Sunday, February 12, 2023

അച്ഛൻ

 ഇന്നലെ ഉറക്കത്തിലാണ് ഞാൻ ആദ്യമായി എന്റെ മരണം സ്വപ്നം കണ്ടത് ... കൊള്ളാവുന്ന പരിപാടി ആയിരുന്നു ..പക്ഷെ എന്താണെന്നറിയില്ല അറിയുന്ന അധികം ആളുകളെ ഞാൻ കണ്ടില്ല ...കൂടുതലും പരിചയമില്ലാത്ത മുഖങ്ങൾ ആയിരുന്നു ... അങ്ങനെ ഞാൻ ആലോചിക്കുവാണ് എന്തേലും ബാക്കിയുണ്ടയിരുന്നൊ എന്ന് ... എന്റെ മരണം കണ്ടു നിൽക്കുന്ന എനിക്ക് പെട്ടന്ന് തോന്നി ഞാൻ അച്ഛനെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല എന്ന് ...ബാക്കി എല്ലാവരും വന്നു പോയി എഴുത്തുകളിൽ ... ആ മനപ്രയാസം കൊണ്ട് വിഷമിച്ചു തീരും മുമ്പേ സ്വപ്നം മുറിഞ്ഞു ..കണ്ണു തുറന്നു .... ഓർമ്മകൾ തുടങ്ങുന്ന കാലത്തെ അച്ഛന് , പേരറിയാത്ത ഏതോ മദ്യത്തിന്റെ മണമായിരുന്നു ...മദ്യത്തിന്റെ മണമില്ലാത്ത അച്ഛൻ ആണ് ഞാൻ ഭൂമിയിൽ ജീവനോടെ ആദ്യമായി കണ്ട ദൈവം . ജമ്മുവിലെ കൊടും തണുപ്പിൽ അച്ഛന്റെ കൈ പിടിച്ചാണ് ഞാൻ ആദ്യമായി പട്ടാള സ്‌കൂളിൽ പോയത് ... ആരെങ്കിലും ഒന്ന് തറപ്പിച്ചു നോക്കിയാൽ കരഞ്ഞു പോകുന്ന സ്വന്തം മകനെ രക്ഷിക്കാനാവണം അവനെടുത്താൽ പൊങ്ങാത്ത ഒരു പേരിട്ടു കൊടുത്തു .. പേരിന്റെ പച്ചപ്പിൽ എങ്കിലും അവനെ ആരും ഉപദ്രവിക്കരുതെന്നു അച്ഛൻ കരുതിയിട്ടുണ്ടാവണം ...സ്‌കൂളിൽ നല്ല ഹറാം പെറപ്പുള്ള സീനിയർസ് എന്റെ പേര് കൊണ്ട് എന്നെ വെറുതെ വിട്ടിട്ടുണ്ട് ...അച്ഛന്റെ കൈ പിടിച്ചാണ് ഞാൻ ജമ്മു തവി എക്സ്പ്രസ്സ്സിൽ 4 ദിവസം ആടിയാടി ഉലഞ്ഞത് ...അച്ഛനാണ് , എന്നെ കടിക്കാൻ ഓടി വന്ന ഒരു പേരറിയാത്ത ഏതോ ഒരു ബ്രീഡ് പട്ടി അതിനെ എന്റെ മുൻപിൽ വെച്ച് തൂക്കി എറിഞ്ഞത് ....അതിലും വല്യ ഒരു heroic moment  ഈ ജന്മം എനിക്ക് അനുഭവിക്കാനില്ല ... (തള്ളാണെന്നു തോന്നി പോകുന്നത് അച്ഛന്റെ കുറ്റമല്ല അയാൾ ഫിക്ഷനിലും മുകളിൽ ജീവിതം ജീവിച്ച ആളാണ് ) അച്ഛന്റെ കൈ പിടിച്ചാണ് പിന്നീടൊരുനാൾ ഒരു മലയാളം മീഡിയം സ്‌കൂളിന്റെ ഉമ്മറത്ത് പെരുമഴയത്തു ഞാൻ അന്തം വിട്ടു നിന്നതു ... അച്ഛനാണ് നീന്തൽ പഠിപ്പിച്ചത് സൈക്കിൾ കയറാൻ പഠിപ്പിച്ചത് ആഹാരത്തിലും വലിയ സത്യം ഇല്ലന്ന് പറഞ്ഞു തന്നത് ... ഒരു നോവൽ വേണമെന്ന് പറഞ്ഞപ്പോൾ അച്ഛനാണ് ആദ്യമായി ഒരു 12 വയസ്സുകാരന് ഖസാക്ക് വാങ്ങി തന്നത് .. ഒരു stumper ബാൾ വാങ്ങിച്ചു തന്ന അച്ഛനാണ് പറഞ്ഞത് ഫാസ്റ്റ് ബൗളിംഗ് വെസ്റ്റ് ഇൻഡീസ് കാരെ കണ്ടു പഠിക്കണമെന്ന് ...