Friday, November 21, 2014

winter in pravithanam

പണ്ട് പണ്ട് പണ്ട് ....അങ്ങനെ തന്നെ തുടങ്ങണം കാരണം ജന്മങ്ങൾക്ക് അപ്പുറത്ത് എവിടെയോ  ആവണം ആ ഓർമ്മകൾ എന്ന് തോന്നി പോകുന്നു ........ഡിസംബർ അതാണ്‌ സംഭവം.....
 clint  eastwood മുതൽ സലിം കുമാർ വരെയുള്ള അനേകം പ്രതിഭകൾ മനസ്സിനെ തൊട്ടിട്ടുണ്ട് അത് സത്യമാണ്.
 എന്നാലും...
എന്നാലും ....
എന്നാലും ...
                                ജലന്ധറിന്റെ  സ്പെല്ലിങ്ങ് കലാഭാവാൻ മണി Summer in Bethleham എന്ന സിനിമയിൽ  പറയുന്നത് കണ്ട നിമിഷത്തിനു പ്രത്യേകതയുണ്ട്.അതിനു മുമ്പോ അതിനു ശേഷമോ ആ നിമിഷത്തിൽ അനുഭവിച്ചതിന്റെ അടുത്തെത്താൻ  ആയിട്ടില്ല. ആ കലാകാരനോടുല്ല എല്ലാ വിധ ബഹുമാനത്തോടും കുടി പറയട്ടെ ....ആ നിമിഷം .... ആ ഒരു നിമിഷം ...എന്റെ എല്ലാമായിരുന്ന ആ ലോവർ പ്രൈമറി  സ്കൂളിന്റെ ചുവരിൽ  വലിച്ചു കെട്ടിയ ആ വെളുത്ത തുണിയിൽ ആ തമാശക്കു അപ്പുറം മറ്റെന്തൊക്കെയോ അനുഭവിച്ചതിനു കാരണം  ആ നടൻ മാത്രമല്ല .
                                             Xmas  പ്രമാണിച് സ്കൂളിൽ നടത്തുന്ന പ്രത്യേക സിനിമ പ്രദര്ശനം ...summer in bethlahem .....ഡിസംബർ  23 ആം തിയതി വൈകിട്ട് 5 മണിക്ക് പ്രവിത്തനം L .P .സ്കൂളിൽ ...ഒരു സംഭവത്തെ കുറിച്ച് കേട്ടിട്ട്  നമ്മൾ കൊതി പൂണ്ടു പോകുക എന്നൊക്കെ പറഞ്ഞാൽ പോര....അതായതു രണ്ടു കാലുമില്ലാത്തവനെ  ഉസൈൻ ബോൾട്ട് വന്നു നമിച്ചാലുള്ള ഒരു അവസ്ഥ...അത്രയ്ക്കും ആശിച്ചു പോയി...    ഒന്ന് ...."പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴിവാര്കവേ" എന്ന് ഗിരീഷ്‌ പുത്തഞ്ചേരി  എഴുതി വെച്ച സംഭവം ആ പടത്തിലുണ്ട്. രണ്ട് ...മഹാ നടൻ  mohanlal താടി വെച്ച് അഭിനയിക്കുന്നു,...പിന്നെ ഊട്ടിയോ കൊടൈക്കനാലോ  അങ്ങനെ ഏതോ സ്ഥലം ....ഈ പറഞ്ഞതെല്ലാം അന്നത്തെ ഏറ്റവും വലിയ ഭ്രമങ്ങൾ  ആണ്. എല്ലാം ശരി ..പക്ഷെ അഞ്ചു രൂപ....അതാണ് പ്രശ്നം..വലിയ വലിയ പ്രശ്നം.
                                     വീട്ടിൽ പറയാൻ ലവ ലേശം ധൈര്യമില്ല. (ബാലരമ വാങ്ങാനും അഞ്ചു രൂപ ആണ് അതുണ്ടാക്കാൻ 18 അടവും പയറ്റിയിട്ടും നടക്കാറില്ല   അതറിയാം ) ഇന്നത്തെ മെഗാ സീരിയലിൽ ഉള്ള അമ്മയിമ്മമാർ പെരുമാറുന്നത് പോലെ ആണ് അമ്മ അക്കാലത്തു പെരുമാറിയിരുന്നതെന്ന് എനിക്ക് പിന്നീടു തോന്നിയിട്ടുണ്ട്.(പണത്തിന്റെ വിലയെ പറ്റിയുള്ള  എന്റെ സർവ അറിവുകളുടെയും തുടക്കം അവിടുന്നാണ്.)..എല്ലാം ശരി അപ്പോൾ 5 രൂപ......????
പ്രവിത്തനം പള്ളി പെരുന്നാളിന് നാരങ്ങ വെള്ളത്തിന്റെ കടയിട്ടു, കാശു വാരിയ സഹാപാഠിയോടു കടം ചോദിച്ചു.....രക്ഷയില്ല.
stumber ക്രിക്കറ്റ്‌ ബോൾ ഒരെണ്ണം  കയ്യിലുണ്ടായിരുന്നത് ..തേഞ്ഞു തീരാറായ അതൊരെണ്ണം വിൽക്കാൻ ശ്രമം നടത്തി നാണം കെട്ടു ....രക്ഷയില്ല..
അവസാന വഴി അത് തന്നെ...മോഷണം.പക്ഷെ അതിലും നമ്മള്  സത്യസന്ധൻ ആയി. അമ്പലത്തിൽ നേര്ച്ച ഇടാനായി വിളക്കിൽ ഇട്ടിരിക്കുന്ന രൂപയാ....
എം .പി യും നടനുമായ  ഇന്നസെന്റ് പറഞ്ഞതു  പോലെ ദൈവത്തിനു ഇതൊക്കെ മനസ്സിലാകും ....അല്ലെ പിന്നെ എന്തിനാ  പുള്ളിയെ ദൈവം എന്ന് വിളിക്കുന്നെ...വല്ല ശശി എന്നോ അംബു  എന്നോ വിളിച്ചാൽ പോരായിരുന്നോ അല്ലെ...അതായിരുന്നു ചിന്ത..ദൈവത്തിനു എന്നെ അറിയാം  പേടിക്കണ്ട എന്ന് സ്വയം വിശ്വസിപ്പിച്ചു. എടുക്കാൻ തീരുമാനിച്ചു. (ആ പൈസ  കാണാതെ പോയാലും അമ്പലത്തിൽ  പോയ ആരെങ്കിലും ഇട്ടെന്നെ ആരും കരുതുകയുള്ളൂ  അതാണ്‌ ഹൈ ലൈറ്റ് .) അപ്പോള് പറഞ്ഞ ദിവസം ഡിസംബർ 23 എത്തി രാവിലെ തന്നെ ഒരുക്കങ്ങൾ തുടങ്ങി. അമ്മ ഒന്ന് മാറിയിട്ട് വേണം സംഭവം നടത്താൻ...രണ്ടു മൂന്നു തവണ അടുത്ത് വരെ ചെന്നെങ്കിലും പൊളിഞ്ഞു പോയി.(പണ്ടാരമടങ്ങാൻ എന്തൊരു വിറയലാ.....)
               സമയം പോകുന്നു ഉച്ചയാകാറായി  ....ഒടുവിൽ  ആ നിമിഷമെത്തി ...എണ്ണി എടുക്കണം കാരണം കിടക്കുന്ന പൈസ മുഴുവൻ ആവശ്യമില്ല. ഏഴോ എട്ടോ രൂപ ഉണ്ട്. കൈ ആലില പോലെ വിറക്കുന്നു...പെട്ടന്ന് അച്ഛന്റെ അമ്മ വന്നു..."നീ ഇന്ന് അമ്പലത്തില പോകുന്നുണ്ടോ വൈകീട്ട്...???" ചോദ്യം കേട്ട്  കൈലിരുന്ന പൈസ വിളക്കിൽ തന്നെ ഇട്ടു (ഇട്ടതല്ല.. വീണതാണ്). :ങാ ..ചിലപ്പോ." ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു .പുള്ളിക്കാരി നടന്നു പോയി ..വൈകീട്ടായി സമയം 4 മണിയായി ...ഒന്നും ഒന്നും ശരിയാകുന്നില്ല. പൈസ ശരിയായില്ല. സംശയം മാറാൻ അമ്പലത്തിൽ പോയാലോ എന്ന് ആലോചിച്ചു വിഷണ്ണനായിട്ടു   ഇരിക്കുമ്പോൾ അമ്മ അടുത്ത് വന്നു പതുക്കെ ചോദിച്ചു .."നിനക്ക് എന്തിനാ പൈസ...??!!!!!!"
ഞടുങ്ങി പോയി .....മിണ്ടാതെ ഇരുന്നു ...കണ്ണ് കാണാൻ വയ്യ ...ജലം സർവത്ര  ജലം. അമ്മ വീണ്ടും വീണ്ടും ചോദിച്ചു..."സിനിമ കാണാന "...ഒരു വിധം പറഞ്ഞു...എപ്പോളാ സിനിമ ?....5 മണിക്ക്...."എത്ര രൂപയാ..?"..."അഞ്ചു രൂപ."
5 രൂപ യുടെ ഒറ്റ നോട്ടു കയ്യിൽ മടക്കി വെച്ച് തന്നിട്ട് അമ്മ പറഞ്ഞു .ചായ കുടിച്ചിട്ടു ഓടി പോയ്കോ .....

