Thursday, June 2, 2016

ചിലന്തി

ഞാൻ ഒരു പഴഞ്ചൻ ചിലന്തി....
പ്രണയ സ്വപ്‌നങ്ങൾ കൊണ്ട് വല നെയ്തു...
ആരും വീഴാത്ത വലയിലോടുവിൽ
സ്വയമേ കാൽ കുരുങ്ങി വീണു.
ചൂലില്ലാത്ത ഏതോ ഷാപ്പിനുള്ളിൽ,
ആരും കാണാത്ത മാറാല ഇന്ന് ഞാൻ.....

#സ്വപ്നങ്ങലോടൊപ്പം ചേർത്ത് അടക്കം ചെയ്യുമ്പോൾ ചിലന്തിയെ പിന്നെ മാറാല എന്ന് വിളിക്കാമല്ലൊ അല്ലെ...

Saturday, May 28, 2016

തിരക്ക് ......

ശനിയാഴ്ച്ചകളിൽ ഉറക്കമുണരുമ്പോൾ  കണ്മുമ്പിൽ അച്ച്ഛൻ; ഞായറാഴ്ച്ചകളിൽ ഉച്ചയുറക്കത്തിലെവിടെയോ നഷ്ടമാവുന്ന  അച്ഛൻ. അച്ഛണ് തിരക്കാണത്രേ...സത്യത്തിൽ  സ്വപ്ങ്ങളിലെ ഉണർച്ചകൾ ആണോ അതോ ഉറക്കങ്ങൾക്കിടയിലെ സ്വപ്നമായിരുന്നോ  അച്ഛൻ

Thursday, May 12, 2016

ചിലരെ കാണുമ്പോൾ

ഒട്ടുമേ നനയാതെ ഇരുന്നിട്ടും അയാളെ 
കണ്ടയുടനെ ഓര്മ്മ വന്നത് തുലാവര്ഷമാണ്.
ഇടയ്ക്കിടയ്ക്ക് അകത്തേയ്ക്ക്  ചോർന്നൊലിക്കുന്ന ഒരു പാവം തുലാ വര്ഷം.

ഒട്ടുമേ ചിരിക്കാതെ ഇരുന്നിട്ടും അവളെ 
കണ്ടയുടനെ ഓര്മ്മ വന്നത് ശനിയാഴ്ച്ചകളാണ്.
ഏഴാം നാൾ വിശ്രമിക്കനെന്നു ആശ്വസിക്കുന്ന 
ഒരു പാവം ശനിയാഴ്ച.

ഒട്ടുമേ തണുക്കാതെ ഇരുന്നിട്ടും അവനെ 
കണ്ടയുടനെ ഓര്മ്മ വന്നത് മകര മാസമാണ്.
നട്ടുച്ച ആയിട്ടും വിയര്കേണ്ടി വരാത്ത 
ഒരു പാവം മകരമാസം .

ഒട്ടുമേ അങ്ങനെ അല്ലാതിരുന്നിട്ടും നിന്നെ 
കണ്ടയുടനെ ഓര്മ്മ വന്നത് എന്നെ തന്നെയാണ്.
നിന്നെപോലെയല്ലല്ലോ ഞാനെന്നു വിശ്വസിച്ച 
ഒരു പാവം എന്നെത്തന്നെ.



