Thursday, January 20, 2022

കടലിരമ്പുന്നു ...

 കടലിരമ്പുന്നു  എന്ന് ഇംഗ്ലീഷിൽ എഴുതുമ്പോൾ അതിനുള്ളിൽ വിളിപ്പേരു മറഞ്ഞു കിടപ്പുണ്ടെന്ന കണ്ടുപിടുത്തം (kadalirAMBUnnu ) പതിനാറാം വയസ്സിൽ എനിക്കുണ്ടാക്കിയ ആത്മവിശ്വാസം (അഹങ്കാരം എന്നും വിളിക്കാം ) ചെറുതല്ലായിരുന്നു. കൂടല്ലൂർ ഉണ്ടായിരുന്ന പഴയ വാസു ലോകമറിയുന്ന എഴുത്തുകാരനായതു പോലെ , വൈക്കത്തുള്ള ബഷീർ ഇക്ക പ്രതിഭാസം ആയി മാറിയത് പോലെ , ഖസാക്കിലെ രവിയെ സൃഷ്ടിച്ച വിജയനെന്ന ദൈവത്തെ പോലെ ...പോലെ.....


സ്വപ്നം എന്ന് വിളിക്കാവുന്ന എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അതിനെല്ലാം ഒരു ആമുഖമേ ഉണ്ടായിരുന്നുള്ളു അതാണിപ്പോ പറഞ്ഞത്. അവരെ പോലെ...


വാക്കുകളോളം ഭ്രമിപ്പിച്ചിട്ടുള്ളത്...ത്രസിപ്പിച്ചിട്ടുള്ളത് ...കൊതിപ്പിച്ചിട്ടുള്ളത്...ഒന്നുമില്ല ...ഒന്നുമേയില്ല...സൗഹ്രദവും സ്നേഹവും പോലും അത്രയ്ക്ക് ലഹരി ആയിട്ടില്ല എന്നതാണ് സത്യം.... വാക്കാണ് സത്യം എന്നുള്ളത് മൊയ്തീൻ കാഞ്ചനമാലയോട് പറഞ്ഞത് കേട്ട് കോരിത്തരിക്കും മുൻപ് ....ഒരുപാടു മുൻപ്...വാക്കുകൾ കൊണ്ട് കോരിത്തരിച്ച നിമിഷങ്ങളുണ്ട് . അത് സൃഷ്ടിച്ചവരോടുള്ള നിറഞ്ഞ ബഹുമാനവും...


അങ്ങനെ ആണ് മംഗലശ്ശേരി നീലകണ്ഠനെക്കാൾ ഭാനുമതിയെക്കാൾ എനിക്ക് അത് സൃഷ്ടിച്ച ആളോട് സ്നേഹം തോന്നുന്നത്...അങ്ങനെ ആണ് ചതിക്കാത്ത , ചതിയൻ ചന്തുവിനേക്കാൾ, സേതു മാധവനെക്കാൾ, ബാലൻ മാഷിനേക്കാൾ , മേലേടത്തു രാഘവൻ നായരെക്കാൾ , ആടുതോമയെക്കാൾ , അച്ചൂട്ടിയെക്കാൾ , മാത്തുകുട്ടിയേക്കാൾ ഒക്കെ സ്നേഹം അത് സൃഷ്ഠിച്ചവരോടാണ്. അതുണ്ട്.ആ പക്ഷപാതം എന്ന് മുതലോ മനസ്സിലുണ്ട്.


ദൃശ്യം എന്ന സിനിമയിൽ ഏറ്റവും കൂടുതൽ മനസ്സിൽ നിൽക്കുന്ന വാചകം " ബുദ്ധിയുള്ളവർക്ക് പത്രം വായിക്കേണ്ട " എന്നതാണ്...അത് കേട്ട നിമിഷം ഒരുപാടു കാര്യങ്ങൾ വാരി വരിയായി വന്നിട്ടുണ്ട്. അതിലൊന്ന് ഇതാണ്...നിങ്ങൾ ഖസാക്ക് വായിച്ചിട്ടുണ്ടെകിൽ ...വായിക്കേണ്ട രീതിയിൽ വായിച്ചിട്ടുണ്ടെങ്കിൽ , ലോകോത്തരമായ മറ്റൊന്നും വായിച്ചിട്ടില്ലെങ്കിലും,  അതോർത്തു നിങ്ങൾ പശ്ചാത്തപിക്കേണ്ടതില്ല . 


