Thursday, December 29, 2016

കമ്പനി

ഒരുപാടു സിം മാറ്റി മാറ്റി ആണ് 
ഒടുവിൽ ഈ കമ്പനി യിൽ എത്തിയത്..
കോളേജ് ലൈബ്രറി യിൽ വെച്ചാണ് 
കണക്ഷൻ എടുത്തതെന്നാണ് ഓർമ്മ.

റീചാർജ് ഒക്കെ വളരെ എളുപ്പം 
ഒരു പൊതി കപ്പലണ്ടി തന്നെ ധാരാളം.
 ഏതു പാതി രാത്രിയിലും പട്ടാപ്പകലും  
റേഞ്ച് നു ഒരു പഞ്ഞവുമില്ലായിരുന്നു.

ആവശ്യമില്ലാത്ത ഒരു നേരത്തും വേണ്ടാത്ത 
ഒരു ഓഫറും പറഞ്ഞു ബുദ്ധിമുട്ടിച്ചില്ല.
ഞാൻ വിളിച്ച കോളുകൾക്കെല്ലാം 
അൺലിമിറ്റഡ് ചിരി ഓഫറും   തന്നു കമ്പനി .

കല്യാണം കഴിഞ്ഞ ദിവസം മുതൽ 
റേഞ്ചില്ലാതെ കട്ട് ആയിത്തുടങ്ങി കോളുകൾ 
വാലിഡിറ്റി തീരാതിരിക്കാൻ പഠിച്ച  പണി 
പതിനെട്ടും പയറ്റി തോറ്റു  ഞാൻ 

സാമ്പത്തിക ഞെരുക്കം മാറാൻ, കമ്പനി 
 മറ്റൊരു കമ്പനിയിൽ ലയിക്കുമെന്ന വാര്ത്ത വന്നു.
പക്ഷെ എന്നെ ഞെട്ടിച്ചു, 12 ആം പേജിലെ ഒരു കഷണം 
 വാർത്തയായി കമ്പനി എന്നേക്കുമായി  അടച്ചു മൂടി.






Wednesday, December 21, 2016

നക്ഷത്രമരങ്ങൾ


ആദ്യമായി നക്ഷത്രമരം കാണുന്നത്
ഊൺമേശയിൽ ആണ്, അവളുടെ
ആദ്യശമ്പളം അനാഥർക്കു വിളമ്പുമ്പോൾ   ......

ട്യൂഷൻ എടുക്കുന്നതിൻറെ  പ്രതിഫലമായി
വാങ്ങിയിരുന്ന  നാരങ്ങാ മിട്ടായി ഇട്ടാണ്
അവളതിനെ  ദിവസവും പോറ്റിയത് ....

സ്വന്തം കയ്യാലെ ഉണ്ണിയപ്പമുണ്ടാക്കി
തൊട്ടപ്പുറത്തെ അംഗൻവാടിയിൽ കൊടുത്ത്‌
അവൾ അതിനു തൈകൾ ഉണ്ടാക്കിയെടുത്തു....

ഞാൻ ചോദിച്ചു വാങ്ങിയ തൈകളൊന്നും
പച്ച പിടിച്ചില്ല...

ഒടുവിൽ ഇന്ന്  ആശുപത്രിക്കിടക്കയിൽ,
സന്ദേഹങ്ങൾ ഒഴിഞ്ഞ ഒരു ചിരിയിൽ നട്ടുവെച്ച,
 ഭാരമൊഴിഞ്ഞ ഒരു കുഞ്ഞു തൈ എനിക്കും...

........................നകഷത്രമരത്തൈ .................................



Saturday, December 3, 2016

ക്രോസിങ് ...



പണ്ട് ഐലൻഡ് എക്സ്പ്രസ്സ് ഇൽ നാട്ടിലേക്ക് പോകുമ്പോൾ ക്രോസ്സ് ചെയ്ത ശബരി എക്സ്പ്രസ്സ് ഇൽ അവളുണ്ടെന്നറിഞ്ഞു.ഉടനെ SMS അയച്ചു

 " തീവണ്ടിയുടെ കരിമണത്തിനു മുകളിലായി...എല്ലാത്തിനും മുകളിലായി നിന്‍റെ ഗന്ധം മാത്രം ഞാനറിയുന്നു "

8 വർഷങ്ങൾക്കിപ്പുറം അതെ അവളോട്‌ രണ്ടു കുട്ടികളുടെ അമ്മ ആയവളോട് നേരിട്ടു പറയുന്നു...അടുക്കളയിൽ വെട്ടു കെള ആണോടി ? പോയി കുളിച്ചൂടെ ?