ജന്മ ദേശം ഒരു സ്ഥലം മാത്രമല്ല , ഒരു മാനസികാവസ്ഥ കൂടിയാണ് - ദാർവീഷ് പറഞ്ഞതാണ് !
എന്ന് മുതൽക്കോ പ്രവാസത്തിലാണ് . പതിനേഴാം വയസ്സിൽ എടുത്തു ചാടിയതാണ് പ്രവാസത്തിന്റെ നടുക്കടലിൽ. കര പറ്റാൻ വേണ്ടി പോലുമല്ല അന്നങ്ങനെ ചെയ്തത് , എന്തിനോ വേണ്ടി ചെയ്തു ! 23 വർഷങ്ങൾക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോൾ അണയെണ്ട തീരം, തുടങ്ങിയടത്തു തന്നെ ആണെന്ന് തിരിച്ചറിവുണ്ടാകുന്നു .
കടൽ കേട്ടറിവ് മാത്രമായ കുന്നും മലകളും ആവോളം ഉണ്ടായിരുന്നൊരു ബാല്യം. അവിടെ നിന്നാണ് ഓട്ടം തുടങ്ങിയത്. സമയം ആയിരുന്നു എല്ലാം ! അങ്ങനെയാണ് പഠിപ്പിച്ചതും പഠിച്ചതും സമയത്തു തീർക്കണം സർവ്വതും. സമയത്തു തീർത്താൽ സർവ്വ നരകങ്ങളും നിനക്ക് ഒഴിവു തരും !! അങ്ങനെയാണ് പഠിപ്പിച്ചത് . പഠിപ്പിച്ചതിനേക്കാൾ ആഴത്തിൽ ഞാൻ പഠിച്ചു പോയെന്നു പലരും ഈ കാലത്തിനിടയിൽ പറഞ്ഞു.- "അവനെല്ലാത്തിനും ധൃതിയാണ് "
" കുറച്ചൊന്നു ഇരിക്കെടാ എന്നിട്ട് പോകാം "
"വന്നു കേറിയില്ല അതിനു മുൻപ് പോകണം അല്ലെ "
"ഒന്ന് ചവച്ചു കഴിക്കു , തൊണ്ടയിൽ കുടുങ്ങും ഇങ്ങനെ കഴിച്ചാൽ "
"കടയിലേക്ക് വരണ്ട ദയവു ചെയ്ത് വണ്ടിയിൽ ഇരുന്നാൽ മതി "
" ഒരഞ്ചു മിനിറ്റ് അല്ലെ ലേറ്റ് ആയത് , അതിനു ഇത്ര ഷോ ഇറക്കണ്ട കാര്യമൊന്നുമില്ല "
അങ്ങനെ അങ്ങനെ നിരവധി !!
സമയത്തു തീർക്കാൻ എന്തൊക്കെയോ ഉണ്ടെന്നെപ്പോളും , ഏതുറക്കത്തിലും തോന്നിത്തുടങ്ങിയ കാലത്തു പലതും ഞാനറിയാതെ എന്റെ ഘടികാരത്തിനിടയിലൂടെ ഊർന്നിറങ്ങി പോയത് ഞാനറിഞ്ഞേയില്ല. 2004 ലാണ് പാലാ വിടുന്നത് !!!
ഒരുപാടു മനുഷ്യരെ കണ്ടു , മനുഷ്യരെന്നു പേരുള്ളവരെ കണ്ടു , സ്ഥലങ്ങൾ കണ്ടു , മണങ്ങൾ അറിഞ്ഞു , വിമാനങ്ങളും കപ്പലുകളും ട്രെയിനുകളും മാറി മാറി കയറി , കടലു കണക്കെ കടലു കണ്ടു !!!
പക്ഷെ എന്നിട്ടിപ്പോളും , ഇന്നും , "പുലരാൻ തുടങ്ങുമൊരു രാത്രിയിൽ " എന്ന് തുടങ്ങുന്ന പുത്തഞ്ചേരി വരികൾ കേട്ടാൽ പാലാ കുരിശു പള്ളിയും ക്രിസ്തു മസ്സും വേഴങ്ങാനം അമ്പലവും പുറക്കാട്ടു വീടും പന്നിയിറച്ചിയും ഉണക്കു കപ്പയും മാത്രമേ മനസ്സിൽ വരുന്നുള്ളു , സത്യമായും. ഇനിയെത്ര കാലം കഴിഞ്ഞാലും മറ്റൊന്നും വരാനുമില്ല .
കാപ്പി പൂക്കുന്ന തൊടികൾ , ചക്കയും കപ്പയും ചേമ്പും ചേനയും കൈതച്ചക്കയും അടുക്കളപ്പുറത്തു നിറഞ്ഞൊരു വീട് , റബ്ബർ ഷീറ്റ് മണക്കുന്ന മുറ്റം , ഓവ് വിജയൻ തൊട്ടു പവിത്രൻ തീക്കുനി വരെയുള്ളവർ ഭരിച്ച ഞാൻ കിടന്നുറങ്ങിയിരുന്ന എന്റെ പുസ്തക മുറി. ഈ ജന്മം, ഇതിലും ആഡംബരം എനിക്ക് സാധ്യമാവില്ലെന്നാണ് ഇന്നെന്റെ ഏറ്റവും വലിയ തിരിച്ചറിവ്.
സ്വർണ നിറമുള്ള മനോഹരമായ കടൽത്തീരങ്ങളും ആവോലിയും നെയ്മീനും എല്ലാം എനിക്ക് സാധ്യമായെങ്കിലും മനസ്സിലെ ഘടികാരം എന്നോട് പറയുന്നത് മടങ്ങി പോകാൻ മാത്രാമാണ്.
വണ്ടിയോടിച്ചു പോകുന്ന വഴി എന്നെങ്കിലും എവിടയെങ്കിലും വെച്ച് ഒരു KL35 വണ്ടി കണ്ടാൽ , അതിനി എത്രാമത്തെ തവണ ആയാലും ഒരു കുഞ്ഞു ചിരി എന്റെ മുഖത്ത് വരും . ആ ചിരി കണ്ടു പരിചയമുള്ള വണ്ടിയിലെ കുഞ്ഞു പ്രവാസി എന്നോട് പറയും " അച്ഛാ ദേ !!!"
No comments:
Post a Comment