Sunday, April 28, 2024

പുസ്തകം

തുണിക്കടയിൽ കയറിയാൽ തുണി വാങ്ങാൻ തോന്നുന്നതിനേക്കാൾ അല്ലെങ്കിൽ ഏതെങ്കിലും ഒരു കടയിലോ , പുതിയ കാലത്തിന്റെ എന്തെങ്കിലും ഒന്ന് , അത് മൊബൈൽ ആകാം ...അങ്ങനെ എന്തെങ്കിലും ഒന്ന് വേണമെന്ന് തോന്നുന്നതിനേക്കാൾ ആയിരം മടങ്ങു കൂടുതൽ ആർത്തി ഉള്ളത് അല്ലെങ്കിൽ ഉണ്ടായിരുന്നത് പുസ്തകക്കടയിൽ കയറുമ്പോൾ ആണ് . എല്ലാക്കാലത്തും ഭ്രമിപ്പിച്ചിട്ടുള്ള , ആസക്തി തോന്നിച്ചിട്ടുള്ള ഒന്നാണ് പുസ്തകങ്ങൾ ! പണ്ടൊക്കെ ഡിസി ബുക്സിൽ കയറിയാൽ ഏറ്റവും കുറഞ്ഞത് ഒരു 20 എണ്ണം അവസാനം കയ്യിലെടുക്കും . ആ ഇരുപതെണ്ണത്തിൽ ഒരെണ്ണം പോലും ഒഴിവാക്കാൻ ആകുന്നതല്ല പക്ഷെ പോക്കറ്റിന്റെ വലിപ്പം അതനുവദിക്കുന്നില്ല എന്നറിയാവുന്നതുകൊണ്ട് ആ കയ്യിലിരിക്കുന്ന 20 എണ്ണത്തിൽ ഒരു സ്ക്രീനിംഗ് നടത്തും .. വളരെവേദനയോടെ ഒടുവിൽ മൂന്നോ നാലോ എണ്ണത്തിൽ ഒതുക്കും .വാങ്ങിക്കുന്നതൊക്കെ അന്നല്ലെങ്കിൽ പിറ്റേ ദിവസം വായിച്ചു കഴിഞ്ഞിട്ടുണ്ടാകും . അന്നൊക്കെ വിചാരിച്ചിട്ടുണ്ട് , നല്ല ശമ്പളം ഉള്ള ജോലി എങ്ങാനും കിട്ടുവാണേൽ എല്ലാ മാസവും ഒരു 30 എണ്ണം വീതം പുസ്തകം വാങ്ങണം .. എല്ലാ ദിവസവും രാത്രി ഓരോ പുസ്തകങ്ങൾ .. ആഹാ അതിലും മനോഹരമായിട്ടെന്താണുള്ളത് ...

രഞ്ജിത്തെന്ന കഥാകാരനോടുള്ള സ്നേഹം പണ്ട് പണ്ടേ ഉണ്ട് . എങ്കിലും അദ്ദേഹം സംവിധാനം ചെയ്ത കയ്യൊപ്പു എന്ന സിനിമ തീയേറ്ററിൽ കണ്ട അപൂർവ്വം മലയാളികളിൽ ഒരാൾ ആയതിൽ എനിക്കിന്നും ചെറുതല്ലാത്ത അഭിമാനം ഉണ്ട് . ആ സിനിമ കണ്ടിറങ്ങി ഹോസ്റ്റലിൽ വന്നുറങ്ങിയ രാത്രി ആലോചിച്ചിട്ടുണ്ട് ഈ സിനിമ കാണാനാകണം അയാളോട് എനിക്ക് കാലങ്ങളായി മനസ്സിൽ ഒരു ബന്ധം കാലം എനിക്ക് കെട്ടിപ്പടുത്തി തന്നതെന്ന് . അതിലെ ബാലചന്ദ്രന്റെ ഒരു ഡയലോഗ് ഉണ്ട്  പുസ്തകക്കടയിലെ ക്യാഷ് കൗണ്ടറിൽ നിന്ന പെൺകുട്ടിയോട് " എന്താ വില രേഖെ , താങ്ങാനാവുന്നില്ല " ... ഞാനറിയാതെ എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട് അത് കണ്ടിട്ട് ! പുറത്തു മഴ പെയ്യുമ്പോൾ പുസ്തകങ്ങൾക്ക് നടുവിൽകിടന്നു പുസ്തകം വായിക്കുന്ന ബാലചന്ദ്രന്റെ ഒരു ഫ്രെയിം ഉണ്ട് .. അത്രയും മനസ്സ് നിറഞ്ഞ ഒരു ഫ്രെയിം എനിക്ക് വേറെ കിട്ടിയിട്ടുണ്ടോ എന്ന് സംശയം ആണ് .

ഇന്നിപ്പോ ശമ്പളം ഉള്ള ജോലി ഉണ്ട് ..അര മണിക്കൂർ ഡ്രൈവ് ചെയ്താൽ ഡിസി ബുക്ക്സ് എത്തും ...എന്നിട്ട് കഴിഞ്ഞ 5 വർഷങ്ങൾക്കിടയിൽ വാങ്ങിച്ച പുസ്തകങ്ങൾ 50 എണ്ണത്തിൽ താഴെ മാത്രം ..വായിച്ചത് 10 എണ്ണത്തിലും കുറവ് !!! കാലമേ എന്നോടിത് വേണ്ടായിരുന്നു ...!!! എനിക്കെപ്പോളും ഓർമ്മ വരുന്നത് കാലം എന്ന എംടി നോവലിന്റെ പുറകിൽ പ്രസാധകർ എഴുതിയ വാചകം ആണ് ...  " മല വെള്ളം സ്വപ്നം കണ്ടുണങ്ങി പോയ പുഴ പോലെ , കാലത്തിന്റെ കടുംതുടികൾ കേട്ടു നടുങ്ങിയ മനുഷ്യ ബന്ധങ്ങളുടെ കഥ " ജീവിതത്തിന്റെ സമൃദ്ധികൾ എന്ന് ഒരുകാലത്തു തോന്നുന്നതൊക്കെ , സ്വപ്നം കാണുന്നതൊക്കെ , കാലം  പിന്നീടൊരു കാലത്തു നമുക്ക് മുന്നിൽ കൊണ്ടുവന്നു കൈനീട്ടി തന്നാലും ചിലപ്പോ നമുക്ക് മനസ്സിലായെന്നു പോലും വരില്ല , നമ്മുടെ സ്വപ്നമായിരുന്നിതെന്ന് .അഥവാ മനസ്സിലായാൽ പോലും കാരണം പോലുമറിയാത്ത എന്തോ ഒന്നിന്റെ പേരിൽ നമുക്ക് നമ്മെ പോലും നഷ്ടപ്പെട്ടിട്ടുണ്ടാകും !!  അതാണ് കാലം ..അതിലും ശക്തമായതൊന്നില്ല ... Time is not the main thing it is the only thing .