ഓടി..നില്ക്കാതെ ഓടി.  കണ്ണീരു  കാരണം  കണ്ണു കാണാതെ ഓടി....സംവിധാനം.സിബി മലയിൽ  എന്നു എഴുതി കാണിക്കുമ്പോഴും 
  മനസ്സ് അമ്മയുടെ അടുത്തായിരുന്നു...പിന്നിടെപ്പോഴോ സിനിമ പതുക്കെ  മനസ്സിൽ കയറി വന്നു..നിറഞ്ഞു ചിരിച്ചു ...ആവശ്യത്തിൽ കൂടുതൽ.....ഒരുപാടു  ചിരിച്ചു ..ഒരുപാടു .കരഞ്ഞു...എന്തിനെന്നറിയാതെ ....അടുത്തിരുന്നവന്റെ പുച്ഛം. ..."ആദ്യമായിട്ടാണോ കാണുന്നെ?" അവന്  ചോദിച്ചു...
ഞാൻ തലയാട്ടി...
അവൻ പറഞ്ഞു "ഞാൻ മൂന്നാമത്തെയ...രണ്ടു തവണ മഹാറാണി യിൽ  പോയി കണ്ടതാ"...
സിനിമ തന്നെ ആദ്യമായിട്ടാ കാണുന്നത് എന്ന് പറയണം എന്നുണ്ടായിരുന്നു...

പടം കഴിഞ്ഞു...നക്ഷത്രങ്ങൾ...എല്ലായിടവും....വീടുകളിൽ...കടകളിൽ...പള്ളിയിൽ ...സ്കൂളിൽ....ആശുപത്രിയിൽ .....ഏറ്റവും വലിയതോരെണ്ണം എന്റെ മനസ്സിലും....

നന്ദി ...........



Wednesday, June 11, 2014

വിജയന് മുതൽ രേഖ വരെ

അക്ഷരങ്ങളെ സ്നേഹിച്ചു തുടങ്ങിയ കാലം മുതല്ക്ക് മനസ്സില് വിഗ്രഹങ്ങളും ഉണ്ടായിട്ടുണ്ട്. അങ്ങനെ വിഗ്രഹങ്ങള നിര്മ്മിക്കപ്പെട്ട ചില നിമിഷങ്ങളെ ഓര്ത് എടുക്കുകാനുള്ള ചെറിയ ശ്രമമാണിത്. എവിടെനിന്ന് തുടങ്ങണം എന്നതിനെപറ്റി  യാതൊരു സംശയവും ഇല്ല.

"ഇത് കര്മ്മ പരമ്പരയുടെ സ്നേഹ രഹിതമായ കഥയാണ്‌ .
ഇതിൽ  അകല്ച്ചയും ദുഖവും  മാത്രമേ ഉല്ലൂ.."

അതെ, അവിടുന്നെ തുദങ്ങാനാവൂ. വായിച്ചു കഴിഞ്ഞ ഉടൻ മഴവില്ല് കണ്ട ഒരു അഞ്ചു വയസ്സുകാരനായി പോയി ഞാൻ അന്ന് പതിമൂന്നാം വയസ്സിൽ ഷഹ്ബശ് അമൻ  അഭിപ്രായപ്പെട്ട പോലെ കാരണമില്ലാതെ ദുഖിക്കാൻ പറ്റിയ ചില സാധനങ്ങള തിരഞ്ഞു നടന്ന ചെക്കനു പറ്റിയ ഒരു സംഭവമായി തോന്നി അത് വ്യയിച്ചു കഴിഞ്ഞപ്പോൾ എനിക്ക്.

"തന്നെ കൈ നീട്ടി വിളിച്ച പൊരുളിന്റെ നേർക്ക്  അയാള് യാത്ര ആയി . അയാള്ക്ക് പിന്നിൽ ചില്ല് വാതിലുകൾ ഒന്നൊന്നായി അടഞ്ഞു." 

അത് കൂടി വായിച്ചു കഴിഞ്ഞപ്പോൾ ഞാനെന്തോ വലിയ ആളായി പോയി എന്ന് തോന്നി..വലിയ കാര്യങ്ങളൊക്കെ വായിക്കുന്ന വലിയ ആള്. എന്തോ പറയാനറിയാത്ത പകര്താനറിയാത്ത എന്തോ ഒരു സംഭവം ആ വാകുകൾക്കിടയിൽ ഒളിച്ചുവെച്ചിരിക്കുന്ന ആളെ പറ്റി അത്ഭുതം തോന്നി.വായനക്കിടെ കൂടെ കൂടെ എഴുത്തുകാരന്റെ ചിത്രം പുസ്തകം തിരിച്ചു നോക്കി ആരാധന കൊണ്ടു. ആദ്യത്തെ വായനയിൽ കഥയും മറ്റും കാര്യമായി മനസ്സിലായില്ലെങ്കിലും കഥാന്തരീക്ഷം ഭയങ്കരമായി മനസ്സില് പടര്ന്നു കിടന്നു. പിന്നെ അപ്പുക്കിളിയും.പിന്നെയും ഒരുപാടു തവണ വായിച്ചു. ഒടുവില എല്ലാം മനപ്പദമായി. അങ്ങനെ O . V . വിജയന് എന്നാൽ അത്ഭുതത്തി ന്റെയും  ആദരവിന്റെയും  ഒപ്പം അപൂര്വതയുടെയും മൂര്ത്തി ഭാവമായി .അപൂർവമായേ വീട്ടിലിരുന്നു നിലക്കാതെ പെയ്യുന്ന മഴ കണ്ടു ഇരുന്നുള്ളൂ. എങ്കിലും അപ്പോഴൊക്കെയും മനസ്സിൽ ഖസാക്കും  രവിയും നൈജമാളിയും ഒക്കെ കടന്നു വന്നു

അടുത്ത ആളെയും വാകുകളെയും പറ്റി പറയുന്നതിനും മുൻപായി പറയാനുള്ള ഒരു കാര്യം(ഒരുപാടു പേർ  പറഞ്ഞതാണെങ്കിലും എനിക്ക് ഒന്ന് കൂടി പറയണം )ഭാഷാ ശൈലി  കൊണ്ട് മലയാളികളെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു എഴുത്തുകാരന ഉണ്ടെന്നു ഞാൻ ...ഞാൻ വിശ്വസിക്കുന്നില്ല.

