Monday, March 29, 2021

പ്രാണൻ

പ്രപഞ്ചം വായിച്ചു കൊണ്ടിരിക്കുന്ന 

ഏറ്റവും മനോഹരമായ കവിതയാണ്

പ്രാണൻ 


Wednesday, March 17, 2021

ആഴം

 എംടി എഴുതിയത് ഓർമ്മ വരുന്നു 

പ്രായം ചെല്ലും തോറും എഴുത്തു കുറയാൻ കാരണം എന്തെന്നാൽ അനുഭവങ്ങളുടെ , അറിവിന്റെ വ്യാപ്തി കൂടുംതോറും നമുക്ക് എഴുതാൻ പേടിയാകുമെന്നു ...ഓരോ അക്ഷരങ്ങളെ കുറിച്ചും നാം കൂടുതൽ കരുതലുള്ളവരാകുമെന്നു ....

അദ്ദേഹം ആ പറഞ്ഞത് എഴുത്തിന്റെ കാര്യത്തിൽ ആണെങ്കിലും ഒരുപാടു കാര്യങ്ങളിൽ അതിനു അപ്ലിക്കേഷൻ ഉണ്ടെന്നാണ് തോന്നുന്നേ 

ആഴമുണ്ടെന്നു കരുതി എടുത്തു ചാടിയത് പലതും ആഴമില്ലാതെ വീണു കാലൊടിഞ്ഞപ്പോളാണ് മനസ്സിലായത് മനുഷ്യരുടെ ആഴം അളക്കാൻ ബുദ്ധിമുട്ടാണെന്ന് ....

പൊള്ളയാണെന്ന് കരുതി തുറക്കാത്ത പലതും ക്ലാസ്സിക് ആണെന്ന് ഒരുപാടു കഴിഞ്ഞു ബോധ്യപ്പെട്ടപ്പോളാണ് മനുഷ്യരെ വായിക്കാൻ എളുപ്പമല്ലെന്ന് തീർച്ചയായത് 

അങ്ങനെ വരുമ്പോൾ കരുതലുണ്ടാകേണ്ടത് എന്റെ കൂടി ആവശ്യമാണ് ..കാലൊടിയാതിരിക്കാൻ മാത്രമല്ല ആഴങ്ങളിൽ നമുക്കറിയാത്ത എന്തൊക്കെയോ ഉണ്ടെന്നുള്ള തിരിച്ചറിവും കൂടിയാണ് അത് ...സംസാരിക്കുമ്പോൾ , കാണുമ്പോൾ , സംവദിക്കുമ്പോൾ ഒക്കെയും ആരുടെ ഏതഭിപ്രായത്തോടും തിരിച്ചെന്തെങ്കിലും പറയാൻ മടിയാണിപ്പോൾ ... അഭിപ്രായം എന്ന concept തന്നെ എനിക്കങ്ങു മനസ്സിലായിട്ടില്ല ....നമുക്കെങ്ങനെ നമ്മുടേതല്ലാത്ത മറ്റൊരാളുടെ ഒരു വികാര പ്രപഞ്ചത്തെ കുറിച്ച് ( വികാര പ്രപഞ്ചം മാത്രമല്ല മറ്റെന്തൊക്കെയോ ഉള്ള ഒരു ലോകം ) അതിൽ കയറി അഭിപ്രായം ( അഭിപ്രായം അല്ലെങ്കിൽ എന്തെങ്കിലും രണ്ടു വാക്കു )പറയാൻ കഴിയും ...തിരിച്ചും ഇതേ സംഭവം ഉണ്ട് ...