പക്ഷെ എന്നിട്ടും ഞാൻ തോറ്റിട്ടില്ല ,കാലത്തോട് എന്നെനിക്ക് ഇന്നും തോന്നാൻ കാരണം ഒരു പുസ്തകമാണ് !! ഒന്നേ ഒന്ന് . മലയാള ഭാഷ ഉള്ളിടത്തോളം കാലം അതിനു മുകളിൽ ഒരു എഴുതുണ്ടാകില്ല എന്നെനിക്കുറപ്പാണ് . അതിനു മുകളിൽ എഴുതാൻ ആരുമുണ്ടാകില്ല ഒരുകാലത്തും . പടച്ചവൻ നേരിട്ടെഴുതിയ ഒരെണ്ണം ... ഖസാക്ക് !!! കോളേജിൽ പഠിച്ച കാലത്തൊക്കെയും ഉറങ്ങുമ്പോൾ കൈ അകാലത്തൊരു പുസ്തകം വെക്കുമായിരുന്നു അത് എംടി യുടെ "കാലം " ആയിരുന്നു . ഇന്നിപ്പോൾ കാലമെന്നെ തോൽപ്പിക്കുന്ന കാലത്തു , കാലത്തെ അതിജീവിച്ച ഖസാക്കാനുള്ളത് കൈ അകലത്തിൽ .  തോൽക്കാതിരിക്കാൻ ഇടയ്ക്കൊന്നു മറിച്ചു നോക്കും ഏതു പേജ് എടുത്താലും നമ്മളെ അത്രമേൽ കൊളുത്തി വലിക്കാതെ അത്രമേൽ പ്രചോദിപ്പിക്കാതെ എനിക്കത് താഴെ വെയ്ക്കാൻ ആയിട്ടില്ല !!

പലരും പലവട്ടം പുകഴ്ത്തിയ എഴുത്തിന്റെ മാന്ത്രികത നിറഞ്ഞാടിയ ഒരുപാട് വാചകങ്ങളുണ്ടെങ്കിലും എനിക്ക് പ്രിയപ്പെട്ട ചിലതു ഞാൻ  കുറിക്കട്ടെ 

"രവി ഉറങ്ങാൻ കിടന്നു ..ജനാലയിലൂടെ ആകാശം മിന്നുന്നു , തുടിക്കുന്നു . ഈശ്വരാ ഒന്നുമറിയരുത് ഉറങ്ങിയാൽ മതി ! ജന്മത്തിൽ നിന്ന് ജന്മത്തിലേക്ക് തല ചായ്ക്കുക . കാടായി നിഴലായി മണ്ണായി ആകാശമായി വിശ്രമം കൊള്ളുക "

"അയാൾ കിണറ്റിലേക്ക് കൂപ്പു കുത്തി . കിണറു കടന്നു ഉൾക്കിണറ്റിലേക്ക് . വെള്ളത്തിന്റെ വില്ലീസ് പടുതകളിലൂടെ അയാൾ നീങ്ങി .ചില്ലു വാതിലുകൾ കടന്നു സ്വപ്നത്തിലൂടെ ,തന്നെ കൈ നീട്ടി വിളിച്ച പൊരുളിന്റെ നേർക്ക് അയാൾ യാത്രയായി . അയാൾക്ക്‌ പിന്നിൽ ചില്ലു വാതിലുകൾ ഒന്നൊന്നായി അടഞ്ഞു "

" മറ്റൊരു പ്രയാണം , കർമബന്ധത്തിന്റെ നൊടി നേരത്തെ പരിചയം . ചക്രങ്ങൾക്കിടയിൽ ഒരു നൊടി മാത്രം . താളം കൂട്ടികൊണ്ട് അത് വീണ്ടുമകന്നു "

"കർമ്മ ബന്ധത്തിന്റെ ഏതു ചരടാണ്‌ നിങ്ങളെ ഈ വഴി കൊണ്ടുവന്നത് "

"...പിന്നെ അവശേഷിക്കുക പെരുവിരലിൽ ചുഴികൾ മാത്രമാകും .. ഞാനെന്ന ഭാവം അവയിൽ കുടി കൊള്ളും കാലം ചെല്ലുമ്പോൾ അവയും തേഞ്ഞു പോകും .. പരിണമിക്കും "

"ചൂട് നഷ്ടപ്പെട്ട വെയിൽ , കരിമ്പനകളുടെ സീൽക്കാരം , എന്താണ് മനസ്സിലൂടെ കടന്നു പോയത് ? കരുണ ? ആസക്തി , നീരസം , ക്രൂരമായ ജിജിഞാസ , കൃതാർഥത ... എന്തായിരുന്നു അത് ? അല്ലെങ്കിൽ അത് എല്ലാമായിരുന്നു !!!

അത് എല്ലാമായിരുന്നു എന്നുള്ള വാചകം വായിച്ച എനിക്ക് അന്ന് വരെ ഇല്ലാത്ത വെളിപാടുണ്ടായിട്ടുണ്ട് . ഇതെല്ലാം കൂടി ചേർന്ന ഒന്നെനിക്ക് വികാരമായി തോന്നുന്നതിൽ തെറ്റില്ലെന്ന് മാത്രമല്ല അതുണ്ടെന്നു കൂടി അന്നാണെനിക്ക് ബോധ്യപ്പെട്ടത് !!!