"ആയിരം കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ടു നടക്കുന്ന ദേവാ 
ഇവിടെ ഞാനുണ്ട് .അവിടുത്തെ മകനായ  അഞ്ചു വയസ്സുള്ള ഒരുണ്ണി "

 എന്നന്നേക്കുമായി എന്നെ വായനയ്ക്ക് അടിമയാക്കി മാറ്റിയ വാക്കുകള.എന്തോ ഇന്ദ്രജാലം കാണിച്ച അക്ഷരങ്ങൾ....വാക്കുകൾ ...മറക്കാനാവില്ല..ഇരുപതിൽ കൂടുതൽ തവണ വായിച്ചിട്ടും ഇന്നും കൊതിയോടെ അല്ലാതെ വായിക്കാനാവാത്ത വാക്കുകൾ ദൈവത്തിനു മലയാളം അറിയാമെന്നു എനിക്കന്നേ  മനസ്സിലായി (നമ്മുടെ പ്രഞ്ചിക്കു മനസ്സിലായ പോലെ ). 

എങ്ങു മൊടുങ്ങാത്ത ജീവിതാസക്തികൾ 
തൂങ്ങി മരിച്ച വഴയംബലങ്ങളിൽ 
കാര മുള്ളിന്റെ കിരീടവും ചൂടി നടന്നത് 
സൗക്യമൊ ..അതോ മൃത്യുവോ "

ദൈവമേ..വായിച്ചു കഴിഞ്ഞ ഉടനെ പുസ്തകം അടച്ചു വെച്ച് കണ്ണുകൾ അടച്ചു നിമിഷങ്ങളോളം ഇരുന്നു.ഒന്നുകുടി വായിച്ചിട്ട് എണീറ്റ്‌ നടന്നു..അടുത്ത ബസ്സിൽ  കയറി മേനക ഇറങ്ങി പ്രസ്‌ ക്ലബ്‌ റോഡിൽ ചെന്ന് മാതൃഭൂമി ബുക്സിൽ കയറി കയ്യിലുണ്ടായിരുന്ന 400 രൂപയ്ക്കും ചുള്ളിക്കാടിനെ വാങ്ങിച്ചു...വായിച്ചു വായിച്ചു തീർത്തു .

ഒരു മരണവും 
എന്നെ കരയിച്ചില്ല സ്വപ്നത്തില 
മരിച്ച തുമ്പികൾ 
മഴയായി പെയ്തപ്പോഴും 
കരഞ്ഞില്ല."

അങ്ങനെ കരയാതിരിക്കാൻ ഒരേ ഒരാള്ക്കെ കഴിയുമായിരുന്നുള്ളൂ .ഈ ഭൂമി മലയാളത്തിൽ അതിനു ചങ്കൂറ്റം കാട്ടിയ ഒറ്റ ആളെ ഉള്ളു. അത് അയ്യപ്പൻ  ആണ്.ചത്ത ചിത്രശലഭങ്ങളെ കൊണ്ടുണ്ടാക്കിയ ഒരു കൊച്ചു വീട് സ്വപ്നത്തിൽ കണ്ടു ഞെട്ടി എണീറ്റ രാവുകൾ സമ്മാനിച്ചത്‌ അയ്യപ്പനാരുന്നു.

ആരുനമ്മെ മുറിച്ചു മാറ്റിയാലും 
വേരുകളാൽ 
ഭൂമിക്കടിയിൽ 
നമ്മൾ കെട്ടിപ്പിടിച്ചു കൊണ്ടേയിരിക്കും ."
പവിത്രനെ കുറിച്ച് ഓർക്കുമ്പോൾ ഓര്മ്മ വരുന്നത് എഴുത്തിലൂടെ അയാള് സമ്മാനിച്ച ചില നാട്ടുവഴികലാണ്,മഴ പെയ്യുന്ന ഇലഞ്ഞിപൂക്കൾ നിറഞ്ഞ ഇടവഴികൾ,തെങ്ങിന കള്ള്  മണക്കുന്ന നാടാൻ പാട്ട് പൂക്കുന്ന വഴികൾ ....ദൈവത്തിന്റെ നമ്പർ അയ്യപ്പനാണ് കൊടുത്തതെന്ന് പറഞ്ഞിട്ടുണ്ട് പവിത്രന.ആ നമ്പർ അയ്യപ്പന് കൈമാറാൻ ഇതിലും നല്ല ഒരാള് ഇല്ല എന്നെനിക്കും തോന്നി.

എങ്ങൊട്ടെക്കാ ??"
ഓ ...ഒന്ന് വെസ്റ്റ് ജർമ്മനി വരെ...എന്താ പോരുന്നോ??"
മംഗലശ്ശേരി നീലകണ്ടനെ കൊണ്ട് അങ്ങനെ പറയിപ്പിച്ച,....
വീണു പോയെന്നു വിസ്വസിക്കില്ലെടോ"എന്ന് പെരിങ്ങോട് ശങ്കര മാരാരെ കൊണ്ട് പറയിച്ച ,....
"തന്നെ കേള്ക്കാതിരിക്കാൻ പറ്റുമോ " എന്ന് സാക്ഷാൽ ഗുരുവയുരപ്പനെക്കൊണ്ട് ചോദിപ്പിക്കാൻ .....
ഫ്ലാഷ് ബാക്ക് ബ്ലാക്ക്‌ ആൻഡ്‌ വൈറ്റിൽ വേണ്ട  എന്ന് പ്രാഞ്ചിയോടു ആവശ്യപ്പെടുന്ന പുന്യലനെ സൃഷ്ടിക്കാൻ.....അങ്ങനെ ഒക്കെ ആയിട്ട് മലയാളത്തിൽ ഒരാളെ ഉള്ളു.അയാളോടും അയാളുടെ കഥാപാത്രങ്ങളോടും മറ്റൊരു സിനിമാ കാരനോടും തോന്നാത്ത ഒരിഷ്ട്ടമുണ്ടെന്നുള്ളത് സത്യമാണ്.

പ്രതിമ ഗാന്ധി 
കാക്കയോടു പറഞ്ഞു 
കാക്കേ 
ഒരു തോക്കുമായി വാ "

മതി...അതിലുണ്ട് എല്ലാം കുരീപ്പുഴ ഉള്ളവർ അങ്ങനെ ആണ്.
അധികം ആവശ്യമില്ല. പക്ഷെ ഉള്ളത് ഉള്ളതാണ്,ശ്രീകുമാർ പ്രിയപ്പെട്ട കവിയകുന്നത് അയാള് എഴുതുന്ന  വായിച്ചാലും വായിച്ചാലും തീരാത്ത ചില തീരെ ചെറിയകവിതകൾ കൊണ്ടാണ്.

ഭയം അതിന്റെ തീക്കനൽ പോലുള്ള നാവു കൊണ്ട് എന്റെ നട്ടെല്ലിൽ നക്കി "
എഴുതിയ ആൾ പ്രതിഭയാണെന്ന് വിളിച്ചു പറയാൻ ഇതിൽ കൂടുതലായി ഒന്നും ആവസ്യമുള്ളതായി എനിക്ക് തോന്നുന്നില്ല.ആലുവ പുഴക്ക്  സമര്പ്പണം ചെയ്ത അയാളുടെ ഓർമ്മകുറിപ്പുകൾ പുഴപോലെ തന്നെ..ആഴവും വീതിയും സൌന്ദര്യവും.....

