Monday, November 22, 2021

അറിയുന്നത് ...

 ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിട്ടുള്ള ആവേശിച്ചിട്ടുള്ളതിൽ ഒന്ന് കോഴി മുട്ട അട വെച്ച് വിരിഞ്ഞു കുഞ്ഞുങ്ങൾ ഉണ്ടാകുന്ന ആ ഒരു അഡാർ പരിപാടിയുണ്ടല്ലോ അതാണ് . ജീവൻ പൊട്ടി വിരിഞ്ഞു വരുന്ന അത്രയും താല്പര്യം , അത്രയും കൗതുകം ,അത്രയും ആവേശം ഒന്നിനോടുമുണ്ടായിട്ടില്ല ആ കാലങ്ങളിൽ ( ജയ് ഹനുമാൻ സീരിയൽ കാണുന്നതും ക്രിക്കറ്റ് കളിക്കുന്നതുമായിരുന്നു മറ്റു രണ്ടു ഭ്രാന്തുകൾ ). മുട്ട അട വെക്കുന്ന ദിവസം മുതൽ കാത്തിരിപ്പ് തുടങ്ങുകയാണ് .ഇരുപത്തിയൊന്നാം ദിവസത്തേക്കുള്ള ആവേശ കൊടുമുടി കയറ്റം തുടങ്ങുകയാണ് . കലണ്ടറിൽ അടയാളമിട്ടു ദിവസങ്ങൾ തള്ളി നീക്കുകയാണ് പിന്നെ ...21 ആം ദിവസം ശനിയോ ഞായറോ ആകാൻ പ്രാർഥിക്കും ..സ്‌കൂളിൽ പോയാൽ മനസ്സ് മുഴുവൻ ഇത് തന്നെ ....വിരിയുന്ന അന്നെ ദിവസം ആ കുഞ്ഞുങ്ങളെ എടുത്ത് കയ്യിൽ ഒന്ന് വെക്കുമ്പോൾ കിട്ടുന്ന ആ ഒരിത് അതിനി ഒരിക്കലും കിട്ടുമെന്ന് തോന്നുന്നുമില്ല ...ശനിയും ഞായറും മുഴുവൻ സമയം കോഴി കുഞ്ഞു ഡ്യൂട്ടി ആണെനിക്കാ കാലങ്ങളിൽ ...എറിയൻ (പരുന്തു ) കുഞ്ഞുങ്ങളെ റാഞ്ചുമെന്നും അത് കൊണ്ട് ഒരു കണ്ണ് വേണമെന്നും അച്ഛമ്മ പറഞ്ഞു പോയി അതിന്റെ പേരിൽ കാണിക്കാൻ പരാക്രമമൊന്നും ബാക്കിയില്ല ...ഊണ് പോലും വേണ്ട ...( ചില തള്ള കോഴികളുടെ മുഖഭാവം അന്നെന്നോട് ചോദിച്ചു -ഡേയ് ഖടി , നീ ഓവറാക്കി ചളമാക്കുവോടെ ?) എന്റെ നിക്കർ പോക്കറ്റിൽ അരി അല്ലെങ്കിൽ ഗോതമ്പു സാദാ സമയം ഉണ്ടാകും അത് കൊണ്ട് തന്നെ അവർക്കു തീറ്റ തപ്പി പെറുക്കി കഷ്ടപ്പെടണ്ട കാര്യമേയില്ല .. എന്റെ വിചാരം ഞാൻ നോക്കുന്നത് കൊണ്ടാണ് എറിയാൻ വരാതെന്നായിരുന്നു പക്ഷെ എന്റെ കോൺഫിഡൻസ് തകർന്നു തരിപ്പണമായ ഒരു ദിവസം ഉണ്ടായിരുന്നു ..ഞാൻ അടുത്ത് നിൽക്കുന്ന സമയം തന്നെ തള്ള കോഴി ശബ്ദമുണ്ടാക്കുകയും ബാക്കി കോഴികൾ അതേറ്റു പിടിക്കുകയും ചെയ്തപ്പോ എനിക്ക് തോന്നി എന്തോ സംഭവം ഉണ്ടെന്നു ഞാൻ അച്ചമ്മേ എന്നെ കൂകി വിളിച്ചു ...അച്ഛമ്മ വന്നത് കയ്യിൽ ഒരു കണ്ണാടിയുമായാണ് എന്നോട് പറഞ്ഞു അത്  വെയിലിൽ കാണിച്ചു ലൈറ്റ് റിഫ്ലെക്ട ചെയ്താൽ മതി എറിയൻ  പോകുമെന്ന് ...സംഭവം കൊള്ളാം എന്നാലും ഒരു സംശയം ബാക്കി .ഞാൻ പോയി അച്ഛമ്മയോട് ചോദിച്ചു 

