Saturday, April 25, 2020

ടൈറ്റിൽ ഇല്ല ....

വായന എന്ന് പറയുന്നത് എഴുതുന്നത് പോലെ തന്നെ സർഗ്ഗാല്മകമായ ഒന്നാണെന്ന് മനസ്സിലാകുന്നത് ആനന്ദിന്റെ ഒരു ആമുഖത്തിൽ നിന്നാണ് . അതെങ്ങനെയെന്ന് അന്നെനിക്ക് മനസ്സിലായില്ല പക്ഷെ , നമ്മുടെ മനസ്സിൽ നമ്മൾക്ക് പോലുമറിയാത്ത സമസ്യകൾ ഉണ്ടെന്നും അവയ്ക്കുത്തരങ്ങൾ കിട്ടുമെന്നും ചില പുസ്തകങ്ങൾ, അല്ലെങ്കിൽ അതിലെ ചില വാക്യങ്ങൾ , വാചകങ്ങൾ നമുക്ക് പറഞ്ഞു തരും . പക്ഷെ ഒരു കാര്യമുള്ളത് ആ ഒരു പുസ്തകത്തിലേക്ക് , ആ ഒരു വാചകത്തിലേക്കു നമുക്കുള്ള ദൂരമാണ് . അത് ചിലപ്പോൾ ദാഹജലമില്ലാതെ ഒരു മരുഭൂമി താണ്ടിയെത്തി ഒരു കിണർ കാണുംപോലെയാകാം . മറിച്ചു ചിലപ്പോൾ നമുക്ക് ഭാഗ്യമുണ്ടെങ്കിൽ  സൈക്കിൾ ദൂരമേ ഉണ്ടാകു .
        86 ആം വയസ്സിൽ എഴുത്തിന്റെ ഗിരി ശൃംഗങ്ങൾ കീഴടക്കിയ നമ്മുടെ എം ടി പറയുന്നത് എഴുത്തുകാരനാണെന്നു പറയാനുള്ള ധൈര്യം ഇപ്പോളും തനിക്കില്ല എന്നാണ് .  എഴുതുന്നതും അത് വായിക്കപ്പെടുകയും ചെയ്യുന്നത്‌ ( ഒരാൾ ആണെങ്കിൽ പോലും ) നമുക്ക് തരുന്ന കനപ്പെട്ട ഉത്തരവാദിത്തം അതിന്റെയെല്ലാ അർഥത്തിലും നമുക്കാ പറഞ്ഞതിൽ വായിച്ചെടുക്കാം . ഇതൊക്കെയും ,ഒരു വാക്കു നമ്മൾ എഴുതിയത് മറ്റൊരാൾക്ക് അയക്കുംമ്പോൾ മനസ്സിലിങ്ങനെ തെളിഞ്ഞു കത്തി നിൽക്കുമെന്ന് മാത്രമല്ല വേറെയുമുണ്ട് കാര്യം . നമ്മൾ എഴുതുന്നതു വായിച്ചിട്ട് ഒരിത്തിരി ഒരു ഉറുമ്പിന്റെ കിണ്ണാമണിയോളം ഇരുട്ടെങ്കിലും ആരുടെയെങ്കിലും മനസ്സിൽ ഉണ്ടായാൽ പിന്നെ ... പിന്നെ നീലകണ്ഠന്റെ മരണമാണ് . അതാണ് സീൻ .

എഴുത്തിൽ കാവ്യശൈലിയോട് അടുത്ത് നിൽക്കുന്ന ഗദ്യഭാഷയുള്ള എം ടി യെ കുറിച്ചോ തവള , പാറ്റ പ്രാണി വർഗങ്ങളെ വരെ കൂട്ട് പിടിക്കുന്ന സഖറിയൻ ശൈലിയെ പറ്റിയൊക്കെ ഘോരം ഘോരം വായിച്ചാലും മലയാളത്തിലെ ഏറ്റവും മികച്ച പത്തു ചെറു കഥകളെക്കുറിച്ചു തലകുത്തി നിന്ന് വാദ പ്രതിവാദങ്ങൾ മനസ്സിലുണ്ടെങ്കിലും , നമ്മൾ എഴുതിയത് വായിക്കുന്നൊരാൾ ഒരു  അല്ലലുമില്ലാതെ , മുഖത്തൊരു കുഞ്ഞി ചിരിയോടെ ഒരു കുട്ടി സൈക്കിൾ യാത്ര നടത്തിയിട്ട് ഒരു ചെറിയ മരത്തണലിൽ ഇരുന്ന തോന്നലുണ്ടായാൽ അത് മതി നമ്മുടെ ജന്മം സഫലമാണ് ( ഒരു കട്ട ക്ളീഷേ പ്രയോഗമാണിത് എന്നറിഞ്ഞിട്ടു തന്നെയാണ് അത് പറഞ്ഞത് കാരണം ...അതിനു പകരം മറ്റൊന്നില്ല )അത് കൊണ്ട് നമ്മൾ എപ്പോളും കാണുന്നത് വായിക്കുന്നവരെയാണ് . ഒരു ഭീകരനായ അദ്ധ്യാപകന്റെ മുൻപിൽ പേടിച്ചു നിൽക്കുന്ന ഒരു കുട്ടിയുടെ മനസ്സുണ്ടല്ലോ നമുക്കുത്തരം അറിയാമെങ്കിലും അത് ശരിയുത്തരമാണെന്നു നൂറു ശതമാനം ഉറപ്പുണ്ടെങ്കിലും നമുക്കൊരു ശങ്ക ബാക്കിയുണ്ട് . ആ ശങ്കയോടെയാണ് നമ്മൾ എഴുതിയത് പങ്കു വെയ്ക്കുന്നത് .അതുകൊണ്ടു തന്നെയാണ് ഒരൊറ്റ send ബട്ടൺ ഇൽ ഭൂമിമലയാളം മുഴുവൻ കറങ്ങാനുള്ള ദൂരെയുള്ള ചില അന്യഗ്രഹങ്ങളിലേക്കുള്ള ലൈസൻസ് കാലം നമുക്കെല്ലാം അനുവദിച്ചിട്ടും മനഃപൂർവ്വം ആ ലൈസൻസ് എടുക്കാതെ, അടുത്തുള്ള  , വളരെ അടുത്തുള്ള ചില മഴവില്ലുകളിലേക്കു മാത്രം  കറങ്ങിയിട്ട് ഞാൻ  ചുമ്മാ ഹാപ്പി ആയിട്ടിരിക്കുന്നത് .

