Tuesday, February 25, 2014

കള്ളൻ

ഇന്നിപ്പോ പറയാനുള്ളത് ഒരു പുളു  കഥയാണെന്നു നിങ്ങള് വിചാരിക്കും പക്ഷെ സംഭവം അങ്ങനല്ല ....അതായത് നമ്മുടെ പാലാക്കാരുടെ ഒരു ഭൂമിശാസ്ത്രം വെച്ച് കടൽ , കായൽ മുതലായവ കേട്ടു കേൾവി മാത്രമാണ്. (അമ്മ ഇത് വരെ കടല് കണ്ടിട്ടുണ്ടോ എന്ന്  എനിക്ക് ബലമായ സംശയമുണ്ട്) അങ്ങനെയുള്ള സ്ഥലത്തു ആകെപാടെ ഉണ്ടായിരുന്നത് ഒരു കിണറും പിന്നെ പേരിനൊരു ചെറിയ തോടും മത്രമായിരൂന്നു..അങ്ങനെ , ഉള്ളത് വെച്ച് ഒരു വിധത്തിൽ കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന ദിവസം ആണ് മധുര മനോഹരമായ ഒരു കാര്യം ഞാൻ നേരിട്ട് കാണുന്നത്...ആ കാര്യം പറയുന്നതിന് മുമ്പ് സാഹചര്യങ്ങളെ പറ്റി ഒരു ധാരണ ഞാൻ തരാം. മറ്റൊന്നുമല്ല, നമ്മുടെ അയൽവക്കത്തുള്ള ഒരു കക്ഷി, ആളൊരു ചെറിയ സാഹിത്യകാരനാണ്, ആ നാട്ടിൽ വംശനാശം നേരിടുന്ന ആ വർഗത്തിൽ പെടുന്ന ഒരു കക്ഷി ആണ് ടിയാൻ എന്നുള്ളതുകൊണ്ട് എനിക്കൊരു പ്രത്യേക കണ്ണുണ്ടായിരുന്നു പുള്ളിയുടെ എല്ലാ കാര്യത്തിലും.