"ഇത്രേം നേരം കുത്തിയിരുന്നിട്ടും എറിയൻ വന്നത് ഞാൻ കണ്ടില്ലല്ലോ അച്ചമ്മേ , പക്ഷെ ആ തള്ളക്കോഴി കൃത്യം കണ്ടു പിടിച്ചല്ലോ ?"

അച്ഛമ്മ പറഞ്ഞു " എന്നാ ഒക്കെ പറഞ്ഞാലും അത് മോന്റെ കുഞ്ഞുങ്ങൾ അല്ലല്ലോ ..അവരുടെ കുഞ്ഞുങ്ങൾ അല്ലെ ...അപ്പൊ അവർ കാണും ...കണ്ടേ പറ്റൂ "

ചിലതൊന്നും എത്ര ചികഞ്ഞു നോക്കിയാലും കണ്ടെന്നു വരില്ല ... അവയൊന്നും നമ്മുടേതായിരിക്കില്ല ..അല്ലെങ്കിൽ നമുക്കുള്ളതായിരിക്കില്ല എന്ന് പിന്നീടെന്നോ എനിക്ക് ബോധോദയം ഉണ്ടായി എന്ന് തോന്നുന്നു ...

-----------------------------------------------

ഭക്ഷണം കഴിക്കാൻ മേശ വാങ്ങിച്ചിട്ട് ടി വി യുടെ മുൻപിൽ പോയി ഇരുന്നും നിന്നും കിടന്നും കഴിക്കുന്നതിനെ കുറിച്ച് നാണിക്ക് ഒരു ഭീകര ക്ലാസ്സ്‌ എടുത്തു "ഓരോ കാര്യത്തിനും അതിന്റേതായ ഉപയോഗമുണ്ട് അത് മനസ്സിലാക്കി വേണം ചെയ്യാൻ എന്നൊക്കെ ഘോരഘോരം പ്രസംഗിച്ചു ...പിറ്റേന്ന് രാവിലെ ഓഫീസിൽ പോകാനായി ഷർട്ട് ഇട്ട് കൊണ്ടിരിക്കുമ്പോൾ നാണി പ്രത്യക്ഷപ്പെട്ടു ..ചോദ്യം "ഷർട്ട് ന്റെ കൈയെന്തിനാ നമ്മൾ മടക്കി വെക്കുന്നത് ...ഞാൻ പറഞ്ഞു ഓ ചുമ്മാ ....വീണ്ടും ചോദ്യം "അല്ല എന്നാ പിന്നെ പപ്പ (മുത്തച്ഛൻ )ഇടും പോലത്തെ  ഷർട്ട്(ഹാഫ് സ്ലീവ് ) ഇട്ടാ പോരെ അച്ഛാ .....ഞാൻ വെളുക്കെ ചിരിച്ചു ...ചിരിച്ചു ചിരിച്ചു അങ്ങില്ലാണ്ടായി 

--------------------/----------------------------------------

Monday, October 25, 2021

Take some time



എനിക്ക് തോന്നുന്നത് ... ഇതിലും വലിയ ഒരു മോട്ടിവേഷൻ ഒരു മോട്ടിവേഷണൽ സ്പീക്കർ ഉം തരാനില്ല എന്നാണ്…

Thursday, October 21, 2021

To my daughter

To my daughter,

Don't apologize when someone else bumps into you.

Don't say "sorry to be such a pain." You're not a pain. You're a person with thoughts and feelings who deserves respect.

Don't make up reasons as to why you can't go out with a guy you don't wanna go out with. You don't owe anyone an explanation. A simple "no thanks" should be acceptable.

Don't overthink what you eat in front of people. If you're hungry, eat, and eat what you want. If you want pizza, don't get a salad just because other people are around. Order the damn pizza.

Don't keep your hair long to make someone else happy.

