Thursday, November 12, 2020

വാക്കുകൾ .....

 വാക്കുകളെകുറിച്ചാണ് ഞാൻ ഒരുപാടു ചിന്തിച്ചിട്ടുള്ളത്. വാക്കുകളും നമ്മളെ പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ചില വാക്കുകൾ, കാണുമ്പോൾ നിസ്സരന്മാരായി തോന്നുന്നവർ ആയിരിക്കും പക്ഷെ,  അവരെ കേട്ടാൽ ചിലപ്പോൾ  നമ്മൾ ഞെട്ടും. "ത" എന്ന ഒരക്ഷരം ...അതിനൊരു വള്ളി.... കണ്ടാൽ അത്രേ ഉള്ളു . പക്ഷെ സംഭവം "തീ " ആണ് തീ ....

അതുപോലെ തന്നെ ചില വാക്കുകൾ അവരുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് ചിലപ്പോൾ വില കുറഞ്ഞവരാകാറുണ്ട്...തെറ്റിദ്ധരിക്കപ്പെടാറുണ്ട്...കുണ്ടറ, കുണ്ടന്നൂർ, ശശി, സോമൻ, പുഷ്പൻ, അങ്ങനെ അങ്ങനെ എത്രയോ പേരുകൾ....ഒരു കാരണവുമില്ലാതെ മനുഷ്യ മനസ്സിലെ നിലവാരമില്ലായ്മ കൊണ്ട് നാണം കെടേണ്ടി വന്ന വാക്കുകൾ .....

വാക്കുകൾ നമ്മൾ കരുതുന്നപോലെ അത്ര എളുപ്പത്തിൽ വഴങ്ങുന്നവർ അല്ലെന്നു പരീക്ഷകളിൽ മാത്രമല്ല, അല്ലാതെയും നമുക്ക് ബോധ്യപ്പെടുന്ന സന്ദർഭങ്ങൾ ഇടയ്ക്കിടയ്ക്ക് ജീവിതത്തിൽ എല്ലാവർക്കും ഉണ്ടാകുമെന്നു തോന്നുന്നു....


എത്ര ശ്രമിച്ചാലും നമ്മൾക്ക് സംവേദിക്കാനാകാത്ത ചില അനുഭവങ്ങൾ വാക്കുകളെ വെല്ലുവിളിക്കും,..എത്ര പറഞ്ഞിട്ടും നമുക്ക് മടുക്കാത്ത ചില അനുഭവങ്ങൾ പറഞ്ഞു പറഞ്ഞു നമ്മൾ വാക്കുകളെ "പഞ്ഞിക്കിടും"(പഞ്ഞിക്കിടുമെന്ന വാക്കിന്റെ മാർദ്ദവം ഒരിക്കലും അത് അനുഭവിക്കുന്നവന് ഉ ണ്ടാകില്ല ...വാക്കിന്റെ ഒരു കണ്ണ് പൊത്തി  കളി )....എത്ര പറഞ്ഞിട്ടും പറയേണ്ടത് മാത്രം പറയാതെ ചില വാക്കുകൾ നമ്മളെ നോക്കി കൊഞ്ഞനം കുത്തും അങ്ങനെ എന്തെല്ലാം എന്തെല്ലാം ......

ജീവിതത്തിൽ ഒരുപാടു സ്വാധീനം ഉണ്ടാക്കിയവരെല്ലാം വാക്കുകൾ നന്നായി ഉപയോഗിക്കുന്നവർ ആയിരുന്നു....ബഷീർ തൊട്ടു പവിത്രൻ തീക്കുനി വരെ നീണ്ട ലിസ്റ്റ് ....വാക്കിന്റെ ദൈവങ്ങൾ....വാക്കുകളിലാണ് ജീവിതം പലപ്പോളും മുന്നോട്ടു ...മുന്നോട്ട് പോകുന്നത്...ഇടയ്ക്കൊക്കെ കിതച്ചു നിൽക്കുമ്പോളും ചിലരുടെ ചില വാക്കുകളിൽ നാം മുന്നോട്ട് പോകും... ശ്രദ്ധിച്ചിട്ടില്ലേ നമ്മുടെ എല്ലാ നല്ല ബന്ധങ്ങളും നിലനിൽക്കുന്നത് വാക്കിന്റെ "പലക"മേൽ ആണ്..."നെല്ലിപ്പലക" കണ്ടാലും നമ്മൾ ചിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ചിലരുടെ വാക്കുകൾ ....കഴിഞ്ഞ അഞ്ചെട്ടു വർഷങ്ങൾക്കിടയിൽ വിരലിൽ എണ്ണാൻ തവണ പോലും നേരിട്ട് കാണാത്ത ചിലരുണ്ട്...ജീവിതത്തിന്റെ വസന്തം അവരാണെന്നു തോന്നുന്നത് അവർ പറയുന്ന ചില വാക്കുകളുടെ സൗരഭ്യത്തിൽ ആണ്.