ദുർഗ്രാഹ്യമായതൊന്നും ഒരു കാലത്തും നമ്മളെ ആവേശിക്കുന്നില്ല ഒരു തരത്തിലും നമുക്ക് വഴി കാട്ടുന്നുമില്ല . വെറുതെ വെറും ചുമ്മ ബഷീർ നെ കേൾക്കു , ഏറ്റവും എളുപ്പമുള്ള ഭാഷയിൽ ഏറ്റവും കുറഞ്ഞ വാക്കുകളിൽ തന്നെ നിങ്ങളുടെ ഹൃദയത്തിലേക്ക് കുഞ്ഞു വെളിച്ചം കടത്തി വിടുന്ന മന്ത്രവാദി ആയിരുന്നു അങ്ങേരു  ... സമാധാനം കിട്ടാൻ ലോകത്തെല്ലാവർക്കും വരട്ടു ചൊറി വരണം എന്ന് പറഞ്ഞതിന്റെ നിർമ്മമതയ്ക്കപ്പുറം ആ ഒരൊറ്റ വാചകത്തിലെ തത്വശാസ്ത്രത്തിന്റെ , ദർശനത്തിന്റെ അടരുകൾ എത്ര മാറ്റിയാലും തീരില്ല എന്ന് മനസ്സിലായാൽ നമുക്കൊരിക്കലും ബ്രഹ്മാണ്ഡ ബുദ്ധിജീവി ലേഖനങ്ങളെ പുച്ഛിച്ചു തള്ളാൻ ഒരു മടിയുമുണ്ടാകില്ലെന്നെനിക്കു ഉറപ്പാണ് .വിജയനും ബഷീറും വി കെ എന്നും കഴിഞ്ഞിട്ടേ മലയാളം എന്നെഴുതാൻ പോലും പറ്റുമെന്നുറച്ചു വിശ്വസിക്കുന്ന ഒരു യാഥാസ്ഥിതികനായി കാലം എന്നെ കണക്കു കൂട്ടിയാളെനിക്ക് പുല്ലാണ് . സംശയ നിവാരണത്തിന് വേണ്ടി പോലും ഒരു പുസ്തകം നോക്കിയിട്ടോ ഒരു ഗൂഗിൾ സേർച്ച് ചെയ്തിട്ടോ ഒരു വാക്കെങ്കിലും എഴുതേണ്ടി വരുന്നത് നമ്മുടെ തോൽ‌വിയിൽ കുറഞ്ഞതൊന്നുമല്ല എന്നുള്ളത് മാത്രമല്ല , അവനവന്റെ ജീവിതത്തോളം exclusive ആയിട്ട് ...അത്രയ്ക്കും അനന്യമായിട്ടു  കൊടുക്കാൻ സ്വന്തം അസ്തിത്വതേക്കാൾ വലുതൊന്നുമില്ലന്നു സത്യമായും എനിക്ക് അറിയാമായിരുന്നു (മാർട്ടിൻ സ്‌കോസ്‌സി എന്നോട് പൊറുക്കട്ടെ )

അക്ഷരങ്ങൾ ചേർത്തുവെച്ചു , വാക്കുകൾ ചേർത്ത് വെച്ചുണ്ടാക്കിയ വാക്യങ്ങൾ സമ്മാനിക്കുന്ന ചില മന്ത്രിക നിമിഷങ്ങളുണ്ട് ,...ആയിരം കൊടുംകാറ്റുകളെ ചങ്ങലക്കിട്ടു നടക്കുന്ന ദേവാ ...ഇത് കർമ്മ പരമ്പരയുടെ സ്നേഹ രഹിതമായ കഥയാണ് ....അങ്ങനെയങ്ങനെയുള്ള  നൂറുകണക്കിന് നിമിഷങ്ങളുടെ ഓർമ്മയിലാണ് നമ്മൾ പലപ്പോളും ജീവിതം കൊഞ്ഞനം കുത്തുമ്പോൾ തിരിഞ്ഞു നിന്ന് പോടാപ്പാ എന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കുന്നത് .അത്യഗ്രഹത്തിന്റെ പരകോടിയിൽ ആണെങ്കിൽ കുടി ,അത്തരം നിമിഷങ്ങൾ നമ്മുടെ വിരൽത്തുമ്പിനെയും അനുഗ്രഹിക്കുമോ എന്നുള്ള ഒരു തരം അന്ധാളിപ്പ് കലർന്ന വികല ശ്രമങ്ങൾ , പാഴ് വേലകൾ ഒക്കെയും കാലങ്ങളായി എന്നോടൊപ്പമുണ്ട് . സ്നേഹത്തിന്റെ പുറത്തുള്ള കാരുണ്യത്തിന്റെ നിമിഷങ്ങളിൽ നിങ്ങളൊക്കെയും പകരുന്ന ചില സന്ദേശങ്ങളിൽ, ആ നിമിഷങ്ങളുണ്ടായി എന്ന് കള്ളമായിട്ടെങ്കിലും എന്നോട് പറഞ്ഞതാണ് ഇത് വരെയുള്ളതിൽ , എന്ന് വെച്ചാൽ 34 വർഷങ്ങളിൽ തന്നെ ഉള്ളതിൽ വെച്ചുള്ള കളർ പടങ്ങളിൽ ചിലതു എന്നുള്ളത് പ്രപഞ്ച സത്യം .  അതിന്റെയൊരു ത്രില്ല് പൊയ്പ്പോകാതിരിക്കാൻ ഉള്ളിന്റെയുള്ളിൽ കൊണ്ട് നടക്കുന്ന ഒരു ബഹുമാനമുണ്ട് , ഭയമുണ്ട് , പങ്കപ്പാടുണ്ട് , ആശങ്കയുമുണ്ട് , അത് കൊണ്ടാണെപ്പോളും ഞാൻ എഴുതുന്നത്  ഒരു പേജിൽ കവിയാത്തതെന്നാണ് സത്യം .

നമ്മളൊരു ശരിയാണെന്ന്‌ അല്ലെങ്കിൽ കുറഞ്ഞ പക്ഷം  നമ്മളൊരു തെറ്റല്ല എന്ന് നമുക്കുള്ള തെളിവുകളാണ് , എഴുതിയത്  കുറഞ്ഞു പോയെന്നു നമ്മോടു പറയുന്നവർ . ഒരു തരത്തിൽ നമ്മുടെ തന്നെ ബോധ്യങ്ങളാണ് അവർ . അവരോടെനിക്കൊരിക്കലും തർക്കങ്ങളില്ല , പരാതികളില്ല , ഒന്നുമില്ല ... സമരസപ്പെടലുകൾ മാത്രമേയുള്ളു . എണ്ണിയാലൊടുങ്ങാത്ത വിധം ഖസാക്ക് വായിച്ച , പാത്തുമ്മയുടെ ആട് വായിച്ച ഒരുവന് ജീവിതം വെച്ച് നീട്ടുന്ന കനിവിന്റെ നിറഞ്ഞ ബോധ്യങ്ങളാണ് അങ്ങനെയുള്ളവർ ...നിങ്ങൾ ....

നോട്ട് : ചെങ്ങന്നൂര് ഉള്ള ഒരു ആശുപത്രിയുടെ ഓപ്പറേഷൻ തീയേറ്ററിന് മുമ്പിലൂടെ സിഗെരട്ടു വലികക്കാതെ  പണ്ടു 2015 ഇൽ ഉലാത്തിയതിന്റെ അത്രയ്ക്കുണ്ട് ടെൻഷൻ എന്ന് പറഞ്ഞാൽ നിങ്ങൾ തള്ളാണെന്നു പറയും പക്ഷെ രണ്ടക്ഷരം ഇങ്ങനെ പങ്കു വെച്ചിട്ടുള്ള ഒരു കാത്തിരുപ്പുണ്ടല്ലോ ...അത് ....ഊഫ്ഫ്‌ ....