Don't wear a dress if you don't want to.

Don't stay home because you don't have anyone to go out with. Take yourself out. Have experiences by yourself and for yourself.

Don't hold back your tears. Crying means you're feeling something that needs to get out. It's not a weakness. It's being human.

Don't smile because someone told you to.

Don't be afraid to laugh at your own jokes.

Don't say "yes" to be polite. Say "no" because it's your life.

Don't hide your opinions. Speak up and speak loudly. You should be heard.

Don't apologize for being who you are. Be brave and bold and beautiful. Be unapologetically you.


Credit: toni hammer

Monday, August 23, 2021

gender politics

 വളരെ അടുപ്പമുള്ളവരോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കാറുണ്ട് , എന്റെ  അഭിപ്രായങ്ങൾ അവർക്ക് അഭിപ്രായ വത്യാസങ്ങളാകാതിരിക്കാൻ ...

അതുകൊണ്ടു മിക്കപ്പോളും മൂർച്ചയേറിയ പലതും ഞാൻ തൊണ്ടയിൽ ഒളിപ്പിക്കും , gender politics പോലെ , പൊളിറ്റിക്കൽ correctness പോലെ ...

അതിന്മേൽ ഞരമ്പ് മുറിഞ്ഞു പിടയാനുള്ളതല്ലെനിക്ക് ആ ബന്ധങ്ങൾ ...ആ ആളുകൾ ...അവരെനിക്ക് എല്ലാ പൊളിറ്റിക്സ് നും മുകളിൽ ആണ് ..അവരെക്കാൾ വലിയ correctness ഉം ഇല്ലെനിക് 

വാൽ : Being ഓർഗാനിക്,...ജൈവികമായ ഒന്നായിരിക്കുന്നതിലും വലുതല്ല മറ്റൊന്നും എന്ന് തോന്നാറുണ്ട് ...അതിലുണ്ടാകും നമ്മുടെ എല്ലാ രാഷ്ട്രീയവും എല്ലാ ശരികളും ...പക്ഷെ അതിനൊരു ഭാഗ്യം വേണം എന്നു തോന്നുന്നു ...ആ ഭാഗ്യത്തിനെ ചിലപ്പോൾ അമ്മയെന്ന് വിളിക്കാം ...അച്ഛനെന്നു വിളിക്കാം ..നീ എന്നും വിളിക്കാം ചിലപ്പോൾ പാരമ്പര്യത്തിന്റെ വിത്തുകൾ പേറുന്ന ജീനുകളും ആകാം ...ഇതൊന്നും അല്ലാതെയുമാകാം 



