Wednesday, November 28, 2018

പ്രതിജ്ഞകൾ

കള്ളുകുടി നിർത്തിയില്ലെങ്കിലും 
' ഞാൻ '  എന്ന് തുടങ്ങുന്നതൊക്കെയും നിർത്തണം 

പുകവലി കുറച്ചില്ലെങ്കിലും,
'നീ ' പറയുന്നതൊന്നു കേൾക്കുവേലും
വേണം.

ജിമ്മിൽ കാസർത്തു  ചെയ്തില്ലേലും ,
നിന്‍റെ പേരിലെ 'ജാതി വാല് ' നോക്കരുത്...

Wednesday, August 29, 2018

തുറന്നു പറച്ചിലുകൾ അടക്കം പറയുമ്പോൾ ...

കുറെ കാലമായി  ഞാൻ മിണ്ടാറേയില്ല,
എന്നോട്...
അറിയാതെങ്ങാനും പറഞ്ഞു പോയാലോ ,
എന്നെ...

കുറെ കാലമായി ഞാൻ വായിക്കാറേയില്ല
നിന്നെ...
ഞാനൊരു കള്ളമാണെന്ന് ഏതെങ്കിലും
പേജിന്റെ മറവിലുണ്ടെങ്കിലോ...

കുറെ കാലമായി ഞാൻ സെൻസർ ചെയ്യാറില്ല ,
സ്വപ്‌നങ്ങളെ...
ഇനി ചിലപ്പോ നിന്‍റെ ഫെസ്റ്റിവലിലേയ്ക് ക്ഷണം കിട്ടിയാലോ...

കുറെ കാലമായി ഞാൻ കേൾക്കാറേയില്ല ,
ഇന്നലെകളെ...
നിഷ്കളങ്കത ഒരു കടങ്കഥ ആണെന്ന്,
പറഞ്ഞു കളഞ്ഞാലോ...





Tuesday, August 7, 2018

കാച്ചില്

കാച്ചില് പുഴുങ്ങിയതുണ്ട്
എടുക്കട്ടേ
വേണ്ട, ബർഗർ  കഴിച്ചു
ആഹ്...കിഴങ്ങന്മാർക്  കിഴങ്ങു വേണ്ടല്ലോ...

Sunday, March 25, 2018

ദൈവം

കഴിഞ്ഞ തവണ 
നാട്ടിൽ ലീവ് വന്നപ്പോളാണ്  
കല്യാണം ഒരെണ്ണം ഒത്തതു, 
കല്യാണം വിളിക്കാൻ ഭഗവാന്റെ 
അപ്പോയ്ന്റ്മെന്റ് എടുത്തു ചെന്നു.
വാതിൽ തുറന്നതു സന്തത 
സഹചാരിയായ മ്മ്‌ടെ സ്വന്തം കാലൻ .
അങ്ങേരാണ് പറഞ്ഞത് ദൈവം 
ഏതോ പിള്ളേരുടെ സുന്നത്തു കല്യാണത്തിന്  പോയതാണ്.
ഞെട്ടിപ്പോയി...എന്നാലും .... ഭഗവാനെ... 
ഓഹോ.. അപ്പൊ അങ്ങനാണല്ലേ

എന്‍റെ മുഖത്തെ സ്പ്രെഷൻ കണ്ട 
കാലൻ ചിരിച്ചോണ്ട് പറഞ്ഞു. കല്യാണത്തിന് വരുന്ന കാര്യം സംശയം ആണ്. അന്നൊരു മാമ്മോദീസ ഉണ്ട്.
ഓഹോ അത്രത്തോളമായല്ലേ 
ഞാൻ അറിയാതെ ശബ്ദം വന്നു പോയി.
കാലൻ വീണ്ടും ചിരിച്ചു.

