Thursday, January 14, 2021

ഇപ്പോഴും

 ഇപ്പോഴും ചായയിൽ ബിസ്‌ക്കറ്റ് മുക്കിയാണ് കഴിക്കാറ് 

ഇപ്പോഴും ഒറ്റ ഇരുപ്പിൽ 10 ഐസ് ക്രീം കഴിക്കും 

ഇപ്പോഴും മഴ കണ്ടാൽ കണ്ടിരിക്കാൻ തോന്നും 

ഇപ്പോഴും നാണിടെ കയ്യിൽ നിന്ന് മിട്ടായി ചോദിക്കാറുണ്ട് 

ഇപ്പോഴും ബഷീറിനെയും വിജയനെയും ഓർക്കാറുണ്ട് 

ഇപ്പോഴും എം ടി യെ കാണണമെന്ന് തോന്നാറുണ്ട് 

ഇപ്പോഴും ജിലേബി കണ്ടാൽ കൊതി വരും 

ഇപ്പോഴും ആകാശദൂത് കണ്ടാൽ കരയും 

ഇപ്പോഴും പന്നിയിറച്ചി ഭയങ്കര ഇഷ്ടമാണ് 

ഇപ്പോഴും കള്ളു കുടിക്കുന്നതിനോട് പുച്ഛമാണ് 

ഇപ്പോഴും ചിലരെ പറ്റി കുറ്റം  പറയാറുണ്ട് 

ഇപ്പോഴും എന്റെ കുറ്റം കേട്ടാൽ അംഗീകരിക്കില്ല 

ഇപ്പോഴും വെറുതെയിരുന്നാൽ നിന്നെ ഓർമ്മ വരും 

ഇപ്പോഴും ജീവിതത്തിൽ ജീവിതം നോക്കുവാ 


Sunday, November 15, 2020

പ്രതിഭാസം

 പുതിയ കാലം ...പഴയ കാലം എന്നൊക്കെയുള്ള വേർ തിരിവ് നമുക്ക് മനുഷ്യർക്കെ ഉള്ളു കാലത്തിനാ വേർതിരിവില്ല എന്നതാണ് സത്യം .പക്ഷെ നമ്മൾ മണ്ടന്മാർ  പോയ കാലത്തിനെ മറക്കാൻ ഭയങ്കര കഴിവുള്ളവരാണല്ലോ ...പറയാൻ കാരണം നമ്മുടെ പുതിയ തലമുറയുടെ തമാശകളാണല്ലോ ട്രോളുകൾ ... അഭിപ്രായ സ്വാതന്ത്യ്രത്തിന്റെ പൊളിറ്റിക്കൽ കറക്ട്നെസ്സ് ന്റെ ഇക്വാലിറ്റിയുടെ ഒക്കെ പേരിൽ ആളുകൾ വല്ലാതെ വിമര്ശിക്കപെടുമ്പോൾ വിഷമം തോന്നാറുണ്ട് ....

'വരിക്കാശ്ശേരി മന സെറ്റിട്ടാലോ ' എന്ന ഡയലോഗ്‌ ദിലീഷ്‌ പോത്തന്റെ കഥാപാത്രം പറയുന്നത് കേട്ട് ഞാനും കയ്യടിച്ചിട്ടുണ്ട് .ഷാജി കൈലാസിനെ നോക്കിയുള്ള  ആ ചിരിയിൽ നമ്മൾ മറന്നു പോകുന്ന ഒരുപാടു കാര്യങ്ങളുണ്ട് ... 29 ആമത്തെ വയസ്സിൽ അങ്ങേരു സംവിധാനം ചെയ്ത ഒരു സിനിമ യുടെ പേരാണ് കമ്മിഷണർ . തൊട്ടടുത്ത വര്ഷം വീണ്ടും 'ദി കിംഗ് '....ഇനി കൂടുതൽ പറയണ്ടല്ലോ ....തിയേറ്ററിൽ സീറ്റിൽ കയറി നിന്ന് വിസിലടിച്ച ഒരു തലമുറയ്ക്കു ഷാജി കൈലാസ് എന്ന പേര് ഇന്നും ദിലീഷ് പോത്തനും ലിജോ ജോസ് നും മുകളിലാണെന്നു ഞാൻ കണ്ണുമടച്ചു പറയും സംശയമുണ്ടേൽ നിങ്ങൾ വീട്ടിൽ 40 നും 50 ഇനും ഇടയിലുള്ള സിനിമ പ്രാന്തന്മാരോട് ചോദിക്ക് അവർ പറയും " മുഹമ്മദ് സർക്കാർ ഈസ് ഹൈലി ഇൻഫ്ളമബിൾ "എന്ന് .