Saturday, August 14, 2021

Back up

 Altogether I have only one back up plan… and that’s called —Home

മറ്റുള്ളവരുടെ ക്വോട്ട്‌ കടമെടുത്തു മടുത്തു ...എന്ന് അമ്പു 


Tuesday, May 11, 2021

underrated

 അണ്ടർറേറ്റഡ് എന്നുള്ളതിന്റെ മലയാളം എനിക്കങ്ങു ഇഷ്ടപ്പെട്ടില്ല അതുകൊണ്ടാണ്  ശീർഷകം അങ്ങനെ തന്നെ ഇട്ടത് . നമ്മൾക്കൊരു  പന്ത്രണ്ടു   വയസ്സുള്ളപ്പോൾ പ്രവിത്താനം ലൈബ്രറിയിൽ  പോകുന്ന സ്വഭാവം ഉണ്ട്.  സംഭവം എനിക്ക് ബോധിച്ചു . നല്ല നേരം പോക്കുണ്ട്. വല്യ ചെലവില്ല . കൂടെയുള്ള ആരും തന്നെ എത്തിപ്പെടാത്ത സ്ഥലം. മാത്രവുമല്ല ചിലതൊക്കെ വായിക്കുമ്പോൾ നായകൻ ഞാനാകുന്നുമുണ്ട് .(മുകുന്ദനും എംടി യുമാണ് എന്നെ കൂടുതലും നായകനാക്കിയത് എന്നെനിക്കു തോന്നി.)അങ്ങനെ ഒരു ദിവസം ഒരു ചെറിയ പുസ്തകം കൈയിൽ കിട്ടി.അതെടുത്ത ദിവസം ലൈബ്രറി യിൽ ഇരുന്ന സാബു ചേട്ടൻ ചോദിച്ചു.' അപാര സെലെക്ഷൻ ആണെല്ലോ " പുള്ളി ആക്കിയതാണോന്ന് എനിക്കപ്പോളെ തോന്നി ഒറ്റ ഇരുപ്പിനു വായിച്ചു തീർത്തു . അങ്ങേരു കളിയാക്കിയതാണെന്നു തീർച്ചയായി ...ഒരക്ഷരം മനസ്സിലായില്ല . അതാണ് ഖസാക്കിന്റെ കുറിച്ചുള്ള ആദ്യത്തെ ഓർമ്മ . പിറ്റേന്ന് തന്നെ സംഭവം തിരിച്ചേൽപ്പിച്ചു . അന്നേരം സാബു ചേട്ടൻ പറഞ്ഞു " വിട്ടു കളയണ്ട , കുറച്ചു കഴിഞ്ഞു സമയമെടുത്ത് വായിച്ചു നോക്ക് ..." വേനലവധിക്ക് വീണ്ടും എടുത്തു വായിച്ചു . ഒന്ന് രണ്ടു കിടിലൻ പ്രയോഗങ്ങൾ കിട്ടിയപ്പോൾ ഒന്നുടെ വായിക്കാം എന്ന് കരുതി വീണ്ടും വായിച്ചു. അന്ത കുതിരക്കു തുണ പടച്ചവൻ ഷെയ്ഖ് തങ്ങൾ എന്ന് വായിച്ചപ്പോൾ രോമാഞ്ചം .പിന്നെയും പിന്നെയും വായിക്കുന്നു ...എന്തൊക്കെയോ എന്തൊക്കെയോ തെളിഞ്ഞു തെളിഞ്ഞു വരുന്നു ...ഒരുവിധ പെട്ട സംഭാഷണങ്ങൾ എല്ലാം മനഃപാഠമായി . പ്രിയപ്പെട്ടവരുടെ നിരയിൽ ഏറ്റവും താഴെ കിടന്ന ഓ വി  വിജയനെന്ന പ്രതിഭാസത്തെ ഏറ്റവും മുകളിൽ പ്രതിഷ്ഠിച്ചു . പക്ഷെ അദ്ദേഹത്തെ വർണിക്കാനോ വിവരിക്കാനോ നമുക്കൊരിക്കലും സാധിക്കില്ലെന്ന് ഉത്തമ ബോധ്യമുള്ളതു കൊണ്ട് എന്റെ പറച്ചിലുകളും എഴുത്തുകളും എന്നും എംടി യിൽ തട്ടി നിന്നു . അണ്ടർറേറ്റഡ് എന്ന വാക്കിനോടുള്ള എന്റെ മുഖാമുഖം ആദ്യമായി തുടങ്ങുന്നത് വിജയനെക്കുറിച്ചുള്ള ഏതോ ഒരാളുടെ ഓർമ്മകുറിപ്പിലാണ് . ആ വാക്കിനോട് തികച്ചും ന്യായ യുക്തമായ പേരാണ് ഒ വി വിജയൻ എന്ന് ഞാൻ അന്നും ഇന്നും എന്നും വിശ്വസിച്ചു പോരുന്നു . പണ്ട് എം വി ദേവൻ അഭിപ്രായപ്പെട്ടതു മലയാളത്തിൽ 'പൈങ്കിളി' എഴുതാത്ത 3 പേരെ ഉള്ളു എന്നാണ് -വിജയൻ , ബഷീർ , വി കെ എൻ . അതിപ്പോ എന്തായാലും അതിൽ വിജയനുണ്ട് ഉറപ്പാണ് . ഒന്നുടെ കടത്തി പറയാം വിജയൻ വരച്ച കാർട്ടൂണുകൾ ഇനി ഒരമ്പത് വർഷം കഴിഞ്ഞാവും നമ്മൾ ചർച്ചക്കെടുക്കുക .