സന്താപത്തിൽ കൂടെ നില്ക്കാൻ വലിയ പ്രതിഭ ആവശ്യമില്ല .എന്നാൽ സന്തോഷത്തിൽ കൂടെ സന്തോഷിക്കുക അത്ര എളുപ്പമല്ല."\\
ഇത് എഴുതിയ ഷഹബാസിനെ ആണ് ആയാൽ പാടിയ ഇതു ഗസലിനെക്കളും എനിക്ക് പ്രിയം എന്നത് ഒരു സത്യം തന്നെ ആണ്.

മാധവിക്കുട്ടിയും സുഗതകുമാരി ടീച്ചറും ഒക്കെ ഉള്ളിടത്ത്  ഞാൻ  ഇനി പറയാൻ പോകുന്ന കാര്യം വെറുതെ ribel  ആകാൻ വേണ്ടി പറയുന്നതായി നിങ്ങള്ക്ക് തോന്നിയേക്കാം .പക്ഷെ, അല്ല സത്യമാണ്.അവരെക്കാൾ കൂടുതലായി എനിക്കിഷ്ട്ടപെട്ട വരികൾ എഴുതിയത് രേഖ ആണ്. 

"ക്രിസ്തുമസ് കാർഡുകളിൽ എന്നെ കുരുക്കുന്ന അപമാനത്തിന്റെ ലില്ലി പൂക്കള പതിയിരിക്കുന്നു എന്നാ അന്ധ വിശ്വാസിയാണ് ഞാനിപ്പോളും  എപ്പോളും' 

ന്\അങ്ങനെ എഴുതി കണ്ടപ്പോൾ ..ഞാനറിയാതെ എന്നെ ആരോ മോഷ്ട്ടിച്ചു എന്നാണെനിക്കു സത്യമായും തോന്നിയത്.അങ്ങനെ ഉള്ളപ്പോൾ അതെഴുതിയ ആളോട് എനിക്ക് ചില തരാം തിരിവുകളൊക്കെ കാണിച്ചേ പറ്റു .അതുകൊണ്ട് ബാക്കിയുള്ളവർ സദയം പൊറുക്കുക.

വാൽകഷണം :
ഇവിടെ പരാമർശിക്കാതെ പോയ നൂറു കണക്കിന് വാചകങ്ങളുണ്ട്..അതെഴുതിയ എഴുതുകാരുമുണ്ട് .പക്ഷെ ഇത് തികച്ചും സ്വകീയമായ എന്റെ ചില ഇഷ്ട്ടങ്ങൾ മാത്രമാകുന്നു.മരിച്ചവരോ ജീവിച്ചവരോ ആയിട്ടെന്തെകിലും സാദ്ര്സ്യം ഉണ്ടെങ്കിൽ അത് എന്നോട് മാത്രമാണ്.മറ്റാരോടുമില്ല .

നന്ദി .................






Tuesday, February 25, 2014

കള്ളൻ

ഇന്നിപ്പോ പറയാനുള്ളത് ഒരു പുളു  കഥയാണെന്നു നിങ്ങള് വിചാരിക്കും പക്ഷെ സംഭവം അങ്ങനല്ല ....അതായത് നമ്മുടെ പാലാക്കാരുടെ ഒരു ഭൂമിശാസ്ത്രം വെച്ച് കടൽ , കായൽ മുതലായവ കേട്ടു കേൾവി മാത്രമാണ്. (അമ്മ ഇത് വരെ കടല് കണ്ടിട്ടുണ്ടോ എന്ന്  എനിക്ക് ബലമായ സംശയമുണ്ട്) അങ്ങനെയുള്ള സ്ഥലത്തു ആകെപാടെ ഉണ്ടായിരുന്നത് ഒരു കിണറും പിന്നെ പേരിനൊരു ചെറിയ തോടും മത്രമായിരൂന്നു..അങ്ങനെ , ഉള്ളത് വെച്ച് ഒരു വിധത്തിൽ കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന ദിവസം ആണ് മധുര മനോഹരമായ ഒരു കാര്യം ഞാൻ നേരിട്ട് കാണുന്നത്...ആ കാര്യം പറയുന്നതിന് മുമ്പ് സാഹചര്യങ്ങളെ പറ്റി ഒരു ധാരണ ഞാൻ തരാം. മറ്റൊന്നുമല്ല, നമ്മുടെ അയൽവക്കത്തുള്ള ഒരു കക്ഷി, ആളൊരു ചെറിയ സാഹിത്യകാരനാണ്, ആ നാട്ടിൽ വംശനാശം നേരിടുന്ന ആ വർഗത്തിൽ പെടുന്ന ഒരു കക്ഷി ആണ് ടിയാൻ എന്നുള്ളതുകൊണ്ട് എനിക്കൊരു പ്രത്യേക കണ്ണുണ്ടായിരുന്നു പുള്ളിയുടെ എല്ലാ കാര്യത്തിലും.