Friday, April 24, 2020

ജീവനം

2005 ലെ മികച്ച സംവിധായകനുള്ള ഓസ്കാർ സ്വീകരിച്ചിട്ട് നമ്മുടെ ക്ലിന്റ് ഈസ്റ്റ്  വുഡ് നടത്തുന്ന ഒരു പ്രസംഗം ഉണ്ട് . അയാൾ ആദ്യമായ് നന്ദി പറയുന്നത് അവിടെ അയാളോടൊപ്പം അന്നുണ്ടായിരുന്ന അയാളുടെ അമ്മയ്ക്കാണ് . 96ആം വയസ്സിൽ അവിടെ അയാൾക്കൊപ്പം വന്നതിനല്ല , മറിച്ചു ആ അമ്മയുടെ ജനിതക പാരമ്പര്യത്തിന്റെ തണലുള്ളത് കൊണ്ടാണ് അയാളക്കു 74 ആം വയസ്സിലും സിനിമ സംവിധാനം ചെയ്യാൻ സാധിച്ചതെന്ന വിശ്വാസമായിരുന്നു അത് . 15 വർഷങ്ങള്ക്കിപ്പുറവും , ഇന്നും ലോകം അയാൾ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയ്ക്കായി കാത്തിരിപ്പുണ്ട് . ഇത്രയും ആമുഖം പറഞ്ഞത് ചുമ്മാതെ ആണ് എന്നാലും 23 ജോഡി ക്രോമോസോമുകളിൽ അടക്കം ചെയ്ത പൂർവിക നന്മ തിന്മകളുടെ ഏറ്റക്കുറച്ചിലുകളിൽ ഞാനെന്റെയൊരു പാതിയെ എങ്കിലും സ്വഭാവ വൈചിത്ര്യങ്ങാളായി കണ്ടെടുത്തിട്ടുണ്ട് .

നല്ല നിറഞ്ഞ ദാരിദ്ര്യം മാത്രം സ്വത്തായുണ്ടായിരുന്ന ഒരു ബാല്യം നല്ലമിഴിവോടെ എനിക്ക് ചെറുപ്പത്തിലേ പറഞ്ഞു തന്നൊരാൾ മുത്തച്ഛനാണ്‌ . 'അമ്മ മരിച്ച , രണ്ടാനമ്മയുള്ള ഒരു വീട്ടിൽ നിന്ന് 12 ആം വയസ്സിൽ ഇറങ്ങി പോന്നിട്ടു (ശരിക്കും ഇറങ്ങി പൊന്നു ...തിരിച്ചു പോയിട്ടേ ഇല്ല )പാട്ടത്തിനു വയല് കൃഷി ചെയ്യാൻ തുടങ്ങിയ ഒരു കൗമാരം എനിക്ക് മുൻപിൽ യാതൊരു പതർച്ചയും ഇല്ലാതെ പറഞ്ഞ ആ മനുഷ്യനോട് ഒടുങ്ങാത്ത ബഹുമാനമാണ് ഇന്നും . ചെറുപ്പത്തിൽ നാടുവിട്ടു പോകുന്ന നായകന്മാർ ഫ്ലാഷ്ബാക്കിൽ വരുന്ന ഒരുപാടു സിനിമകൾ കണ്ടത് കൊണ്ട് അന്നെനിക്ക് അതത്ര കാര്യമായി തോന്നിയില്ലെങ്കിലും കാലം പോകെ പോകെ അത് മാറിയെന്നു മാത്രമല്ല , കാള പൂട്ടി കഴിഞ്ഞു വന്നു മുറ്റത്തെ പടിക്കെട്ടിലിരുന്നു തകഴിയുടെ രണ്ടിടങ്ങഴി വായിച്ച മുത്തച്ഛന്റെ ചിത്രമിന്നും മങ്ങാതെയുണ്ടുള്ളിൽ . അവിടുന്നിങ്ങോട്ട് കുറെ കൂടി പോന്നപ്പോൾ അച്ഛനെത്തി... Competition success review വായിക്കണം എന്നു ഒരു 7 ആം ക്ലാസ്സുകരനെ നിർബന്ധിച്ച അച്ഛനൊരിക്കലും അക്കാഡമിക് അല്ലാത്തതിനെ കുറിച്ചല്ലാതെ ഒന്നും ചോദിച്ചിട്ടില്ല . വായനയുടെ ഒരു കുഞ്ഞു ക്രോമോസോം ആരും കാണാതെ എന്റെ പുസ്തക സഞ്ചിയിൽ നിക്ഷേപിച്ചവർ . അല്ലാതെ ഞാനെങ്ങനെയാണ് വള്ളുവനാടിന്റെ അന്ത സംഘർഷങ്ങള് വായിച്ചു നെടുവീർപ്പെട്ടു കിടന്നു മ്മ്‌ടെ എംടി യെ സ്വപനം കാണുക .

ബിരുദാനന്തര ബിരുദം മത്സ്യ ശാസ്ത്രം ആയിരുന്നെങ്കിലും മറ്റുള്ളവരെ   ബുദ്ധിമുട്ടിക്കാതെയെങ്ങനെ ജീവിക്കാം എന്നുള്ളതായിരുന്നു ആ കാലങ്ങളിൽ ഞാൻ മനസ്സിൽ ഗവേഷണം ചെയ്തത് . അങ്ങനെ ഓർമ്മകൾ കുഴിതോണ്ടിയെടുത്തപ്പോൾ ഒരു ചിത്രം തെളിഞ്ഞു വന്നു . 5 ആം വയസ്സിൽ കണ്ട ഒരു കുടുംബ ചിത്രം. അമ്മ നിന്ന് പൊട്ടി പൊട്ടി കരയുകയാണ് . കാര്യമറിയില്ലെങ്കിലും അമ്മയ്ക്കൊരു കമ്പനിക്ക് ഞാനും കരയുന്നുണ്ട് . " ഇനി നമ്മളെന്നാ ചെയ്യും ....നാട്ടിൽ പോയാൽ എന്നാ  ജോലി കിട്ടാനാ ...എങ്ങനെ ജീവിക്കും ...വീട് പോലുമില്ല ...."അങ്ങനെ പരിദേവനങ്ങൾ എണ്ണി പറയുന്നുണ്ട് അമ്മ . 17 വർഷത്തെ സർവീസ് മതിയാക്കി മുപ്പത്തിയഞ്ചാമത്തെ  വയസ്സിൽ മിലിട്ടറി VRS എടുത്തു അച്ഛൻ നമ്മളെ ഇങ്ങനെ അനിശ്ചിതത്വത്തിന്റെ പടുകുഴിയിൽ വീഴിക്കുമെന്നു അമ്മ തീരെ പ്രതീക്ഷിച്ചില്ല . അച്ഛനന്ന് കരയരുതെന്നു മാത്രം പറഞ്ഞു . നാട്ടിലെത്തി ഒരാഴ്ചക്കുള്ളിൽ മനോരമ ഇയർബുക്ക്‌ പോലുള്ള നിരവധി പ്രസിദ്ധീകരണങ്ങൾ വാങ്ങി മുറിയടച്ചിരുന്നു വായിക്കുന്ന അച്ഛനെ കണ്ടു കൊണ്ടാണ് ഞാനെന്റെ നാട്ടിലെ സ്‌കൂൾ ജീവിതം ആരംഭിക്കുന്നത് . ഒരു വർഷത്തിനപ്പുറം പോലീസ് ,ബാങ്ക് , ഇൻഷുറൻസ് അടക്കം നാല് വകുപ്പുകളിൽ സർക്കാർ ജോലിക്കുള്ള ഉത്തരവ് അച്ഛൻ കൈപ്പറ്റുമ്പോൾ അമ്മയുടെ മുഖത്ത് സമാധാനം . ഇതെല്ലാം മാറി മാറി ആലോചിച്ചു ഞാനെന്റെ തീരുമാനത്തിൽ എത്തി . ഇനി പഠിക്കേണ്ട , ഒരു ജോലിയെങ്ങനെയെങ്കിലും സ്വന്തമാക്കണം .സാഹചര്യങ്ങളുടെ സമ്മർദ്ദം വേറെ പല രൂപത്തിൽ ഉണ്ടായിരുന്നെങ്കിലും ആകെയുള്ള ഒരു  ആശ്വാസത്തിന്റെ രൂപം മുൻപ് പറഞ്ഞ സീൻ മാത്രമായിരുന്നു .അച്ഛനോളം മിടുക്കനല്ലാതിരുന്നിട്ടു കൂടി ഗൾഫിൽ ഒരു ജോലി സംഘടിപ്പിച്ചു സമയോചിതമായി ( ആ വാക്കു വളരെ വിലപ്പെട്ടതാണ് ) ഞാനെന്റെ പ്രശ്നങ്ങൾ പരിഹരിച്ചപ്പോളും എനിക്കുറപ്പായിരുന്നു ഈ മെഡൽ അച്ഛൻ പണ്ട് വാങ്ങിയതാണെന്നും എനിക്കതു കയ്യിലൊന്നു പിടിക്കാൻ തന്നതാണെന്നും . ട്വിസ്റ്റ് അവിടെയല്ല . സംഭവം 2-3 വർഷത്തെ ഗൾഫ് ജീവിതം മതിയാക്കി ഒരു  സുപ്രഭാതത്തിൽ നുമ്മ നാട് പിടിച്ചു . അച്ഛൻ കാണാൻ തന്ന ആ മെഡലിന്റെ വർക്കത്തു കൊണ്ടാണെന്നു തോന്നുന്നു ഒരു വർഷത്തിനിപ്പുറത്തു ജോലി ...അമ്മയുടെ മുഖത്ത് ഞാൻ പണ്ട് കണ്ട ആ സമാധാനം ഒന്നുടെ ഞാൻ  കണ്ടു .( 'അമ്മ ചുമ്മാ പൊളിയാന്നെ )