-----------------------------------------------------------

പണ്ട് പണ്ട് ... ദിനോസറുകൾക്കും മുൻപ് ....പാലാ st thomas കോളജ് സംഘടിപ്പിച്ച സിവിൽ സർവീസ് മോക് എക്സാമിൽ ഞാൻ മലയാളം മെയിൻ എടുത്ത് ഒരു രണ്ടാം ശനിയാഴ്ച്ച പോയി പങ്കെടുത്തു . അന്ന് മൊത്തം മാർക്ക് അത്ര ആശാവഹമായിരുന്നില്ലെങ്കിലും അന്ന് ആ പരീക്ഷക്ക് , 20 മാർക്കിന്റെ ചോദ്യത്തിന് ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയതിന്റെ ഓർമ്മയ്ക്ക് ഖസാക്കിന്റെ നിറമാണ് ....ആ ചോദ്യം ഇങ്ങനെ ആയിരുന്നു " അസ്തിത്വ ദുഃഖം എന്ന പ്രേമേയം ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ അടിസ്ഥാനമാക്കി വിവരിക്കുക !!! എന്താല്ലേ !!

ആ മാർക്ക് കണ്ട അധ്യാപകൻ എന്നെ കാര്യമായി ഗുണദോഷിച്ചെങ്കിലും അതെന്റെ ആദ്യത്തെയും അവസാനത്തെയും മോക് ടെസ്റ്റ് ആയിരുന്നു ...കർമ്മ ബന്ധത്തിന്റെ ഏതു ചരടാണ്‌ എന്നെ ആ വഴിക്ക് കൊണ്ടുപോയത് അല്ലെങ്കിൽ ഈ വഴി കൊണ്ട് വന്നത് ! ആവോ !!

Sunday, April 7, 2024

ദേഹം

 സ്വന്തം ശരീരത്തെക്കുറിച്ചു ചിന്തിക്കാത്ത ഒരു ദിവസം നമ്മുടെ ഒക്കെ ജീവിതത്തിൽ ഉണ്ടാകാറുണ്ടോ ? ഏതെങ്കിലും തരത്തിൽ ഒരു നേരമെങ്കിലും കണ്ണാടി നോക്കാത്തവർ ആരുണ്ട് ? പോകുന്നവഴിയിൽ ഒരു കണ്ണാടി കണ്ടിട്ട് അതിൽ നമ്മൾ എങ്ങനെ ഉണ്ടെന്ന് പോലും നോക്കാതെ പോകുന്ന എത്ര പേർ ഉണ്ടാകും ... അറിയില്ല ... ഓരോ കണ്ണാടി നോക്കലും നമുക്കുള്ളിലെ നമ്മളെ നാം നോക്കുന്നതിന്റെ പ്രതിഫലനം ആണെന്ന് തോന്നുന്നു ....അഹംബോധം ... അതിന്റെ ഏറ്റവും താഴത്തെ തട്ടിലെ ഒരു കുഞ്ഞു വാവ ആണ് നമ്മളെ കണ്ണാടി നോക്കാൻ പ്രേരിപ്പിക്കുന്നത് എന്നെനിക്ക് തോന്നാറുണ്ട് ..!

കാണാൻ നമുക്ക് തന്നെ ഇഷ്ടപ്പെടില്ല എന്നുള്ള ബോധ്യം കൊണ്ട് കണ്ണാടി നോക്കാത്തതും നാഴികക്ക് നാൽപ്പതു വട്ടം കണ്ണാടി നോക്കുന്നതും ഒരേ പോലെ ആണെന്നാണ് എന്റെ ഒരു തോന്നൽ !! രണ്ടും ആത്മപ്രേമം ആണ് .... 

വേറൊരു സീൻ പറയട്ടെ ...

ജീവിതത്തിൽ നമുക്കൊരുപാട് സ്നേഹമുള്ള ഒരാൾ ..നമ്മളെ ഒരുപാട് സ്വാധിനിച്ച ഒരാൾ ... ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഒരാൾ ..അങ്ങനെ ഒരാൾ ഈ ലോകത്തു നിന്ന് വിട പറഞ്ഞു പോകുമ്പോൾ ... ജീവനില്ലാത്ത ആ ശരീരം നമ്മുടെ സ്വന്തം കയ്യിൽ എടുത്തിട്ടുണ്ടോ ? അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ എനിക്ക് തോന്നുന്നത് അത് നിങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത , ശരീരം എന്നതിനെക്കുറിച്ചുള്ള ചിന്തകളെ തലകീഴ്മേൽ മറിക്കുന്ന ഒന്നായിരിക്കുമെന്നാണ് ....എന്റെ അനുഭവം എന്നെ പഠിപ്പിച്ചത് ... 


ആദ്യമായി എന്നെ ബസ്സിൽ കയറ്റി പാലാ നഗരം കാണിച്ച , ആദ്യമായിട്ട് എനിക്ക് പറമ്പിലെ pineapple പറിച്ചു തന്ന , ആദ്യമായി പോപ്പിൻസ് വാങ്ങിച്ചു തന്ന , ആദ്യമായി തകഴിയുടെ കഥകൾ പറഞ്ഞു തന്ന , എനിക്ക് റബ്ബർ മരം വെട്ടുന്നത് കാണിച്ചു തന്ന , കയ്യാല വെയ്ക്കുന്നതെങ്ങനെ എന്ന് കാണിച്ചുതന്ന , ഒരാളോടും ഒരിക്കൽ പോലും ദേഷ്യപ്പെടാതെ ആയുസ്സു മുഴുവൻ ജീവിചുതീർത്ത , 92-മത്തെ വയസ്സിൽ ഒരു കട്ടൻ കാപ്പി കുടിക്കുന്നതിലും സുഖമായിട്ട് മരിച്ചു പോകുന്നത് കാണിച്ചു എന്നെ അസൂയപ്പെടുത്തിയ ഒരേ ഒരു ചാച്ചൻ ! 