Sunday, April 24, 2016

ചിരികളുടെ കഥ

 കോളേജ് ജീവിത കാലത്ത് തന്നെ ജിബ്രാനെയും റൂമിയെയും ഫ്രോയിടിനെയും നെരുദയെയും ജി. കൃഷ്ണമുര്തിയെയും ഓഷോ-യെയും പിന്നെ വേണമെങ്കിൽ ഖസാക്കും കുറേശെ അറിയാമായിരുന്നത്  (അല്ലെങ്കിൽ അങ്ങനെ ഒരു വിശ്വാസം എനിക്ക് ഉണ്ടായിരുന്നു) അക്കാലത്ത് അത്യാവശ്യം ഭേദപ്പെട്ട അഹങ്കാരം മനസ്സിലുണ്ടാക്കിയിരുന്നു, പുറത്തു കാണിച്ചില്ല എങ്കിൽ പോലും. കാരണം മൂക്കില്ലാത്ത രാജ്യത്തു അത് ധാരാളം ആണെന്ന് ഞാൻ കണ്ടെത്തിയിരുന്നു. അങ്ങനെ മനസ്സിന്റെ പ്രൊഗ്രീസ്സ് കാർഡ്‌ഇൽ കൂടെയുള്ള മിക്കവർക്കും ശരാശരിയിൽ താഴെ മാത്രം മാര്ക്കിട്ടു നടന്നിരുന്ന എന്റെ പോട്ടതരത്തിന് ഒരു ഒന്നാംതരം അടി കിട്ടി.
                      ശരാശരി മലയാളിയെ പോലെ തന്നെ ചുറ്റുമുള്ളവരുടെ കുറവുകൾ ചികഞ്ഞെടുക്കുന്ന സൗഹൃദ സദസ്സുകളിൽ ഒന്നിൽ വെച്ചു , വളരെ സൗമ്യമായി ഒരു പെൺകുട്ടി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു...Accept people as they are ....അത് കേട്ട് കഴിഞ്ഞു ഒരു സെക്കന്റ്‌ നേരം കഴിഞ്ഞു ഒന്നുടെ അത് കടന്നു പോയി. വളരെ ലളിതമായ ആ വാചകം പിന്നീടുള്ള ഒരു പാട് ദിവസങ്ങളിൽ ഒരുപാടു തവണ മനസ്സിൽ കയറി ഇറങ്ങി. ഓരോ തവണയും അർഥം മാറി. ആഴം മാറി. ഒടുവിൽ ആളു തന്നെ മാറേണ്ടി വന്നു. അതെ ആ അർഥങ്ങൾ ഉൾക്കൊള്ളാൻ മനസ്സിനു വയ്യതോടുവിൽ എനിക്കു തന്നെ മാറേണ്ടി വന്നു. കാലങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ഞാൻ കേട്ടിട്ടുള്ള ഏറ്റവും നല്ല ജീവിത ശാസ്ത്രം അത് തന്നെയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്‌. ഈയടുത്ത്  ഒരു അഭിമുഖ സംഭാഷണത്തിൽ ഷഹ്ബാശ് അമെൻ പറയുകയുണ്ടായി..ഓരോ സുഹൃത്തുക്കളിലേക്കും ഓരോരോ പാലങ്ങൾ  ആണുള്ളത്. അവ തമ്മിൽ ഒരിക്കലും സന്ധി ചെയ്യികതതാണ് നല്ലത്. ശരിയാണ്. ഒരാളിലെക്കുള്ള ഒരു പാലത്തില് കൂടി അയാളിലേക്ക് മാത്രം ....മാത്രമേ പോകാവു. അവിടെ മറ്റൊരാളുടെ എന്തെങ്കിലും പ്രതീക്ഷിച്ചാൽ അത് നമ്മുടെ മാത്രം തെറ്റാണ്.

വര്ഷങ്ങള്ക്ക് മുന്പ് ഇതെനിക്ക് പറഞ്ഞു തന്ന ആ സുഹൃത്തിന്റെ നഗരത്തിലാണ് ഞാൻ വീണ്ടും. ഇവിടെ ഈ നഗരത്തിൽ ഉണ്ടെന്നറിഞ്ഞ് പിറ്റേ ദിവസം രാവിലെ ..."ഞങ്ങൾ മൂന്നാളും ഇവിടെ വെളിയിൽ കാത്തു നില്ക്കുന്നു "എന്നു പറഞ്ഞ സാഹോദര്യം എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല. കാരണം അവർക്കെ അത് സാധിക്കൂ. അവര്ക്ക് മാത്രം.
          എന്റെതടക്കം ഒരുപാടു പേരുടെ പഴയ ചിരികൾ കളഞ്ഞു പോയത് ഞാൻ കണ്ടിട്ടുണ്ട്. ചിലരെ ചിരിപ്പിക്കാനായി ശ്രമിച്ചു കരഞ്ഞു പോയിട്ടുമുണ്ട്. പക്ഷെ....അതൊന്നുമില്ലാതെ ഇത്ര മനോഹരമായി ഇത്ര ആത്മാര്ധമായി ഇത്ര ഒരുമയോടെ ചിരിക്കുന്ന ഭാര്യ-ഭർതാകന്മരെ ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടേയില്ല.സത്യം. മഴയെത്തു കൂട്ട് വേണ്ട. യാത്രക്കും വേണ്ട. പക്ഷെ ചിരിക്കാൻ കൂട്ട് വേണം. അതൊരു സുഖമാണ്. ആളുകളെ തരംതിരിവുകളില്ലാതെ നോക്കി കാണാൻ പഠിപ്പിച്ച അവൾക്കു കാലം ഇതിൽ കൂടുതൽ എന്താണ് നല്കേണ്ടത്...അവളെക്കാൾ മനോഹരമായി ചിരിക്കുന്ന ഒരു മറുപാതിയെ അല്ലാതെ.....

