Wednesday, January 26, 2022

പാട്ട്

വെറുതെ ആലോചിച്ചു നോക്കിയിട്ടുണ്ടോ, ഈ ജന്മം ഏറ്റവും കൂടുതൽ കൂട്ടിരുന്നതാരാണ് നമ്മുടെ കൂടെ എന്ന്. എനിക്ക് തോന്നുന്നത് പാട്ടുകളാണ് എന്നാണ്. ഓരോ പാട്ടും അടയാളപ്പെടുത്തലുകൾ ആണെന്ന് തോന്നുന്നു. കാലത്തിൻറെ അടയാളപെടുത്തലുകൾ .  

പണ്ട് കുഞ്ഞുന്നാളിൽ ചീവീട് അത്ഭുതമായിരുന്നൊരു കാലം. വീട്ടിലെ കാപ്പി ചെടികളിൽ, നട്ടുച്ചക്കും  ഇരുട്ട് കൊടി കുത്തി വാഴുന്ന തൊടികളിൽ ആ കുഞ്ഞൻ ജീവി ഉണ്ടാക്കുന്ന ശബ്‌ദം എനിക്ക് മാജിക് ആയിട്ടാണ് തോന്നിയത്. ഒരു കൗതുകത്തിനു ഒരെണ്ണത്തിനെ പിടിച്ചു തീപ്പെട്ടി കൂട്ടിൽ  ഇട്ടു നോക്കി . കുറെ നേരം ആ ശബ്ദം വരുമെന്ന് പ്രതീക്ഷിച്ചു തീപ്പെട്ടി പോക്കറ്റിൽ ഇട്ടു നടന്നെങ്കിലും ആ കുഞ്ഞൻ എന്നെ നിരാശപ്പെടുത്തി. അവൻ ഒരക്ഷരം മിണ്ടിയില്ല. ഞാനുണ്ടാക്കിയ തീപ്പെട്ടി കൂട്ടിലെ ഇരുട്ടിനു അവന്റെ മനസ്സിലെ ഭയത്തിന്റെ ഇരുട്ടായിരുന്നിരിക്കണം. അവനെ ഞാൻ തുറന്നു വിട്ടു അവന്റെ പ്രിയപ്പെട്ട കൂരിരുട്ടിലേക്ക്.


അലുവ യും മത്തിക്കറിയും പോലെ പാട്ടിൽ തുടങ്ങി ചീവീടിലെത്തി.... .പാട്ടെന്ന ഒരു ചെറിയ തീപ്പെട്ടിക്കുള്ളിൽ ആ പാട്ടു ആദ്യമായി ശ്രവിച്ച കാലമുണ്ടല്ലോ ആ  ഒരു കാലത്തേ തന്നെ ഒരു ചെറിയ ക്രോസ്സ് സെക്ഷൻ ആയി നമ്മൾ പോക്കറ്റിൽ ഇട്ടു കൊണ്ട് നടക്കുന്നതായി തോന്നിയിട്ടുണ്ട്. അങ്ങനത്തെ പാട്ടിന്റെ അനവധി തീപ്പെട്ടി കൂട്ടിലാണ് ഓർമ്മകളൊക്കെയും അടുക്കി വെച്ചിരിക്കുന്നതെന്നും ഇടയ്ക്ക് തോന്നും. അങ്ങനത്തെ എത്രയെത്ര കൂടുകളാണ് നമ്മളൊക്കെയും പേറുന്നത്... അവർ കൂട്ടിരുന്നു പോലെ ആര് കൂട്ടിരുന്നിട്ടുണ്ട് ഈ ജന്മം...പൊള്ളുമ്പോളും കുളിരുമ്പോളും കരയുമ്പോളും കോരിത്തരിക്കുമ്പോളും കൂട്ട് തന്നവർ...

