Tuesday, June 27, 2023

സ്വാസ്ഥ്യം

 സ്വാസ്ഥ്യം എന്ന വാക്കിന്റെ അർത്ഥം എന്നു മുതലാണ് നമുക്ക് മനസ്സിലായി തുടങ്ങിയത് എന്നാലോചിച്ചിട്ടുണ്ടോ?

സ്വാസ്ഥ്യം എന്ന അവസ്ഥ നമ്മളെ തേടി വരുന്നതാണോ നമ്മൾ തേടി ചെന്ന് കണ്ടു പിടിക്കുന്നതാണോ?

വിജയൻ ഖസാക്കിൽ പ്രയോഗിക്കുന്ന ഒരു പ്രയോഗമുണ്ട് " ദുരൂഹമായ ഒരു സാധനയിലൂടെ നേടിയെടുക്കുന്നു " എന്ന് ...സ്വാസ്ഥ്യവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും കൂടുതൽ ചിന്തിപ്പിച്ചിട്ടുള്ള ഒരു പ്രയോഗമാണ്  അത്.  മനസ്സിന് അല്ലെങ്കിൽ  നമ്മുടെ ബോധത്തിനു  (consciousness) എത്തിച്ചേരേണ്ടിടത്തു എത്തിച്ചേരാൻ മനസ്സ് കണ്ടു പിടിക്കുന്ന കുതന്ത്രങ്ങളിൽ ഒന്നാണ് ഈ പറഞ്ഞ ദുരൂഹമായ സാധന.

നിങ്ങൾക്കറിയാവുന്നതു പലതും , നിങ്ങൾക്കുറപ്പുള്ളതു പലതും നിങ്ങൾക്ക് അറിവില്ലാത്ത പോലെയും നിങ്ങൾക്കുറപ്പില്ലാത്തതു പോലെയും ഉപബോധ  മനസ്സ് (Sub-consciousness) നിങ്ങളോടു പറയും. ചുരുക്കി പറഞ്ഞാൽ മനസ്സ് അല്ലെങ്കിൽ  നമ്മുടെ ബോധം  നമ്മൾ അറിയാതെ കണ്ണടയ്ക്കും ..കാരണം അതിലൂടെ മാത്രമേ സ്വാസ്ഥ്യം എന്ന point ലേക്ക് എത്തിച്ചേരാൻ കഴിയൂ എന്നും മനസ്സിനറിയാം (conscious mind നു അറിയാം ) .

 ഉപബോധമനസ്സിന് അറിയാവുന്ന ഈ കാര്യങ്ങൾ നമുക്കറിയാമെന്നു വിചാരിക്കരുത്. കാരണം ഉപബോധമനസ്സിന് അറിയാവുന്നതെല്ലാം നമുക്കറിവില്ല. അതുകൊണ്ടു തന്നെയാണ് "ദുരൂഹമായ " ഒന്നായി നമുക്കതു തോന്നുന്നത്. (നമുക്കെന്നു പറഞ്ഞാൽ ബോധ മനസ്സിന് )

മനസ്സ് എന്നുള്ളത് ബോധമനസ്സായും , രണ്ടാമത് ഉപബോധ മനസ്സ് എന്ന് വിവക്ഷിച്ചാല് കുറച്ചുകൂടെ ക്ലിയർ ആകും എന്ന് തോന്നുന്നു. ബോധ മനസ്സിൽ ഒരിക്കലും വന്നിട്ടില്ലാത്ത.... ചിന്തിക്കുക പോലും ചെയ്യാത്ത നൂറു കണക്കിന് കാര്യങ്ങൾ ഉപബോധമനസ്സിനു പ്രാപ്തമായിട്ടുണ്ട്. 

