Tuesday, August 30, 2016

പ്രിയപ്പെട്ടവർ ...


ജീവിതത്തിൽ ഓരോ കാലത്തും, ചിലപ്പോളൊക്കെ എല്ലാകാലത്തേക്കുമായി ചിലർ നമുക്ക് പ്രിയപ്പെട്ടവരായി തീരാറുണ്ട്.  ജീവിതത്തെ ജീവിതമാക്കി തീർത്തവർ. അവരെ കുറിച്ച് പറയാതെ വയ്യ .

മാമുക്കോയ; ഭാഗ്യദേവത സിനിമ എറണാകുളം സരിതയിൽ കണ്ടിറങ്ങിയ എനിക്കും ജെസ്റ്റനും സംശയമില്ലാത്ത കാര്യം ഒന്നു മാത്രമായിരുന്നു :- ഇതിൽ നായകൻ മാമുക്കോയ തന്നെയാണ്.  "അനക്കിപ്പോ എന്താ വേണ്ടേ , മീൻകറീം  കൂട്ടി ചോറു ഉണ്ണണണം , അത്രല്ലേ ഉള്ളു...അതുണ്ടാകും " അത്ര നിസ്സാരമായി ജീവിതത്തെ നിർവചിച്ച അയാൾ അല്ലാതെ വേറെ ആരാണ് നായകൻ.

ഡെൻസിൽ വാഷിംഗ്‌ടൺ :- "Training day " അനഗ്നെ ഒരു സിനിമ കണ്ടിട്ടുണ്ട് പണ്ടെപ്പോളോ. നമുക്ക് മുഖത്തു പ്രതിഫലിപ്പിക്കാനാവാത്ത വികാരങ്ങളുണ്ട് എന്നെനിക്കു തീർത്തും ബോധ്യമായത് ആ സിനിമയിൽ ഇങ്ങേരുടെ പ്രകടനം കണ്ടിട്ടാണ്.

റസ്സൽ ക്രോ : ഗ്ലാഡിയേറ്റർ സിനിമയിലെ മാക്സിമസ് -നെ ഓർമ്മയുള്ള കാലത്തോളം എനിക്ക് മറക്കാൻ സാധിക്കില്ലെന്നാണ് വിചാരിക്കുന്നത്.

 മജീദ് മജീദി: ചിൽഡ്രൻ ഓഫ് ഹെവൻ സിനിമ കണ്ടിട്ടാണ് ലളിതമായതു എങ്ങനെ ഗഹനമാകും അതോടൊപ്പം അതിമനോഹരമാകും എന്നെനിക്കു മനസ്സിലായത്. അത് ഒരു കാവ്യമാണ്. കവിത പോലെ ഒരു സിനിമ.

റഫീഖ് അഹമ്മദ് : 'മരണമെത്തുന്ന നേരത്തു ' എന്ന കവിത കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഉണ്ടായ ഏറ്റവും മികച്ച കവിതകളിൽ ഒന്നാണ് -ഇതെന്റെ അഭിപ്രായമല്ല. ഡോ .ലീലാവതി ടീച്ചർ പറഞ്ഞതാണ്. ഞാൻ അതിനോട് 200 % യോജിക്കുന്നു.

ഉണ്ണി. :- മഴയെ പറ്റി മാത്രം മഹത്വം പറഞ്ഞിരുന്ന എനിക്ക് വെയിലിന്റെ കനം അളക്കാൻ പഠിപ്പിച്ചത് അയാളുടെ കഥകളാണ്.

മോർഗൻ ഫ്രീമാൻ :- ഇയാളെ ഒക്കെ പറ്റി എന്തു  പറയാനാണ്....പൂർവ ജന്മങ്ങളിൽ എവിടെയോ അഭിനയം വരം ആയി കിട്ടിയിട്ടുണ്ട് ഇയാൾക്ക്.

പവിത്രൻ തീക്കുനി: സങ്കീർണ്ണതകൾ ഇല്ലാതെ, നിയതമായ ചിട്ടവട്ടങ്ങളൊ , ബിംബങ്ങളോ ഒന്നുമില്ലാതെ , നാടകിയതകളില്ലാതെ, കവിതകൊണ്ടു മനസ്സിനെ വേവിച്ചെടുക്കുന്ന തീയുണ്ട് വാക്കുകളിൽ...അനുഭവങ്ങളിൽ.

