Sunday, September 15, 2019

മഴ പെയ്യുമൊ

"അച്ഛാ  മഴ പെയ്യുമോ ... സ്‌കൂളിൽ ചെല്ലുമ്പോ മഴ പെയ്യുമൊ അച്ഛാ ."
ഞെട്ടിപോയി സത്യത്തിൽ നാണിയുടെ ആ ചൊദ്യം കേട്ടിട്ട് .ആ ചോദ്യത്തിൽ തറഞ്ഞു പോയ പ്രാണന് ഒരു നിമിഷം , ജനിതകം എന്ന വാക്കിന്റെ  അർത്ഥമറിയാനായിരുന്നിരിക്കണം നാഡീഞരമ്പുകളിലെവിടെയോ ഓർമ്മകളിലൂടെ  പുറകോട്ടു കുത്തിയൊലിച്ചു പോയി..

ഒരു മുപ്പതു വര്ഷങ്ങള്ക്കു മുൻപ് , സ്ഥലം  ഉധംപൂരാണ് . പട്ടാള ക്യാമ്പിൽ ആണ് ജീവിതം . ഓർമ്മകൾ പച്ച പിടിച്ചു തുടങ്ങുന്നതെ ഉള്ളു . രാവിലെ  കൃത്യം 4 മണിക് അലാറം ഉണ്ട് . 6 മണി കഴിയുമ്പോളേക്കും പട്ടാള വാൻ എത്തും . അതിൽ  കയറിക്കൂടും . 7 മണിക്  ക്ലാസ് തുടങ്ങും .  ഉച്ചക് ഒരു മണിക്ക് ക്ലാസ്സ്‌ തീരും . 6 മണി തൊട്ടു 1 മണി വരെയുള്ള സമയം ... എന്നെ സംബന്ധിച്ച് ഓരോ ദിവസവും  അതിജീവനത്തിന്റേതാണ് ....എങ്ങനെയെങ്കിലും അതിജീവിക്കണം വേറേ രക്ഷയില്ല . ഹിന്ദി പറയാനുള്ള കെല്പോന്നുമില്ല,  കേട്ടാൽ  ചെറുതായിട്ട് മനസ്സിലാകും . തെറി കെട്ടാൽ നല്ല് പൊലെ മനസ്സിലാകും ( അത്‌ പിന്നെ അങ്ങനെയല്ലെ വരു).  വീട്ടിൽ നിന്നറങ്ങി തിരിചു വീട്ടിൽ എത്തുന്നത് വരെ അകെ പാടെ സംസാരിക്കുന്നത് ക്ലാസ്സ്‌ ടീച്ചറോട് മാത്രം. അവരെ കാണാൻ  നല്ല ഭംഗിയാരുന്നു ( പറയുന്നത് ഒരക്ഷരം മൻസ്സിലായില്ലെങ്കിലും ഞാൻ അവരെത്തന്നെ നോക്കിയിരിക്കും ) എന്റെ  ഇരുപ്പു കണ്ടിട്ടു ഭാഷയറിയാത്ത ഒരുത്തനോടുള്ള സഹതാപം കൊണ്ടായിരിക്കാം അവരെന്നെ ഒരിക്കലും ചീത്ത പറഞ്ഞില്ല . are  യു okay അംരീഷ്‌ ( അമരീഷ് പുരി കത്തി നിൽക്കുന്ന  സമയം) എന്നിടക്കിടക്ക് ചോയിക്കും . ഞാൻ തല കുലുക്കും . അവർ ചിരിക്കും ( സോണാലി ബെന്ദ്രേടെ ചിരി...ശരിക്കും ... സാത്യമായിട്ടും.. ) പൊക്കത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും പുറകിലെ ബെഞ്ചിലിരിക്കുന്ന എനിക്ക് ക്ലാസ്സിൽ പഠിപ്പിക്കുന്ന പകുതി കേൾക്കാൻ പോലും പറ്റാത്തത് കൊണ്ടും കേട്ടാൽ തന്നെ മനസ്സിലാകില്ല എന്നുള്ളത് കൊണ്ടും എന്റെ നോട്ടം മിക്കവാറും ക്ലാസിനു വെളിയിൽ ആയിരുന്നു. ചെറുതായിട്ട് മഞ്ഞു പൊടിയുന്നത് കാണാം. യൂണിഫോം എന്ന പേരിൽ  ഇട്ടിരിക്കുന്നത്  അകത്തൊരു വെള്ള  ഷർട്ട്‌ ഉം അതിന്റെ പുറത്തൊരു നീല നിറമുള്ള  സ്വെയറ്ററും ആണ് . വേനൽ ആണെങ്കിൽ  സ്വെയ്റ്റർ  ഹാഫ് സ്ലീവ് മതി അല്ലെങ്കിൽ  ഫുൾ സ്ലീവു.   ( അതിപ്പോ സമ്മർ ആണേലും  ഫുൾ സ്ലീവു വേണം എന്നായിരുന്നു എനിക്ക്... അമ്മാതിരി തണുപ്പാന്നെ )

