Monday, November 22, 2021

അറിയുന്നത് ...

 ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിട്ടുള്ള ആവേശിച്ചിട്ടുള്ളതിൽ ഒന്ന് കോഴി മുട്ട അട വെച്ച് വിരിഞ്ഞു കുഞ്ഞുങ്ങൾ ഉണ്ടാകുന്ന ആ ഒരു അഡാർ പരിപാടിയുണ്ടല്ലോ അതാണ് . ജീവൻ പൊട്ടി വിരിഞ്ഞു വരുന്ന അത്രയും താല്പര്യം , അത്രയും കൗതുകം ,അത്രയും ആവേശം ഒന്നിനോടുമുണ്ടായിട്ടില്ല ആ കാലങ്ങളിൽ ( ജയ് ഹനുമാൻ സീരിയൽ കാണുന്നതും ക്രിക്കറ്റ് കളിക്കുന്നതുമായിരുന്നു മറ്റു രണ്ടു ഭ്രാന്തുകൾ ). മുട്ട അട വെക്കുന്ന ദിവസം മുതൽ കാത്തിരിപ്പ് തുടങ്ങുകയാണ് .ഇരുപത്തിയൊന്നാം ദിവസത്തേക്കുള്ള ആവേശ കൊടുമുടി കയറ്റം തുടങ്ങുകയാണ് . കലണ്ടറിൽ അടയാളമിട്ടു ദിവസങ്ങൾ തള്ളി നീക്കുകയാണ് പിന്നെ ...21 ആം ദിവസം ശനിയോ ഞായറോ ആകാൻ പ്രാർഥിക്കും ..സ്‌കൂളിൽ പോയാൽ മനസ്സ് മുഴുവൻ ഇത് തന്നെ ....വിരിയുന്ന അന്നെ ദിവസം ആ കുഞ്ഞുങ്ങളെ എടുത്ത് കയ്യിൽ ഒന്ന് വെക്കുമ്പോൾ കിട്ടുന്ന ആ ഒരിത് അതിനി ഒരിക്കലും കിട്ടുമെന്ന് തോന്നുന്നുമില്ല ...ശനിയും ഞായറും മുഴുവൻ സമയം കോഴി കുഞ്ഞു ഡ്യൂട്ടി ആണെനിക്കാ കാലങ്ങളിൽ ...എറിയൻ (പരുന്തു ) കുഞ്ഞുങ്ങളെ റാഞ്ചുമെന്നും അത് കൊണ്ട് ഒരു കണ്ണ് വേണമെന്നും അച്ഛമ്മ പറഞ്ഞു പോയി അതിന്റെ പേരിൽ കാണിക്കാൻ പരാക്രമമൊന്നും ബാക്കിയില്ല ...ഊണ് പോലും വേണ്ട ...( ചില തള്ള കോഴികളുടെ മുഖഭാവം അന്നെന്നോട് ചോദിച്ചു -ഡേയ് ഖടി , നീ ഓവറാക്കി ചളമാക്കുവോടെ ?) എന്റെ നിക്കർ പോക്കറ്റിൽ അരി അല്ലെങ്കിൽ ഗോതമ്പു സാദാ സമയം ഉണ്ടാകും അത് കൊണ്ട് തന്നെ അവർക്കു തീറ്റ തപ്പി പെറുക്കി കഷ്ടപ്പെടണ്ട കാര്യമേയില്ല .. എന്റെ വിചാരം ഞാൻ നോക്കുന്നത് കൊണ്ടാണ് എറിയാൻ വരാതെന്നായിരുന്നു പക്ഷെ എന്റെ കോൺഫിഡൻസ് തകർന്നു തരിപ്പണമായ ഒരു ദിവസം ഉണ്ടായിരുന്നു ..ഞാൻ അടുത്ത് നിൽക്കുന്ന സമയം തന്നെ തള്ള കോഴി ശബ്ദമുണ്ടാക്കുകയും ബാക്കി കോഴികൾ അതേറ്റു പിടിക്കുകയും ചെയ്തപ്പോ എനിക്ക് തോന്നി എന്തോ സംഭവം ഉണ്ടെന്നു ഞാൻ അച്ചമ്മേ എന്നെ കൂകി വിളിച്ചു ...അച്ഛമ്മ വന്നത് കയ്യിൽ ഒരു കണ്ണാടിയുമായാണ് എന്നോട് പറഞ്ഞു അത്  വെയിലിൽ കാണിച്ചു ലൈറ്റ് റിഫ്ലെക്ട ചെയ്താൽ മതി എറിയൻ  പോകുമെന്ന് ...സംഭവം കൊള്ളാം എന്നാലും ഒരു സംശയം ബാക്കി .ഞാൻ പോയി അച്ഛമ്മയോട് ചോദിച്ചു 

"ഇത്രേം നേരം കുത്തിയിരുന്നിട്ടും എറിയൻ വന്നത് ഞാൻ കണ്ടില്ലല്ലോ അച്ചമ്മേ , പക്ഷെ ആ തള്ളക്കോഴി കൃത്യം കണ്ടു പിടിച്ചല്ലോ ?"

അച്ഛമ്മ പറഞ്ഞു " എന്നാ ഒക്കെ പറഞ്ഞാലും അത് മോന്റെ കുഞ്ഞുങ്ങൾ അല്ലല്ലോ ..അവരുടെ കുഞ്ഞുങ്ങൾ അല്ലെ ...അപ്പൊ അവർ കാണും ...കണ്ടേ പറ്റൂ "

ചിലതൊന്നും എത്ര ചികഞ്ഞു നോക്കിയാലും കണ്ടെന്നു വരില്ല ... അവയൊന്നും നമ്മുടേതായിരിക്കില്ല ..അല്ലെങ്കിൽ നമുക്കുള്ളതായിരിക്കില്ല എന്ന് പിന്നീടെന്നോ എനിക്ക് ബോധോദയം ഉണ്ടായി എന്ന് തോന്നുന്നു ...

-----------------------------------------------

ഭക്ഷണം കഴിക്കാൻ മേശ വാങ്ങിച്ചിട്ട് ടി വി യുടെ മുൻപിൽ പോയി ഇരുന്നും നിന്നും കിടന്നും കഴിക്കുന്നതിനെ കുറിച്ച് നാണിക്ക് ഒരു ഭീകര ക്ലാസ്സ്‌ എടുത്തു "ഓരോ കാര്യത്തിനും അതിന്റേതായ ഉപയോഗമുണ്ട് അത് മനസ്സിലാക്കി വേണം ചെയ്യാൻ എന്നൊക്കെ ഘോരഘോരം പ്രസംഗിച്ചു ...പിറ്റേന്ന് രാവിലെ ഓഫീസിൽ പോകാനായി ഷർട്ട് ഇട്ട് കൊണ്ടിരിക്കുമ്പോൾ നാണി പ്രത്യക്ഷപ്പെട്ടു ..ചോദ്യം "ഷർട്ട് ന്റെ കൈയെന്തിനാ നമ്മൾ മടക്കി വെക്കുന്നത് ...ഞാൻ പറഞ്ഞു ഓ ചുമ്മാ ....വീണ്ടും ചോദ്യം "അല്ല എന്നാ പിന്നെ പപ്പ (മുത്തച്ഛൻ )ഇടും പോലത്തെ  ഷർട്ട്(ഹാഫ് സ്ലീവ് ) ഇട്ടാ പോരെ അച്ഛാ .....ഞാൻ വെളുക്കെ ചിരിച്ചു ...ചിരിച്ചു ചിരിച്ചു അങ്ങില്ലാണ്ടായി 

--------------------/----------------------------------------

No comments:

Post a Comment