സമർപ്പണം:- whatsappil ഒരു സന്ദേശം അയക്കാനായി നിങ്ങളുടെ കോണ്ടക്ട്സ് നോക്കിയാൽ പോലും എനിക്കു കേൾക്കനാവുന്നതു നിങ്ങളുടെ നിലക്കാത്ത ചിരികളാണ്. ആ ചിരികളുടെ വലിയ സൗഹൃദത്തിനു നന്ദി പറയുന്നില്ല .... അജിത്തും ധന്യക്കും കണ്ണനുന്നിക്കും സമര്പ്പണം.

Thursday, April 14, 2016

ചാരം

പിന്നിലേയ്ക്ക് ഇടയ്ക്കിടക്ക് തിരിഞ്ഞു നോക്കി വേണം പോകാൻ എന്ന് ശാട്ട്യമുണ്ടാരുന്നു ഒരു കാലത്ത്. പിന്നിൽ നോക്കി നോക്കി മുന്പിലുള്ള കുഴിയിൽ വീണാലും ദെണ്ണം ഇല്ലാന്ന് വിചാരിച്ചു .അക്കാലങ്ങളിൽ ഒന്നിൽ ഞാനും അവനും ചേർന്ന് കക്കാടിനെ കേള്ക്കുകയാണ്...സഭലമീ യാത്ര...കേട്ടുകഴിഞ്ഞു ഒരു നിമിഴത്തെ ഇടവേളക്കു ശേഷം പരസ്പരം പറഞ്ഞു " അപ്പോൾ ആരെന്നും എന്തെന്നും ആര്ക്കറിയാം "..ആ ഒരു സന്തോഷം മറക്കാൻ വയ്യ. അമ്മയെ കാണാൻ കൊല്ലൂർ പോകണമെന്നും ശിവനെ അറിയാൻ കൈലാസം പോകണമെന്നും അഗസ്ത്യനെ കാണാൻ നോവിന്റെ ശുല മുന മുകളിൽ പോകണമെന്നും ജെറുസലേമിൽ പോയി ആ വിപ്ലവകാരിക്ക് സലാം വെയ്ക്കണമെന്നും കണക്കു കൂട്ടി...കണക്കു കൂട്ടലുകൾ തെറ്റാതിരിക്കാൻ ഇതൊന്നും നടക്കില്ലെന്നു ഇടക്കിടക്ക്‌ പറഞ്ഞു കാലത്തിന്റെ കണ്ണില പൊടിയിടാൻ ശ്രമിച്ചു... ഈയടുത്ത് കടലുകൾക്ക് അപ്പുറത്ത് നിന്ന് വിളിച് അവൻ ചൊല്ലി...
"കൈതവം കോലങ്ങൾ കെട്ടുന്ന രാത്രികൾ 
ആയില്യം കാവിലെ തോറ്റങ്ങൾ രാത്രികൾ..
അച്ഛനും അമ്മയ്ക്കും ഉണ്ണികൾ രാത്രികൾ.."
ബാക്കി ചൊല്ലാൻ പറഞ്ഞു. 
ബാക്കിയുള്ള വരികൾ നാവിൻ തുംബിലെക്കിറങ്ങി വരാതെ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് കണ്ടു സത്യമായും ഞാൻ നടുങ്ങി പോയി.അവൻ പറഞ്ഞു... എങ്ങും പോകണ്ട, വിസ തീരും മുന്പ് ഒന്നുടെ ആലപ്പുഴ വരെയെങ്കിലും പോകണം. ചില്ലറ ചളി ഒക്കെ അടിച് അപ്പോൾ  രക്ഷപെട്ടു ... സുഭാഷ്‌ ചന്ദ്രന്റെ വരികൽ ഓര്മ്മ വന്നു."  എല്ലാം ചാരമായ് മാറുകയാണല്ലോ, ജീവിച്ചിരിക്കെ തന്നെ അച്ഛന്റെ ഈ മകനും ചാരമായിതീരുന്ന കാലവും വന്നല്ലോ.. അന്ന് രാത്രി , പ്രയാസപ്പെട്ടു കയറി വന്ന പടിക്കെട്ടുകളെല്ലാം ഒരു പെരുമഴയത് കുത്തി ഒലിച്ചു പോകുന്നത് കണ്ടു അന്തം വിട്ടു നില്ക്കുന്ന ഒരു പാവം കുട്ടിയെ ഞാൻ സ്വപ്നം കണ്ടു .മാറ്റല്ലേ ദൈവങ്ങളെ...കോപ്രായം കാണിക്കാൻ...കൊഞ്ഞനം കുത്താൻ.. വളിപ്പടിക്കാൻ...ചുമ്മാ കള്ളം പറഞ്ഞു പേടിപ്പിക്കാൻ....കണ്ണ് നിറഞ്ഞു ചിരിക്കാൻ...ഒന്നും മാറ്റല്ലെ...
കുഴിയിൽ വീണാൽ അതൊരു കുഴിയനെന്നും അതിന്റെ പേരിൽ നഷ്ടപ്പെട്ട സമയതെക്കുരിചും ലാഭ നഷ്ടങ്ങളെ പറ്റിയും മനസ്സിലാക്കാൻ കെല്പില്ലാത്ത ഒരു ചെറിയ പൊട്ടൻ ആകാൻ മനസ്സിന് കെല്പ് ഉണ്ടായാൽ മതിയാരുന്നു.നഷ്ടപ്പെട്ട ചിരികൾ തിരികെ കിട്ടാൻ പ്രയാസമാണ് , ബാകിയുള്ളത് എങ്കിലും നഷ്ടപെടാതെ നോക്കാം 