അച്ഛൻ കാണാതെ അമ്മയെനിക് മിക്കവാറും ആഴ്ചകളിൽ 75 പൈസ തരാറുണ്ടായിരുന്നത് സോഡാ കുടിക്കാൻ ഞാൻ ഉപയോഗിച്ചിരുന്ന കാലമാണ് . അക്കാലത്തു rotomac ന്റെ പേന ഇറങ്ങി . 7 രൂപ അതിനായി ഒപ്പിക്കുക എന്ന് വെച്ചാൽ ആത്‌മഹത്യാപരമാണ് ( അച്ഛൻ വീട് പണിയാണ് ). കോഴി മുട്ട വിറ്റു കിട്ടിയ പൈസയിൽ നിന്ന് അമ്മ തന്ന പൈസയ്ക് ഞാൻ പേന വാങ്ങി .പക്ഷെ ഒരാഴ്ച നടന്ന ഒരു ക്വിസ് മത്സരത്തിൽ സമ്മാനം കിട്ടിയത് തുറന്നു നൊക്കിയ ഞാൻ തകർന്നു പോയി ... Rotomac ...ഇന്നിപ്പോ rotomac മാറി ...പലതും മാറി ....പേടിച്ചു പേടിച്ചു അമ്മയോട് Kedopia ഡൌൺലോഡ് ചെയ്തു തരുമോന്നു ചോദിക്കുന്ന നാണിടെ കയ്യിൽ 5 mnt കൊണ്ട് സംഭവം ഡൌൺലോഡ് ചെയ്തു subscribe ചെയ്തു കൊടുത്തപ്പോൾ പണ്ടമ്മ വാങ്ങിത്തന്ന Rotomac ന് ക്രോമോസോമിന്റെ മുഖമാണെന്നെനിക്കു തോന്നി ...ശരിയാ അത് Rotomac അല്ലാരുന്നു ..ല്ലേ ...?

നോട്ട് : നിങ്ങള്ക്ക് വായിക്കാനുള്ള ഒരു ഗുമ്മിനു വേണ്ടിയും , എനിക്ക് എഴുതാനുള്ള ഒരു ഗുമ്മിനു വേണ്ടിയും കുറച്ചു മസാല ചേർത്തിട്ടുണ്ടെങ്കിലും ആ മസാല നമ്മുടെ വീട്ടിലെ അമ്മിക്കല്ലിൽ അരച്ചതാണ് സത്യമായിട്ടും .









Sunday, March 29, 2020

ജനിതകം

ഫോണിൽ സംസാരിക്കാൻ കുറച്ചൊക്കെ അമ്മയാവാണം
ചുമ്മാ കൂളായിട്ട് എന്നോട് ചോദിക്കും
ജെസ്റ്റന് സുഖമാണോന്നൊക്കെ ....
ഞാൻ തന്നെ ചോദിച്ചിട്ടില്ല സുഖാണോന്ന് ....
അവനോട്

നേരിട്ട് സംസാരിക്കാൻ ആണെങ്കിൽ അച്ഛന് പഠിക്കണം
കണ്ടാലുടൻ എത്ര ദിവസം ലീവുണ്ടെന്നു ആയുസ്സിലിന്നുവരെ
ചോദിച്ചിട്ടില്ല
നീ പോത്തു കഴിക്കുവല്ലോ അല്ലെ ...അതന്നെ

സഹവർത്തിത്വം എന്ന് പറയുവാണേൽ ലേശം
അമ്മുവാകേണ്ടി വരും
കല്യാണം , ജോലി മുതലായ ബ്ര്ഹമാണ്ഡ സമസ്യകളെ പറ്റി
ഒരക്ഷരം ഉരിയാടാതെ “ഇപ്പൊ ഉള്ളതിൽ ഏതാ കൊള്ളാവുന്ന
പടം"എന്ന് വര്ഷങ്ങളായി ചോദിക്കുന്നു ...എന്തൊരു സമാധാനം


ഇതിന്റെയൊക്കെ ജനിതക മിശ്രണം ഉള്ളതു കൊണ്ടാകും
ആരോടേലും സംസാരിക്കുമ്പോൾ അച്ഛനും അമ്മയുമൊക്കെ
സുഖമല്ലെന്നു ചോദിക്കണമെന്ന് മനസ്സിലാവർത്തിച്ചുറപ്പിക്കും .
ശേഷം ...
വേറൊന്നുമില്ലേൽ അപ്പൊ ശരി എന്ന് നാണമില്ലാതെ പറഞ്ഞവസാനിപ്പിക്കും .