സ്വാസ്ഥ്യം എന്ന അവസ്ഥ  ആഗ്രഹിക്കുന്ന ബോധ മനസ്സിന് ആശ്രയം ഒരിക്കലും നമ്മളുടെ ബോധ മണ്ഡലം അല്ല . കാരണം സിമ്പിൾ അല്ലെ..ബോധമണ്ഡലത്തിലുള്ള , അനുഭവങ്ങളുടെയോ, കാഴ്ച്ചകളുടെയോ,മറ്റൊന്നിന്റെയോ പേരിൽ സ്വാസ്ഥ്യത്തിലേക്ക് എത്തി ചേരാൻ മനസിനു കഴിയില്ല ....മറിച്ചു ഉപബോധ മനസ്സിന്റെ സഹായം തേടിയാൽ കാര്യം നടക്കും. കാരണം ഉപബോധമനസ്സു നമ്മളെ കുറിച്ച് തന്നെ ശേഖരിച്ചു വെച്ചിരിക്കുന്ന ചില കാര്യങ്ങൾ കേട്ടാൽ നമ്മൾ തന്നെ ഞെട്ടിപ്പോകും. സത്യമായും...

ഉദാഹരണത്തിന് നിങ്ങളുടെ ബോധ മണ്ഡലം നിങ്ങളോടു പറയുന്നത്‌ അനുസരിച്ചു നിങ്ങൾക്ക് ഒരാളെ കൊല്ലാൻ പറ്റുമെന്നു തോന്നുന്നുണ്ടോ ...ഇല്ലല്ലോ ...നിങ്ങളുടെ ഉപബോധമനസ്സിനു അറിയാം നിങ്ങള്ക്ക് വേണമെങ്കിൽ രണ്ടു പേരെ കൊല്ലാൻ സാധിക്കുമെന്ന്.( ഉദാഹരണം കടുത്തു പോയി സാരമില്ല)

ദുരൂഹമായ സാധന എന്ന പ്രയോഗത്തിന്റെ ശരിക്കുമുള്ള അർത്ഥം ഇതിലൊന്നും നിൽക്കില്ല. നമുക്കേറ്റവും പ്രിയപ്പെട്ടതെന്നു തോന്നുന്ന ഒന്ന് ..ഒരിക്കലും ഉപേക്ഷിക്കാനാകാത്ത ....ഒരിക്കലും പിരിഞ്ഞു പോകാത്ത ഒന്ന് പിരിഞ്ഞു പോയാൽ സ്വാസ്ഥ്യം നമുക്ക്  തീണ്ടാപ്പാട് അകലെ ആയി മാറും...ഏറ്റവും ദുരൂഹമായ ഒരു സാധനയിലൂടെ മനസ്സ് നമുക്കായി ചിലപ്പോ സ്വാസ്ഥ്യം കണ്ടെത്തും... അതിനു പക്ഷെ നമ്മുടെ ബോധ മണ്ഡലത്തിലുള്ള ഒന്നും തികയാതെ വരും....ഉപബോധ മനസ്സിലെ നമുക്ക് ചിന്തിക്കാൻ പോലും ,... ഊഹിക്കാൻ പോലും കഴിയാത്ത വെളിപാടുകൾ ആണ് അവിടെ തുണയായി വരുന്നത് ..

സ്ഥലങ്ങളെക്കുറിച്ചു, ആളുകളെ കുറിച്ച് , പേരുകളെ  കുറിച്ച്, സ്നേഹത്തെക്കുറിച്ചു, കാമത്തെ ക്കുറിച്ചു, പ്രതികാരത്തെക്കുറിച്ചു, കാലത്തെക്കുറിച്ചു, നിന്നെക്കുറിച്ചു, എന്നെ കുറിച്ച് ഒക്കെയുള്ള വെളിപാടുകൾ ...ബോധ മനസ്സിന് താങ്ങാൻ ആവില്ലെന്നുറപ്പുള്ള അത്തരം വെളിപാടുകൾ വെച്ചാണ് ഉപബോധ മനസ്സു നമ്മളെ സ്വാസ്ഥ്യത്തിൽ എത്തിക്കുന്നത്.

വെറുപ്പിച്ചു കഴിഞ്ഞാൽ ബോധമില്ലാത്തവനെ,, പോയാലും എന്നല്ലേ..!!! നിർത്തി !!!

NOTE:ഇതൊക്കെ പറഞ്ഞാലും ശരിക്കും സ്വാസ്ഥ്യം എന്താണോ എന്തോ ?!!

Saturday, March 25, 2023

പിറന്നാൾ

 ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ ആണ്. യേശു പോയ പ്രായം കഴിഞ്ഞെന്നു തോന്നുന്നു. ആ കണക്കിൽ ഇനി എല്ലാം ലാഭമാണ്. അയാൾക്ക്‌ ആ പ്രായത്തിൽ പറഞ്ഞതൊക്കെയും  എത്ര ജന്മം കഴിഞ്ഞാണ് മനസ്സിലാകുക. 


സർ എന്നോ മാഡം എന്നോ നമ്മളെ വിളിക്കുന്ന  ഓരോ വിളികളും അല്ലെങ്കിൽ നമ്മൾ കേൾക്കുന്ന ഓരോ വിളികളും  നമ്മൾ വലിക്കുന്ന  നീല ചടയനാണ്. നമ്മൾ അറിയാതെ നമ്മൾ പെടുന്നുണ്ട് . അധികാരത്തിന്റെ , മേൽക്കോയ്മയുടെ , പ്രതീകങ്ങൾ സമ്മാനിക്കുന്ന സുഖ ശീതളിമയിൽ നമ്മൾ അബോധാവസ്ഥയിൽ ആകാറുണ്ട് നമ്മൾ പോലും അറിയാതെ ...



note:ഇതിവിടെ കിടക്കും ഞാൻ ഷെയർ ചെയ്യാത്ത കാലത്തോളം എന്നെനിക്കറിയാം എന്നാലും എനിക്കൊരു പ്രതീക്ഷ ഉണ്ട് ...ഞാൻ അറിയാതെ നീ നോക്കുമെന്നുള്ള എന്റെ അത്യാഗ്രഹം. 


Sunday, February 12, 2023

അച്ഛൻ

 ഇന്നലെ ഉറക്കത്തിലാണ് ഞാൻ ആദ്യമായി എന്റെ മരണം സ്വപ്നം കണ്ടത് ... കൊള്ളാവുന്ന പരിപാടി ആയിരുന്നു ..പക്ഷെ എന്താണെന്നറിയില്ല അറിയുന്ന അധികം ആളുകളെ ഞാൻ കണ്ടില്ല ...കൂടുതലും പരിചയമില്ലാത്ത മുഖങ്ങൾ ആയിരുന്നു ... അങ്ങനെ ഞാൻ ആലോചിക്കുവാണ് എന്തേലും ബാക്കിയുണ്ടയിരുന്നൊ എന്ന് ... എന്റെ മരണം കണ്ടു നിൽക്കുന്ന എനിക്ക് പെട്ടന്ന് തോന്നി ഞാൻ അച്ഛനെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല എന്ന് ...ബാക്കി എല്ലാവരും വന്നു പോയി എഴുത്തുകളിൽ ... ആ മനപ്രയാസം കൊണ്ട് വിഷമിച്ചു തീരും മുമ്പേ സ്വപ്നം മുറിഞ്ഞു ..കണ്ണു തുറന്നു .... ഓർമ്മകൾ തുടങ്ങുന്ന കാലത്തെ അച്ഛന് , പേരറിയാത്ത ഏതോ മദ്യത്തിന്റെ മണമായിരുന്നു ...മദ്യത്തിന്റെ മണമില്ലാത്ത അച്ഛൻ ആണ് ഞാൻ ഭൂമിയിൽ ജീവനോടെ ആദ്യമായി കണ്ട ദൈവം . ജമ്മുവിലെ കൊടും തണുപ്പിൽ അച്ഛന്റെ കൈ പിടിച്ചാണ് ഞാൻ ആദ്യമായി പട്ടാള സ്‌കൂളിൽ പോയത് ... ആരെങ്കിലും ഒന്ന് തറപ്പിച്ചു നോക്കിയാൽ കരഞ്ഞു പോകുന്ന സ്വന്തം മകനെ രക്ഷിക്കാനാവണം അവനെടുത്താൽ പൊങ്ങാത്ത ഒരു പേരിട്ടു കൊടുത്തു .. പേരിന്റെ പച്ചപ്പിൽ എങ്കിലും അവനെ ആരും ഉപദ്രവിക്കരുതെന്നു അച്ഛൻ കരുതിയിട്ടുണ്ടാവണം ...സ്‌കൂളിൽ നല്ല ഹറാം പെറപ്പുള്ള സീനിയർസ് എന്റെ പേര് കൊണ്ട് എന്നെ വെറുതെ വിട്ടിട്ടുണ്ട് ...അച്ഛന്റെ കൈ പിടിച്ചാണ് ഞാൻ ജമ്മു തവി എക്സ്പ്രസ്സ്സിൽ 4 ദിവസം ആടിയാടി ഉലഞ്ഞത് ...അച്ഛനാണ് , എന്നെ കടിക്കാൻ ഓടി വന്ന ഒരു പേരറിയാത്ത ഏതോ ഒരു ബ്രീഡ് പട്ടി അതിനെ എന്റെ മുൻപിൽ വെച്ച് തൂക്കി എറിഞ്ഞത് ....അതിലും വല്യ ഒരു heroic moment  ഈ ജന്മം എനിക്ക് അനുഭവിക്കാനില്ല ... (തള്ളാണെന്നു തോന്നി പോകുന്നത് അച്ഛന്റെ കുറ്റമല്ല അയാൾ ഫിക്ഷനിലും മുകളിൽ ജീവിതം ജീവിച്ച ആളാണ് ) അച്ഛന്റെ കൈ പിടിച്ചാണ് പിന്നീടൊരുനാൾ ഒരു മലയാളം മീഡിയം സ്‌കൂളിന്റെ ഉമ്മറത്ത് പെരുമഴയത്തു ഞാൻ അന്തം വിട്ടു നിന്നതു ... അച്ഛനാണ് നീന്തൽ പഠിപ്പിച്ചത് സൈക്കിൾ കയറാൻ പഠിപ്പിച്ചത് ആഹാരത്തിലും വലിയ സത്യം ഇല്ലന്ന് പറഞ്ഞു തന്നത് ... ഒരു നോവൽ വേണമെന്ന് പറഞ്ഞപ്പോൾ അച്ഛനാണ് ആദ്യമായി ഒരു 12 വയസ്സുകാരന് ഖസാക്ക് വാങ്ങി തന്നത് .. ഒരു stumper ബാൾ വാങ്ങിച്ചു തന്ന അച്ഛനാണ് പറഞ്ഞത് ഫാസ്റ്റ് ബൗളിംഗ് വെസ്റ്റ് ഇൻഡീസ് കാരെ കണ്ടു പഠിക്കണമെന്ന് ...അച്ചനാണ് ഒരിടത്തും സമയം തെറ്റാതെ ചെല്ലാൻ പറഞ്ഞു തന്നത് ...അച്ഛനാണ് പിന്നീടൊരുനാൾ എന്നോട് പറഞ്ഞത് എൻട്രൻസ് എഴുതി നോക്കാമെന്നു ... അച്ഛനാണ് മാടവന ബസ് സ്റ്റോപ്പിൽ വെച്ച് എന്റെ വിറയ്ക്കുന്ന കയ്യിൽ ഒരു sbi atm കാർഡ് എടുത്തു തന്നിട്ട് നിനക്കാവശ്യമുള്ളത് എടുത്തോ എന്നൊറ്റ വാക്കും പറഞ്ഞു ബസ്സ്‌ കയറി പോയത് ... ആ ബസ് പോയിട്ടും കണ്ണിൽ നിന്ന് മറഞ്ഞിട്ടും കണ്ണ് തുളുമ്പിയിട്ടും കഴിഞ്ഞിട്ടും ഞാൻ അവിടെ തറഞ്ഞു പോയി ..എന്റെ കോളേജ് ജീവിതം മുഴുവൻ ഞാൻ അത് വെച്ച് കണ്ണുംപൂട്ടി ജീവിച്ചു ... പറ്റുമ്പോളൊക്കെ പൊറോട്ടയും ബീഫും കഴിച്ചു , കഴിപ്പിച്ചു ..ഒരിക്കലും കണക്കു ചോദിച്ചില്ല ഞാനൊട്ടു പറഞ്ഞതുമില്ല ...അച്ഛനാണ് പെണ്ണ് വീട്ടിൽ പോയി " എന്റെ മകന് ഇവിടുന്നാരും ഒറ്റ പൈസ കൊടുക്കണ്ട അവനുള്ളത്‌ ഞാൻ ഉണ്ടാക്കിയിട്ടുണ്ടെന്നു "മാസ്സ് dialogue അടിച്ചു ഞെട്ടിച്ചത് ... ആരോടും ... ഒരാളോടും വിധേയത്വം ഇല്ലാതെ ഒരു ജീവിതം എങ്ങനെ ജീവിച്ചു തീർക്കാമെന്ന് ഏറ്റവും സത്യസന്ധമായി പറഞ്ഞു തന്നത് അച്ഛനാണ് ...ഒരു നയാ പൈസ കടം വാങ്ങില്ലെന്ന വാശിയുടെ പുറത്തു വീട് വെച്ചപ്പോൾ , വർഷങ്ങൾ കഴിഞ്ഞു പോയിട്ടും , ലോൺ എടുക്കാതെ കടം വാങ്ങിക്കാതെ വെച്ച ആ വീടെനിക്കെന്നും അഹങ്കാരം ആണ് ...അച്ഛൻ കാണിച്ച വഴികളിൽ ഒന്നിലൊഴിച്ചു ബാക്കിയുള്ളതെല്ലാം കഷ്ടപ്പെട്ട് പാലിക്കാൻ ഞാൻ നോക്കുമ്പോളും , ഞാൻ പോകാത്ത ആ വഴിയേ കുറിച്ചോർത്താണ് അച്ഛൻ ഏറ്റവും അഭിമാനിച്ചു ഞാൻ കേട്ടത് ... ഞാൻ കേൾക്കാതെ "അവൻ എന്നെ പോലെ ഒന്നുമല്ല , അയാൾ കുടിക്കില്ല ...അവനൊരു gentleman ആണ് "എന്നത്  ഞാൻ ഒളിച്ചു നിന്ന് കേട്ടത് കേട്ട് ഞാൻ വാ പൊളിച്ചു . ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എനിക്ക് അച്ഛന്റെ മകൻ ആകേണ്ട ...അച്ഛൻ ആയാൽ മതി .. സ്വന്തം മനസമാധാനം സ്വന്തമായി ഉണ്ടാക്കാൻ കഴിവുള്ള , ആരാടാ എന്ന് ചോദിച്ചാൽ ഞാനാടാ ഗോപിദാസ് എന്ന് പറയാൻ കഴിവുള്ള ഒരാൾ ....

നോട്ട് : ഈ എഴുത്തൊന്നും അച്ഛൻ വായിക്കില്ല അതുകൊണ്ടു തന്നെ പറയട്ടെ , ജീവിതത്തിൽ രണ്ടാമത് മാത്രമായി ഇന്ന് മദ്യം കഴിച്ചിട്ടാണ് അച്ഛന്റെ ഈ മകൻ ഇതെഴുതുന്നത് ...കാരണം ... കാരണം അറിയില്ല പപ്പാ ....

Sunday, February 5, 2023

ആത്മാവിൽ ത്രില്ലടിക്കുമ്പോൾ

 വൃത്തികെട്ട തലക്കെട്ട് എന്ന് തോന്നുന്നുണ്ടോ ... തോന്നുന്നുണ്ടേൽ അങ്ങ് സഹിച്ചോ ...അല്ല പിന്നെ !!!

ആത്മാവിൽ സത്യസന്ധരാകുക , ആത്മാവിൽ നിസ്വാർഥരാകുക  എന്നൊക്കെ കേട്ടിട്ടില്ലേ ..ആംഗലേയത്തിൽ genuine by soul എന്നൊക്കെ വേണമെങ്കിൽ പറയാം . അതെന്തു തന്നെ ആയാലും അതിനെ പറ്റി എനിക്കിപ്പോളും അത്ര പിടിയില്ല ... ആത്മാവിൽ അണ മുറിയാതെ കത്തി നിൽക്കുന്ന ആത്മാർഥത എനിക്കിപ്പോളും മനസ്സിലായിട്ടില്ല ...എന്റെ ആത്മാവിനെ പഠിക്കാൻ അങ്ങനെയങ്ങു പറ്റിയിട്ടില്ല എന്ന് തോന്നുന്നു ... പക്ഷെ ആത്മാവിൽ കൊളുത്തി വലിച്ച ചില നിമിഷങ്ങളുണ്ട് . മരണം വരെയും പിരിഞ്ഞു പോകില്ലെന്ന് അത്രമേൽ ഉറപ്പുള്ള ചിലതു ... അതെല്ലാവർക്കും ഉണ്ടാകും ഉറപ്പാണ് !!! അത്തരത്തിലുള്ളത് പലതും നമ്മുടെ തന്നെ പരാജയത്തിന്റെ പെരും കുഴികളിൽ നമ്മൾ വീണതാകാം ... അതൊക്കെ ശരി തന്നെ ......പക്ഷെ .....

ആത്മാവിൽ ത്രില്ലടിച്ച നിമിഷങ്ങൾ ഉണ്ട് ... കണ്ണിങ്ങനെ വെറുതെ നിറഞ്ഞു പോയ , ചെറിയ ഒരു ജയം എനിക്കുമുണ്ടായി എന്ന് തോന്നി പോയ നിമിഷങ്ങൾ അല്ലെങ്കിൽ "ജയം " എന്ന വാക്കിന്റെ അർഥം തന്നെ നമുക്ക് ബോധ്യപ്പെടുന്ന നിമിഷങ്ങൾ ... 37 വർഷങ്ങൾക്കിടയിൽ അപൂർവങ്ങളിൽ അപൂർവമായി മാത്രം അനുഭവിച്ച ആ നിമിഷങ്ങൾ എല്ലാം ഞാൻ ആത്മാവിൽ ത്രില്ലടിച്ചത് എനിക്ക് വേണ്ടി ആയിരുന്നില്ല എന്നത് എനിക്ക് തന്നെ അത്ഭുതമാണ് .. അത് ആത്മാവിൽ കുടിയിരുന്നു പോയ ചില ആളുകളാണ് അവരുടെ ജയങ്ങളായിരുന്നു എന്റെ വിജയങ്ങൾ ..വളരെവളരെ വളരെ കുറച്ചു പേർ ... അച്ഛനും അമ്മയും പോലും ഇല്ലാത്ത ഒരു കൂട്ടം ... 


വളരെ കുറച്ചു മാത്രം സ്വപ്നം കാണുന്ന അതിലും കുറച്ചു കിനാവ് കാണുന്ന അതിലും കുറച്ചു മാത്രം പ്ലാൻ ചെയ്യുകയും അതിലും കുറച്ചു ആഗ്രഹിക്കുകയും ചെയ്യുക എന്ന പോളിസി എടുത്തിട്ട് വർഷങ്ങൾ ആയി .. അങ്ങനെ ഉള്ളപ്പോൾ തന്നെയും അറിയാതെ മനസ്സിൽ പതിഞ്ഞു പോയ ചില ചിത്രങ്ങൾ വർഷങ്ങൾക്കിപ്പുറം സഫലമായത് കണ്ടു ആത്മാവിൽ ത്രില്ലടിച്ചില്ലേൽ പിന്നെപ്പോൾ അടിക്കാനാണ് ത്രില്ല് ....