Sunday, March 27, 2016

ഉറുമ്പുകൾ

അന്യദേശം. രോഗമാണ് അവസ്ഥ.  നമ്മളിങ്ങനെ കിടക്കുകയാണ്. മയക്കത്തിലാണ് ...കാണുന്നത് ഉറുമ്പുകളെ ആണ്. ഒരു ചത്ത ഉറുമ്പിനെ കുറെ ഉറുമ്പുകൾ ചേർന്ന് താങ്ങി എടുത്തു  പോകുന്നു. ചത്ത ഉറുമ്പിന്റെ മനസ്സ് പക്ഷെ എന്നോട് സംസാരിക്കുന്നു. ....ഞെട്ടി എണീറ്റ്‌ കട്ടിലിൽ എണീറ്റിരുന്നു.  ഫോൺ എടുത്തു വീട്ടിലുള്ള ...നാട്ടിലുള്ള ...സംസാരിക്കാൻ പറ്റുന്നവരോടോക്കെയും സംസാരിച്ചു. സ്വല്പം മനസ്സമാധാനം കിട്ടിയെന്നു മനസ്സിലായപ്പോൾ രോഗങ്ങളെ പറ്റി ആലോചിച്ചു.....നിസ്സഹായതയുടെ മറ്റൊരു പേരാണ് രോഗങ്ങളെന്നു തോന്നി....മനുഷ്യൻ ഒരു സമൂഹ ജീവിയാണെന്നും അങ്ങനെ ആയിരിക്കെണ്ടാതിന്റെ ആവശ്യ കഥയേയും പറ്റി വര്ഷങ്ങള്ക്ക് മുംബ് ഒരു ടീച്ചർ പഠിപ്പിച്ചതിന്റെ ശരിയായ അർഥം അന്നു ആ നിമിഷം ആ പനിച്ചടവോടെ ഇരുന്ന എന്റെ തലയിൽ ചെറുതായി മിന്നി. സഹായം ഇല്ലാത്ത-നിസ്സഹായതയുടെ -നിമിഴങ്ങളിലാണ് ബന്ധങ്ങൾ ചിലതൊക്കെ ഉണ്ടാകുന്നത്.ചിലതൊക്കെ തിരിച്ചറിയുന്നതും -ചിലതൊക്കെ നഷ്ട്ടപ്പെടുന്നതും.

- അമ്മയില്ലാത്ത ഒരു പെണ്കുട്ടിക്ക് ഒരു പനി പോലും വരാൻ പാടില്ല എന്നു മുകളിലെ ടീം നോട് പറ്റുവാണേൽ പറയണം എന്നു ആഗ്രഹിച്ച ഒരു കൂട്ടുകാരി ഉണ്ടെനിക്ക് . അവളോട്‌ ബഹുമാനമാണ്.  അതു സത്യം മാത്രമാണ്. അനാഥത്വം എന്നതിന് അനുതാപം ആവശ്യമില്ല കാരണം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മളെല്ലാം അതൊക്കെ തന്നെയാണ്. പക്ഷെ നിസ്സഹായത അതല്ല...അനാഥത്വത്തിന്റെ ആഴങ്ങളിൽ പോലും സ്വന്തം അസ്തിത്വത്തിന്റെ ഒരു ചെറിയ തോണി നമുക്ക് സ്വന്തമായുണ്ടാവും പക്ഷെ നിസ്സഹായതയുടെ വലിയ കണ്ണീർ തുള്ളികളിൽ നാം സ്വയം നഷ്ട്ടപ്പെടും അല്ലേൽ നമ്മളെ കടലെടുതപോലെയായിതീരും .
"എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് " അയ്യപ്പൻറെ ആ കവിതയുടെ തലക്കെട്ടു മാത്രം മതി. എല്ല്ലാം ആയിട്ടുണ്ട്.