                    ഒരു മനുഷ്യ ജീവി ആദ്യമായി ജുബ്ബ എന്നാ വസ്ത്രം ധരിച്ചു  ആദ്യമായി ഞാൻ  കാണുന്നത് നമ്മുടെ ഈ കഥാ പാത്രത്തിലാണ് .അങ്ങനെയുള്ള നമ്മുടെ ഈ നായകൻറെ വീട്ടില് ഞാൻ ചിലപ്പോളൊക്കെ പോകും. മിക്കവാറും സ്കൂളിൽ ശിശുദിനം, സ്വാതാന്ത്ര്യ ദിനാഘോഷം മുതലായവ ഉള്ളതിന്റെ തലേ ദിവസമായിരിക്കും ഞാൻപോകാറ്‌ . കാരണം അന്നേ ദിവസം വെച്ചലക്കാനുള്ള ചില ഗീർവാണങ്ങൾ , പ്രസംഗം എന്നാ പേരിൽ പുള്ളി നമുക്ക് എഴുതി തരും. അതി ഭയാനകമായ  മലയാള പദങ്ങൾ  നിരത്തി അദ്ദേഹം പലതവണ എന്നെ കരയിച്ചാലും വേറെ മാർഗമില്ലത്തതിനാൽ ഞാൻ വീണ്ടും വീണ്ടും അദ്ദേഹത്തിൽ തന്നെ  ശരണം പ്രാപിക്കുമായിരുന്നു. അതിസുന്ദരമായ ഒരു പൂന്തോട്ടം അവിടെയുള്ളതും തിരിച്ചു പോകുന്ന വഴി ഇദ്ദേഹത്തിന്റെ ജാതി തോട്ടത്തിൽ നിന്നും ജാതിക്ക പറിക്കാമെന്നതും എന്നെ സമ്ബന്ധിച് ഒഴിവാകാനാവാത്ത  പ്രലോഭനമായിരുന്നു. അങ്ങനെ ഒരു ദിവസം ....നമ്മുടെ പ്രിൻസിപാൽ റിട്ടയേർഡ്‌ ആകുന്ന ദിവസം അടിയനാണ് കൃതഞത  (ഹമ്മെ .... ആ വാക്ക്  പറയാൻ എത്ര ദിവസം ഉറക്കമളച്ചു എന്ന് എനിക്കെ അറിയൂ ) പറയുന്നത്. വീണ്ടും same scene .കടുകട്ടിയയുള്ള, ഇന്നും എനിക്ക് അർഥം അറിഞ്ഞു കൂടാത്ത ചില പദ പ്രയോഗങ്ങൾ  അദ്ദേഹം നടത്തുന്നു ....എന്റെ തലയിലാനെങ്കിൽ കയറുന്നുമില്ല....അപ്പൊ gear മാറുമ്പോൾ clutch അമരത്തണം അല്ലെ...എന്ന  മട്ടിൽ  ഞാൻ നില്ക്കുന്ന സമയം...അപ്പോളാണ്‌ ഞാൻ മുമ്പ് പറഞ്ഞ മധുര മനോഹരമായ കാര്യം കാണുന്നത്. ,..പൂന്തോട്ടത്തിന്റെ ഒത്ത നടുവിലായി.ഏകദേശം 8 എഴുതുന്ന ആകൃതിയിൽ ഒരു ചെറിയ കുളം ഉണ്ടാക്കിയിരിക്കുന്നു. അത്ര വലുപ്പം ഒന്നുമില്ല പക്ഷെ എന്താ മോനെ ഭംഗി. തൂവാനത്തുമ്പികളിലെ  ക്ലാര പോലും തോറ്റു പോകും...അത്രക്കുണ്ട് സംഭവം. പ്രസഗം , പ്രിൻസിപ്പൽ ഉം എല്ലാം തലയിൽ  നിന്നിറങ്ങി ഓടിയ വഴി കണ്ടില്ല. കുളം മാത്രമല്ല സംഭവം അടുത്ത് ചെന്ന് നോക്കിയപ്പോൾ അതിലുള്ള വെള്ളത്തിനു മുകളിലായി നല്ല ഭംഗിയുള്ള എന്തോ ഒരു സംഭവം ഒഴുകി നടക്കുന്നു...ചെടിയല്ല..പായല് പോലെ എന്തോ ഒന്ന്...എന്തായാലും സംഗതി ഒന്നാംതരം.
                                   തുടര്ന്നുള്ള ദിവസങ്ങളിൽ  അയാള് വെളിയിൽ  പോകുന്ന സമയം നോക്കി പൂന്തോട്ട സന്തർശനം സ്ഥിരമാക്കി ഞാൻ . മറ്റുള്ളവർ  അതിനകത്ത്‌ കയറുന്നത് തീരെയും ഇഷ്ടമായിരുന്നില്ല ടിയാന്. (സ്വാഭാവികം). അങ്ങനെ കണ്ടു കണ്ടു ഊണിലും ഉറക്കത്തിലും മറ്റൊരു ചിന്തയില്ലാതായി  എനിക്ക്. ഈ സംഭവം എന്താണെന്നോ എവിടെ  കിട്ടുമെന്നോ അറിയാനായി എന്റെ അടുത്ത ശ്രമം. മുത്തച്ഛന്റെ കൂടെ നടക്കാൻ    പോയ ഒരു ദിവസം ഞാൻ എന്റെ പ്രശ്നം അവതരിപ്പിച്ചു. അങ്ങനെ ആ  നടത്തം ഞങ്ങൾ നമ്മുടെ  കുളത്തിലേക്ക്‌ നീട്ടി .മുത്തച്ചനോദ് വളരെ ബഹുമാനമുള്ള വ്യക്തിയായ അദ്ദേഹം ഞാനും മുത്തച്ചനും നില്ക്കുന്നത് കണ്ട്  അവിടേക്ക് വന്നു. ആഫ്രികാൻ  പായൽ ആണെന്ന് മുത്തച്ഛൻ പറഞ്ഞപ്പോൾ  "അതെ അതെ ഞാനടുത്ത് കൊച്ചിയിൽ  പാപ്പന്റെ വീട്ടില് പോയപ്പോൾ   അവിടുന്നു എടുത്തു വന്നതാണെന്ന്" അദ്ദേഹം കൂടിചേർത്ത്  ഞാനപ്പോൾ  വെളിപാടുണ്ടായ ബുദ്ധനെ പോലെ അന്തം വിട്ടു നിന്നു. അപ്പോൾ അങ്ങനാണ് കാര്യങ്ങൾ , സംഗതി ചില്ലറയല്ല.  കൊച്ചിയാണ് രാജ്യം....ഇനിയിപോൾ \എന്താ ചെയ്യക ?.