എന്റെ ഈ രണ്ടു കയ്യിൽ , ഞാൻ കൂടി ചേർന്ന് ചാച്ചനെ ചിതയിലേക്കെടുത്ത നിമിഷം , ഞാൻ ഉള്ളാലെ പൊള്ളിപ്പോയ നിമിഷം ... ചാച്ചൻ വേറെ എവിടെയോ ആണെന്നും ഈ ശരീരത്തിൽ ഇനി അയാളില്ല എന്നും എനിക്ക് ചങ്കിൽ തറച്ച നിമിഷം . ശരീരം എന്നുള്ളത് ഒരു മാധ്യമം മാത്രം ആയി മാറി പോയ നിമിഷം . മറക്കാനാവാത്ത നിമിഷം .. വാരണാസിയിൽ ഒറ്റ ദിവസം 100 പേരെ ഒക്കെ അടക്കുന്ന ചിതയുണ്ട് ...മൃതു ശരീരങ്ങൾ ചുമ്മാ പൂമ്പാറ്റയെ കാണുന്ന ലാഘവത്തിൽ കത്തിക്കുന്ന മനുഷ്യരുണ്ട് അവിടെ ..അവരൊക്കെ കണ്ണാടിയിൽ നോക്കാറുണ്ടോ ? ഞാനെപ്പോലും ആലോചിക്കാറുണ്ട് ...!!നോക്കാൻ വഴിയില്ല ...കുറച്ചു അസ്ഥിയും കുറച്ചു മാസവും മാത്രമായി മാറാൻ സമയം എത്ര വേണമെന്ന് മാത്രം അറിയാത്ത ഈ സർക്കസിന്റെ പേരാണത്രെ ജീവിതം .

കണ്ണാടിനോക്കുന്നതും ഒരുങ്ങുന്നതും ഒന്നും ഒരിക്കലും മോശമല്ല എന്നുള്ള സെൻസ് നമുക്കെല്ലാമുണ്ടല്ലോ..നമ്മുടെ ശരീരം സൂക്ഷിക്കേണ്ടതും വൃത്തിയായി കൊണ്ട് നടക്കേണ്ടതും നമ്മുടെ കടമ തന്നെ ആണ് . പക്ഷെ അതൊരിക്കലും മറ്റൊരാളുടെ കാഴ്ചയിലോ ബോധത്തിലോ എത്തുന്നതിനെ കുറിച്ചുള്ള വേവലാതി ആർക്കും ആവശ്യമില്ല . നമുക്കെല്ലാം ഒരു ദിവസം തിരിച്ചു പോകേണ്ടതുണ്ട് . എത്ര ഒരുങ്ങിയാലും ഇല്ലെങ്കിലും  ഞാൻ  പോയി കഴിഞ്ഞു എന്നെ നീ ഓർക്കുന്നത് ഞാൻ ചാച്ചനെ ഓർക്കുന്നത് പോലെ ആവണമെന്നേ എനിക്ക് ആഗ്രഹമുള്ളു ...കുറഞ്ഞ പക്ഷം നിനക്കെങ്കിലും അതിനു സാധിക്കട്ടെ ( എന്നെ കൊണ്ട് കഴിയട്ടെ നിനക്കത് സാധിച്ചുതരാൻ !!!). അപ്പൊ ശരി ഞാൻപോയിട്ട് ഒരു സ്പാ ചെയ്യട്ടെ !!

വാൽ : മുടിയില്ലാത്ത നിനക്കിങ്ങനെ മൈ%*!~ വർത്തമാനമൊക്കെ പറയാം എന്നല്ലേ നീ മനസ്സിൽ പറഞ്ഞത് !!




Tuesday, April 2, 2024

6 അടി

 6 അടിയിൽ ഒതുങ്ങാത്തതെന്തുണ്ട് !

അടികളെല്ലാം എല്ലാം ഒതുങ്ങുമല്ലോ ഉറപ്പായും !!

6 അടിയിൽ ഒതുങ്ങാത്തതെന്തുണ്ട് ?!

അറ്റുപോയതെല്ലാം എല്ലാം ഒതുങ്ങുമല്ലോ ഉറപ്പായും !!

6 അടിയിൽ ഒതുങ്ങാത്തതെന്തുണ്ട് ?!

നീറ്റലുള്ളതെല്ലാം എല്ലാം ഒതുങ്ങുമല്ലോ ഉറപ്പായും !!

6 അടിയിൽ ഒതുങ്ങാത്തതെന്തുണ്ട് ?!

വറ്റിയതെല്ലാം എല്ലാം ഒതുങ്ങുമല്ലോ ഉറപ്പായും !!

6 അടിയിൽ ഒതുങ്ങാത്തതെന്തുണ്ട് ?!

കത്തിക്കയറിയതൊക്കെയും എല്ലാം ഒതുങ്ങുമല്ലോ !!

6 അടിയിൽ ഒതുങ്ങാത്തതെന്തുണ്ട് ?!

മുത്തിയതൊക്കെയും എല്ലാം ഒതുങ്ങുമല്ലോ !!

6 അടിയിൽ ഒതുങ്ങാത്തതെന്തുണ്ട് ?!

തണ്ടുകൊളൊക്കെയും എല്ലാം ഒതുങ്ങുമല്ലോ !!

6 അടിയിൽ ഒതുങ്ങാത്തതെന്തുണ്ട് ?!

കണ്ടുമോഹിച്ചതൊക്കെയും എല്ലാം ഒതുങ്ങുമല്ലോ !!

6 അടിയിൽ ഒതുങ്ങാത്തതെന്തുണ്ട് ?!

