Saturday, May 30, 2020

അതിജീവനം

മഴ മേഘങ്ങൾ ഭൂമിയിലേക്കിറങ്ങിവന്നു നമുക്ക് ചങ്ങാത്തം തരുന്ന കിഴക്കൻ മലയിലെ ബാല്യത്തിൽ നമ്മുടെ ഉറ്റ ചങ്ങാതി ഒരു വള്ളുവനാട്ടുകാരൻ ആയിരുന്നു , എം ടി വാസുദേവൻ നായർ . അയാൾ മാത്രമാണ് നമുക്ക് വേണ്ടി സംസാരിച്ചത് . അയാളെ വായിക്കുന്നതിൽ പരം മറ്റൊരു ആനന്ദമില്ലാത്ത കാലങ്ങളിൽ കണ്ട ഏറ്റവും മികച്ച സ്വപ്നമായിരുന്നു എഴുതാനറിയുന്ന ആളാകുക എന്നത് ( എഴുത്തുകാരൻ എന്ന വാക്കിനോടുള്ള ഭയം ഈ ജന്മം തീരില്ല ). മലവെള്ളം സ്വപ്നം കണ്ടുണങ്ങി പോയ പുഴകളെക്കുറിച്ചുള്ള കഥകളായിരുന്നു അയാൾ പറഞ്ഞതത്രയും എന്നെനിക്കു തോന്നിയിട്ടുണ്ട് . വറുതിയും സമൃദ്ധിയും ജീവിതത്തിൽ വന്നു കയറുന്നത് ആരുടേയും സമ്മതമില്ലാതെ ആണെന്ന് ആ കഥകൾ അന്നേ പഠിപ്പിച്ചിരുന്നത് കൊണ്ട് തന്നെ ജീവിതം എന്താകണമെന്നോ എങ്ങനെയാകണമെന്നോ ആലോചിക്കുന്നത് മണ്ടത്തരമാകുമെന്നു ഞാൻ കണക്കു കൂട്ടി .
ആസ്ട്രോ ഫിസിക്സ്‌സിൽ  പ്രബന്ധം എഴുതി ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപകനായ രവിയായിരുന്നു ഗുരു (അന്നും ഇന്നും ). ആഢംബരങ്ങളുടെ അശ്ലീലങ്ങളെ കുറിച്ചും മിതത്വത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും മനസ്സിലുള്ള ധാരണകൾ ജീവിതം പലപ്പോളായി ഊട്ടിഉറപ്പിച്ചു തന്നു . അന്നത്തിനു വേണ്ടി എഴുതാനറിയുന്ന ആളാകണമെന്നു പ്രാർത്ഥിച്ചിരുന്നു . പ്രാർത്ഥന ഫലിച്ചു . കാലം എനിക്കങ്ങനെ തന്നെ ഔദാര്യം ചെയ്തു തന്നു.എഴുതേണ്ടത് റിസർച്ച് പേപ്പർ ആയിപോയി എന്നു മാത്രം .പല കാലങ്ങളിൽ കാലം വെച്ച് നീട്ടിയ എല്ലാത്തിനോടും ഉവ്വെന്നു മാത്രം പറഞ്ഞു ശീലിച്ചൊടുവിൽ അർഹിക്കുന്നതിലും ഒരുപാടു അപ്പുറം , കഴിവിനും ഒരുപാടു ദൂരെ ,കാലം നമ്മളെ  കൊണ്ടെത്തിക്കുമ്പോൾ മുന്നോട്ട് തുഴഞ്ഞേ പറ്റൂ എന്നുള്ള ആകുലതയിലാണിപ്പോ ജീവിതമുള്ളത് എന്ന് തോന്നാറുണ്ട് . നമ്മൾ ഒരിക്കലും ആഗ്രഹിക്കാത്ത ,അർഹിക്കാത്ത ഭൂമികയിൽ കയ്യിട്ടടിക്കുമ്പോളൊക്കെയും എനിക്കാ പുഴ ഓർമ്മ വരും . മലവെള്ളം സ്വപ്നം കണ്ടുണങ്ങിപോയ പാവം പുഴ.
ഒന്നും തിരുത്തേണ്ടതില്ല എന്നും തിരുത്തപ്പെടേണ്ടത് കാലം തിരുത്തുമെന്നുമുള്ള വിശ്വാസമാണെന്നുമുള്ളത് . ഒരുപാടു കഷ്ടപ്പെട്ടാണെങ്കിലും പലയിടത്തും അത് നടപ്പാക്കാറുമുണ്ട് . തെറ്റിദ്ധാരണകൾ ആണെന്നുറപ്പുള്ള സംഗതികൾ പോലും അറിയില്ലയെന്നോ, ആണോ എന്നൊക്കെ ചോദിച്ചു ഒഴിയാറുണ്ട് . അറിയാതെങ്കിലും ഞാൻ എഴുതും എന്ന് ധരിച്ചു പോയവരോടും ആ ഒരു നിലയെ സത്യത്തിൽ ഉള്ളു . ഇതൊന്നും എഴുത്തായി കൂട്ടരുത് . ജീവിതം വെച്ചു നീട്ടിയ ഏറ്റവും വലിയ സമ്മാനം അക്ഷരങ്ങളോടുള്ള , മലയാളത്തോടുള്ള ആസക്തിയാണ് . ആ ആസക്തിയോടുള്ള പാഴ്‌വേലകളിൽ മാത്രമാണ് ഇന്നും എനിക്ക് ആത്മാവ് ഉള്ളു . മറ്റെല്ലാം എല്ലാം നിലയില്ലാക്കയത്തിൽ വീണവന്റെ ജീവന്മരണ പോരാട്ടം മാത്രമാണ്... വെറും നിലവിളികൾ മാത്രമാണ് ...

മരിക്കുന്നതിനു മുൻപേ എം പി വിരേന്ദ്ര കുമാറിനോട് ചോദിയ്ക്കാൻ രഞ്ജിത്ത് കുറിച്ച ചോദ്യങ്ങളിൽ ഒന്നാമത്തേത് “ എനിക്ക് താങ്കളെ അറിയില്ല , ആരാണ് താങ്കൾ “ എന്നാണ് . അതുവായിച്ച നിമിഷം ഓർമ്മ വന്നതൊക്കെ ഇവിടെയിപ്പോ എഴുതി എന്നേയുള്ളു . നിങ്ങൾക്കു എളുപ്പത്തിൽ എന്നോട് ക്ഷമിക്കാവുന്നതേയുള്ളു എന്നോർമ്മിപ്പിച്ചു കൊണ്ട് നിർത്തുന്നു .

1 comment:

  1. ക്ഷമിച്ചിരിക്കുന്നു...,😘

    ReplyDelete