രോഗങ്ങളില്ലാത്ത ജീവിതങ്ങളെ പറ്റി മാത്രം മാത്രം  പ്രാർധിക്കുന്ന എല്ലാവരെയും മനസ്സിൽ നമിച്ചു കൊണ്ടു ....ജീവിതത്തിന്റെ വലിയ വലിയ ആക്സ്മികതകളിൽ അത്ഭുതങ്ങളിൽ ഞെട്ടലുകളിൽ ഒന്നും രോഗങ്ങളുടെ പേരുകൾ കടന്നു വരതെയിരിക്കട്ടെ. അഥവാ എന്തേലും കണക്കുകൾ പിഴച്ചാലും സ്വപ്നങ്ങളിൽ പോലും നിന്റെയും എന്റെയും കൈപിടിക്കാൻ നമുക്ക് പരസ്പരം ആകട്ടെയെന്നു മാത്രം ആശിച്ചു കൊണ്ട്....


നന്ദി 

Thursday, March 3, 2016

കത്ത്

പ്രിയപ്പെട്ട നാണിമോൾക്ക്..
മോൾക്ക്‌ സുഖമാണെന്നു വിശ്വസിക്കാൻ ആണെനിക്ക്‌ എന്നും ഇഷ്ടം. അങ്ങനെ ആയിരിക്കട്ടെയെന്നു പ്രാർഥിക്കുന്നു.
നേരിട്ടു കാണാൻ കഴിയാത്തതിനാലും കുറച്ചു കാര്യങ്ങൾ പറഞ്ഞെ തീരു എന്നുള്ളതിനാലും ആണ് മോൾക്ക്‌ അച്ഛൻ ഈ കത്തെഴുതുന്നത്....
ഞെക്കി നോവിക്കുന്നതിന്റെ പേരിൽ കരയുന്ന പാവകൾ നമുക്ക് വേണ്ട. അതിന്റെ പേരിൽ കിട്ടുന്ന സന്തോഷവും നമുക്ക് വേണ്ട. ചിരികൾ കണ്ടു ചിരിക്കാനും  കണ്ണീർ കണ്ടാൽ കരയാനുമുള്ള ഒരു മനസ്സ് മോള്ക്കുണ്ടാവട്ടെ...
പാറി പറന്നു കളിച്ച പാവം തുമ്പികളുടെ വാലിൽ നൂല് കെട്ടി കളിക്കാനുള്ള ബോധം നമുക്ക് വേണ്ട മോളെ. നമുക്കും പാറി പറക്കാനുള്ള വലിയ ആകാശങ്ങളെ പറ്റി മോള്ക് ചിന്തിക്കാൻ കഴിയട്ടെ.
ചിരിച്ചു നിന്ന പൂവുകളുടെ കഴുത്തറുത്തു മുടിയിൽ ചൂടുവാനുള്ള സൗന്ദര്യ ബോധവും നമുക്ക്‌ വേണ്ട. ആ ചിരികൾ കണ്ടു ഉണരാനുള്ള മനോഹരമായ പ്രഭാതങ്ങളെ പറ്റി ചിന്തിക്കാം നമുക്ക്‌
ഒരു കാര്യം കൂടി പറഞ്ഞു കത്ത്  ചുരുക്കട്ടെ...
മരം കയറാൻ സമ്മതിക്കാത്ത...  മതിലു  ചാടാൻ സമ്മതിക്കാത്ത...'വേണ്ട' എന്ന് പറയാൻ പോലും സമ്മതിക്കാത്ത ഒരു അച്ഛനും അമ്മയും ആകാതിരിക്കാൻ ഞങ്ങളും ശ്രമിക്കാമെന്നു മോൾക്ക്‌ വാക്ക് തന്നു കൊണ്ട് നിർത്തട്ടെ
ഏറ്റവും ഏറ്റവും സ്നേഹത്തോടെ...
അച്ഛൻ

കടപ്പാട് :  .കവി   അയ്യപ്പൻ