വിജയനെ മനസ്സിലായി തുടങ്ങിയ കാലം മുതൽ മനസ്സിലായ ഒരു കാര്യമുണ്ട് , പൊതു രീതികളോട് പടവെട്ടി , പൊതു സമൂഹത്തിൻറെ ഇഷ്ടങ്ങളോട് കലഹിച്ചു , ജനപ്രിയതയുടെ അതിർ വരമ്പുകൾക്കു  വിപരീതമായി ഒക്കെ പ്രതിഭകളുണ്ട് . അവർ ചിലപ്പോ മറ്റാരേക്കാളും നമ്മളെ ഞെട്ടിക്കും . അവർക്കായി ഒരു കണ്ണ് നാം തുറന്നു വച്ചില്ലെങ്കിൽ ജന്മം പാഴാണ് . അങ്ങനെയുള്ള ഒരു തോന്നലിന്റെ മേലാണ് ഞാൻ ജനപ്രിയത വല്യ കാര്യമില്ല എന്ന കൺക്ലൂഷൻ ഇൽ എത്തിച്ചേരുന്നത് .  അങ്ങനെ കാലം പോകെ എനിക്കുണ്ടാകുന്ന ചില അണ്ടർറേറ്റഡ് വെളിപാടുകളുണ്ട് . 1997 കാലം ആണ് . ഏതു സിനിമ കണ്ടാലും തിരക്കഥ ആരാണെന്നു ശ്രദ്ധിക്കും ( എന്തോ അതിനുള്ള ബോധം അന്നേ എങ്ങനെയോ ഉണ്ടായി!!! ) സംഭവം എന്താന്ന് വെച്ചാൽ ചില പേരുകൾ ചില ഇമോഷൻസ് യുമായി connected ആണ് . എന്ന് വെച്ചാൽ ശ്രീനിവാസൻ , നമുക്കറിയാം കാണാൻ പോകുന്ന പടം ഏകദേശം എന്തായിരിക്കും നമ്മളോട് പറയുന്നതെന്ന് ( നടപ്പു രാഷ്ട്രീയ കലാപരിപാടികളോടുള്ള പുച്ഛമാണല്ലോ അടിസ്ഥാന ശില )..ഇനി ലോഹിതദാസ് നമ്മളറിയാതെ നമ്മുടെയൊക്കെ വീട്ടിൽ നടക്കുന്ന കാര്യങ്ങളൊക്കെ എഴുതി സിനിമയാക്കി കളയും ...രഞ്ജി പണിക്കർ ഉണ്ട് , ഒരു സമരത്തിലും ലാത്തിച്ചാർജ് ഇൽ പങ്കെടുത്ത അനുഭവമാണ് സിനിമ കണ്ടിറങ്ങുമ്പോൾ ( രോമാഞ്ചം , പച്ച തെറിവിളി , ആക്ഷൻ , ഡയലോഗ് ന്റെ ജലഭീരങ്കികൾ എല്ലാം )...

ഇതൊക്കെയാണെങ്കിലും ഒരു കള്ളിയിലും പേര് വെയ്ക്കാൻ വയ്യാത്ത ചില കൊടും ഭീകരന്മാരുണ്ട് അതിലൊരുത്തൻ ദേവാസുരം എഴുതി കുറച്ചു കഴിഞ്ഞു മായാ മയൂരം എഴുതും സമ്മർ  ഇൻ ബെത്ലെഹം എഴുതും ... വീണ്ടും ആറാം തമ്പുരാൻ എഴുതും ..അതാണ് ഐറ്റം . രഞ്ജിത്ത് നെ നിങ്ങൾ പദ്മരാജനോടൊത്തു പറയേണ്ട കാലം വരുമെന്ന് 20 കൊല്ലം മുൻപ് പറഞ്ഞപ്പോ കേട്ട തെറിയൊന്നും മറന്നിട്ടില്ല എന്നാലും വീണ്ടും പറയും . ന്യൂഡൽഹി എഴുതി , രാജാവിന്റെ മകൻ എഴുതിയ ഒരാൾ,  മനു അങ്കിൾ എഴുതിയ നമ്മളങ് സഹിക്കും പക്ഷെ ആകശദൂത് എഴുതിയാലോ ...എന്താല്ലേ ... അങ്ങേരു ചുമ്മാ ലെജൻഡ് ആയിരുന്നു ...ഒരു കള്ളികളിലും ഒതുങ്ങാത്ത ഭീമൻ പേരുകൾ ഉള്ള അവരോടാണെനിക്ക് ഇന്നും പ്രതിപത്തി ...ഡെന്നിസ് സർ കാലം അങ്ങയോടു നീതി പുലർത്തട്ടെ ....