ഒടുക്കത്തെ, ഒടുക്കത്തെ ഒതുക്കം , ഒതുങ്ങില്ലല്ലോ 


Sunday, January 21, 2024

Status

Status on 22 JAN 24


കിട്ടാതെ ബാക്കി ആയി പോകുന്ന അവാർഡുകൾ ആണ് എന്റെ ശരിക്കുമുള്ള അവാർഡുകൾ 


പോകാതെ ബാക്കി വെയ്ക്കുന്ന അമ്പല പ്രദിക്ഷിണങ്ങൾ ആണെന്റെ ശരിക്കുമുള്ള വിശ്വാസങ്ങൾ 


ഇടാതെ ബാക്കി വെയ്ക്കുന്ന status ആണ് എന്റെ ശരിക്കുമുള്ള സ്റ്റാറ്റസ് 


ക്രൂര ഭൂരിപക്ഷം ആകാതെ ഇരിക്കൽ ആണെന്റെ ശരിക്കുമുള്ള പക്ഷം .

Sunday, September 17, 2023

നിന്റെ ശരി

 മറ്റൊരാളുടെ ശരി എത്ര മാത്രം നമ്മുടേതാകുമെന്ന് ഞാൻ ആലോചിക്കാറുണ്ട് . ഗുൽമോഹർ എന്ന സിനിമ യിൽ ദീദി ദാമോദരൻ എഴുതിയ ഒരു സംഭാഷണം ഉണ്ട് . "എല്ലാവർക്കും അവരവരുടേതായ ശരികൾ ഉണ്ടെന്ന് എന്നെ പഠിപ്പിച്ചത് നിങ്ങൾ ആണെന്ന് " 

ഒരുപാട് സിനിമ സംഭാഷണങ്ങൾ മനഃ പാഠമായിട്ടുണ്ടെങ്കിലും ഇതു പോലെ പ്രിയപ്പെട്ട മറ്റൊന്നില്ല . കാരണം ഒരു പുസ്തകം മുഴുവൻ വായിച്ചാൽ നമുക്ക് കിട്ടിയേക്കാവുന്ന വെളിപാട് ആ ഒരു വാചകം എനിക്ക് തന്നിട്ടുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു . 

ഒരാളുടെ ശരി അയാളുടെ ശരി ആകുന്നതു അതുവരെ അയാൾ ജീവിച്ച ജീവിതം കൊണ്ടാണ് ... ആ ഒരു ജീവിതത്തിൽ നമ്മൾ അയാളോട് ചേർന്ന് നിന്നിട്ടുള്ള നിമിഷങ്ങൾ എത്രയുണ്ടാകും ... ചില മണിക്കൂറുകൾ .. ചില ദിവസങ്ങൾ ... അല്ലെങ്കിൽ മാസങ്ങൾ ഇനിയതുമല്ലെങ്കിൽ വർഷങ്ങൾ ... 

അതെന്തുമായിക്കൊള്ളട്ടെ നമ്മൾ ചേർന്ന് നിൽക്കാത്ത എത്ര എത്ര നിമിഷങ്ങൾ അല്ലെങ്കിൽ ജീവിത സന്ധികൾ അയാൾക്ക്‌ ഉണ്ടായിട്ടുണ്ടാകും അല്ലെ ....തീർത്തും തനിച്ചായിപ്പോയ തീർത്തും വേദനിച്ചു പോയ ശരിക്കും സന്തോഷിച്ചിട്ടുള്ള , തുള്ളിച്ചാടിയ , നരകിച്ചു പോയ , ഉന്മാദം ഉണ്ടായ , കലഹിച്ച , ഭ്രാന്തെടുത്ത, എത്ര എത്ര നിമിഷങ്ങൾ ..നമ്മൾക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത എത്ര എത്ര നിമിഷങ്ങൾ ...അതും കൂടി ചേർന്നതാണ് അയാൾ എന്ന് അയാൾ പറഞ്ഞാൽ പോലും നമുക്കത് മനസ്സിലാക്കണമെന്നില്ല ...മനസ്സിലാക്കിയാൽ തന്നെ അതെത്ര വരെ പൂർണ്ണമാകും എന്നറിയില്ല .

സത്യത്തിൽ ഞാൻ ഈ ശരി എന്ന് പറയുന്നത് , പൊതു സമൂഹത്തിനു തെറ്റായി തോന്നുന്ന ശരികളെക്കുറിച്ചാണ് മുഖ്യമായും . അതിപ്പോ എന്തുമാകാം ... നിങ്ങൾക് നിങ്ങളുടെ അച്ഛനെ ,അമ്മയെക്കാൾ ഇഷ്ടം മറ്റൊരാളെ ആകാം .. നിങ്ങൾക് ഒരേ സമയം ഒന്നിൽ കൂടുതൽ ആളുകളോട് പ്രണയം തോന്നാം .. നിങ്ങൾക് കല്യാണം കഴിക്കാതിരിക്കൻ തോന്നാം ... കഴിച്ചതിന്റെ പിറ്റേ ദിവസം ഡിവോഴ്സ് ആകാൻ തോന്നാം ...ഒരാളെയും മതിപ്പില്ലാതെ തോന്നാം ... ആരെയും ബഹുമാനിക്കാൻ തോന്നാതിരിക്കാം ...ഒരു ബന്ധവുമില്ലാത്ത ഒരാളോട് ചിലപ്പോ sex ചെയ്യാൻ തോന്നാം ... ഈ ശരികൾ മറ്റൊരാൾക്ക് വേദന ഉണ്ടാക്കാത്ത കാലത്തോളം അത് തെറ്റാണെന്ന് പറയാൻ മറ്റൊരാൾക്ക് അർഹതയില്ല ...അയാൾക്ക് അത് മനസ്സിലാക്കണമെന്നും ഇല്ല ...എനിക്ക് ഇത് ഇത്രേ പറയാനുള്ളു ... ഇതെന്റെ ശരി .