                    ഒരു മനുഷ്യ ജീവി ആദ്യമായി ജുബ്ബ എന്നാ വസ്ത്രം ധരിച്ചു  ആദ്യമായി ഞാൻ  കാണുന്നത് നമ്മുടെ ഈ കഥാ പാത്രത്തിലാണ് .അങ്ങനെയുള്ള നമ്മുടെ ഈ നായകൻറെ വീട്ടില് ഞാൻ ചിലപ്പോളൊക്കെ പോകും. മിക്കവാറും സ്കൂളിൽ ശിശുദിനം, സ്വാതാന്ത്ര്യ ദിനാഘോഷം മുതലായവ ഉള്ളതിന്റെ തലേ ദിവസമായിരിക്കും ഞാൻപോകാറ്‌ . കാരണം അന്നേ ദിവസം വെച്ചലക്കാനുള്ള ചില ഗീർവാണങ്ങൾ , പ്രസംഗം എന്നാ പേരിൽ പുള്ളി നമുക്ക് എഴുതി തരും. അതി ഭയാനകമായ  മലയാള പദങ്ങൾ  നിരത്തി അദ്ദേഹം പലതവണ എന്നെ കരയിച്ചാലും വേറെ മാർഗമില്ലത്തതിനാൽ ഞാൻ വീണ്ടും വീണ്ടും അദ്ദേഹത്തിൽ തന്നെ  ശരണം പ്രാപിക്കുമായിരുന്നു. അതിസുന്ദരമായ ഒരു പൂന്തോട്ടം അവിടെയുള്ളതും തിരിച്ചു പോകുന്ന വഴി ഇദ്ദേഹത്തിന്റെ ജാതി തോട്ടത്തിൽ നിന്നും ജാതിക്ക പറിക്കാമെന്നതും എന്നെ സമ്ബന്ധിച് ഒഴിവാകാനാവാത്ത  പ്രലോഭനമായിരുന്നു. അങ്ങനെ ഒരു ദിവസം ....നമ്മുടെ പ്രിൻസിപാൽ റിട്ടയേർഡ്‌ ആകുന്ന ദിവസം അടിയനാണ് കൃതഞത  (ഹമ്മെ .... ആ വാക്ക്  പറയാൻ എത്ര ദിവസം ഉറക്കമളച്ചു എന്ന് എനിക്കെ അറിയൂ ) പറയുന്നത്. വീണ്ടും same scene .കടുകട്ടിയയുള്ള, ഇന്നും എനിക്ക് അർഥം അറിഞ്ഞു കൂടാത്ത ചില പദ പ്രയോഗങ്ങൾ  അദ്ദേഹം നടത്തുന്നു ....എന്റെ തലയിലാനെങ്കിൽ കയറുന്നുമില്ല....അപ്പൊ gear മാറുമ്പോൾ clutch അമരത്തണം അല്ലെ...എന്ന  മട്ടിൽ  ഞാൻ നില്ക്കുന്ന സമയം...അപ്പോളാണ്‌ ഞാൻ മുമ്പ് പറഞ്ഞ മധുര മനോഹരമായ കാര്യം കാണുന്നത്. ,..പൂന്തോട്ടത്തിന്റെ ഒത്ത നടുവിലായി.ഏകദേശം 8 എഴുതുന്ന ആകൃതിയിൽ ഒരു ചെറിയ കുളം ഉണ്ടാക്കിയിരിക്കുന്നു. അത്ര വലുപ്പം ഒന്നുമില്ല പക്ഷെ എന്താ മോനെ ഭംഗി. തൂവാനത്തുമ്പികളിലെ  ക്ലാര പോലും തോറ്റു പോകും...അത്രക്കുണ്ട് സംഭവം. പ്രസഗം , പ്രിൻസിപ്പൽ ഉം എല്ലാം തലയിൽ  നിന്നിറങ്ങി ഓടിയ വഴി കണ്ടില്ല. കുളം മാത്രമല്ല സംഭവം അടുത്ത് ചെന്ന് നോക്കിയപ്പോൾ അതിലുള്ള വെള്ളത്തിനു മുകളിലായി നല്ല ഭംഗിയുള്ള എന്തോ ഒരു സംഭവം ഒഴുകി നടക്കുന്നു...ചെടിയല്ല..പായല് പോലെ എന്തോ ഒന്ന്...എന്തായാലും സംഗതി ഒന്നാംതരം.
                                   തുടര്ന്നുള്ള ദിവസങ്ങളിൽ  അയാള് വെളിയിൽ  പോകുന്ന സമയം നോക്കി പൂന്തോട്ട സന്തർശനം സ്ഥിരമാക്കി ഞാൻ . മറ്റുള്ളവർ  അതിനകത്ത്‌ കയറുന്നത് തീരെയും ഇഷ്ടമായിരുന്നില്ല ടിയാന്. (സ്വാഭാവികം). അങ്ങനെ കണ്ടു കണ്ടു ഊണിലും ഉറക്കത്തിലും മറ്റൊരു ചിന്തയില്ലാതായി  എനിക്ക്. ഈ സംഭവം എന്താണെന്നോ എവിടെ  കിട്ടുമെന്നോ അറിയാനായി എന്റെ അടുത്ത ശ്രമം. മുത്തച്ഛന്റെ കൂടെ നടക്കാൻ    പോയ ഒരു ദിവസം ഞാൻ എന്റെ പ്രശ്നം അവതരിപ്പിച്ചു. അങ്ങനെ ആ  നടത്തം ഞങ്ങൾ നമ്മുടെ  കുളത്തിലേക്ക്‌ നീട്ടി .മുത്തച്ചനോദ് വളരെ ബഹുമാനമുള്ള വ്യക്തിയായ അദ്ദേഹം ഞാനും മുത്തച്ചനും നില്ക്കുന്നത് കണ്ട്  അവിടേക്ക് വന്നു. ആഫ്രികാൻ  പായൽ ആണെന്ന് മുത്തച്ഛൻ പറഞ്ഞപ്പോൾ  "അതെ അതെ ഞാനടുത്ത് കൊച്ചിയിൽ  പാപ്പന്റെ വീട്ടില് പോയപ്പോൾ   അവിടുന്നു എടുത്തു വന്നതാണെന്ന്" അദ്ദേഹം കൂടിചേർത്ത്  ഞാനപ്പോൾ  വെളിപാടുണ്ടായ ബുദ്ധനെ പോലെ അന്തം വിട്ടു നിന്നു. അപ്പോൾ അങ്ങനാണ് കാര്യങ്ങൾ , സംഗതി ചില്ലറയല്ല.  കൊച്ചിയാണ് രാജ്യം....ഇനിയിപോൾ \എന്താ ചെയ്യക ?.

 മോഷ്ടിച്ചാലോ എന്നൊരു കിടിലൻ ആശയം എനിക്ക് തോന്നിയത് . വീട്ടില് കല്ല്‌ വെട്ടി ഉണ്ടാക്കിയ ചെറിയ ഒരു കുഴി ഉണ്ട് അതിൽ സദാ സമയം ഉറവ ഉണ്ടാകും. സംഭവം അതിൽ കൊണ്ട് ചെന്നിട്ടൽ ഒടുക്കത്തെ ഗ്ലാമർ ആയിരിക്കുമെന്ന് എനിക്ക് തോന്നി. പക്ഷെ...സന്മാർഗ ബോധ പഠന ക്ലാസ്സിലെ മുടി ചൂടാ മന്നനാണ് ഞാൻ. ഏതു  വിഷയത്തിനു മാര്ക്ക് കുറഞ്ഞാലും അതിൽ നമ്മള് പുലി ആണ് (ഇല്ലാത്ത കാര്യങ്ങൾ പെരിപ്പിച്ചു പറയാനുള്ള കഴിവ് അന്നേ ഉണ്ടെന്നു സാരം....)അങ്ങനെ ഉള്ള ഞാൻ എങ്ങനെ ആണ് ഈ മോഷ്ടിക്കാൻ തുനിയുന്നത്. ചൊദിക്കനൊട്ടു ധൈര്യമില്ല താനും. അയളിത്രയും കഷ്ടപ്പെട്ട് കൊണ്ട് വന്നത് നമ്മൾ ചോദിക്കുന്നത് ശരിയല്ല. ഇനിയിപ്പോ എന്ത് ചെയ്യും ...നാളക്ക് നാൾ ആശ കൂടി വരുന്നു. അദ്ധേഹത്തിന്റെ വാഹനം എന്ന് പറയുന്നത് ഒരു RX 100 ബൈക്ക്  ആണ്. അതിന്റെ സാന്നിധ്യം വെച്ചാണ്‌ ടിയാൻ സ്ഥലത്തുണ്ടോ എന്ന് ഞാൻ അറിയുന്നത്.  അതുണ്ടെങ്കിൽ ഞാൻ ഒന്നുമരിയതവനെപൊലെ ചെന്ന് "രണ്ടാമൂഴം എം.ടി. ടെ അല്ലെ "എന്നിങ്ങനെ ഉള്ള മണ്ടൻ ചോദ്യങ്ങൾ ചോദിച്ചു പതുക്കെ വലിയും. അല്ലന്നുണ്ടെങ്കിൽ നമ്മുടെ കുളത്തിനടുത്ത് പോയി പൊന്മാൻ  ഇരിക്കും പോലെ കുത്തിയിരിക്കും.