ദസ്തയേവിസ്കി : എഴുതാനായി....എഴുതാനായി മാത്രം ഭൂമുഖത്തു ജന്മം കൊണ്ട ആളായിരുന്നിരിക്കണം. അത് കൊണ്ടാവാം ജീവിതത്തിന്റെ ചിട്ടവട്ടങ്ങൾ പാലിക്കാൻ കഴിയാതെ, അതിനു ശ്രമിക്കാതെ ലോകത്തെ മുഴുവൻ താനെഴുതിയ വാക്കുകളുടെ മായാജാലം കൊണ്ട് കൺകെട്ട് നടത്തിയത്.

ഗിരീഷ് പുത്തഞ്ചേരി :- പുലരാൻ തുടങ്ങുമൊരു രാത്രിയിൽ...
തനിയെ കിടന്നു മിഴിവാർക്കവേ ...
ഒരു നേർത്ത തെന്നൽ അലിവോടെ വന്നു
നെറുകയിൽ തലോടി മാഞ്ഞുവോ ...

ഖലീൽ ജിബ്രാൻ: പ്രണയത്തിന്റെ ഏറ്റവും മികച്ച വ്യാഖ്യാനങ്ങൾക്കു നമിക്കുന്നു ഗുരു.

റൂമി: ഇലകൾ...മുകളിൽ..മുകളിൽ....മുകളിൽ
വേരുകൾ....അടിയിൽ ...അടിയിൽ....അടിയിൽ

ബഷീർ:..ബേപ്പൂരിന്റെയല്ല മലയാള കഥാ ലോകത്തിന്റെ സുല്ത്താന് സലാം

ഓ .വി .വിജയൻ: "ഇതു കർമ്മ പരമ്പരയുടെ സ്നേഹ രഹിതമായ കഥയാണ് ഇതിൽ ദുഖവും അകൽച്ചയും മാത്രമേ ഉള്ളു"....അങ്ങനെ എഴുതാൻ ഭൂമി മലയാളത്തിൽ ഒരൊറ്റ മനുഷ്യനെ ആകു.

രേഖ. :- വാക്കുകളിലെ അസാമാന്യമായ, അപാരമായ സത്യസന്ധതയ്ക്ക്...

മോഹൻലാൽ : ഇതിപ്പോ എഴുതുന്നത് മലയാളത്തിൽ ആണല്ലോ.. അപ്പൊ പിന്നെ ഈ മനുഷ്യനെ പറ്റി ഞാനായിട്ടു എന്താണ് പറയേണ്ടതു ...പറഞ്ഞാൽ തീരുമോ

രഞ്ജിത്: "അപ്പാ....'അമ്മ...എല്ലാരും പോയി ...മുകളിൽ , മേഘങ്ങളുടെ വലിയ വീട്ടിൽ അവരൊക്കെയുണ്ട്. ഒരു ദിവസം എനിക്കും പോകണം...." മരണത്തിന്റെ കേൾക്കാൻ ഏറ്റവും സുഖമുള്ള വിവരണം ..അയാൾക്കേ പറ്റു.

ക്ലിന്റ് ഈസ്ടവൂഡ് : ചലനങ്ങളുടെ മാസ്മരികതക്ക്....ജീവിതത്തോടുള്ള ചങ്കൂറ്റത്തിന്...86 ആം വയസ്സിലും സിനിമ ചെയ്യാനും ലോകം അത് കാണാൻ കാത്തിരിക്കുകയും ചെയ്യുക എന്ന് പറഞ്ഞാൽ അതിനർദ്ധം ഒന്നേയുള്ളു ...അയാൾക്ക്‌ മുകളിലുള്ള ടീമുമായി എന്തോ സ്പെഷ്യൽ ടൈ അപ്പ് ഉണ്ട്.

രാകേഷ് ഓംപ്രകാശ് : രംഗ് ദേ ബസന്തി -യുടെ ഒരിക്കലും അവസാനിക്കാത്ത സൗഹൃദ വര്ണങ്ങൾക്കു നന്ദി.

