്ല. അത് പക്ഷെ സിനിമയില്‍ പറയുന്നത് പോലെ ചെംബാവരി ചോറ് തിന്നാനും നാട്ടു വഴിയിലുടെ നടക്കാനും കള്ളുകുടിക്കാനും മാത്രമല്ല,  മറിച്ച് എഴുതാനറിയാത്ത പറയാനറിയാത്ത ഒരായിരം കാരണങ്ങള്‍ ഉണ്ടതിന്...ശരിക്കും..കുട്ടിയായിരുന്ന കാലത്ത് എപ്പോള്‍ യാത്ര പോയാലും കാരണമില്ലാതെ ദുഃഖം തോന്നുന്ന ഒരു സംഭവമുണ്ട്, എന്തെന്നോ ,ഒരു കുട്ടിയുടെ കൂടെ അവന്‍റെ അമ്മയെ മാത്രമേ കണ്ടുള്ളൂ എങ്കില്‍ എനിക്കപ്പോ തന്നെ കരച്ചില്‍ വരും. എന്താ കാരണം എന്നറിയില്ല, അമ്മയുടെ അഭിപ്രായത്തില്‍ അത് ആകാശദൂത് കണ്ടതിന്‍റെ hangover  ആണത്രേ...എന്ടയാലും സത്യം ഇന്നുമറിയില്ല..പറയാന്‍ കാരണമുണ്ട്, ഇന്നും ഞാനത് ശ്രദ്ധിക്കാറുണ്ട് പക്ഷെ ഒരിക്കലും പണ്ടത്തെ വിഷമം , സഹതാപം ഒന്നും തോന്നാറില്ല.. ഊഷരമായ മഹാനഗരങ്ങലെന്നില്‍ നിന്നും ഊറ്റിയെടുത്ത നന്മകള്‍ ആണവയൊക്കെ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇവിടുത്തെ മഴയെ എനിയ്ക്ക് പുച്ചമാണെന്നു 
പറയാനുള്ള ചന്ഗൂറ്റം  തന്നത് മറ്റൊന്നുമല്ല, "കല്ലുരുട്ടിയും " , "ഇടവഴി തെളിപ്പനും " , "കുറുന്തോട്ടി പറിപ്പാനും" ഒക്കെ തിമിര്‍ത്ത് ആടിയ എന്‍റെ നാട്ടുവഴികളാണ്,ആ സന്ധ്യകളാണ് . ഇടവപ്പാതി കഴിഞ്ഞുള്ള നനുത്ത സന്ധ്യകളില്‍ നാമം ചൊല്ലാതെ വെറുതെ ആകാശം നോക്കിയിരുന്ന സുഖം, ഇനിയെത്ര ജന്മം കഴിഞ്ഞാലാണ് കിട്ടുക ? പുല്‍ക്കുട് കെട്ടാനായി മാത്രം ക്രിസ്തുമസ് പരീക്ഷകള്‍ എഴുതി എഴുതി തീര്‍ത്തു, ഒരു കൊല്ലത്തെ സമ്പാദ്യം മുഴുവന്‍ ആ രാവില്‍ പടക്കങ്ങളായി ആവേശിച്ചണഞ്ഞു.  ആ നന്മകളുടെ അടിവേരുകള്‍ തന്ന വെള്ളവും വെളിച്ചവുമാണ് ജീവിതത്തിനു ഇപ്പോളും പച്ചപ്പ്‌ നല്‍കുന്നത്..


                    ഒടുവിലിപ്പോള്‍ , ഖസാക്കിലെ രവിയെപ്പോലെ എകാദ്യപക വിദ്യാലയത്തിലെ മാഷാവാന്‍ മനസ്സ് കൊണ്ട് ആശിക്കുന്നു, പ്രാര്‍ഥിക്കുന്നു. ഒന്നിനും വേണ്ടിയല്ല ...ഏതെങ്കിലും പേരാല്‍ മരച്ചുവട്ടില്‍ തിമിര്‍ത്തു പെയ്യുന്ന തുലാവര്‍ഷം കാണാന്‍ വേണ്ടി മാത്രം..അതിനു വേണ്ടി മാത്രം.............

3 comments: