Sunday, April 7, 2024

ദേഹം

 സ്വന്തം ശരീരത്തെക്കുറിച്ചു ചിന്തിക്കാത്ത ഒരു ദിവസം നമ്മുടെ ഒക്കെ ജീവിതത്തിൽ ഉണ്ടാകാറുണ്ടോ ? ഏതെങ്കിലും തരത്തിൽ ഒരു നേരമെങ്കിലും കണ്ണാടി നോക്കാത്തവർ ആരുണ്ട് ? പോകുന്നവഴിയിൽ ഒരു കണ്ണാടി കണ്ടിട്ട് അതിൽ നമ്മൾ എങ്ങനെ ഉണ്ടെന്ന് പോലും നോക്കാതെ പോകുന്ന എത്ര പേർ ഉണ്ടാകും ... അറിയില്ല ... ഓരോ കണ്ണാടി നോക്കലും നമുക്കുള്ളിലെ നമ്മളെ നാം നോക്കുന്നതിന്റെ പ്രതിഫലനം ആണെന്ന് തോന്നുന്നു ....അഹംബോധം ... അതിന്റെ ഏറ്റവും താഴത്തെ തട്ടിലെ ഒരു കുഞ്ഞു വാവ ആണ് നമ്മളെ കണ്ണാടി നോക്കാൻ പ്രേരിപ്പിക്കുന്നത് എന്നെനിക്ക് തോന്നാറുണ്ട് ..!

കാണാൻ നമുക്ക് തന്നെ ഇഷ്ടപ്പെടില്ല എന്നുള്ള ബോധ്യം കൊണ്ട് കണ്ണാടി നോക്കാത്തതും നാഴികക്ക് നാൽപ്പതു വട്ടം കണ്ണാടി നോക്കുന്നതും ഒരേ പോലെ ആണെന്നാണ് എന്റെ ഒരു തോന്നൽ !! രണ്ടും ആത്മപ്രേമം ആണ് .... 

വേറൊരു സീൻ പറയട്ടെ ...

ജീവിതത്തിൽ നമുക്കൊരുപാട് സ്നേഹമുള്ള ഒരാൾ ..നമ്മളെ ഒരുപാട് സ്വാധിനിച്ച ഒരാൾ ... ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഒരാൾ ..അങ്ങനെ ഒരാൾ ഈ ലോകത്തു നിന്ന് വിട പറഞ്ഞു പോകുമ്പോൾ ... ജീവനില്ലാത്ത ആ ശരീരം നമ്മുടെ സ്വന്തം കയ്യിൽ എടുത്തിട്ടുണ്ടോ ? അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ എനിക്ക് തോന്നുന്നത് അത് നിങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത , ശരീരം എന്നതിനെക്കുറിച്ചുള്ള ചിന്തകളെ തലകീഴ്മേൽ മറിക്കുന്ന ഒന്നായിരിക്കുമെന്നാണ് ....എന്റെ അനുഭവം എന്നെ പഠിപ്പിച്ചത് ... 


ആദ്യമായി എന്നെ ബസ്സിൽ കയറ്റി പാലാ നഗരം കാണിച്ച , ആദ്യമായിട്ട് എനിക്ക് പറമ്പിലെ pineapple പറിച്ചു തന്ന , ആദ്യമായി പോപ്പിൻസ് വാങ്ങിച്ചു തന്ന , ആദ്യമായി തകഴിയുടെ കഥകൾ പറഞ്ഞു തന്ന , എനിക്ക് റബ്ബർ മരം വെട്ടുന്നത് കാണിച്ചു തന്ന , കയ്യാല വെയ്ക്കുന്നതെങ്ങനെ എന്ന് കാണിച്ചുതന്ന , ഒരാളോടും ഒരിക്കൽ പോലും ദേഷ്യപ്പെടാതെ ആയുസ്സു മുഴുവൻ ജീവിചുതീർത്ത , 92-മത്തെ വയസ്സിൽ ഒരു കട്ടൻ കാപ്പി കുടിക്കുന്നതിലും സുഖമായിട്ട് മരിച്ചു പോകുന്നത് കാണിച്ചു എന്നെ അസൂയപ്പെടുത്തിയ ഒരേ ഒരു ചാച്ചൻ ! 