അടുത്തിരിക്കുന്നവന്മാരെ കാണുമ്പോൾ എനിക്ക് ശരിക്കുമുള്ള അമരീഷ് പുരിയെ ഒർമ്മ വരും....മിണ്ടാതെ വെളിയിൽ നോക്കിയിരിക്കും . ഉചയാകാൻ പ്രാർഥിക്കും ... വെള്ളി ആഴ്ച ആകാൻ നെഞ്ചുരുകി പ്രാർഥിക്കും. വീട്ടിൽ മുഴുവൻ മലയാളവും സ്‌കൂളിൽ മുഴുവനും  ഹിന്ദിയും  ഇംഗ്ലീഷും അങ്ങനെ ആകെമൊത്തം പൊക മയം . ഒന്നുറക്കെ കരയാൻ പോലും തോന്നാനാകാത്ത വിധം മരവിപ്പാണ് അകത്തും പുറത്തും . ഒറ്റയ്ക്കു ഇരുന്നു ...ഒറ്റയ്ക്കു നടന്ന് ...ഒറ്റയ്ക്കു ഉണ്ടു ഞാൻ ഒരു വർഷം തള്ളി നീക്കി .... സ്കൂൾ അടച്ചപ്പോൾ നാട്ടിൽ ഒന്നു പോയി ... ഹൊ ദൈവമേ എന്താ സുഖം... വെയിൽ  ...മഴ ...വയൽ ...റബർ....നിലാവ് ...ഊഞ്ഞാൽ .... ആ അവധിക്കാലത്തു നിറഞ്ഞു കേട്ട പാട്ട് " കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ "... പദ്മരാജന്റെ ഇന്നലെ റിലീസ് ആയ സമയം.

അവധി കഴിഞ്ഞു  കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നു ട്രെയിൻ കയറുമ്പോൾ  മഴയാരുന്നു . അകത്തും വെളിയിലും മഴ ...ആർത്തിരമ്പുന്ന മഴ .എല്ലാം ഓർമ്മകളായി ....മഴയും ആ ട്രെയിൻ യാത്രയും കരഞ്ഞു പണ്ടാരമടങ്ങി പോയി ... വീണ്ടും നരക വാസം തുടങ്ങി ...അങ്ങനെ ഒരു ദിവസം ഞെട്ടിക്കുന്ന വാർത്ത എത്തി . അച്ഛന് വൊളന്ററി retirement കിട്ടി ....പടച്ചോനെ ലോട്ടറി ... നമ്മൾ വീണ്ടും നാട്ടിലെത്തി (അന്നു ഞാൻ കരുതി ഇനി ഇവിടം വിട്ടു പോകേണ്ടി വരില്ലാന്നു .... ബഹ്‌റിൻ ആയാലും വിഴിഞ്ഞം ആയാലും ഇപ്പോളും അവധിക്കു ചെന്നിട് ഞാൻ അതു തന്നെ കരുതുന്നു .. ഇനി ഇവിടം വിട്ടു പോകേണ്ടി വരില്ലാന്നു ...ആരൊക്കെ എന്നാ ഒക്കെ പറഞ്ഞാലും പാലാ കഴിഞ്ഞേ ഉള്ളുന്നെ നമുക്കെല്ലാം)