നാച്ചുറൽ ആക്റ്റിംഗും കണ്ണിന്റെ മാസ്മരികതയൊക്കെ നിങ്ങൾ പാടി പുകഴ്ത്തിക്കോളൂ എത്ര വേണമെങ്കിലും പക്ഷെ ഇടയ്ക് തന്റെ 27 മത്തെ വയസ്സിൽ മോഹനലാൽ ചെയ്ത അമൃതം ഗമയ കാണണം 24 മത്തെ വയസ്സിൽ ജയറാം ചെയ്ത മൂന്നാം പക്കം കാണണം . 29 മത്തെ വയസ്സിൽ സിദ്ധിക്ക് (ലാൽ ) ചെയ്ത സിനിമയുടെ പേരാണ് റാംജി റാവു സ്പീകിംഗ് ...ദേവാസുരം 29 മത്തെ വയസ്സിൽ എഴുതിയ രഞ്ജിത് ഉണ്ട് .....എന്നിട്ട് നിങ്ങൾ ട്രോള്ളിക്കോ ....പാണന്മാർ ഓരോ കാലത്തും പാടി നടക്കുന്നത് അതാത് കാലത്തേ ഉണ്ടാകു എന്നെനിക്കു തോന്നുന്നു . പുതിയ കാലത്തിന്റെ പാണന്മാർ ആണെല്ലോ സോഷ്യൽ മീഡിയ ...


നിങ്ങൾ എത്ര വേണേലും പാടി പുകഴ്ത്തിക്കോളൂ പുതിയ കാലത്തിന്റെ അവകാശികളെ , പ്രതിഭകളെ പക്ഷെ , പോയ കാലത്തെ ഒരാളെ ഇന്നിന്റെ ശരിതെറ്റുകളിലിട്ടു ട്രോൾ ചെയ്തു കൊല്ലുമ്പോൾ ഒന്നാലോചിക്കണം , അവർ പ്രതിഭയായിരുന്നു ....അവർ പ്രതിഭാസങ്ങൾ ആയിരുന്ന കാലം നെഞ്ചേറ്റിയ ഒരു തലമുറ ഇവിടെ ഇപ്പോളും ജീവിക്കുന്നുണ്ട് ...സുനിൽ സുഖദയോ സുധി കൊപ്പയോ വന്നതറിയാത്ത ജോസ് പെല്ലിശ്ശേരി ടെ മകനെ എവിടെയോ കേട്ട് മറന്ന ഒരു തലമുറ (എന്റെ അമ്മേനെ എനിക്കറിയാല്ലോ )അവർ അത്ര ന്യുന പക്ഷ്മല്ല ....മുമ്പ് പറഞ്ഞ ന്യൂ ജൻ കോമഡി കേട്ട് ചിരിക്കുന്നവർ അത്ര ഭൂരിപക്ഷവുമല്ല അതോർക്കുന്നത് നന്നായിരിക്കും ....

നോട്ട് : അഭിപ്രായ വത്യാസമുള്ളവരോടെനിക് പരാതിയില്ല "മേലേടത്തു അച്യുതൻ നായർ ചെറ്റയാ ...മക്കളുമതേ "

Thursday, November 12, 2020

വാക്കുകൾ .....

 വാക്കുകളെകുറിച്ചാണ് ഞാൻ ഒരുപാടു ചിന്തിച്ചിട്ടുള്ളത്. വാക്കുകളും നമ്മളെ പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ചില വാക്കുകൾ, കാണുമ്പോൾ നിസ്സരന്മാരായി തോന്നുന്നവർ ആയിരിക്കും പക്ഷെ,  അവരെ കേട്ടാൽ ചിലപ്പോൾ  നമ്മൾ ഞെട്ടും. "ത" എന്ന ഒരക്ഷരം ...അതിനൊരു വള്ളി.... കണ്ടാൽ അത്രേ ഉള്ളു . പക്ഷെ സംഭവം "തീ " ആണ് തീ ....

അതുപോലെ തന്നെ ചില വാക്കുകൾ അവരുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് ചിലപ്പോൾ വില കുറഞ്ഞവരാകാറുണ്ട്...തെറ്റിദ്ധരിക്കപ്പെടാറുണ്ട്...കുണ്ടറ, കുണ്ടന്നൂർ, ശശി, സോമൻ, പുഷ്പൻ, അങ്ങനെ അങ്ങനെ എത്രയോ പേരുകൾ....ഒരു കാരണവുമില്ലാതെ മനുഷ്യ മനസ്സിലെ നിലവാരമില്ലായ്മ കൊണ്ട് നാണം കെടേണ്ടി വന്ന വാക്കുകൾ .....

വാക്കുകൾ നമ്മൾ കരുതുന്നപോലെ അത്ര എളുപ്പത്തിൽ വഴങ്ങുന്നവർ അല്ലെന്നു പരീക്ഷകളിൽ മാത്രമല്ല, അല്ലാതെയും നമുക്ക് ബോധ്യപ്പെടുന്ന സന്ദർഭങ്ങൾ ഇടയ്ക്കിടയ്ക്ക് ജീവിതത്തിൽ എല്ലാവർക്കും ഉണ്ടാകുമെന്നു തോന്നുന്നു....


എത്ര ശ്രമിച്ചാലും നമ്മൾക്ക് സംവേദിക്കാനാകാത്ത ചില അനുഭവങ്ങൾ വാക്കുകളെ വെല്ലുവിളിക്കും,..എത്ര പറഞ്ഞിട്ടും നമുക്ക് മടുക്കാത്ത ചില അനുഭവങ്ങൾ പറഞ്ഞു പറഞ്ഞു നമ്മൾ വാക്കുകളെ "പഞ്ഞിക്കിടും"(പഞ്ഞിക്കിടുമെന്ന വാക്കിന്റെ മാർദ്ദവം ഒരിക്കലും അത് അനുഭവിക്കുന്നവന് ഉ ണ്ടാകില്ല ...വാക്കിന്റെ ഒരു കണ്ണ് പൊത്തി  കളി )....എത്ര പറഞ്ഞിട്ടും പറയേണ്ടത് മാത്രം പറയാതെ ചില വാക്കുകൾ നമ്മളെ നോക്കി കൊഞ്ഞനം കുത്തും അങ്ങനെ എന്തെല്ലാം എന്തെല്ലാം ......

ജീവിതത്തിൽ ഒരുപാടു സ്വാധീനം ഉണ്ടാക്കിയവരെല്ലാം വാക്കുകൾ നന്നായി ഉപയോഗിക്കുന്നവർ ആയിരുന്നു....ബഷീർ തൊട്ടു പവിത്രൻ തീക്കുനി വരെ നീണ്ട ലിസ്റ്റ് ....വാക്കിന്റെ ദൈവങ്ങൾ....വാക്കുകളിലാണ് ജീവിതം പലപ്പോളും മുന്നോട്ടു ...മുന്നോട്ട് പോകുന്നത്...ഇടയ്ക്കൊക്കെ കിതച്ചു നിൽക്കുമ്പോളും ചിലരുടെ ചില വാക്കുകളിൽ നാം മുന്നോട്ട് പോകും... ശ്രദ്ധിച്ചിട്ടില്ലേ നമ്മുടെ എല്ലാ നല്ല ബന്ധങ്ങളും നിലനിൽക്കുന്നത് വാക്കിന്റെ "പലക"മേൽ ആണ്..."നെല്ലിപ്പലക" കണ്ടാലും നമ്മൾ ചിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ചിലരുടെ വാക്കുകൾ ....കഴിഞ്ഞ അഞ്ചെട്ടു വർഷങ്ങൾക്കിടയിൽ വിരലിൽ എണ്ണാൻ തവണ പോലും നേരിട്ട് കാണാത്ത ചിലരുണ്ട്...ജീവിതത്തിന്റെ വസന്തം അവരാണെന്നു തോന്നുന്നത് അവർ പറയുന്ന ചില വാക്കുകളുടെ സൗരഭ്യത്തിൽ ആണ്.

2009 ഇന്റെ അവസാന പാദത്തിൽ ജീവിതം മുംബൈ നഗരത്തിലേക്ക് പറിച്ചു നടാൻ തുടങ്ങുന്ന സമയം...ആദ്യമായി മഹാനഗരം കാണൻ പോകുന്നതിന്റെ സന്തോഷത്തേക്കാളും പാലാ വിട്ടു പോകാനുള്ള ജന്മസിദ്ധമായ മടി കാരണം ശൂന്യമായ മനസ്സുമായിട് എറണാകുളം റെയിൽവേ സ്റ്റേഷൻ ഇൽ  നീളുന്നു ഞാൻ..ട്രെയിൻ വരാൻ സമയം ബാക്കി... പേരറിയാത്ത ഏതോ ട്രെയിൻ എവിടുന്നോ വരുന്നു...നമുക്ക് വല്യ താല്പര്യമില്ലാതെ ഇങ്ങനെ ഇരിക്കുമ്പോൾ A/C കംപാർട്മെൻറ് ഇൽ നിന്ന് ഒരു ചെറിയ ചുവപ്പു നിറമുള്ള ബാഗ് പിടിച്ചു ഒരാൾ ഇറങ്ങിയപ്പോൾ ,,ഞാനറിയാതെ എന്റെ കണ്ണിൽ അയാളെ പതിഞ്ഞു...ട്രെയിൻ വന്ന ആ തിരക്കിനിടയിലും എനിക്കയാളെ മനസ്സിലായി....ഗിരീഷ് പുത്തഞ്ചേരി....ദൈവമേ ഗിരീഷ് പുത്തഞ്ചേരി ....ആരും തിരിച്ചറിയാതെ ആ ആൾക്കൂട്ടത്തിൽ നടന്നു പോകുമ്പോൾ എങ്ങനെയെന്നെനിക്കിന്നുമറിയില്ല, ആ ദൈവം എന്നെ നോക്കി ....അദ്ദേഹം നോക്കുമ്പോൾ ഞാൻ പോലുമറിയാതെ എന്റെ ചുണ്ടിൽ അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കുന്നത് കണ്ടിട്ടാവണം അദ്ദേഹം നിറഞ്ഞൊന്നു ചിരിച്ചു....ഓർമ്മകൾ നശിക്കാത്ത കാലത്തോളവും എന്റെ കയ്യിലുണ്ടാകുമെന്നെനിക്കുറപ്പുള്ള ഒരു ചിരി ..."പല നാലണഞ്ഞ മരു യാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപനമേ "....ഞാൻ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയിരുന്നു അദ്ദേഹം കാഴ്ച്ചയിൽ നിന്ന് മറയുമ്പോളേക്കും... മൂന്നോ നാലോ മാസങ്ങൾക്കിപ്പുറം   മുംബൈ നഗരത്തിൽ , ഒരു നനഞ്ഞ രാത്രിയിൽ ,  വീട്ടിൽ നിന്ന് 'അമ്മ വിളിച്ചിട്ടു പറഞ്ഞു ....അമ്പു നീയറിഞ്ഞോ...ഗിരീഷ് പുത്തഞ്ചേരി പോയെടാ ....അമ്മയ്ക്കറിയാമായിരുന്നു ആ മനുഷ്യനോടെനിക്കുള്ള ആദരവ് എത്രയായിരുന്നെന്നു....അന്നത്തെ ആ ഷോക്ക് ഇന്നിതെഴുതുമ്പോളും തീർന്നിട്ടില്ല...നഷ്ടബോധവും...വാക്കുകൾ പ്രാണനായിരുന്നയാൾ...അയാളെ നേരിട്ട് കണ്ടിട്ട് മിണ്ടാനാവാതെ പോയ നഷ്ടം ഈ ജന്മം ഇനി തീർക്കാനാവില്ലല്ലോ.....

വാക്കുകളിൽ കടലോളം സ്നേഹം നിറച്ചവർ 
വാക്കുകളിൽ വെടിയുണ്ട ഒളിപ്പിച്ചവർ...
വാക്കുകളിൽ തീരാ നോവ് ഒളിപ്പിച്ചവർ 
വാക്കുകളിൽ ഒന്നുമേ പിടി തരാത്തവർ 
വാക്കുകളിൽ അവനവനെ പകുത്തു തന്നവർ 

വാക്കുകൾ....വാക്കുകൾ ....വാക്കുകൾ .......



വാൽ : ....ഒരുപാടു ഇനിയും ബാക്കിയുള്ളത് കൊണ്ടാവാം വാക്കുകളെല്ലാം എന്നോട് ഒളിച്ചേ കണ്ടേ കളിക്കുന്നു....ഞാൻ നിർത്തി....സുല്ല് വിളിച്ചേ...

Thursday, October 15, 2020

സ്നേഹം

 അങ്ങനെ അക്കിത്തം പോയി . മനുഷ്യ സ്നേഹത്തിലും വലുതായി മനുഷ്യ ജന്മത്തിൽ ഒന്നുമില്ലെന്ന്‌ പഠിപ്പിച്ചൊരാൾ പോയി ...ചെറിയ ഒരു കാര്യം വളരെ ചെറിയൊരു കാര്യം പറയാം 

പലപ്പോഴും നമ്മൾ കണ്ടിട്ടുള്ള ഒരു വാർത്ത , ഒരു ഫോട്ടോ , ഒരു നർമ്മം , ഒരു പാട്ടു അങ്ങനെ എന്തെങ്കിലും നമ്മളോട് പ്രിയമുള്ളൊരാൾ / നീ പങ്കിടുമ്പോൾ ,  വളരെ നിസ്സാരമായി ഇത് ഞാൻ കണ്ടതാണെന്നോ കേട്ടതാണെന്നോ പറഞ്ഞൊഴിയാം ...എന്നാൽ അതിനു പകരം, ആദ്യമായി കാണുന്നവനെ പോലെ നമുക്കൊന്ന് അന്ധാളിക്കാം , അമ്പരക്കാം  ... ഉള്ളിൽ ആ പങ്കിടലിന്റെ സ്നേഹത്തിൽ  പൂത്തുലയാം  ... എന്നിട്ട്  നമ്മൾ ആദ്യം കണ്ട കാഴ്ചകൊളൊക്കെ മറന്നിട്ട് .."നിനക്കിതൊക്കെ എവിടുന്നു കിട്ടുന്നു " എന്ന് ചോദിച്ചു അന്തം വിടാം ..ആ കാണിക്കുന്ന ചെറിയ കള്ളമാണ് നമ്മുടെയൊക്കെ വെറും സ്നേഹം ... അല്ല നിലവാരമുള്ള സ്നേഹം അന്തസ്സുള്ള സ്നേഹം ... ശരിയല്ലേ ? ശരിയല്ലെങ്കിലും എനിക്ക് ശരിയാണ് ( അക്കിത്തം ശാന്തിയോടെ വിശ്രമിക്കട്ടെ )

Friday, September 25, 2020

ചതി മാത്രം

വികാരങ്ങളിൽ വെച്ചേറ്റവും വിലപിടിച്ചതു ...അത് സ്നേഹം തന്നെയാണ്. അതിന്റെ പേരിലാണ് സർവ്വസവും . അതിന്റെ പേരിലാണ് ആളുകൾ ജീവിതം ഇട്ടെറിഞ്ഞു സമാധാനം തേടി മറ്റു ലോകങ്ങളിലേക്ക് യാത്ര പോകുന്നത്, അതിന്റെ പേരിലാണ് ആളുകൾ ചിലപ്പോൾ വെട്ടിക്കൊല്ലുന്നത് അങ്ങനെ എന്തെല്ലാം...