നോട്ട് : മര്യാദക്ക് ഒരു birthday പോലും വിഷ് ചെയ്യാത്ത നീ ഇതെമ്മാതിരി തള്ളാനിഷ്ട്ടാ എന്ന് മനസ്സിൽ തോന്നുന്നുണ്ടേൽ ... അറിയാല്ലോ ... ആഹ് അത് തന്നെ ...

Sunday, December 18, 2022

ഇലകൾ

 ഞാൻ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ അതിൽ ഇങ്ങനെ ഒരു സീൻ ഉണ്ടാകുമെന്നു പറഞ്ഞു ചില "വിഷ്വൽസ്‌ " ഞാൻ പറഞ്ഞിട്ടുണ്ട് ... ഇതുവരെ പറയാത്ത ഒരു സീൻ പറയട്ടെ ഞാൻ ...

പണ്ട് പണ്ട് പണ്ട് ദിനോസറുകൾക്കും മുൻപ് ... അയ്യോ ക്ഷമിക്കണം അതല്ല ... ഒന്നുടെ പറയാം ....പണ്ടൊരു നാൾ ഏതോ ഒരു ക്വിസ് മത്സരത്തിൽ പങ്കെടുക്കാനെന്ന വ്യാജനെ ഞാൻ പേര് ഓർമ്മയില്ലാത്ത ഏതോ ഒരു പുസ്തകം മറിച്ചു നോക്കുന്നതിനിടയിൽ ഒരു ചിത്രം കണ്ടു . സൊമാലിയയിൽ നിന്നുള്ള ഒരു ചിത്രം .. അതിൽ നൂറുകണക്കിന് കുഞ്ഞുങ്ങൾ ഒരു ഭക്ഷണ പൊതിയ്ക്കായി കൈ നീട്ടി നിൽക്കുന്നത് കണ്ടു ... ഇത്ര വലിയ ബിൽഡ് അപ്പ് ഒന്നും വേണ്ട ഇതൊക്കെ ഇടയ്ക്കിടയ്ക്ക് നമ്മളൊക്കെ കാണാറുള്ളതാണെന്നല്ലേ ( ശരിക്കും ഇപ്പൊ പറഞ്ഞ അതില്ലേ ... വർഷങ്ങൾക്കിപ്പുറവും ഈ കാഴ്ചകളൊന്നും മാറ്റിയിട്ടില്ലാന്നു അതാണ് ശരിക്കുമുള്ള political incorrectness )... അത് പോട്ടെ സംഭവം അതല്ല , ആ ചിത്രം പല തരത്തിൽ എന്നെ ബാധിച്ചിട്ടുണ്ട് ( ആ പ്രയോഗം മനപൂർവ്വമാണ് ).. ഒരു ബാധ തന്നെയാണ് ആ ചിത്രം ...കാരണം പറയാം 

നമ്മൾ ചെടി നനയ്ക്കില്ലേ ...നമ്മളിങ്ങനെ നിന്ന് പൈപ്പ് ഇൽ നിന്ന് വെള്ളം ചെടിയിലേക്ക് ഒഴിക്കില്ലേ ...അങ്ങനെ ഒഴിക്കുമ്പോൾ ഒരാവശ്യവുമില്ലാതെ മുൻപത്തെ ആ ചിത്രം ഇടിച്ചു കയറി വരും ... അതായത് ഇലകളൊക്കെയും കുഞ്ഞു കൈകളാണെന്നു തോന്നാൻ തുടങ്ങും ..ഓരോരുത്തരും ഒരിറ്റു വെള്ളത്തിനായി കേഴുന്നതായിട്ടങ്ങു തോന്നും ... അപ്പോൾ തോന്നും കുറെ നേരം നനയട്ടെ എന്ന് ... അങ്ങനെ നിൽക്കുമ്പോൾ വീണ്ടും തോന്നും എത്രയൊക്കെ നനച്ചാലും ഇടയിലെവിടെയോ അടിയിലെവിടെയോ ഒരു കുഞ്ഞനില  ഞാൻ കാണാതെ മാറി നിന്ന് വെള്ളത്തിനായി കരയുന്നുണ്ടെന്നു ...അവനെ തൃപ്തിപ്പെടുത്താതെ ഞാൻ ഇനി എങ്ങനെ മടങ്ങും ... എനിക്കറിയില്ല ....സത്യമായും എനിക്കറിയില്ല .... 