ഞാനും നീയും കണ്ടു മറന്ന എത്രയോ സിനിമകൾ കഥകൾ കവിതകൾ ... അതിൽ നിനക്കീ ജന്മം ഓർത്തെടുക്കാൻ സാധിക്കാത്ത എത്ര പ്രയോഗങ്ങൾ എന്റെ നാവിൻ തുമ്പിലുണ്ടെന്നറിയോ അതേപോലെ എന്റെ സ്മ്രിതികളിൽ ഒരിടത്തും തെളിയാനിടയില്ലാത്ത എത്ര കവിതകൾ സൂര്യനെപ്പോലെ ജ്വലിച്ചിട്ടുണ്ടാകും നിന്റെ ഓർമ്മകളിൽ ....ആ ഒറ്റ കാര്യം എടുത്താൽ മനസ്സിലാകും ...എന്തൊക്കെയോ എവിടെയൊക്കെയോ ഒരുപോലെയൊക്കെ തോന്നിയിരുന്നെങ്കിലും , തോന്നുന്നുവെങ്കിലും ...അതിനപ്പുറം എവിടെയൊക്കെയോ വേറെ തന്നെ ലോകങ്ങളിൽ ആണ് നമ്മൾ ...പക്ഷെ ലോകങ്ങളൊന്നല്ലേങ്കിലും ആഴങ്ങളിൽ വീണു പൊലിയാൻ ഒരു ഭാഗ്യം വേണം അല്ലെ ....

വാൽ :

"മഴ തോർന്നിടുമ്പോൾ കുട ശാപമല്ലേ " കവിതയാണോയെന്നു പോലുമറിയില്ല പക്ഷെ കേട്ട അന്ന് മുതൽ മനസ്സിൽ കിടക്കുന്ന വരികൾ 



Sunday, March 14, 2021

വായന

 ശരി തെറ്റുകളുടെ ആപേക്ഷികതയെക്കുറിച്ചു ...

നന്മ തിന്മകളുടെ ആപേക്ഷികതയെക്കുറിച്ചു ...

പാണ്ഡിത്യത്തിന്റെ വെളിച്ചതിനുമപ്പുറമുള്ള വെളിച്ചത്തെക്കുറിച്ചു ...

അജ്ഞതയുടെ ഇരുളിനും അപ്പുറമുള്ള ശാന്തിയെക്കുറിച്ചു ...

പണത്തിന്റെ സമൃദ്ധിയിൽ പിണം ആകുന്നതിനെ കുറിച്ച് 

വേരുകൾ ജീവന്റെ ജീവൻ ആകുന്നതിനെക്കുറിച്ചു 

മനുഷ്യത്വമാണ് ഏറ്റവും വലിയ ശരിയെന്ന്നെക്കുറിച്ചു 

പറഞ്ഞു തന്നവർക്ക് ....പുസ്തകങ്ങൾക്ക് നന്ദി 

Saturday, January 23, 2021

സമാധാനം

നമുക്ക്‌ മനസ്സിലാക്കാൻ പറ്റിയ കുറച്ചു ശരികൾ മാത്രമല്ല നമുക്ക് മനസ്സിലാക്കാൻ കഴിയാതെ പോയ നമ്മുടെ കുറെ തെറ്റുകളും കൂടി ചേർന്നതാണ് നാം സ്വന്തമാക്കിയ നമ്മുടെ മനഃ സമാധാനം 


Thursday, January 14, 2021

ഇപ്പോഴും

 ഇപ്പോഴും ചായയിൽ ബിസ്‌ക്കറ്റ് മുക്കിയാണ് കഴിക്കാറ് 

ഇപ്പോഴും ഒറ്റ ഇരുപ്പിൽ 10 ഐസ് ക്രീം കഴിക്കും 

ഇപ്പോഴും മഴ കണ്ടാൽ കണ്ടിരിക്കാൻ തോന്നും 

ഇപ്പോഴും നാണിടെ കയ്യിൽ നിന്ന് മിട്ടായി ചോദിക്കാറുണ്ട് 

ഇപ്പോഴും ബഷീറിനെയും വിജയനെയും ഓർക്കാറുണ്ട് 

ഇപ്പോഴും എം ടി യെ കാണണമെന്ന് തോന്നാറുണ്ട് 

ഇപ്പോഴും ജിലേബി കണ്ടാൽ കൊതി വരും 

ഇപ്പോഴും ആകാശദൂത് കണ്ടാൽ കരയും 

ഇപ്പോഴും പന്നിയിറച്ചി ഭയങ്കര ഇഷ്ടമാണ് 

ഇപ്പോഴും കള്ളു കുടിക്കുന്നതിനോട് പുച്ഛമാണ് 

ഇപ്പോഴും ചിലരെ പറ്റി കുറ്റം  പറയാറുണ്ട് 

ഇപ്പോഴും എന്റെ കുറ്റം കേട്ടാൽ അംഗീകരിക്കില്ല 

ഇപ്പോഴും വെറുതെയിരുന്നാൽ നിന്നെ ഓർമ്മ വരും 

ഇപ്പോഴും ജീവിതത്തിൽ ജീവിതം നോക്കുവാ 


Sunday, November 15, 2020

പ്രതിഭാസം

 പുതിയ കാലം ...പഴയ കാലം എന്നൊക്കെയുള്ള വേർ തിരിവ് നമുക്ക് മനുഷ്യർക്കെ ഉള്ളു കാലത്തിനാ വേർതിരിവില്ല എന്നതാണ് സത്യം .പക്ഷെ നമ്മൾ മണ്ടന്മാർ  പോയ കാലത്തിനെ മറക്കാൻ ഭയങ്കര കഴിവുള്ളവരാണല്ലോ ...പറയാൻ കാരണം നമ്മുടെ പുതിയ തലമുറയുടെ തമാശകളാണല്ലോ ട്രോളുകൾ ... അഭിപ്രായ സ്വാതന്ത്യ്രത്തിന്റെ പൊളിറ്റിക്കൽ കറക്ട്നെസ്സ് ന്റെ ഇക്വാലിറ്റിയുടെ ഒക്കെ പേരിൽ ആളുകൾ വല്ലാതെ വിമര്ശിക്കപെടുമ്പോൾ വിഷമം തോന്നാറുണ്ട് ....

'വരിക്കാശ്ശേരി മന സെറ്റിട്ടാലോ ' എന്ന ഡയലോഗ്‌ ദിലീഷ്‌ പോത്തന്റെ കഥാപാത്രം പറയുന്നത് കേട്ട് ഞാനും കയ്യടിച്ചിട്ടുണ്ട് .ഷാജി കൈലാസിനെ നോക്കിയുള്ള  ആ ചിരിയിൽ നമ്മൾ മറന്നു പോകുന്ന ഒരുപാടു കാര്യങ്ങളുണ്ട് ... 29 ആമത്തെ വയസ്സിൽ അങ്ങേരു സംവിധാനം ചെയ്ത ഒരു സിനിമ യുടെ പേരാണ് കമ്മിഷണർ . തൊട്ടടുത്ത വര്ഷം വീണ്ടും 'ദി കിംഗ് '....ഇനി കൂടുതൽ പറയണ്ടല്ലോ ....തിയേറ്ററിൽ സീറ്റിൽ കയറി നിന്ന് വിസിലടിച്ച ഒരു തലമുറയ്ക്കു ഷാജി കൈലാസ് എന്ന പേര് ഇന്നും ദിലീഷ് പോത്തനും ലിജോ ജോസ് നും മുകളിലാണെന്നു ഞാൻ കണ്ണുമടച്ചു പറയും സംശയമുണ്ടേൽ നിങ്ങൾ വീട്ടിൽ 40 നും 50 ഇനും ഇടയിലുള്ള സിനിമ പ്രാന്തന്മാരോട് ചോദിക്ക് അവർ പറയും " മുഹമ്മദ് സർക്കാർ ഈസ് ഹൈലി ഇൻഫ്ളമബിൾ "എന്ന് .

നാച്ചുറൽ ആക്റ്റിംഗും കണ്ണിന്റെ മാസ്മരികതയൊക്കെ നിങ്ങൾ പാടി പുകഴ്ത്തിക്കോളൂ എത്ര വേണമെങ്കിലും പക്ഷെ ഇടയ്ക് തന്റെ 27 മത്തെ വയസ്സിൽ മോഹനലാൽ ചെയ്ത അമൃതം ഗമയ കാണണം 24 മത്തെ വയസ്സിൽ ജയറാം ചെയ്ത മൂന്നാം പക്കം കാണണം . 29 മത്തെ വയസ്സിൽ സിദ്ധിക്ക് (ലാൽ ) ചെയ്ത സിനിമയുടെ പേരാണ് റാംജി റാവു സ്പീകിംഗ് ...ദേവാസുരം 29 മത്തെ വയസ്സിൽ എഴുതിയ രഞ്ജിത് ഉണ്ട് .....എന്നിട്ട് നിങ്ങൾ ട്രോള്ളിക്കോ ....പാണന്മാർ ഓരോ കാലത്തും പാടി നടക്കുന്നത് അതാത് കാലത്തേ ഉണ്ടാകു എന്നെനിക്കു തോന്നുന്നു . പുതിയ കാലത്തിന്റെ പാണന്മാർ ആണെല്ലോ സോഷ്യൽ മീഡിയ ...


നിങ്ങൾ എത്ര വേണേലും പാടി പുകഴ്ത്തിക്കോളൂ പുതിയ കാലത്തിന്റെ അവകാശികളെ , പ്രതിഭകളെ പക്ഷെ , പോയ കാലത്തെ ഒരാളെ ഇന്നിന്റെ ശരിതെറ്റുകളിലിട്ടു ട്രോൾ ചെയ്തു കൊല്ലുമ്പോൾ ഒന്നാലോചിക്കണം , അവർ പ്രതിഭയായിരുന്നു ....അവർ പ്രതിഭാസങ്ങൾ ആയിരുന്ന കാലം നെഞ്ചേറ്റിയ ഒരു തലമുറ ഇവിടെ ഇപ്പോളും ജീവിക്കുന്നുണ്ട് ...സുനിൽ സുഖദയോ സുധി കൊപ്പയോ വന്നതറിയാത്ത ജോസ് പെല്ലിശ്ശേരി ടെ മകനെ എവിടെയോ കേട്ട് മറന്ന ഒരു തലമുറ (എന്റെ അമ്മേനെ എനിക്കറിയാല്ലോ )അവർ അത്ര ന്യുന പക്ഷ്മല്ല ....മുമ്പ് പറഞ്ഞ ന്യൂ ജൻ കോമഡി കേട്ട് ചിരിക്കുന്നവർ അത്ര ഭൂരിപക്ഷവുമല്ല അതോർക്കുന്നത് നന്നായിരിക്കും ....

നോട്ട് : അഭിപ്രായ വത്യാസമുള്ളവരോടെനിക് പരാതിയില്ല "മേലേടത്തു അച്യുതൻ നായർ ചെറ്റയാ ...മക്കളുമതേ "

Thursday, November 12, 2020

വാക്കുകൾ .....

 വാക്കുകളെകുറിച്ചാണ് ഞാൻ ഒരുപാടു ചിന്തിച്ചിട്ടുള്ളത്. വാക്കുകളും നമ്മളെ പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ചില വാക്കുകൾ, കാണുമ്പോൾ നിസ്സരന്മാരായി തോന്നുന്നവർ ആയിരിക്കും പക്ഷെ,  അവരെ കേട്ടാൽ ചിലപ്പോൾ  നമ്മൾ ഞെട്ടും. "ത" എന്ന ഒരക്ഷരം ...അതിനൊരു വള്ളി.... കണ്ടാൽ അത്രേ ഉള്ളു . പക്ഷെ സംഭവം "തീ " ആണ് തീ ....

അതുപോലെ തന്നെ ചില വാക്കുകൾ അവരുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് ചിലപ്പോൾ വില കുറഞ്ഞവരാകാറുണ്ട്...തെറ്റിദ്ധരിക്കപ്പെടാറുണ്ട്...കുണ്ടറ, കുണ്ടന്നൂർ, ശശി, സോമൻ, പുഷ്പൻ, അങ്ങനെ അങ്ങനെ എത്രയോ പേരുകൾ....ഒരു കാരണവുമില്ലാതെ മനുഷ്യ മനസ്സിലെ നിലവാരമില്ലായ്മ കൊണ്ട് നാണം കെടേണ്ടി വന്ന വാക്കുകൾ .....

വാക്കുകൾ നമ്മൾ കരുതുന്നപോലെ അത്ര എളുപ്പത്തിൽ വഴങ്ങുന്നവർ അല്ലെന്നു പരീക്ഷകളിൽ മാത്രമല്ല, അല്ലാതെയും നമുക്ക് ബോധ്യപ്പെടുന്ന സന്ദർഭങ്ങൾ ഇടയ്ക്കിടയ്ക്ക് ജീവിതത്തിൽ എല്ലാവർക്കും ഉണ്ടാകുമെന്നു തോന്നുന്നു....


എത്ര ശ്രമിച്ചാലും നമ്മൾക്ക് സംവേദിക്കാനാകാത്ത ചില അനുഭവങ്ങൾ വാക്കുകളെ വെല്ലുവിളിക്കും,..എത്ര പറഞ്ഞിട്ടും നമുക്ക് മടുക്കാത്ത ചില അനുഭവങ്ങൾ പറഞ്ഞു പറഞ്ഞു നമ്മൾ വാക്കുകളെ "പഞ്ഞിക്കിടും"(പഞ്ഞിക്കിടുമെന്ന വാക്കിന്റെ മാർദ്ദവം ഒരിക്കലും അത് അനുഭവിക്കുന്നവന് ഉ ണ്ടാകില്ല ...വാക്കിന്റെ ഒരു കണ്ണ് പൊത്തി  കളി )....എത്ര പറഞ്ഞിട്ടും പറയേണ്ടത് മാത്രം പറയാതെ ചില വാക്കുകൾ നമ്മളെ നോക്കി കൊഞ്ഞനം കുത്തും അങ്ങനെ എന്തെല്ലാം എന്തെല്ലാം ......

ജീവിതത്തിൽ ഒരുപാടു സ്വാധീനം ഉണ്ടാക്കിയവരെല്ലാം വാക്കുകൾ നന്നായി ഉപയോഗിക്കുന്നവർ ആയിരുന്നു....ബഷീർ തൊട്ടു പവിത്രൻ തീക്കുനി വരെ നീണ്ട ലിസ്റ്റ് ....വാക്കിന്റെ ദൈവങ്ങൾ....വാക്കുകളിലാണ് ജീവിതം പലപ്പോളും മുന്നോട്ടു ...മുന്നോട്ട് പോകുന്നത്...ഇടയ്ക്കൊക്കെ കിതച്ചു നിൽക്കുമ്പോളും ചിലരുടെ ചില വാക്കുകളിൽ നാം മുന്നോട്ട് പോകും... ശ്രദ്ധിച്ചിട്ടില്ലേ നമ്മുടെ എല്ലാ നല്ല ബന്ധങ്ങളും നിലനിൽക്കുന്നത് വാക്കിന്റെ "പലക"മേൽ ആണ്..."നെല്ലിപ്പലക" കണ്ടാലും നമ്മൾ ചിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ചിലരുടെ വാക്കുകൾ ....കഴിഞ്ഞ അഞ്ചെട്ടു വർഷങ്ങൾക്കിടയിൽ വിരലിൽ എണ്ണാൻ തവണ പോലും നേരിട്ട് കാണാത്ത ചിലരുണ്ട്...ജീവിതത്തിന്റെ വസന്തം അവരാണെന്നു തോന്നുന്നത് അവർ പറയുന്ന ചില വാക്കുകളുടെ സൗരഭ്യത്തിൽ ആണ്.

