Sunday, January 2, 2022

അമാവാസി

 ലഹരി ആയിരുന്ന ചില കാര്യങ്ങളുണ്ട്....മരണം വരേയ്ക്കും ഒരിക്കലും നമ്മെ വിട്ടു പിരിയില്ല എന്ന് കരുതിയ ചിലത് . അതിലൊന്ന് ക്രിക്കറ്റ് ആയിരുന്നു. ഇന്ത്യാ ഓസ്ട്രേലിയ ടെസ്റ്റ് മൽസരത്തിന്റെ ഹൈലൈറ്റിസ്‌ കാണുന്നതൊക്കെ സ്വാഭാവികമാണ്. പക്ഷെ ഫുൾ ടെസ്റ്റ് മത്സരം കാണാൻ തപസ്സിരുന്ന കാലമുണ്ടായിരുന്നു. ഇന്നിപ്പോ .....ഇന്നലെ ഇന്ത്യ ക്കു മത്സരമുണ്ടോന്ന് പടച്ചോനറിയാം. അതാണ് അവസ്ഥ ... കാലം പോയ പോക്കിനു എൻ്റെ കയ്യിൽ നിന്നു നൈസ് ആയിട്ടു കൊണ്ട് പോയ ചിലതിൽ ഒന്ന്....മറ്റു ചിലതൊക്കെ ഓൺ ദി വേ ആണ്...എന്ന് പറഞ്ഞാൽ പടിയിറങ്ങി കൊണ്ടിരിക്കുകയാണ്...പുസ്തകങ്ങൾ ... പൂർണ്ണമായും പറയാൻ കഴിയില്ല എന്നാലും...ഫിക്ഷനിൽ ഉണ്ടുറങ്ങിയിരുന്ന കാലത്തു നിന്നും ഫിക്ഷനൊരു ക്ളീഷേ അല്ലെ മാഷെ എന്ന് തോന്നുന്ന അവസ്ഥ എത്തി...ഇതിനൊക്കെ ഹോർമോൺ ചേഞ്ച് ആണ് കാരണമെന്നാണ് ശാസ്ത്രം കൂടുതലും പറയുന്നത്...എന്നിരുന്നാലും അത് മാത്രമല്ല കാരണം എന്ന് തോന്നുന്നു ...ജീവിതം നല്ലതോ ചീത്തയോ , അല്ലെങ്കിൽ അതിന്റെ ആവശ്യകത മുതലായ സമ്പ്രദായ ചോദ്യങ്ങളിൽ ഒരു ഗുമ്മില്ലാഞ്ഞിട്ടാവണം ജീവിതത്തിന്റെ സാധ്യതകളിൽ ഗുമ്മുണ്ടൊന്നു മനസ്സ് അന്വേഷിക്കാൻ തുടങ്ങിയതെന്ന് തോന്നുന്നു. അതു കൊണ്ട് തന്നെ ജീവിതത്തിൽ ഉള്ള അത്ര ഫിക്ഷനൊന്നും ഒരു ക്ലാസിക്കിലും ഇല്ലെന്നുള്ള ബോധ്യം ഞാനറിയാതെ ഉള്ളിൽ വേരുറച്ചു എന്നു തോന്നുന്നു. അത് കൊണ്ട് തന്നെ ആണ് പല മോട്ടിവേഷണൽ ക്ലാസ്സ് / ഉപദേശ / മാർഗ്ഗ ദർശ പരിപാടി കേൾക്കുമ്പോളും " കരാട്ടെ ഒക്കെ കോമഡി അല്ലെ ചേട്ടാ " എന്ന ചോദ്യം മനസ്സിൽ വരുന്നത്. കാരണം അതിനൊക്കെ മുകളിലാണ് ജീവിതം. അതിന്റെ സമസ്യകൾ ...അതിന്റെ ആവലാതികൾ...അതിന്റെ നിറവ്.....അതിന്റെ അതിരുകൾ .....


ഇത്രയും ഇപ്പോൾ എഴുതാൻ കാരണം ബാലചന്ദ്രൻ ചുള്ളിക്കാട് ആണ്. മലയാളം മഹാകവി പട്ടം സൗകര്യപൂർവ്വം കൊടുക്കാതിരിക്കുന്ന മഹാകവിയാണ് അദ്ദേഹമെന്ന് പണ്ടെന്നോ "അമാവാസി" വായിച്ചപ്പോ തോന്നിയിട്ടുണ്ട്. അദ്ദേഹം ഏറ്റവും അടുത്ത കാലത്തു പറഞ്ഞ ഒരു വാചകം ഇങ്ങനെയാണ് : -


" നല്ല എഴുത്തുകാർ പൊളിറ്റിക്കലി കറക്റ്റ് ആണ് 

പക്ഷെ ...

മഹത്തായ എഴുത്തുകാർ പൊളിറ്റിക്കലി  കറക്റ്റ് അല്ല ;

അതിനെല്ലാം മുകളിലാണ് ജീവിതത്തിന്റെ വൈരുദ്ധ്യം അതിനെല്ലാം മുകളിലാണ് ജീവിതത്തിന്റെ വൈവിദ്ധ്യം "

കുറെ കാലങ്ങളായി എനിക്കുള്ളിൽ ഉണ്ടായിരുന്ന ...എനിക്കറിയാമായിരുന്ന ഒരു കാര്യം....എങ്ങനെ പറയണമെന്നെനിക്ക് വ്യക്തതയില്ലാത്ത എന്നാൽ ഉറപ്പുണ്ടായിരുന്ന ഒരു കാര്യം എത്ര ലളിതമായി അദ്ദേഹം പറഞ്ഞു ...ഗുരുക്കന്മാർക്ക് മാത്രം സാധിക്കുന്നതാണ് അത്.

വളരെ സത്യസന്ധമായി പറഞ്ഞാൽ ഗുരുക്കന്മാരായി കാണണമെന്ന് തോന്നിയിട്ടുള്ളവരെ മിക്കവരെയും ജീവിതത്തിൽ നേരിട്ട് കാണാൻ സാധിച്ചിട്ടില്ല എന്ന് മാത്രമല്ല ഗുരുക്കന്മാരുടെ സ്ഥാനത്തു ജീവിതം വെച്ച് നീട്ടിയവരിൽ മിക്കവരിലും സാധാരണയിലും താഴ്ന്ന നിലവാരം മാത്രമുള്ള ഒരു ജീവനെ (ആത്മാവിനെ -soul ) മാത്രമേ കണ്ടിട്ടുള്ളു എന്നുള്ളത് വലിയ നഷ്ടമായാണ് എക്കാലവും തോന്നിക്കൊണ്ടിരിക്കുന്നത് ....

NOTE: "എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങി മരിച്ച വഴിയമ്പലങ്ങളിൽ 

കാരമുള്ളിന്റെ കിരീടവും ചൂടി നാം തേടി നടന്നത്....."


ഇത് കേട്ടിട്ടു കിട്ടുന്ന കിക്ക്‌ ഒന്നും ഷിവാസ് അടിച്ചാൽ പോലും കിട്ടില്ലാന്നു വിശ്വസിക്കുന്ന യാഥാസ്ഥിതികൻ ആണ് ഞാനിന്നും.

No comments:

Post a Comment