അച്ചനാണ് ഒരിടത്തും സമയം തെറ്റാതെ ചെല്ലാൻ പറഞ്ഞു തന്നത് ...അച്ഛനാണ് പിന്നീടൊരുനാൾ എന്നോട് പറഞ്ഞത് എൻട്രൻസ് എഴുതി നോക്കാമെന്നു ... അച്ഛനാണ് മാടവന ബസ് സ്റ്റോപ്പിൽ വെച്ച് എന്റെ വിറയ്ക്കുന്ന കയ്യിൽ ഒരു sbi atm കാർഡ് എടുത്തു തന്നിട്ട് നിനക്കാവശ്യമുള്ളത് എടുത്തോ എന്നൊറ്റ വാക്കും പറഞ്ഞു ബസ്സ്‌ കയറി പോയത് ... ആ ബസ് പോയിട്ടും കണ്ണിൽ നിന്ന് മറഞ്ഞിട്ടും കണ്ണ് തുളുമ്പിയിട്ടും കഴിഞ്ഞിട്ടും ഞാൻ അവിടെ തറഞ്ഞു പോയി ..എന്റെ കോളേജ് ജീവിതം മുഴുവൻ ഞാൻ അത് വെച്ച് കണ്ണുംപൂട്ടി ജീവിച്ചു ... പറ്റുമ്പോളൊക്കെ പൊറോട്ടയും ബീഫും കഴിച്ചു , കഴിപ്പിച്ചു ..ഒരിക്കലും കണക്കു ചോദിച്ചില്ല ഞാനൊട്ടു പറഞ്ഞതുമില്ല ...അച്ഛനാണ് പെണ്ണ് വീട്ടിൽ പോയി " എന്റെ മകന് ഇവിടുന്നാരും ഒറ്റ പൈസ കൊടുക്കണ്ട അവനുള്ളത്‌ ഞാൻ ഉണ്ടാക്കിയിട്ടുണ്ടെന്നു "മാസ്സ് dialogue അടിച്ചു ഞെട്ടിച്ചത് ... ആരോടും ... ഒരാളോടും വിധേയത്വം ഇല്ലാതെ ഒരു ജീവിതം എങ്ങനെ ജീവിച്ചു തീർക്കാമെന്ന് ഏറ്റവും സത്യസന്ധമായി പറഞ്ഞു തന്നത് അച്ഛനാണ് ...ഒരു നയാ പൈസ കടം വാങ്ങില്ലെന്ന വാശിയുടെ പുറത്തു വീട് വെച്ചപ്പോൾ , വർഷങ്ങൾ കഴിഞ്ഞു പോയിട്ടും , ലോൺ എടുക്കാതെ കടം വാങ്ങിക്കാതെ വെച്ച ആ വീടെനിക്കെന്നും അഹങ്കാരം ആണ് ...അച്ഛൻ കാണിച്ച വഴികളിൽ ഒന്നിലൊഴിച്ചു ബാക്കിയുള്ളതെല്ലാം കഷ്ടപ്പെട്ട് പാലിക്കാൻ ഞാൻ നോക്കുമ്പോളും , ഞാൻ പോകാത്ത ആ വഴിയേ കുറിച്ചോർത്താണ് അച്ഛൻ ഏറ്റവും അഭിമാനിച്ചു ഞാൻ കേട്ടത് ... ഞാൻ കേൾക്കാതെ "അവൻ എന്നെ പോലെ ഒന്നുമല്ല , അയാൾ കുടിക്കില്ല ...അവനൊരു gentleman ആണ് "എന്നത്  ഞാൻ ഒളിച്ചു നിന്ന് കേട്ടത് കേട്ട് ഞാൻ വാ പൊളിച്ചു . ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എനിക്ക് അച്ഛന്റെ മകൻ ആകേണ്ട ...അച്ഛൻ ആയാൽ മതി .. സ്വന്തം മനസമാധാനം സ്വന്തമായി ഉണ്ടാക്കാൻ കഴിവുള്ള , ആരാടാ എന്ന് ചോദിച്ചാൽ ഞാനാടാ ഗോപിദാസ് എന്ന് പറയാൻ കഴിവുള്ള ഒരാൾ ....

നോട്ട് : ഈ എഴുത്തൊന്നും അച്ഛൻ വായിക്കില്ല അതുകൊണ്ടു തന്നെ പറയട്ടെ , ജീവിതത്തിൽ രണ്ടാമത് മാത്രമായി ഇന്ന് മദ്യം കഴിച്ചിട്ടാണ് അച്ഛന്റെ ഈ മകൻ ഇതെഴുതുന്നത് ...കാരണം ... കാരണം അറിയില്ല പപ്പാ ....

No comments:

Post a Comment