Thursday, April 11, 2019

ചില ഫ്രീക് പരിപാടീസ്

ആർക്കും ശ്രമിച്ചു നോക്കാവുന്ന ചില കട്ട ഫ്രയ്ക് പരിപാടീസ്...
1 താങ്ക്സ് എന്ന് പറയുന്നതിന് പകരം എല്ലായിടത്തും  നന്ദി എന്ന് പറഞ്ഞു നോക്കുക 
2. വീട്ടിൽ ഇല്ലെങ്കിൽ വീട്ടിൽ  അമ്മയെ/ അച്ഛനെ  ഫോണിൽ  വിളിച്ചു ചോറുണ്ടോ എന്ന് ചോദിക്കുക
3.  ആൺകുട്ടികൾ ബാഗ് ൽ ഒരു കുടയും ഒരു കുപ്പി വെള്ളവും കരുതുക , പെൺകുട്ടികൾ നഖം സ്ഥിരമായി വെട്ടി ശീലിക്കുക ( എല്ലാവര്ക്കും വരുന്ന ചില്ലറ ചില അസുഖങ്ങൾ ചിലപ്പോ രണ്ടു കൂട്ടർക്കും കുറഞ്ഞേക്കാം ) 
4.കള്ളുകുടിക്കാൻ തോന്നുവാണേൽ അപ്പൊ തന്നെ അടുത്തുള്ള ഒരു തിയേറ്ററിൽ കയറി സിനിമ കാണുക...ചിലപ്പോ രക്ഷപെടും 
5.അലാറം ക്ലോക്കിൽ ഉം ഫോട്ടോ കാമറ യിലും ശീലിക്കാൻ ശ്രമിക്കുക
6.  24 മണിക്കൂറിൽ ഒരു 15 മിനിറ്റു വെറുതെ , വെറും വെറുതെ ,ചുമ്മാ ഇരിക്കാൻ ശ്രമിക്കുക...ഒന്നും ചെയ്യണ്ട, കാണണ്ട , പറയണ്ട,  വെറുതെ   ഇരിക്കുക അത.
7. എവിടെയേലും ചെല്ലുമ്പോൾ ചായ എടുക്കട്ടേന്ന് ചോദിക്കുമ്പോൾ പുറത്തു 40 ഡിഗ്രി ചൂടാണെലും ചായ പോരട്ടെ എന്ന് പറയുന്നത് മാറ്റി പച്ചവെള്ളം കുടിക്കാൻ ശ്രമിക്കുക.
8.വിശക്കുമ്പോൾ മാത്രം ആഹാരം കഴിക്കാൻ ശ്രമിക്കുക

Wednesday, March 27, 2019

ചില നല്ല ലക്ഷണങ്ങൾ ...

പണ്ടൊരു  കാലത്തു  പുച്ഛം ഒരു മേന്മയായി കാണുന്ന കാലത്തു , എനിക്ക് ഏറ്റവും പുച്ഛം ഉണ്ടായിരുന്ന ഒരു വിഭാഗം ആയിരുന്നു മോട്ടിവേഷൻ സ്പീക്കർമാർ. മറ്റൊന്നും കൊണ്ടല്ല ഒരാളെ പറഞ്ഞു പറഞ്ഞു നന്നാക്കാമെന്നുള്ളതൊക്കെ ശുദ്ധ മണ്ടത്തരമാണെന്നായിരുന്നു എന്‍റെ ഒരു അഭിപ്രായം. ഒരാൾക്ക് തോന്നണേല് ഒരു പരിധിക്കപ്പുറം അയാൾ തന്നെ വിചാരിച്ചെ പറ്റു...ആദ്യമിതു പറഞ്ഞത്, ഉപദേശങ്ങളോളം മണ്ടൻ പരിപാടി വേറെ ഇല്ലന്നു ഉത്തമ ബോധ്യമുണ്ടെന്നു മനസ്സിലാക്കാൻ വേണ്ടി മാത്രമാണ്. 

വിവരമുള്ളവർ പറഞ്ഞിട്ടുള്ളത് ലോകത്തു നമ്മൾ ആകെപ്പാടെ നമ്മളെ താരതമ്യം ചെയ്യേണ്ടത് മറ്റൊന്നിനോടും ഒന്നിനോടുമല്ല നമ്മളോട് മാത്രമാണെന്നാണ്. പഴയ , പോയ കാലത്തെ നമ്മളോട് തന്നെ.  അങ്ങനെ ഒറു താരതമ്യത്തിന സഹായിക്കുമെന്നു   തോന്നിയ് ചില ലക്ഷണങ്ങൾ വളച്ചു കെട്ടില്ലാതെ  പറയാൻ ശ്രമിക്കാം.