        പ്രണയിക്കുമ്പോൾ കണ്ണ് കാണാൻ പാടില്ല...അങ്ങനെ തന്നെ വേണം അല്ലെങ്കിൽ പിന്നെന്തു പ്രണയം...പ്രണയിക്കുമ്പോൾ അസ്ഥിയിൽ പിടിച്ചു തന്നെ പ്രണയിക്കണം...പ്രണിയിക്കുമ്പോൾ നമ്മൾ നമ്മളിലേക്ക് ചുരുങ്ങണം....പ്രണയിക്കുമ്പോൾ സർവ്വതും മറന്ന് അവനവനെ തന്നെയങ്ങ് മറന്ന്  കളയണം....പ്രണയിക്കുമ്പോൾ മറ്റൊരു നിലപാടും ആവശ്യമില്ല...പ്രണയിക്കുമ്പോൾ അതുവരെ അജ്ഞാതമായിരുന്ന ഉടലറിവുകളിലേക്കു പടർന്നു കയറണം.... പ്രണയിക്കുമ്പോൾ രാവ്‌ പുലരുവോളവും പകലിരുളുവോളവും സ്വപ്‌നങ്ങൾ കാണണം.... പ്രണയിക്കുമ്പോൾ പ്രണയമൊഴിച്ചുള്ളതെല്ലാം തെറ്റുകളും പ്രണയം മാത്രം ശരിയുമാകണം...... പ്രണയിക്കുമ്പോൾ പ്രണയത്തിലേക്ക് ജനിക്കുകയും  പ്രണയമൊഴിച്ചുള്ള ലോകത്തിൽ നിന്ന് മരിക്കുകയും ചെയ്യണം. 


ഒടുവിൽ ...പ്രണയിക്കുമ്പോൾ എന്തിന്റെയൊക്കെയോ പേരിൽ പ്രണയം അവസാനിപ്പിക്കാനും ജീവിതത്തിലേക്ക് തിരിച്ചു പോകാനുമുള്ള അവകാശവും എല്ലാവർക്കുമുണ്ട്...എല്ലാവര്ക്കും...തീർച്ചയായും ഉണ്ട് 

പക്ഷെ അപ്പോൾ ......


നമ്മൾ നമ്മളെ തന്നെ പകുത്തു കൊടുത്ത നിമിഷങ്ങൾ , നമ്മൾ ലോകത്തോട് മുഴുവൻ വെല്ലുവിളിച്ചു ചെയ്ത സ്നേഹ പ്രകടനങ്ങൾ, നമ്മൾ പ്രണയമാണ് സർവ്വതിലും വലുതെന്നു അടിവരെയിട്ടുകൊണ്ട് ആവർത്തിച്ചു ചുംബിച്ച കവിൾത്തടങ്ങൾ, നമ്മൾ പ്രണയത്തിൽ സ്വയം നഷ്ടപ്പെട്ട അടിവയറ്റിലെ ചൂടും ചൂരും ഇതൊക്കെയും ...ഇതൊക്കെയും നമ്മുടെ വ്യക്തിത്വം തന്നെയാണെന്ന്  മറന്നു പോകുന്നുവെങ്കിൽ ... ഒരൊറ്റ നശിച്ച നിമിഷത്തെ തോന്നലിനു നിങ്ങളുടെ മുഴുവൻ പ്രണയത്തെയും ലോകത്തിന്റെ വെറും ആസക്തിക്കു ചുമ്മാതങ്ങു വിറ്റു കളയുന്നെങ്കിൽ , ഇതൊക്കെയും നമ്മുടെ വെറും വെറും ഭൂതകാലമാണെന്നു വിചാരിച്ചു ലോകത്തിനു പകുത്തു കൊടുത്തെങ്കിൽ, നമ്മൾ വെറും തോൽവികളല്ല, ലോക തോൽവികൾ ആണ്. പ്രണയം നശിച്ചതിന്റെ  പേരിൽ  ആണിനെ നാണംകെടുത്താൻ ഒരു പെണ്ണും തുനിയാത്തതു ആണിന് നാണോം മാനോം ഇല്ലാത്തതു കൊണ്ട് ആണോ അതോ പെണ്ണിന് അല്മഭിമാനം ഉള്ളത് കൊണ്ടാണോ ?