പറഞ്ഞത് സത്യമല്ലേ....എത്രയെത്ര കാലങ്ങളാണ് ഓരോ പാട്ടിലും നിറച്ചു നമ്മൾ പേറി നടക്കുന്നത്... മരിച്ചാലും മറക്കില്ല എന്നുള്ള പ്രയോഗം ക്ളീഷേ അല്ലെന്നു തെളിയിക്കുന്ന ചില പാട്ടുകൾ എല്ലാവർക്കുമുണ്ടല്ലോ...

കാലം 1991 
"കണ്ണിൽ നിൻ മെയ്യിൽ ഓർമ്മ പൂവിൽ " അച്ഛന്റെ വീടിനെക്കുറിച്ചുള്ള ഓർമ്മകൾ തുടങ്ങുന്നത് ആ പാട്ടിലാണ്....നിറയെ കാപ്പി പൂത്ത മണം ... സ്‌കൂളിൽ പോകാനുള്ള ആവലാതി..മഴ ചുമ്മാ താണ്ഡവം ആടുന്ന നാട്ടു വഴികൾ ...മലയാളം എഴുതാനറിയാത്ത ഒന്നാം ക്ലാസുകാരന്റെ മനപ്രയാസം....ആ പാട്ടെനിക്ക് ഇന്നും ഇതൊക്കെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു...(ഇന്നലെ എന്ന ആ മൂവി ഓഡിയോ കാസ്റ്റിന്റെ പുറത്തുള്ള ചിത്രം ഇപ്പോളും ഓർമ്മയിൽ മങ്ങലേൽക്കാതെ ഇരിക്കുന്നു.)


1994 

"എന്റെ ഓർമ്മയിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ"... പല്ലവി കൾക്ക് അപ്പുറത്തേക്ക് വരികളുണ്ടെന്നും അത് ശ്രദ്ധിക്കുന്നത് നല്ലതാണെന്നും എനിക്കിടയ്ക് ബോധോദയം ഉണ്ടായി. മറ്റൊന്നും കൊണ്ടല്ല , കൂടെയുള്ളവർക്ക് അറിയാത്ത എന്തെങ്കിലുമൊന്ന് കൂടുതൽ അറിഞ്ഞിരിക്കണമെന്നുള്ള അഹന്ത കൊണ്ടുണ്ടായതാണ് അത്...വെള്ള മന്താരം മാത്രം കണ്ട എനിക്കുണ്ടായ പാട്ടു സംബന്ധിയായ ആദ്യത്തെ സംശയം ആയിരുന്നത്‌ . ഓർമ്മകളിൽ ആ പാട്ടിനു സ്‌കൂളിന്റെ ഗന്ധമാണ്...സിസ്റ്റേഴ്സന്റെ ചിരിയുടെ നിറമാണ്. ആ പാട്ടു കേട്ടാൽ ഗ്ലോറിയാമ്മ സിസ്റ്റർ മരിച്ചിട്ടില്ലെന്ന് എനിക്ക് വിശ്വാസം വരും. അവരുടെ ചിരി കാണുമ്പോൾ ആണ് നന്മ എന്ന വാക്കിന്റെ അർത്ഥം എനിക്ക് മനസ്സിലായത് .....

1995 

"പാതിരാവായി നേരം പനിനീർ കുളിരമ്പിളി "...വേദന ആണ് ആ പാട്ടെനിക്കിന്നും... വേനലവധിക്ക് സ്‌കൂൾ അടച്ച ദിവസം , ക്രിക്കറ്റ് കളിച്ചു വീണു  കൈ മുട്ടിന്റെ കുഴ തെറ്റി അത് ചികിൽസിക്കാൻ ചെന്ന വീട്ടിൽ സന്ധ്യക്ക്‌ റേഡിയോ പാടുന്നു... എന്നെ ചികിൽസിച്ചു ഭേദമാക്കിയ ആ അമ്മയ്ക്ക് പിന്നീടെന്നോ ഓർമ്മകൾ പിടി കൊടുക്കാതായെന്നും അവർക്ക് 101 ആം വയസ്സിലും ഓർമ്മകൾ അന്വേഷിച്ചു പ്രവിത്താനം കവലയ്ക്ക് നടന്നു പോകുന്നതും ആ പാട്ടിൻറെ തീപ്പെട്ടി കൂട്ടിലുണ്ട്.

