Tuesday, August 22, 2017

കോലം ...

കൊക്കോ മരങ്ങൾക്കടിയിലൂടെ , ചീവീടിനെ പിടിക്കാൻ നടന്നൊരു കാലം...
ചീവീടിനെ പിടിച്ചു തീപ്പെട്ടി കൂടിനുള്ളിലിട്ടു കുഞ്ഞുങ്ങളുമായി  നടക്കുന്ന തള്ളക്കോഴിക്കിട്ടു നടന്ന കാലം.
ചേമ്പിലയിൽ വെള്ളം നിറച്ചു, മുഷി കുഞ്ഞുങ്ങളാണെന്നു കരുതി വാല്മാക്രിയെ കൊണ്ടുവന്നു  കിണറ്റിലിട്ട കാലം.
തലയിണക്കടുത്തായിട്ട് എം.ടി യെ വെച്ചു ആശ്വസിച്ചു കിടന്നുറങ്ങിയ കാലം.
സന്മാർഗബോധം കൂടിയിട്ട് അയലത്തെ വീട്ടിലെ ലവ് ബേർഡ്‌സ് നെ തുറന്നു വിട്ട കാലം.
പൂത്ത കാപ്പി ചെടിയുടെ ചോട്ടിലിരുന്നു അമർ ചിത്രകഥ വായിച്ച കാലം.
' അരം + അരം =കിന്നരം' കണ്ടു ചിരിച്ചു ചിരിച്ചു കണ്ണീരു വന്ന കാലം .
'കുട്ടികളുടെ ദീപിക' വന്നോ എന്നറിയാൻ പോസ്റ്റ് ഓഫീസിൽ പോയി തമ്പടിച്ച കാലം
ഡിഫെൻസ് അക്കാദമി പരീക്ഷക്കുള്ള പുസ്തകത്തിനുള്ളിൽ ഒളിച്ചു വെച്ച് ഖസാക്ക് വായിച്ചു അന്തംവിട്ട കാലം.
ദീപാരാധന നടക്കുമ്പോളൊക്കെയും അവസാനം കിട്ടാൻ പോകുന്ന കൂട്ടുപായസത്തെക്കുറിച്ചോർത്ത പ്രാർത്ഥനകളുടെ കാലം.
അടവെച്ചു വിരിയാനുള്ള 21 ദിവസവും കലണ്ടറിൽ അടയാളപ്പെടുത്തി കോഴിക്കുഞ്ഞുങ്ങളെ സ്വപനം കണ്ടു നടന്ന കാലം.
രാത്രി...ഇടുക്കി...ബസ്-ൽ  സൈഡ് സീറ്റ്.....പോരാത്തതിന് സൂര്യമനസത്തിലെ പാട്ടും. കരഞ്ഞു തോർന്നു പോയ കാലം.
ജാതിക്ക തിന്നു തിന്നു നാവിലെ തൊലി പോയ കാലം.
വാൽനക്ഷത്രം എന്ന അതിമോഹത്തെ 16 രൂപ തന്നു സാദാ നക്ഷത്രമാക്കിയ വീട്ടുകാരെ പ്രാകിയ  കാലം....
ഓട്ടുപാലും ചകിരിയും സമാസമം ചേർത്ത് ക്രിക്കറ്റ് ബോൾ ഉണ്ടാക്കി stumber  കമ്പനി കാരെ കൊഞ്ഞനം കുത്തിയ കാലം.
പള്ളിപെരുന്നാളിന്‌ സിപ് അപ്പ് വാങ്ങാൻ പന്തയം വെച്ച് ക്രിക്കറ്റ് കളിച്ച കാലം.
 സൈക്കിൾ -ൽ ഒട്ടിക്കാനായി കല്യാണക്കുറിമേലുള്ള ഗണപതിയെ വെട്ടിയെടുത്തു സൂക്ഷിച്ച കാലം .
സ്കൂൾ ആനിവേഴ്സറിക്കു പൊങ്ങച്ചം കാണിക്കാൻ മൈക്ക് ൽ പേര് വിളിക്കാറാകുമ്പോ സ്‌കൂട്ടയിട്ടു,എല്ലാരും നോക്കുമ്പോൾ സ്ലോ മോഷൻ-ൽ (നമ്മുടെ മനസ്സിൽ )പ്രത്യക്ഷപ്പെടുന്ന കാലം.
കരോൾ പാടാൻ പോകുമ്പോൾ കണ്ട ചിരികൾ സ്വപ്നം കണ്ടുറങ്ങിയ ഡിസംബർന്റെ കാലം

 ...........................................
ചിരികളൊക്കെയും ശമ്പളക്കമ്മീഷനുകളായി മാറിയ കോലം.
ഉത്തരങ്ങളൊക്കെയും സ്മൈലി-കളായി ഒടുങ്ങുന്ന കോലം.
നല്ലതു പറഞ്ഞാൽ കുറവായി പോകുന്ന കോലം
വിമർശനമാണ് സാമർഥ്യമെന്നു ധരിച്ചുപോയ കോലം.
ഞാനെന്ന ശരിയുടെ ശബ്ദം മാത്രമുള്ള കോലം.
കോലങ്ങൾ കൊണ്ട് നിറങ്ങളത്രയും കെട്ടുപോയ കാലം.

..............................................











Wednesday, March 8, 2017

അഭിനയം


രാവിലെ എണീറ്റ് പത്രം വായിക്കണം.
ചായ തനിയെ ഉണ്ടാക്കി കുടിക്കണം.
കൃഷി പണി ചെയ്തു ജീവിക്കണം.
തുലാവർഷം ഉമ്മറത്തിരുന്നു കാണണം.
പറമ്പിൽ ഇരുന്നു കപ്പയും കട്ടനും അടിക്കണം.
പള്ളിക്കൂടം  കഴിഞ്ഞുള്ള വളവിൽ
കാത്തുനിന്നു മോളെ അതിശയിപ്പിക്കണം.
കപ്പ വാട്ടുന്നിടത്തിരുന്നു നാല് ബഡായി കാച്ചണം.
മുറ്റത്തെ നെല്ലിയിൽ ഒരൂഞ്ഞാലുകെട്ടി
അമ്മയെ അതിലുരുത്തി ആടിക്കണം.
 മൊബൈൽ ഫോൺ ഒരു സങ്കൽപം
മാത്രമാക്കി, വേണ്ടപ്പെട്ടവർക്ക് കത്തെഴുതണം.
അച്ഛന്റെ പിറന്നാളിന് അമ്പലത്തിൽ
പോയൊന്നു തൊഴുതു വരണം.
കൂട്ടുകാരുടെ വീട്ടിൽ അവരില്ലാത്ത നേരത്തു
ചെന്ന് കയറി ഒരു പൊതി കടല ഏൽപ്പിക്കണം.
ആശുപത്രിയിൽ കിടക്കാതെ അങ്ങ് പോണം.
......................

ഇതൊക്കെയാണ് സ്ക്രിപ്റ്റ് ....
എന്നിരുന്നാലും, വൈകുന്നേരം
പ്രീമിയം ഹാച്ച് ബാക്ക് ൽ kfc   
 വരെ പോയാലേ ഒരിത് ഉള്ളു ....
ലുലു ഇൽ പോയി വെറുതെ
രണ്ടു റൌണ്ട് അടിച്ചാല് ഒരിത് ഉള്ളു.
നാഴികക്ക് നാൽപ്പതു വട്ടം
നോട്ടിഫിക്കേഷൻ ചെക്ക്
ചെയ്താലേ ഒരിത് ഉള്ളു.....
.......കാർത്തികേയൻ പറയും പോലെ
അഭിനയമല്ലേ സുഹറാ .............

Wednesday, January 18, 2017

നാല് വരി

എറണാകുളം.

ആദ്യമായി കടല് കണ്ടു
ആദ്യമായി സെക്കന്റ്  ഷോ കണ്ടു
ആദ്യമായി ബിരിയാണി കഴിച്ചു
പിന്നെ... ആദ്യമായി
അച്ഛന്റെ മനസ്സ് കണ്ടു.

സ്കോളർഷിപ്

പരീക്ഷക്കുള്ള വലിയ പുസ്തകം വാങ്ങി
ബാക്കിയുളള പൈസക്ക് കടക്കാരൻ പുസ്തകം തരട്ടെ എന്ന്.
തന്നത് ഖസാക്ക്...
ഇനിയെന്ത്  വേറെ സ്കോളർഷിപ്.

അമ്മ

കറിക്കത്തി കൊണ്ടുള്ള മുറിവുകൾ
പാകിയ ആ കയ്യിലാണ് ഉണ്ടത് , ഉറങ്ങിയത്
നഗരം പുളിച്ചു തികട്ടുമ്പോൾ ആ
മുറിവുകൾ വീണ്ടും കത്തിയാവുന്നല്ലോ...

പുസ്തകം .

ഞാനെന്താണെന്നു പോലും വായിക്കാൻ മെനക്കെടാത്ത കാലത്തു കാണാപ്പാഠം പഠിക്കാൻ ശ്രമിച്ച പുസ്തകമായിരുന്നു അവൾ....

Thursday, December 29, 2016

കമ്പനി

ഒരുപാടു സിം മാറ്റി മാറ്റി ആണ് 
ഒടുവിൽ ഈ കമ്പനി യിൽ എത്തിയത്..
കോളേജ് ലൈബ്രറി യിൽ വെച്ചാണ് 
കണക്ഷൻ എടുത്തതെന്നാണ് ഓർമ്മ.

റീചാർജ് ഒക്കെ വളരെ എളുപ്പം 
ഒരു പൊതി കപ്പലണ്ടി തന്നെ ധാരാളം.
 ഏതു പാതി രാത്രിയിലും പട്ടാപ്പകലും  
റേഞ്ച് നു ഒരു പഞ്ഞവുമില്ലായിരുന്നു.

ആവശ്യമില്ലാത്ത ഒരു നേരത്തും വേണ്ടാത്ത 
ഒരു ഓഫറും പറഞ്ഞു ബുദ്ധിമുട്ടിച്ചില്ല.
ഞാൻ വിളിച്ച കോളുകൾക്കെല്ലാം 
അൺലിമിറ്റഡ് ചിരി ഓഫറും   തന്നു കമ്പനി .

കല്യാണം കഴിഞ്ഞ ദിവസം മുതൽ 
റേഞ്ചില്ലാതെ കട്ട് ആയിത്തുടങ്ങി കോളുകൾ 
വാലിഡിറ്റി തീരാതിരിക്കാൻ പഠിച്ച  പണി 
പതിനെട്ടും പയറ്റി തോറ്റു  ഞാൻ 

സാമ്പത്തിക ഞെരുക്കം മാറാൻ, കമ്പനി 
 മറ്റൊരു കമ്പനിയിൽ ലയിക്കുമെന്ന വാര്ത്ത വന്നു.
പക്ഷെ എന്നെ ഞെട്ടിച്ചു, 12 ആം പേജിലെ ഒരു കഷണം 
 വാർത്തയായി കമ്പനി എന്നേക്കുമായി  അടച്ചു മൂടി.






Wednesday, December 21, 2016

നക്ഷത്രമരങ്ങൾ


ആദ്യമായി നക്ഷത്രമരം കാണുന്നത്
ഊൺമേശയിൽ ആണ്, അവളുടെ
ആദ്യശമ്പളം അനാഥർക്കു വിളമ്പുമ്പോൾ   ......

ട്യൂഷൻ എടുക്കുന്നതിൻറെ  പ്രതിഫലമായി
വാങ്ങിയിരുന്ന  നാരങ്ങാ മിട്ടായി ഇട്ടാണ്
അവളതിനെ  ദിവസവും പോറ്റിയത് ....

സ്വന്തം കയ്യാലെ ഉണ്ണിയപ്പമുണ്ടാക്കി
തൊട്ടപ്പുറത്തെ അംഗൻവാടിയിൽ കൊടുത്ത്‌
അവൾ അതിനു തൈകൾ ഉണ്ടാക്കിയെടുത്തു....

ഞാൻ ചോദിച്ചു വാങ്ങിയ തൈകളൊന്നും
പച്ച പിടിച്ചില്ല...

ഒടുവിൽ ഇന്ന്  ആശുപത്രിക്കിടക്കയിൽ,
സന്ദേഹങ്ങൾ ഒഴിഞ്ഞ ഒരു ചിരിയിൽ നട്ടുവെച്ച,
 ഭാരമൊഴിഞ്ഞ ഒരു കുഞ്ഞു തൈ എനിക്കും...

........................നകഷത്രമരത്തൈ .................................



Saturday, December 3, 2016

ക്രോസിങ് ...



പണ്ട് ഐലൻഡ് എക്സ്പ്രസ്സ് ഇൽ നാട്ടിലേക്ക് പോകുമ്പോൾ ക്രോസ്സ് ചെയ്ത ശബരി എക്സ്പ്രസ്സ് ഇൽ അവളുണ്ടെന്നറിഞ്ഞു.ഉടനെ SMS അയച്ചു

 " തീവണ്ടിയുടെ കരിമണത്തിനു മുകളിലായി...എല്ലാത്തിനും മുകളിലായി നിന്‍റെ ഗന്ധം മാത്രം ഞാനറിയുന്നു "

8 വർഷങ്ങൾക്കിപ്പുറം അതെ അവളോട്‌ രണ്ടു കുട്ടികളുടെ അമ്മ ആയവളോട് നേരിട്ടു പറയുന്നു...അടുക്കളയിൽ വെട്ടു കെള ആണോടി ? പോയി കുളിച്ചൂടെ ?

Monday, November 28, 2016

തേരട്ടകൾക്കു 👏👏👏

ഹൈവേ മുറിച്ചു കടക്കുന്ന തേരട്ട.....
പണ്ട് വായിച്ചു മനസ്സിൽ മായാതെ കടക്കുന്ന ഒരു തലകെട്ടാണ്. നിന്നെ കുറിച്ചും ഏറെക്കുറെ ഇപ്പൊ അങ്ങനെ പറയാറായി എന്നാണു എന്‍റെ ഒരു ഇത്.....
ചുറ്റുപാടുമുള്ളവരുടെ അള്ളു വീണു    കിടക്കുന്ന  വാക്കുകൾക്കിടയിലൂടെ.... ,
കൈപ്പിടിയിലൊതുങ്ങാത്ത ജീവിതത്തിന്റെ വലിയ സമസ്യകളുടെ നാഷണൽ പെർമിറ് ലോറികൽക്കിടയിലൂടെ...,
ചിരിച്ചു കൊണ്ട് നൈസ് ആയിട്ട് പണി തരുന്ന  പിഴച്ച ചില അവന്മാരുടെ (ഞാനടക്കം ) അല്ലെങ്കിൽ അവളുമാരുടെ  വണ്ടികൾക്കിടയിലൂടെ....
ഒടുവിൽ തേരട്ട ഹൈവേ മുറിച്ചു കടക്കുന്ന
കാഴ്ചയുണ്ടല്ലോ...അതാണ് മാസ്സ്....കൊലമാസ്സ്...  അതാണല്ലോ ഹീറോയിസം
സമർപ്പണം : ജീവിതത്തിന്റെ വലിയ ചോദ്യങ്ങൾക്കു മുന്നിൽ ചെറിയ ഉത്തരങ്ങൾ കണ്ടെത്തി , നെടുവീർപ്പെടലുകൾ പോലും ഒഴിവാക്കി കളഞ്ഞ സൂത്രനും...കുടയില്ലാത്തവൻ നനഞ്ഞു തീർത്ത മഴയുടെ...മഴകളുടെ സൗന്ദര്യമൊന്നും ഒരു കവിക്കും അറിഞ്ഞുടന്ന് പഠിപ്പിച്ച ജീൻ ഉം....നന്ദി