ബാലചന്ദ്രൻ ചുള്ളിക്കാട് :...എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങി മരിച്ച വഴിയമ്പലങ്ങളിൽ....കാരമുള്ളിന്റെ കിരീടവും ചൂടി നാം തേടി നടന്നത് സൗഖ്യമോ അതോ മൃത്യുവോ.

ബ്രയാൻ ലാറ : പ്രതിഭയുടെ അതി ഭയങ്കരമായ ധാരാളിത്തത്തിനു....

ഗാംഗുലി: ചങ്കൂറ്റമേ....ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ദാനം ചെയ്ത നട്ടെല്ലിന് നന്ദി

ഫ്രോയ്ഡ് : ഭയങ്കരം....അതിഭയങ്കരൻ

റോബർട്ട് ഡി നീറോ : ഇവനാണ് നടൻ.

ഹെമിങ്‌വേ : മനുഷ്യർ ഇങ്ങനെയൊക്കെ ചിന്തിക്കുമോ എന്ന് ഞാൻ ചിന്തിച്ചത് ഇയാളെ വായിച്ചപ്പോളാണ്.

മെർലോൺ ബ്രാണ്ടോ: തിലകൻ പറഞ്ഞതിനോട് വിയോജിക്കുന്നു....അഭിനയിച്ചു ജീവിക്കുന്നത് അഭിനയമാണ്....കാണണമെങ്കിൽ ഇയാളെ കണ്ടാൽ മതി

മെറിൽ സ്ട്രീപ്: അഭിനയിക്കാനായി മാത്രം ഭൂമിയിൽ പിറന്ന പെണ്ണ്

ജാക്ക് നിക്കോൾസൺ :ഇയാൾ ... മോഹനലാൽ അമേരിക്കകാരൻ ആയതാണെന്നാണ് എന്റെ ഒരു ഇത്

സുഭാഷ് ചന്ദ്രൻ: വരും തലമുറകൾക്കു ആശ്വസിക്കാം എഴുത്തിന്റെ ലോകത്തു തലയെടുപ്പുള്ള മലയാളികളുണ്ടാകും ആ ഉറപ്പിന്റെ പേരാണ് സുഭാഷ് ചന്ദ്രൻ

പി .ജയാചന്ദ്രൻ : ഒരു ദൈവം തന്ന  പൂവേ ......

ഐ എം വിജയൻ: പെലെയെക്കാളും എനിക്കിഷ്ട്ടം വിജയനെയാണ് അതന്നെ.

പദ്മരാജൻ : ചോറുണ്ണുന്ന ആർക്കും ഇയാളെപ്പറ്റി പറഞ്ഞു കൊടുക്കേണ്ടന്നാണ് എന്റെ ഒരു വിശ്വാസം


 അയ്യപ്പൻ: മരിച്ച തുമ്പികൾ മഴയായി പെയ്യുന്നതു കണ്ട പ്രിയ കവിക്ക് വന്ദനം

കുരീപ്പുഴ ശ്രീകുമാർ: തോക്കുമായി വരാൻ  കാക്കയോട് പറഞ്ഞ ഗാന്ധിയെ കണ്ട കവി...

എം ടി: വാക്കുകളുടെ സൗന്ദര്യം കൊണ്ടു  തലമുറകളെ ...തലമുറകളെ.. ആവേശിച്ച ഒരേ ഒരാൾ ....

ഒടുവിൽ...."അയ്യായോ ഇതെന്തൊരു കോഴി...ഒളിമ്പിക്സ് കോഴിയോ..."
നിർദോഷ ഫലിതങ്ങളുടെ ദൈവം ആയിരുന്നു ആ മെല്ലിച്ച മനുഷ്യൻ


....................................ജീവിതത്തോടുള്ള എന്റെ നന്ദി ഇവർക്കുള്ളതാണ്...അഥവാ ഇവർക്കുള്ള നന്ദി ആണ് ജീവിതത്തോടുള്ള നന്ദി. ജീവിക്കാൻ പ്രേരിപ്പിച്ചവർ....പ്രിയപ്പെട്ടവർ