അങ്ങനെ കാത്തിരുന്ന് ദാ പുള്ളിയുടെ ബൈക്ക് വീണ്ടും അപ്രത്യക്ഷമായിരിക്കുന്നു. അപ്പോൾ ഇന്ന് തന്നെ ആ സുദിനം. ഞാൻ ഏതായാലും ചോദിക്കാതെ എടുക്കാൻ  (മോഷണത്തിന്റെ മാന്യമായ വിവർത്തനം )തീരുമാനിച്ചു. ഞാൻ പട പട അടിക്കുന്ന നെഞ്ജോടെ കുളത്തിനടുത്ത് ചെന്ന്. ജീവിതത്തിലെ ആദ്യ മോഷണം ആണ് നടക്കാൻ പോകുന്നത്  അതും 9ആമത്തെ വയസ്സില (മാധവൻ  പോലും കള്ളനായത് 13 ആമത്തെ വയസ്സിൽ ആണെന്നു പിന്നീടു മനസിലായി). ദൈവമേ എന്നോടെ പൊറുക്കണമേ. പക്ഷെ..ചെറുപ്പത്തിലെ ചെറിയ കള്ളന്മാർ ആണ് വലുതായി കഴിഞ്ഞു വലിയ കള്ളന്മർ  ആകുന്നതെന്ന് കഴിഞ്ഞ ദിവസം പഠിച്ചേ ഉള്ളു. അങ്ങനെ ആലോചിച്ചു നില്ക്കുന്ന നേരം തൊട്ടു പിന്നിൽ നിന്നൊരു വിളി. " അമ്പു.... എന്താടാ നാളെ പ്രസംഗ മത്സരം വല്ലതുമുണ്ടോ  ..അതോ നീ വെറുതെ വന്നതാണോ."..സർക്കസിൽ ചേരാതെ തന്നെ തീപ്പന്തം വിഴുങ്ങിയ പ്രതീതി ആ നിമിഷം എനിക്കുണ്ടായി. ഭഗവാനെ...ഞാൻ വെളുക്കെ ചിരിച്ചു (അതു ചിരി ആയിരുന്നില്ല എന്ന് പിന്നീട് എനിക്കു ബോധോദയം ഉണ്ടായി.) "നീ എന്താ നോക്കുന്നത്?"...എനിക്ക് ശബ്ദം പുറത്തു വരുന്നില്ല. "നിനക്കു  വേണമെന്ന് വെച്ചാൽ കുറച്ചു പായൽ എടുത്തോണ്ട്  പൊയ്ക്കോ ട്ടോ... അവിടെ ആ ഓലി  ഇല്ലേ അതിൽ കൊണ്ട് ചെന്നിട്ടാൽ  നന്നായിരിക്കും ."..................ദൈവമേ സ്വപ്നമാണോ അതോ സത്യമോ. ചില സിനിമകളിൽ തന്നോട് പ്രേമമുംണ്ടെന്നു ഒരു പെണ്‍കുട്ടി പറഞ്ഞാല മുകേഷ് നില്ക്കുന്ന പോലെ ഞാൻ നിന്ന്.ചുറ്റുമുള്ളതൊന്നും ഒന്നും കേള്ക്കാനവുന്നില്ല ..കണ്ണൊക്കെ നിറഞ്ഞോ എന്തോ .എന്തൊക്കെയോ സംഭവിച്ചു. വീട്ടിൽ എത്തുമ്പോൾ കയ്യിൽ ഒരു ചെറിയ പാത്രത്തിൽ  ഞാൻ  ആഗ്രഹിച്ചതിലും ഒരു പാട്  ഏറെ ....കണക്കിനു മുഴുവൻ മാർക്കു കിട്ടിയലാണ്  എറ്റവും സന്തൊഷികുക എന്ന് തീരുമാനിച്ച എന്റെ തീരുമാനം തെറ്റിപോയി അന്നേ ദിവസം.....

നാടകം കഴിഞ്ഞില്ല. കർട്ടൻ ഇടുന്നതിനു മുമ്പ് ഒരു ചെറിയ ട്വിസ്റ്റ്‌ ഉണ്ട്..വർഷങ്ങൾ ഒരു പാട് കഴിഞ്ഞു...ആ നാടൊക്കെ വീട്ടു ഞാൻ പഠനത്തിനായി  കൊച്ചി മഹനഗ്രതിലെക്കു ചേക്കേറി. മല്സ്യശാസ്ത്രം  പഠിക്കാൻ ചെന്ന ഞാൻ പ്രാക്റ്റികൽ ക്ലാസ്സിൽ വെച്ച് ഞെട്ടിത്തരിച്ചു പോയി...എന്ന് പറഞ്ഞാല പോര CLINT EASTWOOD ഡയറക്റ്റ് ചെയ്ത ഒരു സിനിമയിൽ മോഹൻലാൽ അഭിനയിച്ച ഒരു അവസ്ഥ. ദൈവമേ എന്നറിയാതെ വായിൽ വന്നു പോയി..spotter എന്ന  പേരില് പരീക്ഷക്കായി വെക്കാൻ സാധ്യത ഉള്ള ജല സസ്യങ്ങളുടെ കൂടെ ദാ  ഇരിക്കുന്നു നമ്മുടെ സ്വന്തം താരം...SALVINIA MOLESTA എന്നാണത്രേ  ശാസ്ത്ര നാമം. അന്ന് രാത്രി റെക്കോർഡ്‌ വരക്കാനായി എടുത്ത ചിത്രങ്ങളിൽ ഒന്ന് അതായിരുന്നു. വരയ്ക്കുന്നതിനു മുമ്പ് കയ്യിലിരുന്ന ചിത്രം തന്നെ നോക്കി ഇരുന്നപ്പോൾ... ചെറിയ പത്രത്തില അന്ന് കയ്യിലിരുന്ന വിറച്ച ആ പായൽ കഷ്ണം അടുത്ത് വന്നു എന്നെ തന്നെ നോക്കുന്നത് പോലെ എനിക്ക് തോന്നി. അപ്പോൾ എനിക്ക് പറയാൻ തോന്നിയത് ..."ജീവിതം ഒരു മഹാ അത്ഭുതമാണ് ഓരോ നിമിഷവും പ്രതീക്ഷിക്കാത്ത ഒന്ന് അത് നമ്മുക്കായി കാത്തു വെയ്ക്കുന്നു."...എന്ത് ചെയ്യാനാണ് അത് ചുള്ളികാട്‌  പറഞ്ഞു പോയി..അല്ലെങ്കിലും നമ്മളു  പറയണമെന്ന് വ്വീച്ച്ഃആരീക്ക്ക്കൂണ്ണാട്ഃഓക്ക്ക്കേ ആരെങ്കിലും പറഞ്ഞിട്ടുണ്ടാകുമല്ലോ ...എന്നാലും നമ്മുടെ ഭാഷയിൽ ഇങ്ങനെ സംഗ്രഹിക്കാം..മരണമടക്കമുള്ള ആകാശ്മികതകളുടെ വലിയ സഞ്ചയമാണ് ജീവിതം.വിധിയെന്ന് പേരിട്ടു വിളിക്കുന്ന ദുരന്തങ്ങലായാലും ഭാഗ്യമെന്നു പേരിട്ടു വിളിക്കുന്ന സന്തോഷങ്ങലായാലും എല്ലാം എല്ലാം അതിൽ പെടും ......





Monday, February 24, 2014

യാത്രകൾ

തിരിഞ്ഞു നോക്കുമ്പോൾ എന്ന് ഞാൻ പറഞ്ഞാൽ നിങ്ങളിൽ പലരും വിചാരിക്കും  എനിക്ക് ഒരു പത്ത് അറുപത് വയസ്സെങ്ങിലും ആയിക്കനുമെന്ന് . തിരിഞ്ഞു നോക്കാൻ അങ്ങനെ പ്രത്യേകിച്ചൊരു,  പ്രായ പരിധി ഉണ്ടെന്നു എനിക്ക് തോനുന്നില്ല...പറഞ്ഞു വന്നത് തിരിഞ്ഞു നോക്കുമ്പോൾ എല്ലാം യാത്രകൾ ആയിട്ടാണ് തോന്നുന്നത്‌. പട്ടാളത്തിൽ ആയിരുന്ന അച്ഛന്റെ കൈപിടിച്ചു  ആദ്യമയിട്ട് പട്ടാള സ്കൂളിന്റെ മുറ്റത്ത്‌ പകച്ചു നിന്നവന്റെ മുഖഭാവം ഇൻഹരിഹർ നാഗര സിനിമയിൽ ജഗദീഷ്‌ കാണിക്കുന്നതിന് സമം ആയിരുന്നിരിക്കണം  എന്നിപ്പോൾ ആലോചിക്കാറുണ്ട്. ആ യാത്ര കരച്ചിലിൽ അല്ല തുടങ്ങിയത് എന്നത് ഇന്നും എനിക്ക് അത്ഭുതമാണ്..സങ്കടത്തെകാളും അന്ന് മനസ്സിൽ നിറയെ ആധി  ആയിരുന്നു...ഭാഷ അറിയാതെ ഒന്ന് നേരെ ചൊവ്വേ ചിരിക്കാൻ പോലും അറിയാതെ ഞാനവിടെ ഉച്ച വരെ എരിഞ്ഞു തീര്ന്നു...(ക്ലാസ്സ്‌ ഉച്ച വരെയേ  ഉള്ളു) കൂട്ടി കൊണ്ട് പോകാനായി വന്ന അച്ഛന്റെ മുഖമാണ് ഇന്ന് വരെ ഞാൻ കണ്ട ഏറ്റവും വലിയ രക്ഷകന്റെതു (പിന്നീടു പല പ്രാവശ്യം പല സന്ദർഭങ്ങളിൽ  ഈ തോന്നല എനിക്ക് റിപീറ്റ് ആയി തോന്നിയിട്ടുണ്ട്). പക്ഷെ പിന്നീടു കേരളത്തിലേക്ക് വന്നതിനു ശേഷം ആദ്യമായി സ്കൂളിൽ പോയ ദിവസം കണ്ണീരു പെയ്തിറങ്ങി ....മണ്ണിലും കണ്ണിലും ജലപ്രളയം....അക്കൊല്ലം.1991  ജൂണ്‍ ഒന്നാം തിയതി....തിങ്കളാഴ്ച  രാവിലെ 9.05 (9 വരെ രാഹുകാലം ആയിരുന്നല്ലോ അതോണ്ട സമയം ഒക്കെ ഇന്നും നല്ല നിശ്ചയം ).മഴയും തുടങ്ങി....എന്റെ സങ്കടങ്ങളും  പെയ്തു തുടങ്ങി...അമ്മയെ കാണാതിരിക്കാൻ ആവാത്ത ഒരു പാവം അഞ്ചു വയസുകാരന്റെ വേദന ആര്ക്ക് മനസിലാകാൻ...പോട്ടെ.. കാലം ഒരുപാടു പോയി...
                              ആദ്യമായി നഗരം കാണാം പൊയതൊരു മറക്കാത്ത യാത്ര.. മുത്തച്ഛന്റെ കൂടെ ആണ് ആദ്യമായി ഞാൻ പാല എന്നാ എന്റെ എട്ടാമത്തെ ലോക മഹാത്ഭുതം ഞാൻ കാണുന്നത്...പല്ല് പരിക്കനായി ഡോക്ടറെ കാണാൻ പോയതാണ്. നഗരം കണ്ണ് നിറയെ കാനുന്നതിനിടെയിൽ മോഹൻലാൽ എന്നാ പ്രതിഭാസത്തിന്റെ ഒരു പോസ്റ്റർ കണ്ണിലുടക്കി...വർണപ്പകിട്ട്  എന്നാ സിനിമയുടെ പോസ്റ്റർ .അതിലെ ഒരു വാചകം ഇന്നും മനപ്പാടമാണ്‌ " പാലോമറ്റതിൽ  സണ്ണിയുടെ കണ്ണിൽ  പ്രതികാരം മാത്രം "
                     പിന്നീടൊരു യാത്ര മനസിലുള്ളത്,നമുക്ക് കൂടെ പിറപ്പായി ഒരു കുഞ്ഞു അനുജത്തി ഉണ്ടയെന്നരിഞ്ഞിട്ടാണ് . അന്ന് അമ്മയെ കാണാനായി ആശുപത്രിയിൽ  കൊണ്ടു പോയത് ചെറിയച്ചനാണ് .പിറ്റേ ദിവസം Xmas ആയിരുന്നത് കൊണ്ട് തിരിച്ചു പോകാൻ സമയം അമ്മ 20 രൂപ എടുത്തു കയ്യില വെച്ച് തന്നു എന്നിട്ട് പറഞ്ഞു "നിനക്കിഷ്ടമുള്ളത്‌ വാങ്ങിക്കോ' എന്ന്.ഞാൻ അന്ധം  വിട്ടു പോയെ...കാരണം ആദ്യമായിട്ടാണ് അത്ര വല്യ ഒരു തുക എന്റെ കയ്യിൽതരുന്നത് . . പിന്നെ കുറച്ചു ദിവസങ്ങള് കഴിഞ്ഞപ്പോൾ മനസിലായി അതൊരു കൈകൂലി ആയിരുന്നു എന്ന്. കാരണം അമ്മയെ കാണാതെ 90 ദിവസം അച്ഛന്റെ വീട്ടില് നിൽകാനുല്ല കൈകൂലി..അന്നു അമ്മയെയും കുഞ്ഞിനേയും അമ്മയുടെ വീട്ടില് കൊണ്ട് ചെന്നാക്കാൻ ആയി  പോയി, തിരിച്ചു വരൻ വെളുത്ത അംബാസിഡർ കാർ സ്റ്റാർട്ട്‌ ചെയ്ത് നിന്ന അച്ഛനെ കാണാതെ ഞാൻ അമ്മായിയെ കെട്ടിപിടിച് കരഞ്ഞു(അമ്മയുടെ അടുത്ത പോകാനുള്ള അനുമതി നിഷേധിച്ചതിനാൽ), എന്റെ അതി ഭീകരമായ സങ്കടം കണ്ടിട്ടാവണം അമ്മായി അവിടെ അനിജത്തി പിറന്ന അതെ ദിവസം പിറന്ന 2 മുയല കുഞ്ഞുങ്ങളെ എനിക്ക് തന്നു. അങ്ങനെ ഒരു വിധത്തില ഞാൻ യാത്ര ആയി..അതിനെ കിട്ടിയ സന്ദോഷം കൊണ്ട് ചിരിച്ചും അമ്മയെ കാണാൻ വയ്യതതിലുല്ല സങ്കടം കൊണ്ട് കരഞ്ഞും ഒരേ സമയം സദയം സിനിമയിലെ മോഹൻലാൽ ആയി ഞാൻ..
                          ഓര്മ്മയിലെ ഏറ്റവും നിറമുള്ള ഓർമ്മകളിൽ ഒന്നുള്ളത് അച്ഛൻ ജോലി ചെയ്യുന്ന പറഞ്ഞു കേട്ട് മാത്രം പരിചയിച്ച കൊച്ചി എന്നാ മഹാ നഗരം കാണാൻ പോയ ഒരു യാത്ര ആണ്. ജീവിതത്തിൽ ആദ്യമായി പലതു കണ്ടതും അനുഭവിച്ചതും ആ യാത്രയിൽ ആണ്. ചിക്കൻ ബിരിയാണി കഴിച്ചത്, ബോട്ടിൽ കയറിയത്, കടല കൊറിച്ചു കൊണ്ട് കടലു കണ്ടത് , രാത്രി വൈകി പ്രകാശിച്ചു നില്ക്കുന്ന മഹസൗധങ്ങൽ കണ്ടു അന്തം വിട്ടത് അങ്ങനെ എന്തെല്ലാമോ...ഇന്നും ഇന്ത്യൻ കോഫി ഹൗസിലെ ബിരിയാണി മുന്നിലെത്തുമ്പോൾ.ഒരു കാലം അലതല്ലി മുമ്പിലെത്തും മറക്കാനാവാത്ത ഒരു യാത്ര .

                            പിന്നെയും യാത്രകൾ...പത്താം ക്ലാസ്സിലെ  മാർക്ക്‌ അറിയാനായി അച്ഛന്റെ കൂടെ മനൊരമ  ഓഫീസില പോയത്...ഹൃദയം ഇടിക്കുന്ന ഒച്ച കാരണം പറഞ്ഞ മാർക്ക്‌ പോലും  കേട്ടില്ല, അത്രക്കായിരുന്നു ആധി .അന്ന് തിരിച്ചു വരുന്ന വഴി ഞാൻ ഒരുപാടു തവണ ചോദിച്ചിട്ട് വാങ്ങി തരാത്ത  ഒരു കാര്യം പറയാതെ അച്ഛൻ വാങ്ങി തന്നത്  കണ്ടു ഞാൻ ഞെട്ടി...മാതൃഭുമി സ്പോര്ട്സ് മാസിക !!!

ആദ്യമായി വീട് വിട്ടു പോയ യാത്ര...പുതിയ കോളേജ്...കുട്ടികൾ..(കൂട്ടുകാരില്ല, കുട്ടികളെ ഉല്ലൂ ആ സമയത്ത്). അച്ഛനും അമ്മയും പോകാനായി യാത്ര പറഞ്ഞ നേരം മുഖത്ത്  നോക്കാതെ താഴേക്കു നോക്കി നിന്ന്. അവർ യാത്ര ആയ വണ്ടി പോകുന്നത് കണ്ണീരിന്റെ ഒരു വലിയ തുള്ളിക്കിടയിലൂടെ കാണാതെ കണ്ടു ഞാൻ.പഠിച്ചതിനെയും മാർക്ക്‌ കിട്ടി ജയിചതിനെയും അന്നാദ്യമായി മനസ്സിൽ ശപിച്ചു. പിന്നീടു അവധി കിട്ടി വീട്ടിലേക്കു ബസ്സിൽ സൈഡ് സീറ്റ്‌ പിടിച് മാതൃഭൂമി മാസികയും വായിച്ച ഒരുപാടു തവണ യാത്ര ചെയ്തു.ഓരോ തവണ ചെല്ലുംബോളും പടിവാതിൽക്കൽ അമ്മയുണ്ടാവും..രാത്രി ഒരുപാട് വൈകി കോളേജിലെ മുഴുവൻ കാര്യങ്ങളും അമ്മയോട് പറഞ്ഞു കേൾപ്പിക്കും, എല്ലാത്തിനും സാക്ഷി ആയി അനുജത്തി ഉണ്ടാവും.. ഒരു പ്രണയമുള്ള   കാര്യം അമ്മയോട് പറയാതെ പറയും. അറിഞ്ഞിട്ടും അറിയാതെ അമ്മയും കേള്ക്കും . വീട്ടിൽ നടന്ന മുഴുവൻ കാര്യങ്ങളും ഞാൻ പറഞ്ഞതിലും വിസ്തരിച് അമ്മ തിരിച്ചും പറഞ്ഞു കഴിയുമ്പോൾ സമയം ഒരു മണി ആകാരയിട്ടുണ്ടാവും . പ്പോകുന്ന ദിവസം പുലര്ച്ചക്ക് 5 മണിക്ക് ഇറങ്ങുമ്പോൾ അമ്മ ഒന്നും മിണ്ടാറില്ല. അച്ഛൻ പറയും അടുത്താഴ്ച ശിവരാത്രി അല്ലെ അമ്പലത്തിൽ പോണം രണ്ടു ദിവസം  നേരത്തെ പോരെ...ശിവരാത്രി എന്നത് മാറി മാറി വരും.. ചിലപ്പോൾ  ജൂബിലി പെരുന്നാൾ ചിലപ്പോൾ കപ്പ വാട്ട് ചിലപ്പോൾ ഒന്നുമില്ലാതെ വെറുതെ ....

                    പിന്നീടൊരു കാലം എനിക്കും വീടിനും ഇടയിലെ അകലത്തിന്റെയും വേര്പാടിന്റെയും  ഇടവേളകൾ വർധിച്ചു . 6 മാസത്തിൽ ഒരിക്കൽ നാട് കാണാൻ ബോംബയിൽ നിന്ന് വരുന്ന പത്രാസുകാരനയി എല്ലാവര്ക്കും മുമ്പിൽ  ഞാൻ .15 ദിവസത്തേക്ക് മാത്രം മനസ്സില് ഞാൻ സനാധനായി. ട്രെയിനുകളുടെ ഇരംബലുകലയി യാത്രകളുടെ പര്യായങ്ങൾ.നേത്രാവതി എക്സ്പ്രെസ്സിന്റെ ചൂളം വിളിക്കും മുകളിലായി ഒരു കരച്ചിൽ തിരതല്ലി വന്നപ്പോൾ ആരും കാണാതെ toilet ഇൽ പോയി ഉറക്കെ ഉറക്കെ കരഞ്ഞു തീർത്ത  യാത്രകൾ...പൊതിചൊർ  കെട്ടി  തരാമെന്ന് എത്ര തവണ പറഞ്ഞാലും വേണ്ടന്നെ പറയൂ ..കാരണം ആ വീടും വീട്ടിലുല്ലവരെയും പിരിഞ്ഞതിനു ശേഷം അവശേഷിപ്പുകൾ ഇല്ലതിരിക്കുന്നതാണ്  നല്ലത്...ആ പൊതിച്ചോറിൽ കണ്ണീരു  വീഴ്ത്താൻ എനിക്ക് ആഗ്രഹമില്ല. നാട്ടില ചെല്ലുമ്പോൾ  ബോംബെ വിശേഷങ്ങൾ തിരക്കുന്നവരോട് പറയാൻ കഥകളില്ലാതെ ഫീൽഡ് ഔട്ട്‌ ആയ സിനിമ സംവിധായകനെ പോലെ ഞാൻ നിന്ന് വിയർത്തു . അക്കാലങ്ങളിൽ സത്യൻ അന്തികാട് സിനിമകളിലെ മാമൂകൊയമാർ ആയിരുന്നു ഹീറോ..നാടിൻ പുരത്തിന്റെ ചളിപ്പുകളും നന്മകളും കുഞ്ഞു പരദൂഷണങ്ങളും ഒക്കെ ആയിട്ടങ്ങനെ സ്വർധ്തകൾ വിലക്കാത്ത ഒരു ചെറിയ ചായക്കട പീടിക ആയിരുന്നു മനസ്.

കാലം എന്നെ  ആ പീടികയിൽ നിന്നും ഒരാവശ്യവും ഇല്ലാതെ വേര്പാടിന്റെ വലിയ ദൂരങ്ങളിലേക്ക് ഇറക്കി വിട്ടു. തീവണ്ടികല്ക്ക് പകരമായി വിമാനങ്ങളായി മാർഗം .മാമൂകൊയമാർ  പോയി പകരം മനസ്സിൽ വേണു നാഗവള്ളി കുടില് കെട്ടി പാർത്തു . എല്ലാം ഉണ്ടായിരുന്നിട്ടും ഒന്നും ഇല്ലാതെ പോയവന്റെ നിസ്സങ്ങത.എന്ത് കൊണ്ടെന്നോ എന്തിന്നാണ് എന്നോ ചോദിച്ചാൽ  കൃത്യമായി ഉത്തരം പറയാൻ ആവാത്ത ഒരു നഷ്ട കാമുകൻ. നാട് മാറിയതറിയാതെ...കാലം പോയതറിയാതെ നാടെന്ന കാമുകിക്കു വേണ്ടി ഇന്നും താടി വളർത്തുന്ന ഒരു പാവം കാമുകൻ . യാത്രകൾ ഇനിയും ബാകിയാണെന്നു  തോന്ന്ന്നു . സഹയത്രികർക്കു  നന്ദി പറഞ്ഞു കൊണ്ട് മറ്റൊരു യാത്രക്കായി തയ്യാറാകട്ടെ .

നോട്ട്:-കൂടുകരോന്നിചോരുപാട്  യാത്രകൾ  ഉണ്ടായിട്ടുണ്ട്. പക്ഷെ പിസക്കും Burger ഇനും  ഒന്നും ഉണക്ക കപ്പയിൽ തെരണ്ടി മീൻ കൂട്ടി കഴിക്കുന്ന രുചിയുടെ ഏഴയലത്ത് വരാൻ പറ്റുമോ???