അങ്ങനെ നമ്മൾ സോണാലി ബെന്ദ്രെയെ വിട്ടു നാട്ടിലെത്തി . എന്നെ നേരെ കൊണ്ടു ചെന്നു ഒന്നാം ക്ലാസ്സിൽ ചെർത്തു( അച്ഛനു മുടിഞ്ഞ കോൺഫിഡൻസ് ആയിരുന്നു..പക്ഷെ  എല്ലാരും  തറ എന്നുറക്കെ വിളിച്ചു പറയുമ്പോൾ ഞാൻ,  ഇതെന്തു പുകിൽ എന്ന മട്ടിൽ വായും പൊളിച്ചിരുന്നു.. ) വീണ്ടും  പണി പാളി ... അങ്കണവാടിയൊക്കെ കഴിഞ്ഞുവന്ന പിള്ളേരാണ് എല്ലാം ...നമ്മളാണേൽ ആകെപ്പാടെ സോണാലി ബെന്ദ്രെനെ മാത്രേ കണ്ടിട്ടുള്ളു ... ഇത്രെം ആന  മണ്ടൻമാർ ഈ നാട്ടിൽ ഉണ്ടൊ എന്നുള്ള അർഥത്തിൽ നമ്മുടെ കൂടെയുള്ള ടീമ്സൊക്കെ നമ്മളെ നൊക്കാൻ തുടങ്ങി ...മര്യാദക്ക്  "അ" എന്നെഴുതാൻ കൂടി അറിയില്ല ... എനിക്ക് ഭ്രാന്തയില്ല എന്നുള്ളതാണ് എന്റെ അത്ഭുതം...കൂട്ടുകാർ ആരുമില്ല... ഞനെന്തോ അന്യഗൃഹ ജീവി ആണെന്നാണ് അവറ്റകളുടെ വിചാരം . വീണ്ടും നോട്ടം വെളിയിലായി ... കർക്കിടകമാണ് ... പുറത്തു മഴ തകർക്കുന്നു ... അങ്ങനെ മഴ നോക്കി വെറുതെ ഇരുന്നപ്പോൾ കണ്ണ് നിറഞ്ഞു നിറഞ്ഞു വന്നു ...തുളുമ്പി പോയി .... ആലിസ്‌ സിസ്റ്റർ കണ്ടു " എന്നാ പറ്റി മൊനെ" ... ശെടാ ഇതിനിപ്പോ എന്നാ മറുപടി പറയും ...എന്നാ പറ്റിയെന്നു എനിക്കും  അറിയാന്മേലാ ... ഇതൊന്നു നിർത്തണമെന്ന് എനികും ആഗ്രഹമുണ്ട്‌ ...
പക്ഷേ പറ്റുന്നില്ല .... സിസ്റ്റർ എന്നെ അകത്തു സിസ്റ്റേഴ്സ് ഇരിക്കുന്ന മുറിയിൽ കൊണ്ട് പോയി ... ചവറ അചനും അൽഫൊൺസാമ്മയും ചുവരിൽ എന്നെ നോക്കി ചിരിച്ചു ( അവരാണെന്നു അന്നെനിക്കറിയില്ല ) അവിടെ ഒരു അക്വാറിയത്തിൽ രണ്ടു  സ്വർണ മൽസ്യങ്ങൽ ഉണ്ടായിരുന്നു ....അതിന്റെ മുൻപിൽ ഇരുന്നു സിസ്റ്റർ എന്നോട് ചോദിച്ചു ... കുറേ കാര്യങ്ങൾ .... ഉത്തരങ്ങൾ കേട്ട് കണ്ണ് നിറഞ്ഞ സിസ്റ്റ്ർ ചുവന്ന പേന കൊണ്ടു എന്റെ ഉടുപ്പിന്റെ ബട്ടൺസിൽ കളം വരചു...അങ്ങനെ ആ ദിവസം കഴിഞ്ഞു .... പിന്നീട് ക്‌ളാസ്സിലേക്കു പോകാനിറങ്ങുമ്പോൾ മഴക്കാറ് കണ്ടാൽ ഞാൻ  ചോദിക്കും " അമ്മെ ഇന്നു മഴ പെയ്യുമൊ"..,

പിന്നീടെന്നോ ആ ചോദ്യങ്ങളും നിന്നു...ആ ചോദ്യങ്ങളൊക്കെ നിന്നു പൊയ കാലത്തു ഉള്ളിലുള്ള ചില ഉറവകളും പറ്റിപ്പോയി .



വാൽ കഷ്ണം:.    പരീക്ഷ്‌  കഴിഞ്ഞു സിസ്റ്റർ ചോദിച്ചു " മലയാളം ഒരു വക അറിയത്തില്ല ഒരു കൊല്ലം കൂടി  ഇരുത്തണോ ?അച്ഛൻ പറഞ്ഞു - വേണ്ട ...

8 comments: