Friday, December 16, 2022

മോട്ടിവേഷൻ

 തൂങ്ങിയാടുന്നുണ്ട് ഒരു മോട്ടിവേഷൻ ,

ഡിപ്രെഷൻ നാട് കടത്തപ്പെട്ട വാർത്തയറിഞ്ഞു ,

അനാഥത്വം കാട് കയറിയെന്നറിഞ്ഞു ,

ഏകാന്തത കാശിക്കു പോയെന്നറിഞ്ഞു 

അശുഭമായതെല്ലാം സ്ഫോടനത്തിനു 

ഇരയായെന്നറിഞ്ഞു , കയറു നോക്കി 

അധിക ചിഹ്നമൊരെണ്ണം (+) കുരുക്കി കഴുത്തിൽ 

തൂങ്ങിയാടുന്നുണ്ട് എന്റെ ചങ്ങാതി , മോട്ടിവേഷൻ 





Tuesday, November 29, 2022

കട

 ഒരു കടയുണ്ട് , പക്ഷേ ,

വഴി നിറയെ കണ്ണീരിറ്റു വീഴും 

വശങ്ങൾ നിറയെ വിഷാദം നിഴലിക്കും 

ഓരോ ചുവടിലും അടിതെറ്റും 

സ്വപ്‌നങ്ങൾ എതിരെ ഓടി മറയും 

അനാഥത്വം ചോദിക്കാതെ  ലിഫ്റ്റ് തരും 

അവഗണന  ഇടയ്ക്കു സല്യൂട്ട് തരും 

ഏകാന്തത കൂട്ട് കൂടും 

എന്നാലും കടയിൽ പോകണം 

സമാധാനം വില്പനയ്ക്കുള്ള കടയല്ലേ ..

ഒരു കൈക്കുമ്പിളിൽ എങ്കിലും 

ഇല്ലാതെ ഞാനെങ്ങനെ മടങ്ങും. അല്ലെ 

Monday, August 8, 2022

ഉപ്പ്

കടൽ കുടിച്ചിട്ട് എങ്ങനെ ഉണ്ട് മോളെ ???

നല്ല ഉപ്പ് !!!

ആണല്ലേ ...!


പക്ഷെ എന്റെ കണ്ണീരിനാണ് കൂടുതൽ !!!

Tuesday, June 7, 2022

RULES

 ഏതു കളിയായാലും ജീവിതമായാലും റൂൾസ് /നിയമങ്ങൾ ബ്രേക്ക് ചെയ്യാൻ എളുപ്പമാണ്.

എല്ലാ നിയമങ്ങളും ...സകല നിയമങ്ങളും പാലിച്ചു കൊണ്ട് തന്നെ കളി അവസാനിപ്പിക്കുന്നവൻ വിജയി ആണ്.

അതിപ്പോ കളി തോറ്റാലും അയാൾ വിജയി തന്നെ ആണ്.


80 - കളിൽ സ്‌കൂൾ വിദ്യാഭാസവും 90 -ൻറെ ആദ്യപാദത്തിൽ കോളേജ് വിദ്യാഭാസവും പൂർത്തിയാക്കിയ ആൾ . പേര് രാമൻ .കെ 

അച്ഛന്റെ പേര് : കുട്ടൻ 

'അമ്മ; പാറു 

ജനനം :26 -05 -1972 

sslc : 1987 

ഡിഗ്രി : 1992  

( ഇയാൾ ഹിന്ദു ആണ്...ദളിതനാണ്...അച്ഛന് ഒരു റേഷൻ കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കുന്നു.അമ്മയ്ക്കു ജോലിയില്ല...ഒരനിയൻ ഉണ്ട്.അച്ഛനെ പോലെ തന്നെ സ്വൽപ്പം അന്തർ മുഖത്വം ജന്മനാ സ്വന്തമായുണ്ട്.) 


സ്‌കൂളിൽ നിന്ന് കോളേജിലേക്ക് എത്തുമ്പോൾ നഷ്ടപ്പെടുന്ന ആത്മവിശ്വാസം....ഒരു മലയോര മേഖലയിലെ സ്‌കൂളിൽ  ആദ്യ സ്ഥാനക്കാരിൽ ഒരാൾ  ആയിരുന്നാലും..നഗരത്തിലെ കോളേജിലെ ക്ലാസ്സ് മുറിയിൽ, ഒരു പെൺകുട്ടി ഷേക്ക് ഹാൻഡിനു കൈ നീട്ടി ഹെല്ലോ how do you do എന്ന് ചോദിച്ചാൽ എത്ര കിളികൾ തലയിൽ നിന്ന് പറക്കുമെന്ന് എണ്ണാനാവില്ല...കള്ളു കുടിക്കാത്ത, സിഗരറ്റ് വലിക്കാത്ത ,(അച്ഛന്റെ ജനിതകപരമായിട്ടുള്ളത് ഒക്കെയാണ് അതൊക്കെ ) സൗഹൃദങ്ങൾ തീരെ കുറഞ്ഞ , comment പറയാൻ അറിയാത്ത , ഉച്ചത്തിൽ ഇൻക്വിലാബ് വിളിക്കാൻ അറിയാത്ത, പരീക്ഷകൾക്ക് വേണ്ടി കുത്തിയിരുന്ന് പഠിക്കുന്ന ഒരുവന്  ബിജിഎം ഇട്ടു സ്ലോ മോഷൻ ഇൽ നടക്കാൻ  ഒരു കോളേജിലും ഒരു വരാന്ത പോലും ഉണ്ടാകില്ല. (ആ ഷേക്ക് ഹാൻഡിനു കൈ നീട്ടിയ കുട്ടിയെ പിന്നീട് നമ്മൾ ഒരിടത്തു കാണുന്നുണ്ട്.)

 എന്നിട്ടും അയാൾ ചില ക്വിസ് മത്സരങ്ങൾ ജയിക്കുകയും...പരീക്ഷകളിൽ നല്ല മാർക്ക് വാങ്ങുകയും ചെയ്യുന്നത് അവിചാരിതമായിട്ടെങ്കിലും നമ്മൾ കാണുന്നുണ്ട് . 

പക്ഷെ കളി ജയിക്കാൻ അതൊന്നും പോരാ..നിങ്ങൾ എത്ര നിയമങ്ങൾ പാലിക്കുന്നുവോ അതിനനുസരിച്ചു നിങ്ങളെ മറ്റുള്ളവർ എളുപ്പത്തിൽ , വളരെ എളുപ്പത്തിൽ കടന്നു പോകുന്നത് കാണുന്നുണ്ട്...കോളേജിൽ കൂടെ പഠിച്ച പലരും ആവറേജ് മാർക്കുണ്ടായിരുന്നവരും, ചില തല്ലു കേസ് കളിൽ പ്രതിയായി പോയവർ പോലും രാഷ്ട്രീയ ശുപാർശയുടെ പേരിൽ, കുടുംബത്തിലെ ചില സ്വാധീനമുള്ളവരുടെ പേരിൽ നല്ല ജോലിയിൽ പ്രവേശിക്കുന്നത് കാണുന്നുണ്ട്...

മുതിർന്നു വരും തോറും പണം ആവശ്യമായി വരുന്ന സന്തർഭങ്ങൾ ഏറി വരുന്നത് മനസ്സിലാകുന്നുണ്ട്. .ഗ്രാമത്തിലെ പബ്ലിക്‌ ലൈബ്രറിയിൽ വെച്ച് മാത്രം പരിചയമുള്ള ഒരാൾ അയാൾക്ക് പറ്റും വിധം സഹായിച്ചു ഗൾഫിൽ ഒരു ജോലി തരപ്പെടുന്നു...

പുതിയ ലോകം ... കഠിനമായ ഒറ്റപ്പെടൽ...കടുത്ത ശാരീരിക അധ്വാനം ...രണ്ടു വർഷം പൂർത്തിയാക്കി തിരിച്ചു പോരേണ്ടി വന്നു. തോൽക്കാൻ മനസ്സില്ലാത്തതു കൊണ്ട്...നാട്ടിൽ വന്നു കുറച്ചു പരീക്ഷകൾ എഴുതി നോക്കുന്നു...അത്യാവശ്യം പഠിച്ചു തയ്യാറായി തന്നെ ആണ് എഴുതുന്നതെങ്കിലും എല്ലാത്തിലും പരാജയം...ഒരു പരീക്ഷ ഹാളിൽ വെച്ച് പരിചയപ്പെട്ട പെൺകുട്ടി ആണ് ഓരോ പരീക്ഷകൾക്ക് ആയി ഓരോ തരത്തിലാണ് തയ്യാറെടുക്കേണ്ടത് എന്ന്  പറഞ്ഞു കൊടുക്കുന്നത്...കോമ്പറ്റിഷൻ success ഉം മനോരമ yearbookk ഉം അവരാണ് പരിചയപ്പെടുത്തുന്നത് 

അവരെ പിന്നീട് കണ്ടിട്ടില്ലെങ്കിലും (പക്ഷെ ഏറ്റവും അവസാനത്തെ സീനിൽ നമ്മൾ അവരെ വീണ്ടും കണ്ടു മുട്ടുന്നുണ്ട്.) ആ വാക്ക് ജീവിതം മാറ്റുന്നുണ്ട്....

വീണ്ടും പഠിക്കുന്നു....മുറി അടച്ചിട്ട് രാപകലുകൾ പഠിച്ചു തീർക്കുന്നു....ഇയർ ബുക്ക് മുതൽ കോമ്പറ്റിഷൻ success വരെ എല്ലാം മനഃപാഠം ആക്കുന്നുണ്ട് അയാൾ..

ഒരുച്ച സമയത്തു എം.ടി വാസുദേവൻ നായരുടെ മഞ്ഞു വായിച്ചു കൊണ്ടിരിക്കുകായാണ്...ആ സമയത്തു പോസ്റ്റുമാൻ വിളിക്കുന്നു. 3 registered ലെറ്റർ ഒരുമിച്ചു ഒപ്പിട്ടു വാങ്ങുമ്പോൾ കൈ വിറക്കുന്നുണ്ടായിരുന്നു. അയാൾ പ്രതീക്ഷിച്ചതു തന്നെയായിരുന്നു അത്...3  ഗവൺമെൻറ് സെർവീസുകളിലേക്ക് ഒരുമിച്ചു നിയമനത്തിനായി അയാളെ ക്ഷണിച്ചു കൊണ്ടുള്ള ഓഫർ ലെറ്റേഴ്‌സ് ... 


അതിലൊന്ന് അയാൾ തിരഞ്ഞെടുക്കുകയും പിന്നീട്  കോട്ടയം ജില്ലാ  കളക്ടറേറ്റിൽ നിയമിതനാവുകയും ചെയ്യുന്നുണ്ട്..ജോലി സംബന്ധമായി ഒരിക്കൽ വാതിൽ തുറന്നു കയറുമ്പോൾ പ്രൊബേഷനിൽ അസി. കളക്ടർ ആയിരുന്ന ആളുടെ പേരൊന്നു വെറുതെ ശ്രദ്ധിച്ചു...(മിസ്സ്. നൂണി ജേക്കബ്.)...അകത്തു കയറിയപ്പോൾ....കണ്ടു മറന്ന മുഖം....പക്ഷെ മറന്നിട്ടില്ലാത്ത ഒരു മുഖം....മേശപ്പുറത്തു ഒരു competition success കിടക്കുന്നതു കണ്ടു തല ഉയർത്തുമ്പോൾ ...അതെ ചിരി...അതെ പ്രസന്നത.... ശുഭം 

----------------------------------------------------------------------------------------------------------------

അടയാളങ്ങൾ 

# കാത്തിരിപ്പിന്റെ അവസാനത്തെ വാക്കാണല്ലോ എം.ടി  യുടെ " മഞ്ഞു "

# രാമൻ ...മര്യാദ രാമൻ ആണല്ലോ (എന്നിരുന്നാലും ചിലതുണ്ട് അതിൽ പെടാത്തതു ) പക്ഷെ നിയമാവലികൾക്ക് ഏറ്റവും പ്രിയപ്പെട്ട പേരാണ് രാമൻ 

# നൂണി ...എല്ലാ നടപ്പു സമ്പ്രദായ പരിപാടികളുടെയും വേലി പൊളിക്കാൻ കെൽപ്പുള്ള parents സ്വന്തമായുള്ള ഒരാൾക്കേ ആ പേര് കിട്ടു ....അതുകൊണ്ടാണ് 90 കളിൽ അവൾ കോമ്പറ്റിഷൻ success റിവ്യൂ വായിച്ചത്.

NOTE: second part will be there...ഷേക്ക് ഹാൻഡിനു കൈ നീട്ടിയ ആളെ  നമ്മൾ കാണുന്നത് സസ്പെൻസ് 




Sunday, May 22, 2022

പ്രശാന്തി

 ശാന്തിയുടെ ഉയർന്ന തലങ്ങളിൽ എവിടെയോ ആകും പ്രശാന്തി എന്ന് കരുതുന്നു . പ്രശാന്തമായത് ചിലതുണ്ട്.. ചില നിമിഷങ്ങളുണ്ട് , ഉള്ളിന്റെ ഉള്ളിൽ നിറവ് അനുഭവിക്കുന്ന നിമിഷങ്ങൾ . അങ്ങനെയുള്ള ചിലതിനു ഒരു പൊതു സ്വഭാവം കണ്ടേക്കാം .ആ പൊതു സ്വഭാവത്തെ പറ്റി സ്വയം ബോധ്യമുണ്ടാകുന്നത് മനുഷ്യൻ എന്ന ജീവിയുടെ ജീവശാത്രപരമായ ചില വൈഷമ്യ്ങ്ങളെ  അതിജീവിക്കാൻ നമുക്ക് ചിലപ്പോൾ തുണയായി തീരും . 

വെള്ളത്തിന് ആഴമുള്ളതു പോലെ വെയിലിന്റെ ആഴം അളക്കാൻ പ്രേരിപ്പിച്ചത് ഖസാക്കിന്റെ ഇതിഹാസം ആണ് . കലയിൽ അന്തരീക്ഷ സൃഷ്ടി എന്നുള്ളത് കഥാപാത്രങ്ങളുടെ കാര്യത്തിൽ മാത്രമല്ല, മറിച്ചു , തികച്ചും physical ആയിട്ടുള്ള അന്തരീക്ഷം , അതായത്  മഴയും സായാഹ്നങ്ങളും വർണ്ണിക്കുന്നതിൽ കഥാകാരന്റെ കഴിവ് ചിലപ്പോ സഹൃദയന്റെ ബോധത്തിൽ സ്ഫോടനങ്ങൾ സൃഷ്ടിക്കുമെന്ന് തോന്നിയിട്ടുണ്ട് . കൂമൻ കാവിൽ ബസ് നിർത്തുന്നിടത്തു തന്നെ നമ്മളും ഇറങ്ങുന്നത് അത് കൊണ്ടാണ് (വെളുത്ത മഴ നോക്കി രവി കിടക്കുന്ന നിമിഷത്തിൽ , ബാല്യത്തിലെ ചില ഇടമുറിയാത്ത മഴ പകലുകളിൽ മഴയുടെ നിറമേതെന്നു അന്തിച്ച നിമിഷങ്ങൾക്കുള്ള ഉത്തരം കിട്ടുകയായിരുന്നു ...മനസ്സിലെ നിറമാണ് മഴയ്ക്കെന്നു ) ...

  അത്തരത്തിലുള്ള ചില, അന്തരീക്ഷങ്ങളെ  ബോധമണ്ഡലങ്ങളിൽ ഫ്രീസ് ചെയ്തു സൂക്ഷിക്കാൻ ചിലപ്പോ നമുക്ക് സാധിക്കും ...ശാന്തിയുടെ ഉയർന്ന നിലകൾ  നമുക്ക് ആ ഫ്രീസ് ചെയ്ത അറകളിൽ അനുഭവിക്കാനായേക്കും. എന്റെ ബാല്യത്തിലെ അവധി ദിവസങ്ങളിൽ ഞാൻ അനുഭവിച്ച ചില അപര ജീവിതങ്ങളുണ്ട് ...അതിൽ ഒന്ന് ചാച്ചന്റെ ആണ് . രാവിലെ 4 മണിക്കോ മറ്റോ തുടങ്ങുന്ന മേട് ഉച്ചക്കൊന്നു brake ചെയ്യും . ഈ ആദ്യ പാദത്തിൽ 500 ഇൽ പരം റബ്ബർ മരം വെട്ടി പാലെടുത്തു ഉറയൊഴിച്ചു വെക്കുകയും , കയ്യാല കെട്ടുകയും പശുവിനു പുല്ലു വെട്ടുകയും  ഒക്കെ കഴിയും ചോറുണ്ടു കഴിഞ്ഞു അര മണിക്കൂർ കിടക്കുന്ന സമയം റേഡിയോ കേൾക്കാറുണ്ട് ...അന്ന് ചാച്ചന്റെ അടുത്തിരുന്ന കേട്ട പാട്ടുകളുണ്ട് .."മോഹം കൊണ്ടു ഞാൻ "..."മെല്ലെ മെല്ലെ മുഖ പടം " നിലാവിന്റെ നീല ഭസ്മ " "ഒരായിരം കിനാക്കളാൽ "...എണ്ണിയാലൊടുങ്ങില്ല ...ആ പാട്ടുകൾ കേട്ട നിമിഷങ്ങളിൽ ചാച്ചന്റെ ജനലിനപ്പുറത്തു പെയ്ത കാലവർഷമുണ്ട്‌ , മകരമുണ്ട് , ധനുവുണ്ട്‌ , പത്തുമണി വിരിഞ്ഞതിനു തൊട്ടപ്പുറത്തായി 11 കുഞ്ഞുങ്ങളും തള്ളക്കോഴിയും വിലസിയിരുന്ന എന്റെ മനസ്സിന്റെ അതെ ആഴമുണ്ടായിരുന്ന പ്രശാന്തമായ പകലുകൾ ഉണ്ടായിരുന്നു ...ആ അന്തരീക്ഷങ്ങളെ ഞാൻ ഫ്രീസ് ചെയ്തതല്ല തനിയെ ഫ്രീസ് ആയി പോയതാണ് ..

തിരക്കുകളിലെ ,നരകങ്ങളിലെ രാപ്പകലുകളിൽ ഞാൻ കണ്ണ് തുറന്നു , ബോധമണ്ഡലങ്ങൾ അടച്ചു വെച്ചു ജീവിതം കെട്ടിയാടുമ്പോൾ എത്ര ശ്രമിച്ചാലും , കണ്ടില്ലെന്നു നടിച്ചാലും , ഇപ്പോളും ചില മഴ ദിവസങ്ങൾ , വെയിൽ ആഴങ്ങൾ എനിക്ക് ജനൽ തുറക്കാറുണ്ട് , മർമ്മാണി തൈലവും വായുഗുളികയും മണ്ണും ചന്ദ്രിക സോപ്പും മണക്കുന്ന ആ ജനലരികത്താണ് ശാന്തി ...പ്രശാന്തി ...

നോട്ട് : ചാച്ചന്റെ പേര് ശ്രീധരൻ , ചാച്ചന്റെ അച്ഛന്റെ പേര് ആനന്ദൻ 




Monday, April 4, 2022

വായിച്ച കാലം

 നല്ല തലക്കെട്ട് അല്ലെ...എനിക്കിഷ്ടപ്പെട്ടു.


വായിച്ച കാലം,


നന്നായി വായിച്ചിരുന്ന കാലത്തു....നന്നായി വായിച്ചിരുന്ന കാലത്തു "നന്നായി വായിക്കുമെന്ന് " പറയാൻ പേടിയായിരുന്നു.. അതായിരുന്നു ഒറ്റ വാക്കിൽ ആ കാലം...(ഇന്നിപ്പോ അങ്ങനെ പറയാമെന്നു ആയതിനു കാരണം മനസ്സിലായിക്കാണുമല്ലോ ). 