Sunday, January 12, 2020

വിയോജിപ്പുകൾ

ഒരു ഇംഗ്ലീഷ് ലേഖനം ആദ്യമായി മുഴുവനായി   വായിക്കുന്നത് 2006 ഇലാണ്. ഹിന്ദു പത്രത്തിന്റെ Sunday suppliment ൽ അതിന്റെ തലക്കെട്ട് " ആൺ കുട്ടികൾ കരയുമ്പോൾ..." എന്നായിരുന്നു. കണ്ണീരിൽ വീണു പോകാത്ത ആണത്തത്തെ പറ്റി , കണ്ണീരിൽ  മാത്രം പൂവിടുന്ന ചില നന്മ പൂവുകളെക്കുറിച്ച്, ആ ലേഖനം പറഞ്ഞു...അത് വായിച്ച് തീർന്നപ്പോൾ എന്റെ കണ്ണു നിറഞ്ഞിരുന്നു കാരണം അത് വായിച്ച് കഴിഞ്ഞപ്പോൾ അതുവരെയുള്ള ജീവിതം കൊണ്ട് ഞാൻ നട്ടു വളർത്തിയ ദുരഭിമാനത്തിന്റെ , അപഹാസ്യതിൻെറ, ഒരു പടു മരം എന്റെയുള്ളിൽ ആർത്തലച്ചു വീഴുന്നത് ഞാൻ കേട്ടു. ......കരഞ്ഞുകൊണ്ടു ക്ലാസ്സിലേക്ക് കയറിപ്പോകുന്ന മോളെ കണ്ട് തിരിച്ചു ഡ്രൈവ് ചെയ്യാൻ ഇപ്പോളും വലിയ പ്രയാസമാണ്. വഴിയൊക്കെ മറയും കണ്ണീരിൽ... വേറെ ആരും കാണില്ലാത്ത തുകൊണ്ട് ചുമ്മതൊന്നു കരയുന്നവനു        ഇന്നേവരെ വായിച്ച ഏറ്റവും നല്ല ലേഖനം (ലൈസൻസ്) ആയിരുന്നു അത്.
........…--------++++------------++++++-------++++++
കോളേജിൽ റാഗിംഗ് നടക്കുമ്പോൾ തല കുമ്പിട്ട് നിന്ന് നമ്മൾ കേൾക്കുന്ന അർധശൂന്യമായ കാര്യങ്ങളിക്കിടെയിലേവിടെയോ നിന്റെ അമ്മയും അപ്പനും എന്നൊരു വാക്ക്  എന്നെ പറ്റി ഒരാൾ പറയുന്നത് കേട്ടു തലപൊക്കി അയാളെ നോക്കിയത് നിറഞ്ഞ കണ്ണിലായിരുന്നു. ജൂനിയർ കുട്ടികൾക്ക് ഉടയാത്ത വിഗ്രഹമായിരുന്ന ആ പേര് എനിക്കൊരിക്കലും   വെറുപ്പോടെയല്ലാതെ മനസ്സിൽ പോലും ഉച്ചരിക്കാൻ ആയിട്ടില്ല... ഇന്നും ഇപ്പോളും. റാഗിങ് എന്ന സംഭവത്തെ ന്യായീകരിക്കാൻ ആളുകൾ എത്രയൊക്കെ കഷ്ടപ്പെടുന്നത് കാണുമ്പോളും , പഠിച്ചു ഇറങ്ങുന്ന നെറികെട്ട ലോകത്തെ നേരിടാനുള്ള ട്രെയിനിംഗ് ആണെന്നുമോക്കെ പറയുമ്പോൾ അന്ന് ആ നിമിഷത്തെ കുറിച്ച് ഇപ്പോളും നിറഞ്ഞ കണ്ണോടെ മാത്രം ഓർമ്മിക്കാൻ കഴിയുന്ന ഞാനെങ്ങനെ റാഗ് ചെയ്യാനാണ്. അപരന്റെ മേൽ നമുക്കുള്ള സ്വാതന്ത്ര്യം അത് നമ്മൾ മനസ്സിൽ എത്ര കരുതുന്നുവോ അതിലും താഴെയാണ് എന്തൊക്കെ ന്യായം പറഞ്ഞാലും.

--------+++++++----------++++++++-------------+++++

ഒരിക്കൽ ചെയ്തു പോയ ചെറുതല്ലാത്ത ഒരബദ്ധം ഏറ്റു പറഞ്ഞപ്പോൾ അതി നെന്താടോ ഞാൻ  ചെയ്തത് വെച്ച് നോക്കുമ്പോൾ ഇതൊക്കെ എത്ര ചെറുതാണ് എന്ന് എന്നെ സമധാനിപ്പിച്ച
ഒരു കൂട്ടുകാരൻ ഉണ്ട്.  തെറ്റുകൾ ഒക്കെയും ആപേക്ഷികമാണ് എന്നൊക്കെ philosophy അടിച്ചു നടന്ന എനിക്ക് അന്നാ നേരം അതിന്റെ അർഥം പിടി കിട്ടി.  ഏറ്റു പറയുന്നവനോട് കാണിക്കുന്ന സ്നേഹമാണ് സ്നേഹം...അതേന്ത് മഹാപരാധം ആയാലും ......ഇതിനൊപ്പം പറയുന്നത് മറ്റൊന്നുകൂടി ആണ്,  മറ്റുള്ളവരെ ഉപദേശിക്കാനും വിമർശിക്കാനും ബുദ്ധി ഇല്ലാതെ   ഇരിക്കുന്നവർ ഭാഗ്യവാന്മാർ കാരണം
കർത്താവിനും ഭഗവാനും അല്ലാഹുവിനും നിങ്ങളെ കേൾക്കാൻ ഭയങ്കര ഇഷ്ടമായി രിക്കും ഉറപ്പ്.

++++++++-----------+++++++++---------+++++++

നമ്മൾ എഴു തുന്നത് വായിച്ചു ആളുകൾ കരയുകയും രോമാഞ്ചം കൊള്ളുകയും ചെയ്യുമെന്ന് സ്വപ്നം കാണുന്ന ഒരാൾക്ക് അയാളുടെ സ്വപ്നത്തിലേക്ക് പോകുമ്പോൾ ചിലപ്പോൾ രണ്ടു സ്റ്റെപ്പ്  പുറകോട്ടു പോകേണ്ടി വന്നേക്കാം... അത് സാരമില്ല ഇത് പറയാതെനിക്ക്  കടന്നു പോകാൻ വയ്യ...ഡേയ് ആപ്പി എന്ന് വെച്ചാ ഇതിപ്പോ വായിച്ചു ആരും ഗംഭീരം എന്ന് പറയില്ല എന്ന്  എനിക്ക് അറിയമെടെയ്...പക്ഷേ വലിയ വലിയ തെറ്റുകളിൽ നിന്നും ചെറിയ തെറ്റുകളിലേയ്ക്ക്.. കുഞ്ഞു ശരികളിലേയ്ക്ക് ഉള്ള നമ്മുടെ യാത്ര മാത്രമാണ് ഈ ജീവിതമെന്നോക്കെ പറയുന്നത്... അയിനാണ്  ഈ ഡെക്കറേഷൻ മുഴുവനും...

വാൽകഷണം : ഇതിലുള്ള ഒരു അക്ഷരതിന് പോലും copy right ഇല്ല കേട്ടോ..ആർക്കും എവിടെയും കോട്ട്‌ ചെയ്യാം ( അതിനു പറ്റിയതൊന്നും ഇതിലില്ല എന്നുറപ്പുള്ളത് കൊണ്ടല്ലേ ഈ ധൈര്യം എന്ന് ചോദിക്കരുത് പ്ലീസ്)

Sunday, September 15, 2019

മഴ പെയ്യുമൊ

"അച്ഛാ  മഴ പെയ്യുമോ ... സ്‌കൂളിൽ ചെല്ലുമ്പോ മഴ പെയ്യുമൊ അച്ഛാ ."
ഞെട്ടിപോയി സത്യത്തിൽ നാണിയുടെ ആ ചൊദ്യം കേട്ടിട്ട് .ആ ചോദ്യത്തിൽ തറഞ്ഞു പോയ പ്രാണന് ഒരു നിമിഷം , ജനിതകം എന്ന വാക്കിന്റെ  അർത്ഥമറിയാനായിരുന്നിരിക്കണം നാഡീഞരമ്പുകളിലെവിടെയോ ഓർമ്മകളിലൂടെ  പുറകോട്ടു കുത്തിയൊലിച്ചു പോയി..