 മോഷ്ടിച്ചാലോ എന്നൊരു കിടിലൻ ആശയം എനിക്ക് തോന്നിയത് . വീട്ടില് കല്ല്‌ വെട്ടി ഉണ്ടാക്കിയ ചെറിയ ഒരു കുഴി ഉണ്ട് അതിൽ സദാ സമയം ഉറവ ഉണ്ടാകും. സംഭവം അതിൽ കൊണ്ട് ചെന്നിട്ടൽ ഒടുക്കത്തെ ഗ്ലാമർ ആയിരിക്കുമെന്ന് എനിക്ക് തോന്നി. പക്ഷെ...സന്മാർഗ ബോധ പഠന ക്ലാസ്സിലെ മുടി ചൂടാ മന്നനാണ് ഞാൻ. ഏതു  വിഷയത്തിനു മാര്ക്ക് കുറഞ്ഞാലും അതിൽ നമ്മള് പുലി ആണ് (ഇല്ലാത്ത കാര്യങ്ങൾ പെരിപ്പിച്ചു പറയാനുള്ള കഴിവ് അന്നേ ഉണ്ടെന്നു സാരം....)അങ്ങനെ ഉള്ള ഞാൻ എങ്ങനെ ആണ് ഈ മോഷ്ടിക്കാൻ തുനിയുന്നത്. ചൊദിക്കനൊട്ടു ധൈര്യമില്ല താനും. അയളിത്രയും കഷ്ടപ്പെട്ട് കൊണ്ട് വന്നത് നമ്മൾ ചോദിക്കുന്നത് ശരിയല്ല. ഇനിയിപ്പോ എന്ത് ചെയ്യും ...നാളക്ക് നാൾ ആശ കൂടി വരുന്നു. അദ്ധേഹത്തിന്റെ വാഹനം എന്ന് പറയുന്നത് ഒരു RX 100 ബൈക്ക്  ആണ്. അതിന്റെ സാന്നിധ്യം വെച്ചാണ്‌ ടിയാൻ സ്ഥലത്തുണ്ടോ എന്ന് ഞാൻ അറിയുന്നത്.  അതുണ്ടെങ്കിൽ ഞാൻ ഒന്നുമരിയതവനെപൊലെ ചെന്ന് "രണ്ടാമൂഴം എം.ടി. ടെ അല്ലെ "എന്നിങ്ങനെ ഉള്ള മണ്ടൻ ചോദ്യങ്ങൾ ചോദിച്ചു പതുക്കെ വലിയും. അല്ലന്നുണ്ടെങ്കിൽ നമ്മുടെ കുളത്തിനടുത്ത് പോയി പൊന്മാൻ  ഇരിക്കും പോലെ കുത്തിയിരിക്കും.

അങ്ങനെ കാത്തിരുന്ന് ദാ പുള്ളിയുടെ ബൈക്ക് വീണ്ടും അപ്രത്യക്ഷമായിരിക്കുന്നു. അപ്പോൾ ഇന്ന് തന്നെ ആ സുദിനം. ഞാൻ ഏതായാലും ചോദിക്കാതെ എടുക്കാൻ  (മോഷണത്തിന്റെ മാന്യമായ വിവർത്തനം )തീരുമാനിച്ചു. ഞാൻ പട പട അടിക്കുന്ന നെഞ്ജോടെ കുളത്തിനടുത്ത് ചെന്ന്. ജീവിതത്തിലെ ആദ്യ മോഷണം ആണ് നടക്കാൻ പോകുന്നത്  അതും 9ആമത്തെ വയസ്സില (മാധവൻ  പോലും കള്ളനായത് 13 ആമത്തെ വയസ്സിൽ ആണെന്നു പിന്നീടു മനസിലായി). ദൈവമേ എന്നോടെ പൊറുക്കണമേ. പക്ഷെ..ചെറുപ്പത്തിലെ ചെറിയ കള്ളന്മാർ ആണ് വലുതായി കഴിഞ്ഞു വലിയ കള്ളന്മർ  ആകുന്നതെന്ന് കഴിഞ്ഞ ദിവസം പഠിച്ചേ ഉള്ളു. അങ്ങനെ ആലോചിച്ചു നില്ക്കുന്ന നേരം തൊട്ടു പിന്നിൽ നിന്നൊരു വിളി. " അമ്പു.... എന്താടാ നാളെ പ്രസംഗ മത്സരം വല്ലതുമുണ്ടോ  ..അതോ നീ വെറുതെ വന്നതാണോ."..സർക്കസിൽ ചേരാതെ തന്നെ തീപ്പന്തം വിഴുങ്ങിയ പ്രതീതി ആ നിമിഷം എനിക്കുണ്ടായി. ഭഗവാനെ...ഞാൻ വെളുക്കെ ചിരിച്ചു (അതു ചിരി ആയിരുന്നില്ല എന്ന് പിന്നീട് എനിക്കു ബോധോദയം ഉണ്ടായി.) "നീ എന്താ നോക്കുന്നത്?"...എനിക്ക് ശബ്ദം പുറത്തു വരുന്നില്ല. "നിനക്കു  വേണമെന്ന് വെച്ചാൽ കുറച്ചു പായൽ എടുത്തോണ്ട്  പൊയ്ക്കോ ട്ടോ... അവിടെ ആ ഓലി  ഇല്ലേ അതിൽ കൊണ്ട് ചെന്നിട്ടാൽ  നന്നായിരിക്കും ."..................ദൈവമേ സ്വപ്നമാണോ അതോ സത്യമോ. ചില സിനിമകളിൽ തന്നോട് പ്രേമമുംണ്ടെന്നു ഒരു പെണ്‍കുട്ടി പറഞ്ഞാല മുകേഷ് നില്ക്കുന്ന പോലെ ഞാൻ നിന്ന്.ചുറ്റുമുള്ളതൊന്നും ഒന്നും കേള്ക്കാനവുന്നില്ല ..കണ്ണൊക്കെ നിറഞ്ഞോ എന്തോ .എന്തൊക്കെയോ സംഭവിച്ചു. വീട്ടിൽ എത്തുമ്പോൾ കയ്യിൽ ഒരു ചെറിയ പാത്രത്തിൽ  ഞാൻ  ആഗ്രഹിച്ചതിലും ഒരു പാട്  ഏറെ ....കണക്കിനു മുഴുവൻ മാർക്കു കിട്ടിയലാണ്  എറ്റവും സന്തൊഷികുക എന്ന് തീരുമാനിച്ച എന്റെ തീരുമാനം തെറ്റിപോയി അന്നേ ദിവസം.....

നാടകം കഴിഞ്ഞില്ല. കർട്ടൻ ഇടുന്നതിനു മുമ്പ് ഒരു ചെറിയ ട്വിസ്റ്റ്‌ ഉണ്ട്..വർഷങ്ങൾ ഒരു പാട് കഴിഞ്ഞു...ആ നാടൊക്കെ വീട്ടു ഞാൻ പഠനത്തിനായി  കൊച്ചി മഹനഗ്രതിലെക്കു ചേക്കേറി. മല്സ്യശാസ്ത്രം  പഠിക്കാൻ ചെന്ന ഞാൻ പ്രാക്റ്റികൽ ക്ലാസ്സിൽ വെച്ച് ഞെട്ടിത്തരിച്ചു പോയി...എന്ന് പറഞ്ഞാല പോര CLINT EASTWOOD ഡയറക്റ്റ് ചെയ്ത ഒരു സിനിമയിൽ മോഹൻലാൽ അഭിനയിച്ച ഒരു അവസ്ഥ. ദൈവമേ എന്നറിയാതെ വായിൽ വന്നു പോയി..spotter എന്ന  പേരില് പരീക്ഷക്കായി വെക്കാൻ സാധ്യത ഉള്ള ജല സസ്യങ്ങളുടെ കൂടെ ദാ  ഇരിക്കുന്നു നമ്മുടെ സ്വന്തം താരം...SALVINIA MOLESTA എന്നാണത്രേ  ശാസ്ത്ര നാമം. അന്ന് രാത്രി റെക്കോർഡ്‌ വരക്കാനായി എടുത്ത ചിത്രങ്ങളിൽ ഒന്ന് അതായിരുന്നു. വരയ്ക്കുന്നതിനു മുമ്പ് കയ്യിലിരുന്ന ചിത്രം തന്നെ നോക്കി ഇരുന്നപ്പോൾ... ചെറിയ പത്രത്തില അന്ന് കയ്യിലിരുന്ന വിറച്ച ആ പായൽ കഷ്ണം അടുത്ത് വന്നു എന്നെ തന്നെ നോക്കുന്നത് പോലെ എനിക്ക് തോന്നി. അപ്പോൾ എനിക്ക് പറയാൻ തോന്നിയത് ..."ജീവിതം ഒരു മഹാ അത്ഭുതമാണ് ഓരോ നിമിഷവും പ്രതീക്ഷിക്കാത്ത ഒന്ന് അത് നമ്മുക്കായി കാത്തു വെയ്ക്കുന്നു."...എന്ത് ചെയ്യാനാണ് അത് ചുള്ളികാട്‌  പറഞ്ഞു പോയി..അല്ലെങ്കിലും നമ്മളു  പറയണമെന്ന് വ്വീച്ച്ഃആരീക്ക്ക്കൂണ്ണാട്ഃഓക്ക്ക്കേ ആരെങ്കിലും പറഞ്ഞിട്ടുണ്ടാകുമല്ലോ ...എന്നാലും നമ്മുടെ ഭാഷയിൽ ഇങ്ങനെ സംഗ്രഹിക്കാം..മരണമടക്കമുള്ള ആകാശ്മികതകളുടെ വലിയ സഞ്ചയമാണ് ജീവിതം.വിധിയെന്ന് പേരിട്ടു വിളിക്കുന്ന ദുരന്തങ്ങലായാലും ഭാഗ്യമെന്നു പേരിട്ടു വിളിക്കുന്ന സന്തോഷങ്ങലായാലും എല്ലാം എല്ലാം അതിൽ പെടും ......





No comments:

Post a Comment