എത്ര മോശമാണെന്നു നമുക് ഉറപ്പുള്ളതിനേയും പുച്ഛത്തോടെ കാണാതിരിക്കുക എന്ന് പറയുന്നത് ഒറു അഡാ റു   പരിപാടിയല്ലേ....         

എത്ര മോശമാണെന്നു ഉറപ്പുണ്ടെങ്കിലും ഒരാളെ വിമർശിക്കാൻ ഉള്ളാലെ ഒരു വൈക്ലബ്യം വരുക എന്ന് പറയുന്നത് നമ്മൾക്കുള്ള ഗോൾഡ് മെഡലുകളാണ്, കാലത്തിന്റെ...

മക്കളെ കുറിച്ച് സംസാരിക്കുമ്പോളൊക്കെയും അപ്പനേം അമ്മയേനേം കുറിച്ച് സമരിക്കാനും ഓർക്കുന്നത് കിടിലോൽക്കിടിലമാണ്..മൊത്തത്തിൽ ഒരു ബാലൻസ് കിട്ടും...നമ്മള്  പദ്മരാജൻ എന്ന് പറയുമ്പോൾ ഇങ്ങു അറ്റത്തു ചെറിയാൻ കല്പകവാടിയും ഉണ്ടെന്നുള്ള ബോധ്യം...ദത് കിട്ടിയാൽ പൊളിച്ചു     

"ഞാൻ" എന്ന് തുടങ്ങുന്നത്  മിക്കതും ഒരു അശ്ലീലത്തിന്റെ തുടക്കമാണെന്നുള്ള അടിയുറച്ചുള്ള വിശ്വാസമുണ്ടെലുണ്ടല്ലോ മച്ചാനെ നുമ്മ വേറെ ലെവേലായി പോകുമേ... (ഇതെഴുതുമ്പോൾ ഞാനെടുത്തു സ്റ്റാറ്റസ് ആക്കിയ നൂറായിരം സെൽഫികൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്. )

കണ്ണുകൊണ്ടു കാണാത്തതിനെല്ലാം ചെറിയൊരു സ്പേസ് ഇട്ട് വിശ്വാസത്തിൽ എടുക്കാനുള്ള ബുദ്ധി  വളരെ ആവശ്യമാണ് കലിയുഗത്തിൽ എന്നാരോ പായുന്ന പോലെ കേട്ടു  (ഈ ഞാൻ തന്നെ നിന്‍റെ അടുത്തു എന്തെല്ലാം കള്ളങ്ങൾ പറഞ്ഞിരിക്കുന്നു , പാവം നീ... )

നമ്മളെ ആൾക്കാർക്ക് ബോർ അടിക്കാൻ നല്ല ചാൻസ് ഉണ്ടെന്നു ഉറച്ചു വിശ്വസിക്കുക...നിന്‍റെ വിശ്വാസം നിന്നെ കാക്കുമെന്നു കർത്താവു പറഞ്ഞതിൽ ഇതും പെടും...

ആ അത് തന്നെ നിർത്തിയിട്ടു പോകാൻ സമയമായിന്നല്ലേ....അപ്പൊ ശരി...പോയിട് നിന്‍റെ  രണ്ടു പരദൂഷണം പറഞ്ഞു  ,   ആരെയേലും ഒക്കെയൊന്ന്    പുച്ഛിച്ചിട്ട് രണ്ടു കിടിലൻ സെൽഫി എടുക്കട്ടേ..

നോട്ട്: വീടില്ലാത്തവനെ കേറിത്താമസം വിളിച്ചവനെ പറ്റി , കുട്ടിയുണ്ടാകാത്തവരോട് മോൾക്ക് പേര് നിര്ദേശിക്കുമോയെന്നു ചോദിച്ചതിനെ പറ്റി കവിത എഴുതിയ     പവിത്രൻ  തീക്കുനിക്
സമർപ്പണം

Tuesday, March 19, 2019

വാക്കും എഴുത്തും .