ഒരു മുപ്പതു വര്ഷങ്ങള്ക്കു മുൻപ് , സ്ഥലം  ഉധംപൂരാണ് . പട്ടാള ക്യാമ്പിൽ ആണ് ജീവിതം . ഓർമ്മകൾ പച്ച പിടിച്ചു തുടങ്ങുന്നതെ ഉള്ളു . രാവിലെ  കൃത്യം 4 മണിക് അലാറം ഉണ്ട് . 6 മണി കഴിയുമ്പോളേക്കും പട്ടാള വാൻ എത്തും . അതിൽ  കയറിക്കൂടും . 7 മണിക്  ക്ലാസ് തുടങ്ങും .  ഉച്ചക് ഒരു മണിക്ക് ക്ലാസ്സ്‌ തീരും . 6 മണി തൊട്ടു 1 മണി വരെയുള്ള സമയം ... എന്നെ സംബന്ധിച്ച് ഓരോ ദിവസവും  അതിജീവനത്തിന്റേതാണ് ....എങ്ങനെയെങ്കിലും അതിജീവിക്കണം വേറേ രക്ഷയില്ല . ഹിന്ദി പറയാനുള്ള കെല്പോന്നുമില്ല,  കേട്ടാൽ  ചെറുതായിട്ട് മനസ്സിലാകും . തെറി കെട്ടാൽ നല്ല് പൊലെ മനസ്സിലാകും ( അത്‌ പിന്നെ അങ്ങനെയല്ലെ വരു).  വീട്ടിൽ നിന്നറങ്ങി തിരിചു വീട്ടിൽ എത്തുന്നത് വരെ അകെ പാടെ സംസാരിക്കുന്നത് ക്ലാസ്സ്‌ ടീച്ചറോട് മാത്രം. അവരെ കാണാൻ  നല്ല ഭംഗിയാരുന്നു ( പറയുന്നത് ഒരക്ഷരം മൻസ്സിലായില്ലെങ്കിലും ഞാൻ അവരെത്തന്നെ നോക്കിയിരിക്കും ) എന്റെ  ഇരുപ്പു കണ്ടിട്ടു ഭാഷയറിയാത്ത ഒരുത്തനോടുള്ള സഹതാപം കൊണ്ടായിരിക്കാം അവരെന്നെ ഒരിക്കലും ചീത്ത പറഞ്ഞില്ല . are  യു okay അംരീഷ്‌ ( അമരീഷ് പുരി കത്തി നിൽക്കുന്ന  സമയം) എന്നിടക്കിടക്ക് ചോയിക്കും . ഞാൻ തല കുലുക്കും . അവർ ചിരിക്കും ( സോണാലി ബെന്ദ്രേടെ ചിരി...ശരിക്കും ... സാത്യമായിട്ടും.. ) പൊക്കത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും പുറകിലെ ബെഞ്ചിലിരിക്കുന്ന എനിക്ക് ക്ലാസ്സിൽ പഠിപ്പിക്കുന്ന പകുതി കേൾക്കാൻ പോലും പറ്റാത്തത് കൊണ്ടും കേട്ടാൽ തന്നെ മനസ്സിലാകില്ല എന്നുള്ളത് കൊണ്ടും എന്റെ നോട്ടം മിക്കവാറും ക്ലാസിനു വെളിയിൽ ആയിരുന്നു. ചെറുതായിട്ട് മഞ്ഞു പൊടിയുന്നത് കാണാം. യൂണിഫോം എന്ന പേരിൽ  ഇട്ടിരിക്കുന്നത്  അകത്തൊരു വെള്ള  ഷർട്ട്‌ ഉം അതിന്റെ പുറത്തൊരു നീല നിറമുള്ള  സ്വെയറ്ററും ആണ് . വേനൽ ആണെങ്കിൽ  സ്വെയ്റ്റർ  ഹാഫ് സ്ലീവ് മതി അല്ലെങ്കിൽ  ഫുൾ സ്ലീവു.   ( അതിപ്പോ സമ്മർ ആണേലും  ഫുൾ സ്ലീവു വേണം എന്നായിരുന്നു എനിക്ക്... അമ്മാതിരി തണുപ്പാന്നെ )

അടുത്തിരിക്കുന്നവന്മാരെ കാണുമ്പോൾ എനിക്ക് ശരിക്കുമുള്ള അമരീഷ് പുരിയെ ഒർമ്മ വരും....മിണ്ടാതെ വെളിയിൽ നോക്കിയിരിക്കും . ഉചയാകാൻ പ്രാർഥിക്കും ... വെള്ളി ആഴ്ച ആകാൻ നെഞ്ചുരുകി പ്രാർഥിക്കും. വീട്ടിൽ മുഴുവൻ മലയാളവും സ്‌കൂളിൽ മുഴുവനും  ഹിന്ദിയും  ഇംഗ്ലീഷും അങ്ങനെ ആകെമൊത്തം പൊക മയം . ഒന്നുറക്കെ കരയാൻ പോലും തോന്നാനാകാത്ത വിധം മരവിപ്പാണ് അകത്തും പുറത്തും . ഒറ്റയ്ക്കു ഇരുന്നു ...ഒറ്റയ്ക്കു നടന്ന് ...ഒറ്റയ്ക്കു ഉണ്ടു ഞാൻ ഒരു വർഷം തള്ളി നീക്കി .... സ്കൂൾ അടച്ചപ്പോൾ നാട്ടിൽ ഒന്നു പോയി ... ഹൊ ദൈവമേ എന്താ സുഖം... വെയിൽ  ...മഴ ...വയൽ ...റബർ....നിലാവ് ...ഊഞ്ഞാൽ .... ആ അവധിക്കാലത്തു നിറഞ്ഞു കേട്ട പാട്ട് " കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ "... പദ്മരാജന്റെ ഇന്നലെ റിലീസ് ആയ സമയം.

അവധി കഴിഞ്ഞു  കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നു ട്രെയിൻ കയറുമ്പോൾ  മഴയാരുന്നു . അകത്തും വെളിയിലും മഴ ...ആർത്തിരമ്പുന്ന മഴ .എല്ലാം ഓർമ്മകളായി ....മഴയും ആ ട്രെയിൻ യാത്രയും കരഞ്ഞു പണ്ടാരമടങ്ങി പോയി ... വീണ്ടും നരക വാസം തുടങ്ങി ...അങ്ങനെ ഒരു ദിവസം ഞെട്ടിക്കുന്ന വാർത്ത എത്തി . അച്ഛന് വൊളന്ററി retirement കിട്ടി ....പടച്ചോനെ ലോട്ടറി ... നമ്മൾ വീണ്ടും നാട്ടിലെത്തി (അന്നു ഞാൻ കരുതി ഇനി ഇവിടം വിട്ടു പോകേണ്ടി വരില്ലാന്നു .... ബഹ്‌റിൻ ആയാലും വിഴിഞ്ഞം ആയാലും ഇപ്പോളും അവധിക്കു ചെന്നിട് ഞാൻ അതു തന്നെ കരുതുന്നു .. ഇനി ഇവിടം വിട്ടു പോകേണ്ടി വരില്ലാന്നു ...ആരൊക്കെ എന്നാ ഒക്കെ പറഞ്ഞാലും പാലാ കഴിഞ്ഞേ ഉള്ളുന്നെ നമുക്കെല്ലാം)