അങ്ങനെ  കല്യാണം കഴിഞ്ഞു.
ഇത്തവണ  ലീവ് വന്നപ്പോ 
വീണ്ടും കാണാൻ പോയി.ഭാര്യേനെ ആശുപത്രിയിൽ കാണിച്ചു 
മടങ്ങും വഴി ഒന്ന് ജസ്റ്റ് കയറി .
 അനിയന്റെ കല്യാണത്തിന് ഡേറ്റ് 
മുന്നേ ബ്ലോക്ക് ചെയ്യാൻ പോയതാണ്.
ചെന്നപ്പോ വാതിൽ തുറന്നതു കാലൻ തന്നെ. എന്നെ കണ്ട ഉടനെ പറഞ്ഞു.
"കല്യാണങ്ങൾക്കൊന്നും ഇപ്പൊ അങ്ങനെ 
പോകാറില്ല. ഭയങ്കര ബോറാണെന്നു പറയുന്നുണ്ടാരുന്നു.ഫുൾ ഷോ ഓഫ് ആണത്രേ.....ഞാനും  കൂടി ചെന്നാൽ പോകാന്നു. " കാലൻ ചിരിച്ചു.

ഞാൻ വിളറി വെളുത്തു പോയി. 
അങ്ങേരു വീണ്ടും പറഞ്ഞു " ആ ഡേറ്റ് ഒന്നുടെ നോക്കിക്കോട്ടോ...അന്ന് അദ്ദേഹത്തിനൊരു 28 കെട്ടുണ്ട്."
 ഓഹ്...അപ്പൊ    മ്മ്‌ടെ ആൾക്കാരുടെ കാര്യങ്ങൾക്കും പോകും ല്ലേ...
എന്‍റെ മുഖത്തെ പുച്ഛം കണ്ടിട്
കാലൻ പറഞ്ഞു... ഡീറ്റെയിൽസ് കേട്ടിട്ട് 
താനാണ് അച്ഛനെന്നു തോന്നുന്നു.
... പിള്ളേരുടെ കാര്യങ്ങൾക്കു മാത്രം ഉപേക്ഷ വിചാരിക്കാറില്ല..." 

.... ദൈവമേ ....



Monday, January 22, 2018

ശെരിക്കുള്ള പേര് .............................


എന്‍റെ ശെരിക്കുള്ള പേര്  ഇതല്ല
ഞാൻ രാവണൻ , മര്യാദ പുരുഷന്റെ  ഭാര്യയെ മോഹിച്ചവൻ...

എന്‍റെ ശരിക്കുള്ള പേര് ഇതല്ല
ഞാൻ കുംഭ കർണ്ണൻ , പുറത്തു യുദ്ധം
നടന്നപ്പോളും ഉള്ളിലുറങ്ങിയവൻ...

എന്‍റെ ശരിക്കുള്ള പേര് ഇതല്ല
 ഞാൻ ദുര്യോധനൻ , അർജ്ജുനനിരിക്കെ
അവളെ വസ്ത്രാക്ഷേപം നടത്തിയവൻ

എന്‍റെ ശരിക്കുള്ള പേര് ഇതല്ല
ഞാൻ യൂദാസ് , സ്നേഹമെന്നറിഞ്ഞിട്ടും
സ്വാർഥതയുടെ വെള്ളിതുട്ടിനു നിന്നെ ഒറ്റിയവൻ

എന്‍റെ ശരിക്കുള്ള പേര് ഇതല്ല
ഞാൻ പൂതന , ദൈവം ആണെന്നറിഞ്ഞിട്ടും
കള്ള സ്നേഹം തന്നു കൊല്ലാൻ   നോക്കിയവൾ

Tuesday, December 19, 2017

ഇന്നലെ ...

ആമസോണും  യു ട്യൂബും പിന്നെ  **** ഉം മാറിമാറി
കളിച്ച മൈതാനമായിരുന്നു സെർച്ച് ഹിസ്റ്ററി 
ഒരൊറ്റ ദിവസം കൊണ്ട് കളിക്കാരെല്ലാം മാറിമറിഞ്ഞു.
ഇന്നലെ ആയിരുന്നു ബൈയോപ്സി റിപ്പോർട്ട് വന്നത്.

ചുട്ട പപ്പടത്തിനു പനിച്ചുവയാണെന്നായിരുന്നു,
എന്നുമെന്റെ പരാതി, പക്ഷെ ഇന്നിപ്പോൾ 
കണ്ണീരിട്ട കഞ്ഞിവെള്ളം മാത്രമായി കുടിക്കുമ്പോൾ 
നെഞ്ചകത്തൊരു കാന്താരി കത്തിയമരുന്നുണ്ട് .
...ഇന്നലെയായിരുന്നു സഞ്ചയനം. 

കൊടുങ്കാറ്റടിച്ചു, പല വന്മരങ്ങളും കടപുഴകി.
വേരില്ലാത്തവയൊക്കെയും പേടിച്ചു തന്നെ വീണുപോയി.
ഒരു കുഞ്ഞൻ മാത്രം എല്ലാത്തിനേം അതിജീവിച്ചു, പക്ഷെ 
കോടാലി ഒരെണ്ണം നെഞ്ചിൽ ചെറുപ്പത്തിൽ കൊണ്ടതറിഞ്ഞിരുന്നില്ലാരും 
ഇന്നലെ ആയിരുന്നു, ഇലയനങ്ങാൻ കാറ്റില്ലാത്ത ഒരുച്ചക്ക്...




Tuesday, October 24, 2017

തലമുറ

 കാമറ

രാവും പകലും നിന്നെയാണെനിക്കോർമ്മ
കുളിക്കുമ്പോൾ...
ചേലചുറ്റുമ്പോൾ...
പ്രണയിക്കുമ്പോൾ...
പ്രാപിക്കുമ്പോൾ...
നിന്നെയാണോർമ്മ., എൻ (അ)പ്രിയനെ

സെൽഫി

തലമുറ വിടവ് എന്താണെന്നറിയാൻ
ചില വിടവുകളിൽ ഒളിഞ്ഞു നോക്കി.
എല്ലാ വിടവും മൊബൈൽ കാമറ വെച്ചടച്ചിരിക്കുകയാരുന്നു. അതുകൊണ്ട് വിടവിലൊക്കെയും സെൽഫിമാത്രം.

ദഹനക്കേട്

നല്ല  ഹെൽത്തി ഡയറ്റ് ആയിരുന്നു.
രാവിലെ ഒരു ഗ്ലാസ് ഫേസ്ബുക്
ഉച്ചയ്ക്ക് തൂശനിലയിൽ വാട്സാപ്പ്
വൈകീട്ട് ലേശം ഇൻസ്റ്റാഗ്രാം ( വിതൗട്ട് )
അത്താഴം ട്വിറ്ററും ലേശം സ്കൈപ്പും പക്ഷെ
കല്യാണക്കുറി ചങ്കു ബ്രോ യ്ക്ക് ഫോർവേഡ് ചെയ്യാൻ മറന്നു. ആ വകയിൽ
ദഹനക്കേട് ഉണ്ടായി ഭയങ്കരമായി. ഇപ്പൊ നാട്ടു വൈദ്യം ചെയ്യുവാ.
പഥ്യം ഉണ്ട്. അതോണ്ട് കടിച്ചു പറിക്കാനൊന്നുമില്ല. കത്തെഴുതുതി ഉണ്ടാക്കുന്ന തോരനും കൂട്ടി സൗഹൃദം ഉണ്ണുന്നു...അത്ര തന്നെ.

നമ്പറുകൾ

അമ്മേന്നു വിളിക്കാനുള്ള നമ്പർ
അറിയില്ല എന്നാലും അമ്മേടെ പാൻ കാർഡ് നമ്പർ അറിയാം.
ജോലിക്കു അപേക്ഷിക്കാൻ സ്വന്തം
 പോസ്റ്റ് ഓഫീസ പിൻ
അറിയില്ല എന്നാലും അച്ഛന്റെ ATM
പിൻ അറിയാമല്ലോ.
വേണ്ടപ്പെട്ടവരുടെയെല്ലാം നമ്പർ സേവ് ചെയ്തിട്ടുണ്ട്. പക്ഷെ.സേവ്  ചെയ്യേണ്ട ആവശ്യമില്ലാത്ത.. സേവ് ചെയ്യാത്ത
നമ്പറുകൾ ആണ് നമ്പറുകൾ....