വാൽ : ഉണ്ണി ആർ , സഖറിയാ , എഴാച്ചേരി രാമചന്ദ്രൻ , ഡെന്നിസ് ജോസഫ് , സന്തോഷ് ജോർജ് കുളങ്ങര , ഭദ്രൻ മാട്ടേൽ , ...ഒരു കാര്യോമില്ലേലും ഇവർക്ക് വേണ്ടി ഞാൻ വാദിക്കും ...വാദിച്ചു കൊണ്ടേയിരിക്കും ....



Tuesday, March 30, 2021

ഒരേ ഒരു വിജയൻ

 എംടി യിൽ നിന്ന് വിജയനിലേക്കുള്ള പ്രയാണമാണ് കൗമരത്തിൽനിന്നും,  അല്ലെങ്കിൽ ഒരു പരിധി വരെ യവ്വനത്തിൽ നിന്നും മുന്നോട്ടുണ്ടായ പരിണാമം. 

വിജയനെ ആലോചിക്കാത്ത ദിവസങ്ങൾ തന്നെ ഇപ്പൊ കുറഞ്ഞു പോയിരിക്കുന്നു.

പണ്ട് മഴ കാണുമ്പോൾ (വെളുത്ത മഴ !!!)  ഓർത്തിരുന്നെങ്കിൽ ഇപ്പോൾ വെയിൽ കാണുമ്പോളും ഓർമ്മ വരും (എല്ലാം മയങ്ങി കിടപ്പാണ് !!!!)

ഓർമ്മകൾ ഉണ്ടായിരിക്കുന്ന കാലത്തോളം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന പ്രയോഗങ്ങൾ...

സായാഹ്‌ന യാത്രകളുടെ അച്ഛാ ...

നീയെന്നെ മറന്നുവല്ലോ അനുജത്തി ...

ചില്ലുവാതിലുകൾ ഒന്നൊന്നായി തുറന്നു...

അന്ത കുതിരക്കു തുണ .....

ജന്മാന്തരങ്ങൾക്കപ്പുറത്തു ....


അങ്ങനെ എത്രയെത്ര ...എന്തെലാമെന്തെല്ലാം ...ജീവിതത്തിന്റെ അതി ഭയകര നിസ്സാരതയെ , നിസ്സംഗതയുടെ സൗന്ദര്യത്തെ എല്ലാം എന്നെന്നേക്കുമായി പഠിപ്പിച്ച വിജയൻ ...അയാളേക്കാൾ മികച്ച ഒരാളെ ഈ ജന്മം വായിക്കാൻ സാധിക്കുമെന്ന് എനിക്ക് പ്രതീക്ഷയില്ല....ആഗ്രഹവുമില്ല ...മരിച്ചിട്ട്  പതിനാറു വർഷങ്ങൾക്കിപ്പുറവും  ഒരു 35 വയസ്സുകാരൻ നിങ്ങളെ അതി ഭയങ്കരമായി മിസ്സ് ചെയ്യുന്നുണ്ടെന്നുള്ളത് പറയുമ്പോൾ തന്നെ നിങ്ങളുടെ പേരിനു അർദ്ധമുണ്ടായിരിക്കുന്നു മിസ്റ്റർ.....വിജയൻ .....നന്ദിയുണ്ട് ...വാക്കിൽ ഒതുങ്ങാത്ത നന്ദി 



വാൽ ; - മിക്കവാറുമുള്ള കാട്ടിക്കൂട്ടലുകൾ മടുക്കുമ്പോൾ, ഇപ്പോഴും ഖസാക്ക് മറി ച്ചു നോക്കും...


                 ജന്മാന്തരങ്ങളിൽ ചെമ്പകം പൂക്കുന്നതോർക്കും ...

                 സ്നേഹത്തിന്റെ കടുത്ത ഗന്ധങ്ങൾ ആഞ്ഞു ശ്വസിക്കും ...

                 കരച്ചിലൊക്കെ വരും , പുച്ഛമോക്കെ തോന്നും ...

