പണ്ട് ദൂരദർശൻ മാത്രമുള്ള ഒരു കാലം . ഞായറാഴ്ച 4 മണിക്ക് സിനിമ കാണുന്നതാണ് പ്രപഞ്ചത്തിൽ ഏറ്റവും സന്തോഷമുള്ള കാര്യം . അരം +അരം =കിന്നരം സിനിമ ഉള്ള ദിവസം ഉച്ച കഴിഞ്ഞു കറന്റ് പോയി .അന്ന് കറന്റ് വരാൻ വേഴങ്ങാനം അമ്പലത്തിൽ നേർച്ച നേർന്നത് സത്യമാണ് . അതൊരു കാലം .
ഇന്നിപ്പോ Netflix, Prime, hotstar, sony liv... അങ്ങനെ സകലമാന സാധനങ്ങളും മൊബൈലിൽ ഉണ്ട് . ഒരൊറ്റ സിനിമ പോലും കാണാറില്ല മര്യാദക്ക് !! കാലമേ നമഃ
1991-95 കാലം. മീൻ എന്ന് പറഞ്ഞാൽ ഉണക്കമീൻ എന്നാണ് അർഥം . പച്ച മീൻ വകുപ്പിൽ ഒരാളെയേ അറിയു അത് നമ്മുടെ ചുവന്ന കിളി മീൻ ആണ് ...സ്ഥിരം തോട്ടിൽ പോയി ചെറിയ പരലു പിടിച്ചു ചേമ്പിലയിൽ ആക്കി വീട്ടിൽ കൊണ്ടു വരും ... രണ്ടു ദിവസം കിടക്കും മൂന്നാം ദിവസം ഏതേലും കാരണത്തിൽ ചത്തു പോകും (ചോറൊക്കെ ഉരുള ഉരുട്ടി ഞാൻ മീൻ കിടക്കുന്ന പാത്രത്തിൽ ഇട്ടിട്ടുണ്ട് !!!) പരലിന്റെ നിറം മാത്രം കണ്ടു ശീലിച്ച എനിക്ക് കിളി മീൻ എന്ന് വെച്ചാൽ 8 ആമത്തെ ലോകാത്ഭുതമാണ് . അന്നൊക്കെ ആലോചിച്ചിട്ടുണ്ട് ഭഗവാനെ എന്നെങ്കിലും ഒരിക്കൽ ജീവനുള്ള ഒരു കിളി മീനെ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ! കൊതിച്ചിട്ടുണ്ട് അതോർത്തു ഓർത്തു !! ഉണക്ക കപ്പയും തിരണ്ടി വാൽ ചുട്ടതും കൂട്ടി പണ്ടൊരു കർക്കിടകത്തിൽ കഴിക്കുന്ന കാലത്താണ്അമ്മ പറഞ്ഞത് ഈ തിരണ്ടി ഒരു തരം മീൻ ആണെന്ന് ... അന്നുവരെ ഞാൻ അത് മറ്റെന്തോ ജീവി ആണെന്ന് ധരിച്ചിരിക്കുവാരുന്നു ... തിരണ്ടി ഒന്നും ജീവനോടെ കാണാം എന്ന് ഞാൻ കരുതിയിട്ടേ ഇല്ല കാരണം അത് അധിക പ്രസംഗം ആണെന്നറിയാം !
ശനിയാഴ്ചയും ഞായറാഴ്ചയും അടക്കം ഇലക്ട്രിക്ക് റേ അടക്കം എല്ലാ ബ്രഹ്മാണ്ഡ സാധനങ്ങളെയും കാണാനും പിടിക്കാനും എന്ന് വേണ്ട സർവ്വതിനും എനിക്ക് കാലം ലൈസെൻസ് തന്ന് അനുഗ്രഹിച്ചു !!! Giant trevally എന്ന പേര് പോലും എനിക്ക് രോമാഞ്ചം ഉണ്ടാക്കിയ ഒരു കാലത്തു നിന്ന് ... ഈ മഹാരാജ്യത്ത് അതിന്റെ മുട്ടയോ അല്ലെങ്കിൽ ജീവനുള്ള കുഞ്ഞുങ്ങളെ ആദ്യമായി കാണാനുള്ള മഹാഭാഗ്യം എനിക്ക് കൂടി ഉണ്ടായി എന്നുള്ളത് എനിക്കിന്നും അവിശ്വസനീയമാണ് ! കാലം എന്നോട് കാണിച്ച ഏറ്റവും വലിയ ഔദാര്യമാണ് അത് എന്ന് ഞാൻ വിശ്വസിക്കുന്നു !!!