ഇങ്ങനെ എഴുതി പോയാൽ എനിക്കിതു അവസാനിപ്പിക്കാനാവില്ല...ഹോസ്റ്റൽ റൂമിനെ കുറിച്ചുള്ള എന്റെ ഏറ്റവും മികച്ച ഓർമ്മകളിൽ ഒന്ന് ആർദ്രമീ ധനുമാസ രാവുകളിൽ ഒന്നിൽ കേട്ടതാണെന്നു എനിക്കുറപ്പാണ്.അതിനു കൂട്ട് നിന്ന കൂട്ടുകാരൻ whatsapp ഇൽ , "നിന്റെ അഴകിലെ അഗ്നി രേഖയിൽ " എന്ന് ഹരിഹരൻ ഇന്ദ്രജാലം കാണിക്കുന്നത് ദുബായിൽ നിന്ന് കേട്ടിട്ട് മെസ്സേജ് ചെയ്യുമ്പോൾ...അവനോടൊത്തു , കടം മേടിച്ച ടേപ്പ് റെക്കോർഡറും ജി വേണുഗോപാലിന്റെ ശബ്ദവും കോളേജ് ഉം canning ടെക്നോളജി പഠിച്ച നോട്ട് ബുക്കും ഓർമ്മ വരും ...പഠിച്ച കോളേജ് ഇൽ  പത്തു മാസക്കാലം പഠിപ്പിച്ചിട്ടു പടിയിറങ്ങിയ ദിവസം വൈറ്റില ഹബ്ബിൽ നിന്ന് കയറിയ പാലാ യ്ക്കുള്ള ബസ് ഇൽ ആദ്യം കേട്ട പാട്ടു ..."ഇനിയെതു  ജന്മം കാണും നമ്മൾ"...കരഞ്ഞു പോയി ...

അങ്ങനെ എത്രയെത്ര പാട്ടുകൾ ..ചെങ്ങന്നൂർ സെഞ്ച്വറി ഹോസ്പിറ്റലിന്റെ കൌണ്ടർ ഇൽ ഏതോ മരുന്നിനു പണമടയ്ക്കാൻ കത്ത് നിന്ന വരിയിൽ മുൻപിൽ നിന്ന ആളുടെ റിങ്ടോൺ " തുമ്പീ വാ തുമ്പ കുടത്തിൻ "....നാണിയെ ആദ്യമായി കണ്ട ദിവസത്തിന്റെ ഓർമ്മയ്ക്കിന്നും ഇളയരാജയുടെ ഈ പാട്ടിന്റെ ഈണമാണ്....


കലകളിൽ വെച്ച് ഏറ്റവും മികച്ചത് സംഗീതം ആണെന്നൊക്കെ പറഞ്ഞു ഗുമ്മുണ്ടാക്കാതെ തന്നെ പാട്ട് എന്ന് പറഞ്ഞത് മനപൂർവ്വമാണ്. കാരണം പാട്ടുകൾ , പാട്ടുകളാണല്ലോ ....ഒരകമ്പടിയും ഇല്ലാതെ തന്നെ അവർക്കു രാജ പ്രൗഢി ഉണ്ടെന്നാർക്കാണ് അറിയാത്തതു അല്ലെ .....? 

നോട്ട് : 

ക്ളീഷേ ആയാലും വേണ്ടില്ല പറയാതെ വയ്യ ..അടുത്ത ജന്മം എന്താകണമെന്നു ചോദിച്ചാൽ എനിക്കൊറ്റ ഉത്തരമേ ഉള്ളു ...എനിക്കൊരു പാട്ടായാൽ മതി... നിനക്കൊരിക്കലും മടുക്കാത്തൊരു പാട്ട്.....

No comments:

Post a Comment