അങ്ങനെ നമ്മൾ സോണാലി ബെന്ദ്രെയെ വിട്ടു നാട്ടിലെത്തി . എന്നെ നേരെ കൊണ്ടു ചെന്നു ഒന്നാം ക്ലാസ്സിൽ ചെർത്തു( അച്ഛനു മുടിഞ്ഞ കോൺഫിഡൻസ് ആയിരുന്നു..പക്ഷെ  എല്ലാരും  തറ എന്നുറക്കെ വിളിച്ചു പറയുമ്പോൾ ഞാൻ,  ഇതെന്തു പുകിൽ എന്ന മട്ടിൽ വായും പൊളിച്ചിരുന്നു.. ) വീണ്ടും  പണി പാളി ... അങ്കണവാടിയൊക്കെ കഴിഞ്ഞുവന്ന പിള്ളേരാണ് എല്ലാം ...നമ്മളാണേൽ ആകെപ്പാടെ സോണാലി ബെന്ദ്രെനെ മാത്രേ കണ്ടിട്ടുള്ളു ... ഇത്രെം ആന  മണ്ടൻമാർ ഈ നാട്ടിൽ ഉണ്ടൊ എന്നുള്ള അർഥത്തിൽ നമ്മുടെ കൂടെയുള്ള ടീമ്സൊക്കെ നമ്മളെ നൊക്കാൻ തുടങ്ങി ...മര്യാദക്ക്  "അ" എന്നെഴുതാൻ കൂടി അറിയില്ല ... എനിക്ക് ഭ്രാന്തയില്ല എന്നുള്ളതാണ് എന്റെ അത്ഭുതം...കൂട്ടുകാർ ആരുമില്ല... ഞനെന്തോ അന്യഗൃഹ ജീവി ആണെന്നാണ് അവറ്റകളുടെ വിചാരം . വീണ്ടും നോട്ടം വെളിയിലായി ... കർക്കിടകമാണ് ... പുറത്തു മഴ തകർക്കുന്നു ... അങ്ങനെ മഴ നോക്കി വെറുതെ ഇരുന്നപ്പോൾ കണ്ണ് നിറഞ്ഞു നിറഞ്ഞു വന്നു ...തുളുമ്പി പോയി .... ആലിസ്‌ സിസ്റ്റർ കണ്ടു " എന്നാ പറ്റി മൊനെ" ... ശെടാ ഇതിനിപ്പോ എന്നാ മറുപടി പറയും ...എന്നാ പറ്റിയെന്നു എനിക്കും  അറിയാന്മേലാ ... ഇതൊന്നു നിർത്തണമെന്ന് എനികും ആഗ്രഹമുണ്ട്‌ ...
പക്ഷേ പറ്റുന്നില്ല .... സിസ്റ്റർ എന്നെ അകത്തു സിസ്റ്റേഴ്സ് ഇരിക്കുന്ന മുറിയിൽ കൊണ്ട് പോയി ... ചവറ അചനും അൽഫൊൺസാമ്മയും ചുവരിൽ എന്നെ നോക്കി ചിരിച്ചു ( അവരാണെന്നു അന്നെനിക്കറിയില്ല ) അവിടെ ഒരു അക്വാറിയത്തിൽ രണ്ടു  സ്വർണ മൽസ്യങ്ങൽ ഉണ്ടായിരുന്നു ....അതിന്റെ മുൻപിൽ ഇരുന്നു സിസ്റ്റർ എന്നോട് ചോദിച്ചു ... കുറേ കാര്യങ്ങൾ .... ഉത്തരങ്ങൾ കേട്ട് കണ്ണ് നിറഞ്ഞ സിസ്റ്റ്ർ ചുവന്ന പേന കൊണ്ടു എന്റെ ഉടുപ്പിന്റെ ബട്ടൺസിൽ കളം വരചു...അങ്ങനെ ആ ദിവസം കഴിഞ്ഞു .... പിന്നീട് ക്‌ളാസ്സിലേക്കു പോകാനിറങ്ങുമ്പോൾ മഴക്കാറ് കണ്ടാൽ ഞാൻ  ചോദിക്കും " അമ്മെ ഇന്നു മഴ പെയ്യുമൊ"..,

പിന്നീടെന്നോ ആ ചോദ്യങ്ങളും നിന്നു...ആ ചോദ്യങ്ങളൊക്കെ നിന്നു പൊയ കാലത്തു ഉള്ളിലുള്ള ചില ഉറവകളും പറ്റിപ്പോയി .



വാൽ കഷ്ണം:.    പരീക്ഷ്‌  കഴിഞ്ഞു സിസ്റ്റർ ചോദിച്ചു " മലയാളം ഒരു വക അറിയത്തില്ല ഒരു കൊല്ലം കൂടി  ഇരുത്തണോ ?അച്ഛൻ പറഞ്ഞു - വേണ്ട ...

Tuesday, September 3, 2019

പണ്ടത്തെ ഈഗോ

ഓണക്കാലമായി വീണ്ടും.... അതുകൊണ്ട് തന്നെ എനിക്ക് ഓർമ്മിക്കാനുള്ളത് ക്രിസ്മസ്  നെ കുറിച്ചാണ്.... ഡിസംബർ കുറിച്ചാണ് ; സത്യാമായിട്ടും പാലക്കാർക്കു ക്രിസ്മസ് ലേക്കുള്ള കാത്തിരുപ്പു തുടങ്ങുന്നത് ഓണക്കാലത്താണെന്നു തോന്നിയിട്ടുണ്ട്.  ഡിസംബർ നെ കുറിച്ചുള്ള ഓർമ്മകൾ തുടങ്ങുന്നത് ഗിരീഷ് പുത്തഞ്ചേരിയിൽ നിന്നാണ്ന്നു തോന്നുന്നു. സമ്മർ ഇൻ ബെത്‌ലേഹം ഇൽ അയാളെഴുതിയ പാട്ടുകളിൽ ഡിസംബർ ന്‍റെ ആത്മാവ് എന്നെന്നേക്കുമായി കുടികൊണ്ടിട്ടുണ്ടെന്നു തോന്നിയിട്ടുണ്ട്. പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴിവാര്ക്കവേ ഒരു നേർത്ത തെന്നൽ അലിവോടെ വന്നു.... അത്രയും അലിവുള്ള തെന്നൽ ഡിസംബർ ൽ ഉണ്ടാകുകയുള്ളൂ എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു .സത്യമല്ലേ.... തോന്നിയിട്ടില്ലേ.... അങ്ങേരു വേറെ ലെവലാന്നെ.... ക്രിസ്മസ് അവധിക് സ്കൂൾ ഗ്രൗണ്ട് ഇൽ ടൂർണമെന്റ് ഉണ്ട്.  കാല്പന്തിന്റെ മാസ്മരികത; (കാല്പന്തിനോടുള്ള സ്നേഹം മുൻപേയുണ്ട് പക്ഷേ സ്കൂൾ ഒക്കെ വിട്ട് കോളേജ് എത്തിയിട്ടും ചെറിയൊരു കുറ്റപ്പെടുത്തല് കേൾക്കാനുള്ള വലിപ്പം മനസ്സിന് വെക്കാത്തത് കൊണ്ടു പ്രിയ ചങ്ങാതി ഒരുപാടു തവണ നിർബന്ധിച്ചിട്ടും കളിയാക്കിയിട്ടും  തെറിവിളിച്ചിട്ടും നുമ്മ പോയില്ല...പിന്നെ പിന്നെ അവൻ  വിളിക്കാതായി ..ഞാൻ കേൾക്കാതെയായി .. പോകാറേ ഇല്ലാതായി... ഉള്ളിലെ പന്തും മാഞ്ഞു... )
വൈകീട്ട് കളി കണ്ടു മടങ്ങുമ്പോൾ എല്ലാ വീടുകളിലും തെളിഞ്ഞു കത്തുന്ന നക്ഷത്രങ്ങൾ... ചെറിയ കുഞ്ഞൻ നക്ഷത്രങ്ങൾ മുതൽ വലിയ ആന നക്ഷത്രങ്ങൾ വരെ, വാൽ നക്ഷത്രങ്ങൾ മുതൽ പേരറിയാത്ത നക്ഷത്രങ്ങൾ വരെ , തെളിഞ്ഞു കത്തുന്നത് മുതൽ മിന്നി മിന്നി ( ആ പ്രയോഗത്തിന്റെ സുഖമൊന്നും വേറൊന്നിനും കിട്ടില്ല ) കത്തുന്നതും മെഴുകുതിരി വെച്ചു തെളിയുന്നത് വരെ അങ്ങനെ ഒരുപാടൊരുപാട്....കാഴ്ചയുടെ വസന്തമെന്നൊക്കെ എവിടെയോ വായിച്ചിട്ടുണ്ട് അന്നറിഞ്ഞിരുന്നില്ല അതായിരുന്നു സംഭവം എന്ന്... ഇന്നും ഇതേ കാഴ്ചകളൊക്കെ ചെറിയ മാറ്റങ്ങളോടെ ഉണ്ട് പക്ഷേ സന്ധ്യക്കു കളിയും കണ്ടു മുണ്ടും മടക്കി കുത്തി നടന്നു പോകുമ്പോൾ നക്ഷത്രങ്ങളുടെ ചേലിനെപ്പറ്റി വാതോരാതെ സംസാരിച്ചു നടക്കുമ്പോൾ ഒന്നേ ഒന്നിനെ പറ്റിയെ ആകുലത ഉള്ളു.... കറന്റ് കട്ട് എന്ന മാരക വിപത്തിനെ പറ്റി  മാത്രം... (ഇന്നത്തെ ആകുലതകളെ പറ്റി  പറയേണ്ടല്ലോ..).പുൽക്കൂട് ഉണ്ടാക്കാൻ ഉണ്ണിയേശു പുല്ലു പറിക്കാൻ പോകുമ്പോൾ ഒറ്റ പ്രാർഥനായാണ്...ഈശോയെ വൈകീട്ട് പടക്കത്തിനുള്ള കാശ് എവിടുന്നേലും കിട്ടാൻ... വിഷു കൈനീട്ടം കിട്ടിയതും ബാക്കിയെല്ലാം കൂടി തപ്പിയെടുത്താണ് ഒരു സ്റ്റാർ ഒപ്പിക്കുന്നത്. ഇനിയിപ്പോ പുൽക്കൂട് കൂടി കഴിയുമ്പോൾ പോക്കറ്റ് കാലിയാകും.. പടക്കം നമ്മുടെ അഭിമാന പ്രശ്നമാണ്. തോടിന്റെ അപ്പുറത്തെ കരയിൽ നിന്നു ആര് പൊട്ടിക്കുന്നതിലും ഒരെണ്ണം കൂടുതൽ പൊട്ടിച്ചില്ലേൽ ഈഗോ അടിച്ചു ചത്ത് പോകും ഈശോയെ... (ഇന്നത്തെ ഈഗോ എതിനമാണെന്നു  പറയേണ്ടല്ലോ  )shoolil  ക്രിസ്മസ്  അവധിക്കു  തുണി വലിച്ചു കെട്ടി കാണിച്ച സിനിമകൾ സിമെന്റ് തറയിലെ കൂളിംഗ് എഫക്ടിൽ കണ്ട  ബ്രഹ്മാണ്ഡ സിനിമകൾ ( ഇപ്പോളുള്ള മിക്ക സിനിമകളുടെയും പരസ്യത്തിൽ ഈ വാക്കുപയോഗിക്കുബോൾ തോന്നാറുണ്ട്... മനസ്സിന്റെ തിരശീലയിൽ ജന്മം മുഴുവൻ ഓർത്തു വെക്കുന്ന ഡയലോഗ് കളൊക്കെയും അഞ്ചു രൂപ ടിക്കറ്റ് എടുത്ത് ഇങ്ങനെ കണ്ടതായിരുന്നെന്നു... )ഇതിപ്പോ വായിച്ചിട്ട് , ഇവന് മൊത്തത്തിൽ കിളി പോയെന്നു ആലോചിക്കേണ്ട... വായിച്ചിട്ട് പഴയ കാലമെല്ലാം സ്വർഗ്ഗമാണെന്നും തെറ്റിദ്ധരിക്കണ്ട.... പക്ഷേ ചിലതുണ്ട്... നന്മകൾക്കു പൂക്കാനിഷ്ടം കുറച്ചൊക്കെ ദാരിദ്ര്യമുള്ള മണ്ണിൽ തന്നെയാണെന്ന് തോന്നുന്നു... ധാരാളിത്തത്തിന്റെ മണ്ണിൽ അറിവിന്റെ കാരുണ്യത്തിന്റെ വിത്തിനു മുളക്കാൻ ഭയങ്കര മടിയാണ് അല്ലേൽ പിന്നെ നമ്മൾ മെനക്കിട്ടു നാട്ടു വളർത്തണം...അതിനുള്ള സമയം നമുക്കാർക്കും ഇല്ലല്ലോ പണ്ടേ...അല്ലെ... 

Sunday, May 12, 2019

അഡിക്ഷൻ

പാലാ ആണ് രാജ്യം...
മാണി സാറിന്റെ വീടിന്റെ മുന്നിൽ കൂടി Rimi പണ്ട് താമസിച്ച വീടിന്റെ മുന്നിൽക്കൂടി കുറച്ചങ്ങോട് പോയാൽ സഖറിയ സാറിന്റെ വീടുണ്ട്.. വേണമെങ്കിൽ ഭദ്രൻ സാറിനെ  കണ്ടിട്ട അല്ഫോന്സാമ്മേടെ പള്ളിയിൽ കയറി ഒന്നു പ്രാർഥിക്കാം. കുറച്ചൂടെ വണ്ടി ഓടിച്ചാൽ പുതുപ്പള്ളി ആയി ഉമ്മൻ ചാണ്ടി  സാറിനെ കണ്ടിട്ട തിരിച്ചു കോട്ടയം  പോകുമ്പോൾ    തിരുനക്കര ശിവനും പാമ്പാടി രാജനും തലയെടുപ്പോടെ നിൽപ്പുണ്ടാകും..അവിടുന്ന് കുറവിലങ്ങാട് വഴി വരുവാണേൽ ദിലീഷ് പൊത്തനെ കാണാം. മിയ  ഉണ്ട് പ്രവിത്താനത്തു.. ബഷീർ എന്ന ഇതിഹാസം താമസിച്ച വീടുണ്ട് തലയോലപ്പറമ്പ് പോയാൽ....ഇതൊന്നുമില്ലേലും ഒന്നുമില്ലേലും ലോകത്തു എല്ലാവര്ക്കും  ജനിച്ചു വളർന്ന ദേശം മാരക ഇഷ്ടമാണെല്ലോ അതുപോലെ എനിക്കും....പിന്നെ വെറുതെ ഒരു ഗുമ്മിനു പറഞ്ഞതാണ്...