2009 ഇന്റെ അവസാന പാദത്തിൽ ജീവിതം മുംബൈ നഗരത്തിലേക്ക് പറിച്ചു നടാൻ തുടങ്ങുന്ന സമയം...ആദ്യമായി മഹാനഗരം കാണൻ പോകുന്നതിന്റെ സന്തോഷത്തേക്കാളും പാലാ വിട്ടു പോകാനുള്ള ജന്മസിദ്ധമായ മടി കാരണം ശൂന്യമായ മനസ്സുമായിട് എറണാകുളം റെയിൽവേ സ്റ്റേഷൻ ഇൽ  നീളുന്നു ഞാൻ..ട്രെയിൻ വരാൻ സമയം ബാക്കി... പേരറിയാത്ത ഏതോ ട്രെയിൻ എവിടുന്നോ വരുന്നു...നമുക്ക് വല്യ താല്പര്യമില്ലാതെ ഇങ്ങനെ ഇരിക്കുമ്പോൾ A/C കംപാർട്മെൻറ് ഇൽ നിന്ന് ഒരു ചെറിയ ചുവപ്പു നിറമുള്ള ബാഗ് പിടിച്ചു ഒരാൾ ഇറങ്ങിയപ്പോൾ ,,ഞാനറിയാതെ എന്റെ കണ്ണിൽ അയാളെ പതിഞ്ഞു...ട്രെയിൻ വന്ന ആ തിരക്കിനിടയിലും എനിക്കയാളെ മനസ്സിലായി....ഗിരീഷ് പുത്തഞ്ചേരി....ദൈവമേ ഗിരീഷ് പുത്തഞ്ചേരി ....ആരും തിരിച്ചറിയാതെ ആ ആൾക്കൂട്ടത്തിൽ നടന്നു പോകുമ്പോൾ എങ്ങനെയെന്നെനിക്കിന്നുമറിയില്ല, ആ ദൈവം എന്നെ നോക്കി ....അദ്ദേഹം നോക്കുമ്പോൾ ഞാൻ പോലുമറിയാതെ എന്റെ ചുണ്ടിൽ അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കുന്നത് കണ്ടിട്ടാവണം അദ്ദേഹം നിറഞ്ഞൊന്നു ചിരിച്ചു....ഓർമ്മകൾ നശിക്കാത്ത കാലത്തോളവും എന്റെ കയ്യിലുണ്ടാകുമെന്നെനിക്കുറപ്പുള്ള ഒരു ചിരി ..."പല നാലണഞ്ഞ മരു യാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപനമേ "....ഞാൻ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയിരുന്നു അദ്ദേഹം കാഴ്ച്ചയിൽ നിന്ന് മറയുമ്പോളേക്കും... മൂന്നോ നാലോ മാസങ്ങൾക്കിപ്പുറം   മുംബൈ നഗരത്തിൽ , ഒരു നനഞ്ഞ രാത്രിയിൽ ,  വീട്ടിൽ നിന്ന് 'അമ്മ വിളിച്ചിട്ടു പറഞ്ഞു ....അമ്പു നീയറിഞ്ഞോ...ഗിരീഷ് പുത്തഞ്ചേരി പോയെടാ ....അമ്മയ്ക്കറിയാമായിരുന്നു ആ മനുഷ്യനോടെനിക്കുള്ള ആദരവ് എത്രയായിരുന്നെന്നു....അന്നത്തെ ആ ഷോക്ക് ഇന്നിതെഴുതുമ്പോളും തീർന്നിട്ടില്ല...നഷ്ടബോധവും...വാക്കുകൾ പ്രാണനായിരുന്നയാൾ...അയാളെ നേരിട്ട് കണ്ടിട്ട് മിണ്ടാനാവാതെ പോയ നഷ്ടം ഈ ജന്മം ഇനി തീർക്കാനാവില്ലല്ലോ.....

വാക്കുകളിൽ കടലോളം സ്നേഹം നിറച്ചവർ 
വാക്കുകളിൽ വെടിയുണ്ട ഒളിപ്പിച്ചവർ...
വാക്കുകളിൽ തീരാ നോവ് ഒളിപ്പിച്ചവർ 
വാക്കുകളിൽ ഒന്നുമേ പിടി തരാത്തവർ 
വാക്കുകളിൽ അവനവനെ പകുത്തു തന്നവർ 

വാക്കുകൾ....വാക്കുകൾ ....വാക്കുകൾ .......



വാൽ : ....ഒരുപാടു ഇനിയും ബാക്കിയുള്ളത് കൊണ്ടാവാം വാക്കുകളെല്ലാം എന്നോട് ഒളിച്ചേ കണ്ടേ കളിക്കുന്നു....ഞാൻ നിർത്തി....സുല്ല് വിളിച്ചേ...