                പിന്നെ ചിരിക്കും 

Monday, March 29, 2021

പ്രാണൻ

പ്രപഞ്ചം വായിച്ചു കൊണ്ടിരിക്കുന്ന 

ഏറ്റവും മനോഹരമായ കവിതയാണ്

പ്രാണൻ 


Wednesday, March 17, 2021

ആഴം

 എംടി എഴുതിയത് ഓർമ്മ വരുന്നു 

പ്രായം ചെല്ലും തോറും എഴുത്തു കുറയാൻ കാരണം എന്തെന്നാൽ അനുഭവങ്ങളുടെ , അറിവിന്റെ വ്യാപ്തി കൂടുംതോറും നമുക്ക് എഴുതാൻ പേടിയാകുമെന്നു ...ഓരോ അക്ഷരങ്ങളെ കുറിച്ചും നാം കൂടുതൽ കരുതലുള്ളവരാകുമെന്നു ....

അദ്ദേഹം ആ പറഞ്ഞത് എഴുത്തിന്റെ കാര്യത്തിൽ ആണെങ്കിലും ഒരുപാടു കാര്യങ്ങളിൽ അതിനു അപ്ലിക്കേഷൻ ഉണ്ടെന്നാണ് തോന്നുന്നേ 

ആഴമുണ്ടെന്നു കരുതി എടുത്തു ചാടിയത് പലതും ആഴമില്ലാതെ വീണു കാലൊടിഞ്ഞപ്പോളാണ് മനസ്സിലായത് മനുഷ്യരുടെ ആഴം അളക്കാൻ ബുദ്ധിമുട്ടാണെന്ന് ....

പൊള്ളയാണെന്ന് കരുതി തുറക്കാത്ത പലതും ക്ലാസ്സിക് ആണെന്ന് ഒരുപാടു കഴിഞ്ഞു ബോധ്യപ്പെട്ടപ്പോളാണ് മനുഷ്യരെ വായിക്കാൻ എളുപ്പമല്ലെന്ന് തീർച്ചയായത് 

അങ്ങനെ വരുമ്പോൾ കരുതലുണ്ടാകേണ്ടത് എന്റെ കൂടി ആവശ്യമാണ് ..കാലൊടിയാതിരിക്കാൻ മാത്രമല്ല ആഴങ്ങളിൽ നമുക്കറിയാത്ത എന്തൊക്കെയോ ഉണ്ടെന്നുള്ള തിരിച്ചറിവും കൂടിയാണ് അത് ...സംസാരിക്കുമ്പോൾ , കാണുമ്പോൾ , സംവദിക്കുമ്പോൾ ഒക്കെയും ആരുടെ ഏതഭിപ്രായത്തോടും തിരിച്ചെന്തെങ്കിലും പറയാൻ മടിയാണിപ്പോൾ ... അഭിപ്രായം എന്ന concept തന്നെ എനിക്കങ്ങു മനസ്സിലായിട്ടില്ല ....നമുക്കെങ്ങനെ നമ്മുടേതല്ലാത്ത മറ്റൊരാളുടെ ഒരു വികാര പ്രപഞ്ചത്തെ കുറിച്ച് ( വികാര പ്രപഞ്ചം മാത്രമല്ല മറ്റെന്തൊക്കെയോ ഉള്ള ഒരു ലോകം ) അതിൽ കയറി അഭിപ്രായം ( അഭിപ്രായം അല്ലെങ്കിൽ എന്തെങ്കിലും രണ്ടു വാക്കു )പറയാൻ കഴിയും ...തിരിച്ചും ഇതേ സംഭവം ഉണ്ട് ...

ഞാനും നീയും കണ്ടു മറന്ന എത്രയോ സിനിമകൾ കഥകൾ കവിതകൾ ... അതിൽ നിനക്കീ ജന്മം ഓർത്തെടുക്കാൻ സാധിക്കാത്ത എത്ര പ്രയോഗങ്ങൾ എന്റെ നാവിൻ തുമ്പിലുണ്ടെന്നറിയോ അതേപോലെ എന്റെ സ്മ്രിതികളിൽ ഒരിടത്തും തെളിയാനിടയില്ലാത്ത എത്ര കവിതകൾ സൂര്യനെപ്പോലെ ജ്വലിച്ചിട്ടുണ്ടാകും നിന്റെ ഓർമ്മകളിൽ ....ആ ഒറ്റ കാര്യം എടുത്താൽ മനസ്സിലാകും ...എന്തൊക്കെയോ എവിടെയൊക്കെയോ ഒരുപോലെയൊക്കെ തോന്നിയിരുന്നെങ്കിലും , തോന്നുന്നുവെങ്കിലും ...അതിനപ്പുറം എവിടെയൊക്കെയോ വേറെ തന്നെ ലോകങ്ങളിൽ ആണ് നമ്മൾ ...പക്ഷെ ലോകങ്ങളൊന്നല്ലേങ്കിലും ആഴങ്ങളിൽ വീണു പൊലിയാൻ ഒരു ഭാഗ്യം വേണം അല്ലെ ....