'നക്ഷത്രമെന്നോട് ചോദിച്ചു
ഞാൻ തന്നൊരക്ഷരം കൊണ്ടു
നീയെന്തു ചെയ്തു '... കവി  വാക്യം വെറുതെയല്ല
 വാക്കിന്റെ വില എഴുതുന്നവനോളം ആർക്കറിയും.
സർവത്തിനോടുമുള്ള പ്രിയം  തുടങ്ങുന്നത് അങ്ങനെയാണെന്ന് തോന്നാറുണ്ട്.  അനിൽ  കപൂറിന്റെ   ത്രിമൂർത്തി  സിനിമ കാണുന്നത്   ഒമ്പതാമത്തെ    വയസ്സിലാണ്.  അതിലൊരു പാട്ടുണ്ട്... 
ഉപ്പേർ വാല വെരി ഗുഡ് വെരി ഗുഡ്
നീച്ചേ വാല വെരി ബാഡ് വെരി ബാഡ്
ഇതുകേട്ട് കണ്ണു. മിഴിച്ചു പോയ എനിക്ക് അച്ഛനാണ് പറഞ്ഞു തന്നത്  - മുകളിലുള്ളവരെക്കയും നല്ലവരാണെന്നും നമ്മളീ താഴെ ഭുമിയിലുള്ളവർ തീരെ പോരെന്നും.  ജീവിതത്തിൽ ആദ്യമായിട് അർത്ഥമറിഞ്ഞ പാട്ടിന്റെ വരികൾ അതായിരുന്നു .
ഇന്നുവരെ കേട്ട മികച്ച വരികളിലൊന്നായാണെനിക്ക അത്  ഇപ്പോളും തോന്നാറുണ്ട്.ആ പ്രായത്തിൽ എനിക്ക്  വെള്ളിത്തിരയിൽ അത് അഭിനയിച്ച ആളെക്കുറിച്ചു ചിന്തിച്ചു രോമാഞ്ചം വരനെ  സാധിച്ചുള്ളൂ. അതെഴുതിയ  അയാളെപ്പറ്റി ചിന്ത പോയിട്ടേ ഇല്ല . അന്ന്  തുടങ്ങിയതാണ്  Anil കപൂർ നോടുള്ളi പ്രിയം.
ക്രിക്കറ്റ് ഒരു ലഹരിയായിരുന്ന ഒരു കാലം, ദൈവമായിരുന്ന  സച്ചിനും വന്മതിൽ ദ്രാവിഡും ഉണ്ടായിരുന്നിട്ടും മാതൃഭൂമി സപ്പ്ളിമെന്റിൽ കൊൽക്കത്തയുടെ രാജകുമാരനെ പറ്റിയുള്ള ഒരു ലേഖനം എന്നന്നേക്കുമായി ദാദയുടെ , സൗരവ്  ചണ്ഡീദാസ് ഗാംഗുലിയുടെ ആരാധകനാക്കി.  സാങ്കേതികത്തികവില്ലായ്മയുടെ എല്ലാ പരാധീനതകൾക്കും മുകളിലായി   അക്ഷരങ്ങൾ തീർത്ത  രഥത്തിൽ  ദാദ മനസ്സിൽ കയറി.
 ഗൃഹലക്ഷ്മി മാഗസിനിൽ കണ്ണു  ചിമ്മുമ്പോൾ എന്ന കോളം വായിച്ച അന്നുമുതലായാണ് രഞ്ജിത്ത്  എന്ന മനുഷ്യൻ ജീവിതത്തിലേക്ക് വരുന്നത്. 
പെരുവണ്ണാപുരത്തെ വിശേഷങ്ങളും ദേവാസുരവും നന്ദനവും പ്രാഞ്ചിയേട്ടനും പാലേരി മാണിക്യവും ഉൾപ്പെടെ എല്ലാ സിനിമകൾക്കും മുകളിലായി അന്നയാൾ എഴുതിയ അമ്മക്കിളിക്കൂടെ എന്ന് പേരുള്ള ഒരു ലേഖനം ഇന്നും എന്‍റെ പേഴ്സിനുള്ളിൽ മടങ്ങി ഇരുപ്പുണ്ട്. കാലമിത്ര കഴിഞ്ഞിട്ടും കടലാസ് ദ്രവിച്ചിട്ടും മനസ്സിൽ നിറമൊട്ടും മങ്ങാതെ നിൽക്കുന്ന അക്ഷരങ്ങളുടെ  മഹാ സൗരഭ്യം.   
 കൈലാസത്തിൽ ഭുർജ മരത്തിന്റെ തോലുടുത്തു ഗൗരീകുണ്ഡിൽ സ്നാനം ചെയ്യുന്ന ഒരു സ്ത്രീയെപ്പറ്റി, പാർവതി ദേവിയെപ്പറ്റിയുള്ള ഗിരീഷ് പുത്തഞ്ചേരിയുടെ ഒരു ലേഖനം രണ്ടു വാതിലുകളാണ് തുറന്നതു..ഒന്ന്    ഗിരീഷിലേക്കും ഇനിയൊന്നു കൈലാസത്തിലേക്കും  .ഗിരീഷെഴുതിയ എല്ലാ  മഹത്തായ ( ഞാൻ അങ്ങനെ തന്നെ പറയും )  ഗാനങ്ങൾക്കും മുകളിലായി ഗിരീഷെനിക് അന്ന് വായിച്ച ആ കുറിപ്പാണ്
..
ബാലചന്ദ്രൻ ചുള്ളിക്കാട് മുതൽ  പവിത്രൻ തീക്കുനി വരേയ്ക്കും പിന്നെ ഒ വി വിജയൻ തൊട്ട് സുഭാഷ് ചന്ദ്രൻ വരെയുള്ളവരെയും കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല... മറ്റൊന്നും കൊണ്ടല്ല , ബഹുമാനം കൊണ്ടാണ്, വാക്കിന്റെ ദേവത നേരിട്ട് വരം കൊടുത്തവരെ പറ്റി പറയാൻ നമ്മളാരാണ്... 
note: ആരെങ്കിലും വിളിച്ചു അവർക്കുണ്ടായ പെൺകുട്ടിക് പേര്  ചോദിച്ചാൽ ഒറ്റ ഓപ്ഷൻ മാത്രമേ ഉള്ളു വര്ഷങ്ങളായി...വൈദേഹി... ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ  മാന്ത്രിക ശബ്ദത്തിൽ  'എന്നാകിലും പ്രാണ പ്രിയ  വൈദേഹിയെ പിരിയാതെ വയ്യ ' എന്ന് കേട്ട നിമിഷം മുതൽ  ലോകത്തെ ഏറ്റവും നല്ല പേരുകളിലൊന്നായി മാറി  അത്...വാക്കിനോടുള്ള ഓടുങ്ങാത്ത ആസക്തിയുടെ പേരിലാണ്   ആകെപ്പാടെ മെസ്സേജ് അയക്കുന്ന ഒരേ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിന് ഗുൽമോഹർ എന്ന് പേരിട്ടത്  .