2009 ഇന്റെ അവസാന പാദത്തിൽ ജീവിതം മുംബൈ നഗരത്തിലേക്ക് പറിച്ചു നടാൻ തുടങ്ങുന്ന സമയം...ആദ്യമായി മഹാനഗരം കാണൻ പോകുന്നതിന്റെ സന്തോഷത്തേക്കാളും പാലാ വിട്ടു പോകാനുള്ള ജന്മസിദ്ധമായ മടി കാരണം ശൂന്യമായ മനസ്സുമായിട് എറണാകുളം റെയിൽവേ സ്റ്റേഷൻ ഇൽ  നീളുന്നു ഞാൻ..ട്രെയിൻ വരാൻ സമയം ബാക്കി... പേരറിയാത്ത ഏതോ ട്രെയിൻ എവിടുന്നോ വരുന്നു...നമുക്ക് വല്യ താല്പര്യമില്ലാതെ ഇങ്ങനെ ഇരിക്കുമ്പോൾ A/C കംപാർട്മെൻറ് ഇൽ നിന്ന് ഒരു ചെറിയ ചുവപ്പു നിറമുള്ള ബാഗ് പിടിച്ചു ഒരാൾ ഇറങ്ങിയപ്പോൾ ,,ഞാനറിയാതെ എന്റെ കണ്ണിൽ അയാളെ പതിഞ്ഞു...ട്രെയിൻ വന്ന ആ തിരക്കിനിടയിലും എനിക്കയാളെ മനസ്സിലായി....ഗിരീഷ് പുത്തഞ്ചേരി....ദൈവമേ ഗിരീഷ് പുത്തഞ്ചേരി ....ആരും തിരിച്ചറിയാതെ ആ ആൾക്കൂട്ടത്തിൽ നടന്നു പോകുമ്പോൾ എങ്ങനെയെന്നെനിക്കിന്നുമറിയില്ല, ആ ദൈവം എന്നെ നോക്കി ....അദ്ദേഹം നോക്കുമ്പോൾ ഞാൻ പോലുമറിയാതെ എന്റെ ചുണ്ടിൽ അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കുന്നത് കണ്ടിട്ടാവണം അദ്ദേഹം നിറഞ്ഞൊന്നു ചിരിച്ചു....ഓർമ്മകൾ നശിക്കാത്ത കാലത്തോളവും എന്റെ കയ്യിലുണ്ടാകുമെന്നെനിക്കുറപ്പുള്ള ഒരു ചിരി ..."പല നാലണഞ്ഞ മരു യാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപനമേ "....ഞാൻ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയിരുന്നു അദ്ദേഹം കാഴ്ച്ചയിൽ നിന്ന് മറയുമ്പോളേക്കും... മൂന്നോ നാലോ മാസങ്ങൾക്കിപ്പുറം   മുംബൈ നഗരത്തിൽ , ഒരു നനഞ്ഞ രാത്രിയിൽ ,  വീട്ടിൽ നിന്ന് 'അമ്മ വിളിച്ചിട്ടു പറഞ്ഞു ....അമ്പു നീയറിഞ്ഞോ...ഗിരീഷ് പുത്തഞ്ചേരി പോയെടാ ....അമ്മയ്ക്കറിയാമായിരുന്നു ആ മനുഷ്യനോടെനിക്കുള്ള ആദരവ് എത്രയായിരുന്നെന്നു....അന്നത്തെ ആ ഷോക്ക് ഇന്നിതെഴുതുമ്പോളും തീർന്നിട്ടില്ല...നഷ്ടബോധവും...വാക്കുകൾ പ്രാണനായിരുന്നയാൾ...അയാളെ നേരിട്ട് കണ്ടിട്ട് മിണ്ടാനാവാതെ പോയ നഷ്ടം ഈ ജന്മം ഇനി തീർക്കാനാവില്ലല്ലോ.....

വാക്കുകളിൽ കടലോളം സ്നേഹം നിറച്ചവർ 
വാക്കുകളിൽ വെടിയുണ്ട ഒളിപ്പിച്ചവർ...
വാക്കുകളിൽ തീരാ നോവ് ഒളിപ്പിച്ചവർ 
വാക്കുകളിൽ ഒന്നുമേ പിടി തരാത്തവർ 
വാക്കുകളിൽ അവനവനെ പകുത്തു തന്നവർ 

വാക്കുകൾ....വാക്കുകൾ ....വാക്കുകൾ .......



വാൽ : ....ഒരുപാടു ഇനിയും ബാക്കിയുള്ളത് കൊണ്ടാവാം വാക്കുകളെല്ലാം എന്നോട് ഒളിച്ചേ കണ്ടേ കളിക്കുന്നു....ഞാൻ നിർത്തി....സുല്ല് വിളിച്ചേ...

No comments:

Post a Comment