എന്റെ ഈ രണ്ടു കയ്യിൽ , ഞാൻ കൂടി ചേർന്ന് ചാച്ചനെ ചിതയിലേക്കെടുത്ത നിമിഷം , ഞാൻ ഉള്ളാലെ പൊള്ളിപ്പോയ നിമിഷം ... ചാച്ചൻ വേറെ എവിടെയോ ആണെന്നും ഈ ശരീരത്തിൽ ഇനി അയാളില്ല എന്നും എനിക്ക് ചങ്കിൽ തറച്ച നിമിഷം . ശരീരം എന്നുള്ളത് ഒരു മാധ്യമം മാത്രം ആയി മാറി പോയ നിമിഷം . മറക്കാനാവാത്ത നിമിഷം .. വാരണാസിയിൽ ഒറ്റ ദിവസം 100 പേരെ ഒക്കെ അടക്കുന്ന ചിതയുണ്ട് ...മൃതു ശരീരങ്ങൾ ചുമ്മാ പൂമ്പാറ്റയെ കാണുന്ന ലാഘവത്തിൽ കത്തിക്കുന്ന മനുഷ്യരുണ്ട് അവിടെ ..അവരൊക്കെ കണ്ണാടിയിൽ നോക്കാറുണ്ടോ ? ഞാനെപ്പോലും ആലോചിക്കാറുണ്ട് ...!!നോക്കാൻ വഴിയില്ല ...കുറച്ചു അസ്ഥിയും കുറച്ചു മാസവും മാത്രമായി മാറാൻ സമയം എത്ര വേണമെന്ന് മാത്രം അറിയാത്ത ഈ സർക്കസിന്റെ പേരാണത്രെ ജീവിതം .

കണ്ണാടിനോക്കുന്നതും ഒരുങ്ങുന്നതും ഒന്നും ഒരിക്കലും മോശമല്ല എന്നുള്ള സെൻസ് നമുക്കെല്ലാമുണ്ടല്ലോ..നമ്മുടെ ശരീരം സൂക്ഷിക്കേണ്ടതും വൃത്തിയായി കൊണ്ട് നടക്കേണ്ടതും നമ്മുടെ കടമ തന്നെ ആണ് . പക്ഷെ അതൊരിക്കലും മറ്റൊരാളുടെ കാഴ്ചയിലോ ബോധത്തിലോ എത്തുന്നതിനെ കുറിച്ചുള്ള വേവലാതി ആർക്കും ആവശ്യമില്ല . നമുക്കെല്ലാം ഒരു ദിവസം തിരിച്ചു പോകേണ്ടതുണ്ട് . എത്ര ഒരുങ്ങിയാലും ഇല്ലെങ്കിലും  ഞാൻ  പോയി കഴിഞ്ഞു എന്നെ നീ ഓർക്കുന്നത് ഞാൻ ചാച്ചനെ ഓർക്കുന്നത് പോലെ ആവണമെന്നേ എനിക്ക് ആഗ്രഹമുള്ളു ...കുറഞ്ഞ പക്ഷം നിനക്കെങ്കിലും അതിനു സാധിക്കട്ടെ ( എന്നെ കൊണ്ട് കഴിയട്ടെ നിനക്കത് സാധിച്ചുതരാൻ !!!). അപ്പൊ ശരി ഞാൻപോയിട്ട് ഒരു സ്പാ ചെയ്യട്ടെ !!

വാൽ : മുടിയില്ലാത്ത നിനക്കിങ്ങനെ മൈ%*!~ വർത്തമാനമൊക്കെ പറയാം എന്നല്ലേ നീ മനസ്സിൽ പറഞ്ഞത് !!




No comments:

Post a Comment