നോട്ട് : പ്രണയത്തിനു ഈ പറഞ്ഞ ഒന്നും ബാധകമല്ല ... അത് മറ്റെന്തോ ആണ് 



Monday, July 3, 2023

Quotes

 ഇഷ്ടപ്പെട്ട , വളരെ വളരെ ഇഷ്ടപ്പെട്ട ചില വാക്യങ്ങളുണ്ട് ... അവയെക്കുറിച്ചാണ് പറയാനുള്ളത് 

" Life is a tale told by an idiot, full of sound and fury , signifying nothing"

ഷേക്‌സ്‌പിയർ ആരാണെന്നും മാക്‌ബത് എന്താണെന്നും അറിഞ്ഞില്ലെങ്കിലും ഒരു കുഴപ്പവുമില്ല , പക്ഷെ ജീവിതത്തിലെ ഏതെങ്കിലും ഒരു അസന്നിഗ്ധ ഘട്ടത്തിൽ അയാൾ പറഞ്ഞ ഈ വാചകത്തിലും ഉചിതമായതൊന്നു നമുക്ക് നമ്മുടെ ജീവിതത്തോട് ചേർത്ത് വെയ്ക്കാനാവില്ല അത്രമേൽ ആ വാക്യം നമ്മളെ  മനസ്സിലാക്കും ( നമ്മൾ  ആ വാചകത്തെ മനസ്സിലാക്കുന്നത് എന്നതിലുപരി ആ വാചകം നമ്മളെ ആണ് മനസ്സിലാക്കുന്നത് ... നമ്മുടെ ജീവിത സാഹചര്യങ്ങളെ ആണ് )


miles devis  പറഞ്ഞ ഒരു വാചകമുണ്ട് 

"time is not the main thing its the only thing"

കാലം എന്ന് പറയുന്നത് ദൈവം എന്ന് പറയുന്നത് പോലെ തന്നെ കണക്കാക്കേണ്ട ഒന്നാണെന്ന് എനിക്ക് മനസ്സിലായത് എം ടി യുടെ കാലം വായിച്ചിട്ടു തന്നെയാണ് ...എം ടി യുടെ ഏറ്റവും മികച്ച കൃതി ആയി എനിക്ക് കാലം തോന്നാനുള്ള കാരണം മറ്റൊന്നല്ലതാനും . കാരണം അതിലും വലിയൊരു തത്വശാസ്ത്രം ഇനിയും എനിക്ക് പഠിക്കാനായിട്ടില്ല . കാലം അഥവാ സമയം , അതിലും ശക്തിയുള്ള വേറെ എന്താണ് ഉള്ളത് ...ഒരാൾ മരിക്കുമ്പോൾ പോലും അതാരുമായിക്കൊള്ളട്ടെ ...എത്ര വലിയവനോ എന്തുമായിക്കൊള്ളട്ടെ , മരണവാർത്ത പറയുമ്പോൾ ആദ്യത്തെ രണ്ടു വാക്യത്തിൽ തന്നെ അയാളുടെ വയസ്സുണ്ടാകും ... എന്ന് പറഞ്ഞാൽ കാലമാണ് .. അയാൾ എത്ര കാലം അതിജീവിച്ചു (അതിജീവിക്കുന്നതിന്റെ short ഫോമാണ് ജീവിക്കുന്നത് ) എന്നുള്ളത് .  ഒരാളുടെ എത്ര സമൃദ്ധമായ ജീവിതമായാലും എത്രമേൽ ശോഷിച്ച ജീവിതമായാലും അവസാനം അത് ചുരുക്കി എഴുതുമ്പോൾ മുഴച്ചു നിൽക്കുന്ന ഒന്നേ ഒന്ന് കാലമാണ് ... അല്ലെങ്കിൽ കാലം പറയാതെ നമുക്കതു പൂർത്തിയാക്കാനേ കഴിയില്ല . കാരണം കാലം അത്രമേൽ ശക്തമാണ് .. ഏതു സങ്കല്പങ്ങളെയും അട്ടിമറിക്കാം , ഏതു പ്രാർഥനകളെയും പിഴുതെറിയാം , ഏതു മുറിവുകളും ഉണങ്ങിപ്പോയേക്കാം , ഏതു സ്വർഗ്ഗങ്ങളും വീണുടയാം .. അതാണ് കാലം ...അതുകൊണ്ട് its the only thing 

സമയത്തെക്കുറിച്ചുള്ള ഈ ഒരു ആകുലതകളെ അപ്പാടെ റദ്ദാക്കി കളയാൻ ഒരൊറ്റ വാചകം കൊണ്ട് സാധിച്ച ഒരാളെ ഉള്ളു അതാണ് ജോൺ ലെനോൻ . " Time you enjoy wasting , was not wasted" ഈ ഒരൊറ്റ വാചകത്തിലൂടെ മ്യൂസിഷ്യൻ എന്നതിലുപരി ലോക കണ്ട മികച്ച ഫിലോസഫർ മാരിൽ ഒരാളായി മാറി അയാൾ എന്നെനിക്ക് തോന്നിയിട്ടുണ്ട് . നിങ്ങൾ എന്ത് തലവഴിതരം വേണമെങ്കിൽ ആയിക്കോളൂ മറ്റൊരാൾക്കു ശല്യമാവുന്നില്ലെങ്കിൽ , നിങ്ങൾക് അത് ആസ്വദിക്കാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾ അതിനെ ചൊല്ലി ആകുലപ്പെടേണ്ടതില്ല എന്നെനിക്ക് മനസ്സിലായപ്പോൾ നല്ലസമാധാനം തോന്നിയിട്ടുണ്ട് . ഹൃദയത്തെ ഇത്ര മനോഹരമായി തുറന്നു വെയ്ക്കാൻ കഴിയുന്നൊരാൾ ജീനിയസ് ആയില്ലെങ്കിൽ അല്ലെ അത്ഭുതമുള്ളു .

"Do I contradict myself, very well, then I contradict myself. I am large; I contain multitudes" ഇതിലും സത്യസന്ധമായ ഒരു വാചകം എനിക്ക് ഇതുവരെ കേൾക്കാനായിട്ടില്ല .. അവനവനോട് തന്നെ വൈരുധ്യപ്പെടുന്നതിലും സത്യമായതു എന്റെ ജീവിതത്തിൽ എനിക്ക് ഇത് വരെ കണ്ടെത്താൻ ആയിട്ടില്ല . Walt whitman എന്ന ആളെ കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ല . ഇനിയെന്ത് അറിയാൻ .. ഇത് പറയാൻ വേണ്ടി മാത്രം അവതരിച്ച ഒരാളാണ് അതെന്നു ഞാൻ വിശ്വസിക്കുന്നു . ഗുരുക്കന്മാർക്കു മാത്രം പറഞ്ഞു വെയ്ക്കാൻ ആകുന്ന ചിലതുണ്ട് അത്തരത്തിൽ ഒന്നാണ് ഈ വാചകം .


റൂമി പറഞ്ഞത് എല്ലാം ഇഷ്ടമാണ് . എല്ലാം "...the wound is the place where the light enters you" പിന്നെ "dont grieve. Anything you lose comes around in another form" ഈ രണ്ടു quotes ഉം മാരകമാണ്‌ . സത്യത്തിൽ നിങ്ങള്ക്ക് ഒന്നും നഷ്ടപ്പെടുന്നില്ല ... ഒന്നും നഷ്ടപ്പെടാനില്ല .. നഷ്ടപ്പെട്ടാൽ തന്നെ അത് നിങ്ങൾക് ഏതെങ്കിലും രൂപത്തിൽ തിരിച്ചു കിട്ടും ...!!! അത്രേ ഉള്ളുന്നെ ഈ പരിപാടി ...!!

ഫെർണാണ്ടോ പെസ്സൊവ പറഞ്ഞ കുറെ അധികം സാധനങ്ങളുണ്ട് ... എന്നാലും " i dont know how many souls i have " അതാണ് അന്യായം ആയി തോന്നിയ ഒന്ന് പിന്നെ  ഒരെണ്ണമുണ്ട് " its been long time since i have been me"!!! എന്താല്ലേ .....എനിക്കെന്നെ കിട്ടിയിട്ട് എത്ര കാലങ്ങളായി എന്ന് ഞാൻ ഓർക്കാത്ത ദിവസങ്ങൾ തന്നെ കുറവാണ് ...

അന്യ ദേശക്കാർ എല്ലാം പുലികൾ ആണെന്നുള്ള യാതൊരു തെറ്റിധാരണയും നമുക്കില്ല . രണ്ടു നോബൽ സമ്മാനം കിട്ടേണ്ടിയിരുന്നോരാൾ പണ്ട് പാലക്കാടു തസ്രാക്കിൽ പോയി നിന്നൊരു നോവൽ എഴുതി വെച്ചിട്ടുണ്ട് . മലയാള ഭാഷ ഉള്ള കാലത്തോളം ക്ലാസിക് എന്നുള്ളതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാനുള്ള ഒന്നാണ് അത് ... അതിലെ ഒരു വാചകം പറയാതെ ഞാൻ എങ്ങനെ പോകും ?

"ഇത് കർമ്മ പരമ്പരയുടെ സ്നേഹ രഹിതമായ കഥയാണ് ഇതിൽ അകൽച്ചയും ദുഖവും മാത്രമേ ഉള്ളു "

രോമാഞ്ചം കൊണ്ടിട്ടുണ്ട് ഇത് വായിച്ചു ... ഒന്നല്ല പല തവണ ...

പിന്നെ നമ്മുടെ സ്വന്തം എം ടി 

"അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാ സമുദ്രങ്ങളെക്കാൾ എനിക്കിഷ്ടം എന്റെ നിളയെയാണ് "....അതാണ് ...അതാണ് മലയാളത്തിന്റെ എം ടി ... മലയാളത്തിന്റെ സുകൃതം എന്ന് വെറുതെയാണോ പറയുന്നത് ...!!!

ഇഷ്ടപ്പെട്ട ഒരുപാടു വാചകങ്ങൾ വേറെ ഉണ്ട് ... എന്നാലും ഈ പറഞ്ഞതത്രയും ജീവനാണ് ... ജീവിതമാണ് ....!


നോട്ട്: എന്റെ സ്വന്തം quote ഒരെണ്ണം പറഞ്ഞവസാനിപ്പിക്കാൻ ഞാൻ ഒരണ്ണം എഴുതിയിട്ടുണ്ട് പണ്ട് ....അത് പക്ഷെ കാക്ക കൊണ്ട് പോയി !!






Tuesday, June 27, 2023

സ്വാസ്ഥ്യം

 സ്വാസ്ഥ്യം എന്ന വാക്കിന്റെ അർത്ഥം എന്നു മുതലാണ് നമുക്ക് മനസ്സിലായി തുടങ്ങിയത് എന്നാലോചിച്ചിട്ടുണ്ടോ?

സ്വാസ്ഥ്യം എന്ന അവസ്ഥ നമ്മളെ തേടി വരുന്നതാണോ നമ്മൾ തേടി ചെന്ന് കണ്ടു പിടിക്കുന്നതാണോ?

വിജയൻ ഖസാക്കിൽ പ്രയോഗിക്കുന്ന ഒരു പ്രയോഗമുണ്ട് " ദുരൂഹമായ ഒരു സാധനയിലൂടെ നേടിയെടുക്കുന്നു " എന്ന് ...സ്വാസ്ഥ്യവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും കൂടുതൽ ചിന്തിപ്പിച്ചിട്ടുള്ള ഒരു പ്രയോഗമാണ്  അത്.  മനസ്സിന് അല്ലെങ്കിൽ  നമ്മുടെ ബോധത്തിനു  (consciousness) എത്തിച്ചേരേണ്ടിടത്തു എത്തിച്ചേരാൻ മനസ്സ് കണ്ടു പിടിക്കുന്ന കുതന്ത്രങ്ങളിൽ ഒന്നാണ് ഈ പറഞ്ഞ ദുരൂഹമായ സാധന.

നിങ്ങൾക്കറിയാവുന്നതു പലതും , നിങ്ങൾക്കുറപ്പുള്ളതു പലതും നിങ്ങൾക്ക് അറിവില്ലാത്ത പോലെയും നിങ്ങൾക്കുറപ്പില്ലാത്തതു പോലെയും ഉപബോധ  മനസ്സ് (Sub-consciousness) നിങ്ങളോടു പറയും. ചുരുക്കി പറഞ്ഞാൽ മനസ്സ് അല്ലെങ്കിൽ  നമ്മുടെ ബോധം  നമ്മൾ അറിയാതെ കണ്ണടയ്ക്കും ..കാരണം അതിലൂടെ മാത്രമേ സ്വാസ്ഥ്യം എന്ന point ലേക്ക് എത്തിച്ചേരാൻ കഴിയൂ എന്നും മനസ്സിനറിയാം (conscious mind നു അറിയാം ) .