വാക്കുകൾ നിരത്തി വെച്ചുണ്ടാക്കുന്ന ഒരു പ്രപഞ്ചമുണ്ട്. അത് നിരത്തി വെച്ച് കളിയ്ക്കാൻ ഒരു തഞ്ചം വേണം അതുള്ളവൻ വാക്കിന്റെ ദേവതക്കു കാമുകനായിരിക്കും. അവളെന്തും കൊടുക്കും ....അങ്ങനെയൊരു കാമുകനാണ് ബാലചന്ദ്രൻ ..അതുകൊണ്ടാണ് എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങി മരിച്ച വഴിയമ്പലങ്ങളിൽ എന്ന് എഴുതി വെയ്ക്കാൻ കഴിഞ്ഞത്. അങ്ങനെ എത്രയോ പേർ ..പക്ഷെ ചിലരുണ്ട് ...ബാലചന്ദ്രനെ പോലെ ചിലർ ..അവരെ മറക്കണമെങ്കിൽ "ഞാൻ എന്നെത്തന്നെ മറക്കണം അല്ലെങ്കിൽ ഞാൻ മരിക്കണം.(ദീദി ദാമോദരൻ , ഗുൽമോഹർ)

വെള്ളപ്പൊക്കം കഴിഞ്ഞിട്ടുള്ള തൊട്ടടുത്ത ദിവസം പാലായിൽ നിന്ന് ഡ്രൈവ് ചെയ്തു തിരുവനന്തപുരം എത്താൻ ഒൻപതു മണിക്കൂർ സമയം എടുത്തു. കൈകൾ തളർന്നു പോയ ആ ദിവസം , സ്ഥലമെത്തി , കാർ നിർത്തി ഇറങ്ങുമ്പോൾ " കനലുകൾ കോരി മരവിച്ച കൈകൾ, നിന്നെ തലോടി ശമിക്കുവാൻ (റഫീഖ് അഹമ്മദ് : മരണമെത്തുന്ന നേരം ) മനസ്സിൽ ഓടി വന്നിട്ടുണ്ട്.

പണ്ടൊരിക്കൽ രാമനാഥപുരം കഴിഞ്ഞു മണ്ഡപം ക്യാമ്പ് എത്തുന്നതിനു മുൻപുള്ള ഒരു വിജനത...കാർ  ടയർ പഞ്ചറായി കിടക്കുന്നു സമയം രാത്രി വൈകിയിരുന്നു...ആ വെപ്രാളത്തിനിടയിലും രണ്ടു വരികൾ എന്റെ ഉള്ളിൽക്കിടന്നു എന്നെ നോക്കി കൊഞ്ഞനം കുത്തി ചിരിക്കുന്നത് കണ്ടു ഞാൻ തന്നെ അന്ധാളിച്ചു : രാവിന്നു മുൻപേ കനൽ കാട് താണ്ടാം ..നോവിന്റെ ശൂലമുന മുകളിൽ കരേറാം (മധു സൂധനൻ നായർ, അഗസ്ത്യ ഹൃദയം) . 

വാക്കുകൾ കൊണ്ടൂട്ടി വളർത്തി വലുതാക്കിയ സൗഹ്രദങ്ങൾ ആണ് ഉള്ളതെല്ലാം. ഓർത്തു നോക്കുമ്പോൾ എല്ലാം ശരിയാണ്. വാക്കിനാൽ നട്ടു വളർത്താനാവാത്ത സ്നേഹങ്ങളൊന്നും എന്റെ മനസ്സിന്റെ ഉമ്മറപ്പടിയിൽ എന്നല്ല പിന്നാമ്പുറത്തു പോലുമില്ല. മനസ്സിന്റെ ഉമ്മറത്ത് ചാരുകസേരയിട്ടിരിക്കുന്ന വിരലിൽ എണ്ണാവുന്ന സൗഹൃദങ്ങളൊക്കെയും വാക്കിന്റെ ഉള്ളിലെ സോമരസം എന്നോടൊത്തു പങ്കിട്ടു ലഹരി പിടിച്ചവർ മാത്രമാണ്. അവർക്കു മാത്രേ കസേര കൊടുക്കാൻ ആകുന്നുള്ളു ...അവരാണ് ഇത് വായിക്കുന്നത്...അക്ഷരങ്ങളുടെ പേരിൽ, കയ്യൊപ്പിലെ ബാലചന്ദ്രനാണ് എല്ലാക്കാലത്തും പ്രതീക്ഷ...സമാധാനം...മറ്റൊന്നും കൊണ്ടല്ല ,നൂറു കണക്കിന് ബാലചന്ദ്രൻ മാരുള്ള ഈ ഭൂമിയിൽ, ബാലചന്ദ്രൻ പോലുമല്ലാത്ത എന്നെ നീ കേൾക്കുന്നു എന്നുള്ളതാണ് എന്റെ സമാധാനം...എന്റെ പ്രതീക്ഷ..എന്റെ സ്നേഹം....എന്റെ നിറവ്....എന്റെ എന്റെ.  

നോട്ട്: അവസാന വാചകത്തിനൊരു സാമ്യം ഉണ്ട് ...അത് മനഃപൂർവമാണ് . വാക്കിന്റെ കുലപതിയോടുള്ള നമസ്കാരം. (എന്റെ മോഹം എന്റെ ധ്യാനം എന്റെ രക്തത്തിൽ  എന്റെ ഞരമ്പുകളിൽ പതിമൂന്നാം  വയസ്സ് മുതൽ പടർന്നു കയറിയ ഉന്മാദം ":- വടക്കൻ വീരഗാഥ , എം.ടി )

1 comment: