മഴയാണ് ! നല്ല മഴ !! വിജയൻ പറഞ്ഞത് പോലെ , ഖസാക്കിലെ രവി കണ്ട വെളുത്ത മഴ !!!
മുൻപ് വായിച്ചെങ്കിലും ഖസാക്ക് ശരിക്കു വായിക്കുന്നത് 2002 ഇൽ ഒരു പെരുമഴയത്താണ് . പത്താം ക്ലാസ്സിലെ റിസൾട്ട് വന്നിട്ടുള്ള കാലം. പ്ലസ് വൺ അഡ്മിഷൻ ഏകദേശം ശരിയായിരുന്നു. ക്ലാസുകൾ തുടങ്ങാൻ ആ വർഷം ജൂലൈ അവസാനം ആയെന്നാണ് ഓർമ്മ പ്രത്യേകിച്ച് യാതൊരു ബാധ്യതയുമില്ലാത്ത കാലം . രാപ്പകലുകൾ മൊത്തമായും ചില്ലറയായും സിനിമകളും പുസ്തകങ്ങളും വീതം വെച്ച കാലം. അക്കാലത്തു ഞാൻ വിചാരിച്ചിരുന്നത് ഞാനൊരു എഴുത്തുകാരൻ ആകുമെന്നാണ് ..കുറഞ്ഞപക്ഷം ഒരു ജേർണലിസ്റ്റ് എങ്കിലും ആകുമെന്നാണ് . എന്റെ മലയാളം എന്റെ പ്രതീക്ഷയായിരുന്ന കാലം .
സിനിമകൾ കാണാപാഠം ആകുന്നത് വരെ കാണും. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ കാണുന്നതും ഒരു പെരുമഴയത്താണ് , സോളമൻ ലോറി ഓടിച്ചു വീട്ടിൽ വരുന്ന ആദ്യത്തെ സീൻ തന്നെ എന്റെ മനസ്സിൽ തൊട്ടു . അത്രയും വൃത്തിയായി ഷൂട്ട് ചെയ്ത ഒരു "രാത്രി " അപൂർവ്വമായേ ഞാൻ കണ്ടിരുന്നുള്ളൂ. ആദ്യമായ് പദ്മരാജൻ എന്ന പേര് ഞാൻ ശ്രദ്ധിക്കുന്നത് ആ സിനിമ കണ്ടിട്ടാണ്. അതിന്റെ ഒരു കാരണം ആ കഥയുടെ ഒരു അന്തരീക്ഷ നിർമ്മിതി എനിക്ക് അത്രമേൽ വിശ്വസനീയം ആയിരുന്നു. അതിലെ സോളമനെ പോലെ എന്റെ അറിവിൽ ഉണ്ടായിരുന്ന ഒരാൾ എന്റെ കൊച്ചച്ചൻ ആയിരുന്നു. മോഹൻലാൽ എന്ന നടൻ തന്റെ സകല നടന വൈഭവങ്ങളും മലയാളികളെ കാണിച്ചു സ്തബ്ധരാക്കുന്ന ഒരു കാലം .. 1986 മുതൽ 2000 വരെ .. ആ ഒരു കാലഘട്ടം കോളേജ് ജീവിതം ആഘോഷിക്കാൻ ഭാഗ്യം ലഭിച്ച അപൂർവ്വം മനുഷ്യന്മാരിൽ ഒരാളായിരുന്നു കൊച്ചച്ചൻ .എനിക്ക് "ചിത്രം "" ദശരഥം " അങ്ങനെ പലതും ആദ്യമായി കഥയായി പറഞ്ഞു തന്ന ആൾ . VCR വാടകക്ക് എടുത്തു കൊണ്ട് വന്നു ഹിസ് ഹൈനെസ്സ് അബ്ദുള്ളയും , കിലുക്കവും ,കിരീടവും , നാടോടിക്കറ്റും വരവേല്പും തുടർച്ചയായി ഇട്ടു രാവും പകലും സിനിമ കണ്ടു തീർക്കാൻ എന്നെ പഠിപ്പിച്ച ഒരാൾ . (പിന്നീട് വർഷങ്ങൾക്ക് ശേഷം ഞാനും ജെസ്റ്റനും മുംബൈയിൽ വെച്ച് CIFE ഹോസ്റ്റൽ മുറിയിൽ ക്ലിന്റ് eastwood അഭിനയിച്ച 4 സിനിമകൾ ഒരു ഞായറാഴ്ച കൊണ്ട് കണ്ടു തീർത്ത ചരിത്രം ഉണ്ട് ).
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന എനിക്ക് ആറാം തമ്പുരാന്റെ കഥ പറഞ്ഞു തരുന്നത് ഒരു ശനിയാഴ്ച രാത്രി വൈകി ഞങ്ങൾ രണ്ടു പേരും കൂടി നിർണ്ണയം കണ്ടു പിരിയാൻ നേരമാണ് .സിനിമകളിൽ മുങ്ങിത്താഴ്ന്നു കിടന്ന കാലം . മറ്റൊന്നും അന്നാലോചിച്ചു പോലുമില്ല . എന്റെ എല്ലാ ആകുലതകളെയും ഞാൻ മറവികൾക്കു ഒറ്റി കൊടുത്ത കാലം . ആദ്യമായി തീയേറ്ററിൽ പോയി കണ്ട മോഹൻലാൽ സിനിമ ഉസ്താദ് ആണ് . പരമേശ്വരൻ ആയി അയാൾ ആടിത്തിമിർക്കുന്നത് ഞാൻ ഇപ്പോളും ഇടയ്ക്ക് യൂട്യൂബിൽ കാണും . പാലാ മഹാറാണിയിലെ എയർ ഫ്രഷ്‌നർ ഇപ്പോളും ഇരച്ചെത്തും ഓർമ്മകളിലേക്ക്. കൊച്ചച്ചൻ പരിചയപ്പെടുത്തി തന്ന കുറേ ബ്രാൻഡുകൾ ഉണ്ട് . അതിൽ സച്ചിൻ ഉണ്ട് , ലാറ ഉണ്ട് , ആംബ്രോസ് ഉണ്ട് വാൽഷ് ഉണ്ട് , ഫോക്സ് വാഗൻ ഉണ്ട് , പജീറോ ഉണ്ട് . വുഡ്ലാൻഡ് ഉണ്ട് . ബകാർഡി ഉണ്ട് , റോബർട്ടോ കാർലോസ് ഉണ്ട് , സ്റ്റെഫി ഗ്രാഫ് ഉണ്ട് ,ഷൂമാർക്കറും ഐ എം വിജയനും ഉണ്ട് . പിന്നെ മൈക്കൾ ജാക്സൺ ഉണ്ട് . മതിയല്ലോ ..ഒളിച്ചും പാത്തും ഞാൻ കണ്ടതും കേട്ടതും വായിച്ചതും ഇവരെ പറ്റിയായിരുന്നു,
കുറെ നാളുകൾക്കു ശേഷം ഞാൻ കഴിഞ്ഞ ആഴ്ച കൊച്ചച്ചനെ കണ്ടു . ഉസ്താദ് കണ്ട ആ 14 വയസ്സുകാരൻ എന്റെ ഉള്ളിൽ നിന്നിറങ്ങി പോയിട്ട് എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന ഈ കാലത്തു , ഞാൻ കൊച്ചച്ചന്റെ കാര്യം പരിതാപകരം ആകുമെന്ന ഊഹത്തിൽ ചെന്ന എന്നോട് ആദ്യത്തെ ചോദ്യം ഇങ്ങനെ ആണ് "രാജൻ കേസ് നിനക്കോർമ്മ വന്നോടാ തുടരും കണ്ടപ്പോൾ "!!!
No comments:
Post a Comment