ഇത് നിനക്കായി ഞാൻ എഴുതുന്നതാണ് .
കൈവെള്ളയിൽ കടലുണ്ടായിരുന്ന ഒരാളെ ഞാൻ ആദ്യമായി കണ്ടത് കോളേജിൽ ജോയിൻ ചെയ്ത അന്നാണ് . എനിക്ക് പിന്നീടെന്നോ നിമിത്തങ്ങളിൽ വിശ്വാസം വന്നു തുടങ്ങിയതിനൊരു കാരണം ആ ദിവസം ആണ് . അന്ന് ആ ക്ലാസ് റൂമിലേക്ക് ചെന്ന് ആദ്യമായി ഞാൻ പോയിരുന്നത് അവന്റെ അടുത്തായിരുന്നു. 22 വർഷങ്ങൾക്കിപ്പുറം, എന്നെ ത്രസിപ്പിക്കുന്ന ഒരു പുസ്തകമോ സിനിമയോ കണ്ടാൽ , മുന്നും പിന്നും നോക്കാതെ അത് പങ്കിടാൻ തക്ക അടുപ്പമുള്ള ഒറ്റ ഒരാളെ ഉള്ളു ഇന്നും എന്റെ contact ലിസ്റ്റിൽ . മഴ നനഞ്ഞൊട്ടിയ ഒരു മലയോര ഹൃദയം സ്നേഹത്തോടെ കൈക്കുമ്പിളിൽ സ്വീകരിച്ചത് അന്നും ഇന്നും അവനാണ് .
ഞങ്ങളൊരുമിച്ചാണ് പെന്റാ മേനകയിലെ സിഡി വിൽക്കുന്ന കടയിൽ കാവ്യഗീതികൾ അന്വേഷിച്ചു തെണ്ടിയത്
ഞങ്ങൾ ഒരുമിച്ചാണ് നാറാണത്ത് ഭ്രാന്തനും രേണുകയും ഒരായിരം തവണ കേട്ടത്
ഞങ്ങൾ ഒരുമിച്ചാണ് ഗുൽമോഹർ ഉം കയ്യൊപ്പും കണ്ടു കണ്ണ് നിറഞ്ഞത്
ഞങ്ങൾ ഒരുമിച്ചാണ് ക്ലിന്റ് ഈസ്ടവൂഡ് നെ പഠിച്ചത് , ഉണ്ടത് ... ഉറങ്ങിയത്
ഞങ്ങൾ ഒരുമിച്ചാണ് മോർഗൻ ഫ്രീമാൻ നെ കണ്ടു കോരിത്തരിച്ചതു
ഞങ്ങൾ ഒരുമിച്ചാണ് എംടി യെ വായിച്ചത് , കണ്ടത് , കേട്ടത്
ഞങ്ങൾ ഒരുമിച്ചാണ് ഖസാക്കിൽ ജീവിച്ചത്
ഞങ്ങൾ ഒരുമിച്ചാണ് സീസണും താഴ്‌വാരവും വാനപ്രസ്ഥവും കണ്ടു ഞെട്ടിയത്
ഞങ്ങൾ ഒരുമിച്ചാണ് "സഫലമീ യാത്ര" മന പാഠമാക്കിയത്
ഞങ്ങൾ ഒരുമിച്ചാണ് മുംബൈ തെരുവിൽ രാവു വെളുക്കുവോളം ലോകകപ്പ് വിജയത്തിൽ മതി മറന്നത്
ഞങ്ങൾ ഒരുമിച്ചാണ് റഹ്മാൻ നെ കേട്ടത് , സച്ചിനെ കണ്ടത് , റൊണാൾഡീഞ്ഞോയെ കൊതിച്ചത്
അവനാണ് അഗസ്ത്യ ഹൃദയം ചൊല്ലിയെന്നെ അടിമയാക്കിയത്
അവനാണ് കടലിന്റെ ഓട്ടോഗ്രാഫ് എനിക്ക് വാങ്ങിച്ചു തന്നത്
അവനാണ് ഈ ബ്ലോഗ് ഞാൻ ഓർമ്മപെടുത്താതെ ഓർമ്മയിൽ കൊണ്ട് നടക്കുന്ന ഒരേ ഒരാൾ
---------------------------------------------------------------------
തലക്കെട്ടിൽ മുഴുവൻ പേരു പോലും വെയ്ക്കാത്തതു ഒറ്റ കാരണം : ഇതിൽ മുഴുവൻ ജെസ്റ്റൻ മാത്രമേയുള്ളു മാത്രം
No comments:
Post a Comment