അറിയില്ല . പക്ഷെ ഒന്നറിയാം.... ലോകത്തെ ഏറ്റവും കൊടിയ  ചതിയുടെ കഥകൾ അറിയാൻ ലോക ക്ലാസിക് കഥകൾ വായിക്കേണ്ട, അനശ്വര കവിതകളോ നോവലുകളോ വായിക്കേണ്ട ...ഒന്നും വായിക്കേണ്ട ...ഒരു രണ്ടു നിമിഷത്തേക്ക് ഏതെങ്കിലും ഒരു പോൺ സൈറ്റ് ഇൽ ഒന്ന് കേറി നോക്കിയാൽ മതി...വഞ്ചനയുടെ, കൊടും ചതിയുടെ വീഡിയോ ബൈറ്റ്കൾ കുന്നുകൂടി കിടപ്പുണ്ടാകും അവിടെ. അവനവന്റെ ഐഡന്റിറ്റി അതി വിദഗ്ദ്ധമായി ഒളിപ്പിച്ചു കൊണ്ട്, പ്രണയിച്ചവളെ.... കടലോളം സ്നേഹിച്ചവളെ.... ഒരുളുപ്പുമില്ലാതെ ലോകത്തിനൊറ്റു കൊടുക്കുന്ന മൃഗങ്ങളെ കാണാം...ഇനിയൊന്നും പറയാനില്ല 


വാൽ : ഇത് വായിച്ചിട്ടു ആർക്കേലും വിഷമം തോന്നിയാൽ അത് എനിക്ക് പുല്ലാണ് ...അത്  മാത്രമല്ല ...!%%@@ **&%$ ആണെനിക്ക് 



Thursday, September 17, 2020

ചില അർത്ഥ വ്യാഖ്യാനങ്ങൾ *

 

നിഷ്പ്രയാസം - നീ ഇല്ലാതെ വല്യപ്രയാസം 


നിസ്വാർത്ഥം - നീ ഇല്ലതെല്ലാം സ്വാർത്ഥം 


നിർവികാരം -നീ ഇല്ലാതെന്തു വികാരം 


നീരസം - നീയില്ലാതെന്തു രസം 


അങ്ങനെ എത്രയെത്ര നീ ....

ചുരുക്കി പറഞ്ഞാൽ, നീയാണ് ശരിക്കും നീ 

ഞാനൊക്കെയെന്തു ........വെറും ഒരു ഞാൻ !!!


*മലയാളം നന്നായി അറിയുന്നവർ വായിക്കരുതെന്നു അപേക്ഷ.


 മറ്റൊന്നും കൊണ്ടല്ല , അക്ഷരത്തിനോ വാക്കിനോ അല്ല പ്രാധാന്യം ഇവിടെ മറിച്ചു  ...ഭാവ മുഖ്യം കവി തോന്നിവാസം എന്നാണല്ലോ .....


അമ്പു

Sunday, August 23, 2020

കാലം ഉണ്ടായിരുന്ന കാലം


വള്ളി ചെരുപ്പിന്റെ മുഖത്തെ വട്ടപ്പൊട്ടിന്റെ കാലത്തു കാലം ,

സന്ധ്യക്ക്‌ കൃത്യമായി ഉമ്മറപ്പടിയിൽ നാമം ചൊല്ലിയിരുന്നു...

  ഉണക്കു കപ്പ  കണ്ണീരുകൂട്ടി  എരിഞ്ഞു തിന്ന കാലത്തു കാലം ,

കൽ വിളക്കിൽ തിരി തെളിക്കാൻ കാത്തു നിന്നിരുന്നു ...

കരിവിളക്കിന്റെ പുകയിൽ കരിഞ്ഞു പോയ കാലത്തു കാലം 

ഒരു കുപ്പി ഗോലി സോഡാ ലഹരിയായി പതഞ്ഞു നിന്നിരുന്നു ....

കാലം പോയ കാലത്തു 

നാമം ചൊല്ലാറില്ല കാലം 

തിരികളൊന്നുമേ തെളിക്കാറില്ലാ കാലം 

ലഹരികളൊക്കെയും ലഹരികളായ കാലം 

കാലം ഇപ്പൊ കാലം മാത്രമാണ് .....