വായിക്കും തോറും നമ്മൾ കുഞ്ഞായി കുഞ്ഞായി വരുമെന്നെനിക്ക് തോന്നിയിട്ടുണ്ട്...അറിവിന്റെ കാര്യത്തിൽ കുഞ്ഞായി വരുമെന്ന്...കാരണം അറിയാത്തതു എന്തൊക്കെയാണെന്നുള്ള ബോധ്യം വായിക്കും തോറും കൂടി കൂടി വരും...


വായനയുടെ അടിമയായ ആ കാലത്തു, നമ്മെ തേടി വരുന്ന, നമുക്കായി സ്വന്തമാക്കുന്ന , പകിട്ടുള്ള എന്തിനോടും നമുക്കൊരു അസഹിഷ്ണുത ഉള്ളാലെ തോന്നി തുടങ്ങുമെന്നെനിക്ക് തോന്നിയിട്ടുണ്ട്... മറിച്ചു, ഏതു തരത്തിലുള്ള ഇല്ലായ്മകളും  പലപ്പോഴും ഭൂഷണങ്ങൾ ആയിട്ടാണ് തോന്നുന്നത്... ഒന്നിനോടും പുച്ഛമില്ല...ഒന്നിനോടും...ഇനി അഥവാ അങ്ങനെ തോന്നിയാൽ ഉടനെ അതിന്റെ മറു ചിന്തയും നമുക്ക് സ്വന്തമാണ്... ഒരുദാഹരണത്തിനു,  ആൾക്കാരെ ഒരുപാട് പറ്റിച്ചു, കാശുണ്ടാക്കിയ ഒരാൾ (എന്ന് പൊതു സമൂഹം വിശ്വസിക്കുന്ന ഒരാൾ ) നമ്മുടെ മുന്നിൽ നിന്ന് ചുമ്മാ പൊങ്ങച്ചം ( പൊതു സമൂഹം പൊങ്ങച്ചം എന്നുദ്ദേശിക്കുന്നതു എന്തോ അത്) അടിക്കുന്നു എന്നിരിക്കട്ടെ ,  നമ്മൾ പെട്ടന്ന് ആയാളും ഞാനും മരിച്ചു കഴിഞ്ഞുള്ള ഒരു നിമിഷത്തിലേക്ക് പോകുന്നു.....അപ്പോൾ ..."ഇത് കർമ്മ പരമ്പരയുടെ സ്നേഹ രഹിതമായ കഥയാണ് " കുറച്ചു പൊങ്ങച്ചം കേട്ട് കളയാം എന്ന് നമുക്കങ്ങു തോന്നും....ആടാറു പരിപാടിയാണ് അത്....


ആ കാലത്തു മാത്രമേ നമുക്ക് വെയിലിന്റെ ആഴമറിയാനും മഴയുടെ നിറമറിയാനും കടലിന്റെ മുഖം കാണാനും സാധിക്കൂ ....


note : -ആ കാലത്തു മാത്രമേ ചിരിക്കുമ്പോൾ ശരിക്കും ചിരിക്കാൻ സാധിച്ചിട്ടുള്ളു.


Friday, April 1, 2022

ചിലർ

 ചിലരുണ്ട് 

സീബ്ര യുടെ പുറത്തു വഴി മുറിച്ചിട്ടും 

പോത്തിന്റെ പുറത്തു പോകേണ്ടി വന്നവർ 


ചിലരുണ്ട് 

ഒരു കത്തി പോലും കാണാതെ 

ഒരു കുത്തു വാക്കിൽ തീർന്നു പോയവർ 


ചിലരുണ്ട് 

കൂടെ നിന്നൊരുപാട് ചിരിച്ചിട്ട് 

ഒരു തമാശയിൽ നില തെറ്റിയവർ 


ചിലരുണ്ട് 

കരഞ്ഞു കരഞ്ഞു  തോർന്നിട്ടും 

ഒരു കുഞ്ഞു ചിരിയിൽ അലിയുന്നവർ 


ചിലരുണ്ട് 

നിന്റേതായിരുന്നിട്ടും 

നിന്റേതല്ലാതായവർ