 ഉപബോധമനസ്സിന് അറിയാവുന്ന ഈ കാര്യങ്ങൾ നമുക്കറിയാമെന്നു വിചാരിക്കരുത്. കാരണം ഉപബോധമനസ്സിന് അറിയാവുന്നതെല്ലാം നമുക്കറിവില്ല. അതുകൊണ്ടു തന്നെയാണ് "ദുരൂഹമായ " ഒന്നായി നമുക്കതു തോന്നുന്നത്. (നമുക്കെന്നു പറഞ്ഞാൽ ബോധ മനസ്സിന് )

മനസ്സ് എന്നുള്ളത് ബോധമനസ്സായും , രണ്ടാമത് ഉപബോധ മനസ്സ് എന്ന് വിവക്ഷിച്ചാല് കുറച്ചുകൂടെ ക്ലിയർ ആകും എന്ന് തോന്നുന്നു. ബോധ മനസ്സിൽ ഒരിക്കലും വന്നിട്ടില്ലാത്ത.... ചിന്തിക്കുക പോലും ചെയ്യാത്ത നൂറു കണക്കിന് കാര്യങ്ങൾ ഉപബോധമനസ്സിനു പ്രാപ്തമായിട്ടുണ്ട്. 

സ്വാസ്ഥ്യം എന്ന അവസ്ഥ  ആഗ്രഹിക്കുന്ന ബോധ മനസ്സിന് ആശ്രയം ഒരിക്കലും നമ്മളുടെ ബോധ മണ്ഡലം അല്ല . കാരണം സിമ്പിൾ അല്ലെ..ബോധമണ്ഡലത്തിലുള്ള , അനുഭവങ്ങളുടെയോ, കാഴ്ച്ചകളുടെയോ,മറ്റൊന്നിന്റെയോ പേരിൽ സ്വാസ്ഥ്യത്തിലേക്ക് എത്തി ചേരാൻ മനസിനു കഴിയില്ല ....മറിച്ചു ഉപബോധ മനസ്സിന്റെ സഹായം തേടിയാൽ കാര്യം നടക്കും. കാരണം ഉപബോധമനസ്സു നമ്മളെ കുറിച്ച് തന്നെ ശേഖരിച്ചു വെച്ചിരിക്കുന്ന ചില കാര്യങ്ങൾ കേട്ടാൽ നമ്മൾ തന്നെ ഞെട്ടിപ്പോകും. സത്യമായും...

ഉദാഹരണത്തിന് നിങ്ങളുടെ ബോധ മണ്ഡലം നിങ്ങളോടു പറയുന്നത്‌ അനുസരിച്ചു നിങ്ങൾക്ക് ഒരാളെ കൊല്ലാൻ പറ്റുമെന്നു തോന്നുന്നുണ്ടോ ...ഇല്ലല്ലോ ...നിങ്ങളുടെ ഉപബോധമനസ്സിനു അറിയാം നിങ്ങള്ക്ക് വേണമെങ്കിൽ രണ്ടു പേരെ കൊല്ലാൻ സാധിക്കുമെന്ന്.( ഉദാഹരണം കടുത്തു പോയി സാരമില്ല)

ദുരൂഹമായ സാധന എന്ന പ്രയോഗത്തിന്റെ ശരിക്കുമുള്ള അർത്ഥം ഇതിലൊന്നും നിൽക്കില്ല. നമുക്കേറ്റവും പ്രിയപ്പെട്ടതെന്നു തോന്നുന്ന ഒന്ന് ..ഒരിക്കലും ഉപേക്ഷിക്കാനാകാത്ത ....ഒരിക്കലും പിരിഞ്ഞു പോകാത്ത ഒന്ന് പിരിഞ്ഞു പോയാൽ സ്വാസ്ഥ്യം നമുക്ക്  തീണ്ടാപ്പാട് അകലെ ആയി മാറും...ഏറ്റവും ദുരൂഹമായ ഒരു സാധനയിലൂടെ മനസ്സ് നമുക്കായി ചിലപ്പോ സ്വാസ്ഥ്യം കണ്ടെത്തും... അതിനു പക്ഷെ നമ്മുടെ ബോധ മണ്ഡലത്തിലുള്ള ഒന്നും തികയാതെ വരും....ഉപബോധ മനസ്സിലെ നമുക്ക് ചിന്തിക്കാൻ പോലും ,... ഊഹിക്കാൻ പോലും കഴിയാത്ത വെളിപാടുകൾ ആണ് അവിടെ തുണയായി വരുന്നത് ..

സ്ഥലങ്ങളെക്കുറിച്ചു, ആളുകളെ കുറിച്ച് , പേരുകളെ  കുറിച്ച്, സ്നേഹത്തെക്കുറിച്ചു, കാമത്തെ ക്കുറിച്ചു, പ്രതികാരത്തെക്കുറിച്ചു, കാലത്തെക്കുറിച്ചു, നിന്നെക്കുറിച്ചു, എന്നെ കുറിച്ച് ഒക്കെയുള്ള വെളിപാടുകൾ ...ബോധ മനസ്സിന് താങ്ങാൻ ആവില്ലെന്നുറപ്പുള്ള അത്തരം വെളിപാടുകൾ വെച്ചാണ് ഉപബോധ മനസ്സു നമ്മളെ സ്വാസ്ഥ്യത്തിൽ എത്തിക്കുന്നത്.

വെറുപ്പിച്ചു കഴിഞ്ഞാൽ ബോധമില്ലാത്തവനെ,, പോയാലും എന്നല്ലേ..!!! നിർത്തി !!!

NOTE:ഇതൊക്കെ പറഞ്ഞാലും ശരിക്കും സ്വാസ്ഥ്യം എന്താണോ എന്തോ ?!!