ഈ പറഞ്ഞ ഒരു ചിത്രം എന്റെ സിനിമയിൽ ഉണ്ടാകും അല്ലെങ്കിൽ അതാകും എന്റെ സിനിമ ... അതെങ്ങനെയെന്നോ നിന്നാണെന്നോ ഒന്നും ചോദിക്കണ്ട ... ഉത്തരമില്ല 

വാൽ : സ്‌ഫടികം സിനിമയിൽ ആടുതോമ കുരിശടിയിൽ നിന്ന് യേശുവിനോട് പരാതി പറഞ്ഞിട്ട് നേർച്ചപ്പെട്ടിയിൽ ഓട്ട കാലണ ഇട്ടിട്ടു ആ നേർച്ച പെട്ടിയിൽ ചെവിയോർക്കുന്നുണ്ട് ... അപ്പോൾ കേൾക്കുന്ന ഒരു സ്വരമുണ്ട് ... ആരുമില്ലാതായവർക്കും ഒന്നുമില്ലാതായവർക്കും ഉണ്ടാകുന്ന ഒരു സ്വരം ... ആ സ്വരം ഞാൻ കട്ടെടുത്തു എന്റെ സ്വന്തം സീനിൽ ഞാൻ തുന്നി പിടിപ്പിക്കും ...


Friday, December 16, 2022

മോട്ടിവേഷൻ

 തൂങ്ങിയാടുന്നുണ്ട് ഒരു മോട്ടിവേഷൻ ,

ഡിപ്രെഷൻ നാട് കടത്തപ്പെട്ട വാർത്തയറിഞ്ഞു ,

അനാഥത്വം കാട് കയറിയെന്നറിഞ്ഞു ,

ഏകാന്തത കാശിക്കു പോയെന്നറിഞ്ഞു 

അശുഭമായതെല്ലാം സ്ഫോടനത്തിനു 

ഇരയായെന്നറിഞ്ഞു , കയറു നോക്കി 

അധിക ചിഹ്നമൊരെണ്ണം (+) കുരുക്കി കഴുത്തിൽ 

തൂങ്ങിയാടുന്നുണ്ട് എന്റെ ചങ്ങാതി , മോട്ടിവേഷൻ 





Tuesday, November 29, 2022

കട

 ഒരു കടയുണ്ട് , പക്ഷേ ,

വഴി നിറയെ കണ്ണീരിറ്റു വീഴും 

വശങ്ങൾ നിറയെ വിഷാദം നിഴലിക്കും 

ഓരോ ചുവടിലും അടിതെറ്റും 

സ്വപ്‌നങ്ങൾ എതിരെ ഓടി മറയും 

അനാഥത്വം ചോദിക്കാതെ  ലിഫ്റ്റ് തരും 

അവഗണന  ഇടയ്ക്കു സല്യൂട്ട് തരും 

ഏകാന്തത കൂട്ട് കൂടും 

എന്നാലും കടയിൽ പോകണം 

സമാധാനം വില്പനയ്ക്കുള്ള കടയല്ലേ ..

ഒരു കൈക്കുമ്പിളിൽ എങ്കിലും 

ഇല്ലാതെ ഞാനെങ്ങനെ മടങ്ങും. അല്ലെ