Wednesday, January 30, 2019

ചാക്ക്

വാഹനത്തിന്റെ പിന്നിലെ പൊത്തിൽ 
 എപ്പോഴുമൊരു  ചാക്കുണ്ട്.
നാട്ടിൽ പോയി മടങ്ങുമ്പോൾ -
കെട്ടിപ്പെറുക്കി കൊണ്ടുവരാൻ,
 മാങ്ങയുമല്ല,  തെങ്ങയുമല്ല പക്ഷേ,
പഴയൊരു എന്നെ.

Tuesday, January 22, 2019

പോകുന്നവർ

ചിലർ പറയാതെ പോകുന്നു
ചിലർ പറഞ്ഞിട്ട് പോകുന്നു
ചിലർ പറയാതെ പറഞ്ഞിട്ട്  പോകുന്നു
ചിലർ പറയാതെ, പറയാതെ പോകുന്നു

Thursday, December 13, 2018

സൂക്ഷ്മ ദർശിനി

ചെറുപ്പം തൊട്ടേ ബൈനോക്കുലർ നോക്കിയാണ് ശീലം
കാഴ്ചയുടെ ഗുണന പട്ടിക
സ്വന്തമാക്കിയതങ്ങനെ ആണ്

ചെറുതൊക്കെയും വലുതായി കാണാനാണ്
ശീലം, ഇഷ്ടവും
വലുതൊന്നും കാണാൻ pattarilla, ഇഷ്ടവുമില്ല

വളർന്നപ്പോൾ പലതരം സൂക്ഷ്മ ദർഷിനി,
ദൂരദർശിനി എല്ലാം ശീലമായി, കീടങ്ങളോക്കെയും ആനകളായി
 കൂടെ നടന്നവരെയും കൂട്ടുനടന്നവരെയും
ശീലിപ്പിച്ചു...

കൈവെള്ളയിൽ ആയുർ രേഖ ഒരിക്കൽ
കണ്ട്‌, ഞെട്ടിത്തരിച്ചു പോയി...
അതോടെ ബൈനോകുലർ ഉപേക്ഷിച്ചു
എന്നന്നേക്കുമായി


വലുതോക്കെയും ചെറുതായി തുടങ്ങി
ചെറുതൊക്കെയും ചിരികളായി തുടങ്ങി
ചിരിക്കെന്നെ ചുമ്മാ.... അല്ല പിന്നെ

പരീക്ഷ

അച്ഛനാരെന്നറിഞ്ഞുകൂടാ അതുകൊണ്ട്
 ബയോളജി   പരീക്ഷ തോറ്റ് പോയി

അമ്മയുടെ ചരിത്രം നാട്ടുകാർ പറഞ്ഞറിഞ്ഞു , അങ്ങനെ ഹിസ്റ്ററി യും പോയി

കടം കേറി മുടിഞ്ഞത് കൊണ്ട് പേരുക്കപ്പ്‌ട്ടികയറിയത്തെ കണക്കിന് പൊട്ടി


പെങ്ങളുടെ മനസ്സിൻ രസതന്ത്രമറിഞ്ഞില്ല
അങ്ങനെ അതും കൈവിട്ടു പോയി

പ്രണയത്തിന്റെ ഭാഷ മനസ്സിലായില്ല
അങ്ങനെ അവളെയും പഠിച്ചു പാസായില്ല


100 ഇല് 101 കിട്ടിയത് വേദാന്തത്തിനു , അത് തന്നതോ ഫ്യൂരിഡാനും...