വാൽ :

"മഴ തോർന്നിടുമ്പോൾ കുട ശാപമല്ലേ " കവിതയാണോയെന്നു പോലുമറിയില്ല പക്ഷെ കേട്ട അന്ന് മുതൽ മനസ്സിൽ കിടക്കുന്ന വരികൾ 



Sunday, March 14, 2021

വായന

 ശരി തെറ്റുകളുടെ ആപേക്ഷികതയെക്കുറിച്ചു ...

നന്മ തിന്മകളുടെ ആപേക്ഷികതയെക്കുറിച്ചു ...

പാണ്ഡിത്യത്തിന്റെ വെളിച്ചതിനുമപ്പുറമുള്ള വെളിച്ചത്തെക്കുറിച്ചു ...

അജ്ഞതയുടെ ഇരുളിനും അപ്പുറമുള്ള ശാന്തിയെക്കുറിച്ചു ...

പണത്തിന്റെ സമൃദ്ധിയിൽ പിണം ആകുന്നതിനെ കുറിച്ച് 

വേരുകൾ ജീവന്റെ ജീവൻ ആകുന്നതിനെക്കുറിച്ചു 

മനുഷ്യത്വമാണ് ഏറ്റവും വലിയ ശരിയെന്ന്നെക്കുറിച്ചു 

പറഞ്ഞു തന്നവർക്ക് ....പുസ്തകങ്ങൾക്ക് നന്ദി 

Saturday, January 23, 2021

സമാധാനം

നമുക്ക്‌ മനസ്സിലാക്കാൻ പറ്റിയ കുറച്ചു ശരികൾ മാത്രമല്ല നമുക്ക് മനസ്സിലാക്കാൻ കഴിയാതെ പോയ നമ്മുടെ കുറെ തെറ്റുകളും കൂടി ചേർന്നതാണ് നാം സ്വന്തമാക്കിയ നമ്മുടെ മനഃ സമാധാനം 


Thursday, January 14, 2021

ഇപ്പോഴും

 ഇപ്പോഴും ചായയിൽ ബിസ്‌ക്കറ്റ് മുക്കിയാണ് കഴിക്കാറ് 

ഇപ്പോഴും ഒറ്റ ഇരുപ്പിൽ 10 ഐസ് ക്രീം കഴിക്കും 

ഇപ്പോഴും മഴ കണ്ടാൽ കണ്ടിരിക്കാൻ തോന്നും 

ഇപ്പോഴും നാണിടെ കയ്യിൽ നിന്ന് മിട്ടായി ചോദിക്കാറുണ്ട് 

ഇപ്പോഴും ബഷീറിനെയും വിജയനെയും ഓർക്കാറുണ്ട് 

ഇപ്പോഴും എം ടി യെ കാണണമെന്ന് തോന്നാറുണ്ട് 

ഇപ്പോഴും ജിലേബി കണ്ടാൽ കൊതി വരും 

ഇപ്പോഴും ആകാശദൂത് കണ്ടാൽ കരയും 

ഇപ്പോഴും പന്നിയിറച്ചി ഭയങ്കര ഇഷ്ടമാണ് 

ഇപ്പോഴും കള്ളു കുടിക്കുന്നതിനോട് പുച്ഛമാണ് 

ഇപ്പോഴും ചിലരെ പറ്റി കുറ്റം  പറയാറുണ്ട് 

ഇപ്പോഴും എന്റെ കുറ്റം കേട്ടാൽ അംഗീകരിക്കില്ല 

ഇപ്പോഴും വെറുതെയിരുന്നാൽ നിന്നെ ഓർമ്മ വരും 

ഇപ്പോഴും ജീവിതത്തിൽ ജീവിതം നോക്കുവാ