Sunday, September 15, 2019

മഴ പെയ്യുമൊ

"അച്ഛാ  മഴ പെയ്യുമോ ... സ്‌കൂളിൽ ചെല്ലുമ്പോ മഴ പെയ്യുമൊ അച്ഛാ ."
ഞെട്ടിപോയി സത്യത്തിൽ നാണിയുടെ ആ ചൊദ്യം കേട്ടിട്ട് .ആ ചോദ്യത്തിൽ തറഞ്ഞു പോയ പ്രാണന് ഒരു നിമിഷം , ജനിതകം എന്ന വാക്കിന്റെ  അർത്ഥമറിയാനായിരുന്നിരിക്കണം നാഡീഞരമ്പുകളിലെവിടെയോ ഓർമ്മകളിലൂടെ  പുറകോട്ടു കുത്തിയൊലിച്ചു പോയി..

ഒരു മുപ്പതു വര്ഷങ്ങള്ക്കു മുൻപ് , സ്ഥലം  ഉധംപൂരാണ് . പട്ടാള ക്യാമ്പിൽ ആണ് ജീവിതം . ഓർമ്മകൾ പച്ച പിടിച്ചു തുടങ്ങുന്നതെ ഉള്ളു . രാവിലെ  കൃത്യം 4 മണിക് അലാറം ഉണ്ട് . 6 മണി കഴിയുമ്പോളേക്കും പട്ടാള വാൻ എത്തും . അതിൽ  കയറിക്കൂടും . 7 മണിക്  ക്ലാസ് തുടങ്ങും .  ഉച്ചക് ഒരു മണിക്ക് ക്ലാസ്സ്‌ തീരും . 6 മണി തൊട്ടു 1 മണി വരെയുള്ള സമയം ... എന്നെ സംബന്ധിച്ച് ഓരോ ദിവസവും  അതിജീവനത്തിന്റേതാണ് ....എങ്ങനെയെങ്കിലും അതിജീവിക്കണം വേറേ രക്ഷയില്ല . ഹിന്ദി പറയാനുള്ള കെല്പോന്നുമില്ല,  കേട്ടാൽ  ചെറുതായിട്ട് മനസ്സിലാകും . തെറി കെട്ടാൽ നല്ല് പൊലെ മനസ്സിലാകും ( അത്‌ പിന്നെ അങ്ങനെയല്ലെ വരു).  വീട്ടിൽ നിന്നറങ്ങി തിരിചു വീട്ടിൽ എത്തുന്നത് വരെ അകെ പാടെ സംസാരിക്കുന്നത് ക്ലാസ്സ്‌ ടീച്ചറോട് മാത്രം. അവരെ കാണാൻ  നല്ല ഭംഗിയാരുന്നു ( പറയുന്നത് ഒരക്ഷരം മൻസ്സിലായില്ലെങ്കിലും ഞാൻ അവരെത്തന്നെ നോക്കിയിരിക്കും ) എന്റെ  ഇരുപ്പു കണ്ടിട്ടു ഭാഷയറിയാത്ത ഒരുത്തനോടുള്ള സഹതാപം കൊണ്ടായിരിക്കാം അവരെന്നെ ഒരിക്കലും ചീത്ത പറഞ്ഞില്ല . are  യു okay അംരീഷ്‌ ( അമരീഷ് പുരി കത്തി നിൽക്കുന്ന  സമയം) എന്നിടക്കിടക്ക് ചോയിക്കും . ഞാൻ തല കുലുക്കും . അവർ ചിരിക്കും ( സോണാലി ബെന്ദ്രേടെ ചിരി...ശരിക്കും ... സാത്യമായിട്ടും.. ) പൊക്കത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും പുറകിലെ ബെഞ്ചിലിരിക്കുന്ന എനിക്ക് ക്ലാസ്സിൽ പഠിപ്പിക്കുന്ന പകുതി കേൾക്കാൻ പോലും പറ്റാത്തത് കൊണ്ടും കേട്ടാൽ തന്നെ മനസ്സിലാകില്ല എന്നുള്ളത് കൊണ്ടും എന്റെ നോട്ടം മിക്കവാറും ക്ലാസിനു വെളിയിൽ ആയിരുന്നു. ചെറുതായിട്ട് മഞ്ഞു പൊടിയുന്നത് കാണാം. യൂണിഫോം എന്ന പേരിൽ  ഇട്ടിരിക്കുന്നത്  അകത്തൊരു വെള്ള  ഷർട്ട്‌ ഉം അതിന്റെ പുറത്തൊരു നീല നിറമുള്ള  സ്വെയറ്ററും ആണ് . വേനൽ ആണെങ്കിൽ  സ്വെയ്റ്റർ  ഹാഫ് സ്ലീവ് മതി അല്ലെങ്കിൽ  ഫുൾ സ്ലീവു.   ( അതിപ്പോ സമ്മർ ആണേലും  ഫുൾ സ്ലീവു വേണം എന്നായിരുന്നു എനിക്ക്... അമ്മാതിരി തണുപ്പാന്നെ )

അടുത്തിരിക്കുന്നവന്മാരെ കാണുമ്പോൾ എനിക്ക് ശരിക്കുമുള്ള അമരീഷ് പുരിയെ ഒർമ്മ വരും....മിണ്ടാതെ വെളിയിൽ നോക്കിയിരിക്കും . ഉചയാകാൻ പ്രാർഥിക്കും ... വെള്ളി ആഴ്ച ആകാൻ നെഞ്ചുരുകി പ്രാർഥിക്കും. വീട്ടിൽ മുഴുവൻ മലയാളവും സ്‌കൂളിൽ മുഴുവനും  ഹിന്ദിയും  ഇംഗ്ലീഷും അങ്ങനെ ആകെമൊത്തം പൊക മയം . ഒന്നുറക്കെ കരയാൻ പോലും തോന്നാനാകാത്ത വിധം മരവിപ്പാണ് അകത്തും പുറത്തും . ഒറ്റയ്ക്കു ഇരുന്നു ...ഒറ്റയ്ക്കു നടന്ന് ...ഒറ്റയ്ക്കു ഉണ്ടു ഞാൻ ഒരു വർഷം തള്ളി നീക്കി .... സ്കൂൾ അടച്ചപ്പോൾ നാട്ടിൽ ഒന്നു പോയി ... ഹൊ ദൈവമേ എന്താ സുഖം... വെയിൽ  ...മഴ ...വയൽ ...റബർ....നിലാവ് ...ഊഞ്ഞാൽ .... ആ അവധിക്കാലത്തു നിറഞ്ഞു കേട്ട പാട്ട് " കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ "... പദ്മരാജന്റെ ഇന്നലെ റിലീസ് ആയ സമയം.

അവധി കഴിഞ്ഞു  കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നു ട്രെയിൻ കയറുമ്പോൾ  മഴയാരുന്നു . അകത്തും വെളിയിലും മഴ ...ആർത്തിരമ്പുന്ന മഴ .എല്ലാം ഓർമ്മകളായി ....മഴയും ആ ട്രെയിൻ യാത്രയും കരഞ്ഞു പണ്ടാരമടങ്ങി പോയി ... വീണ്ടും നരക വാസം തുടങ്ങി ...അങ്ങനെ ഒരു ദിവസം ഞെട്ടിക്കുന്ന വാർത്ത എത്തി . അച്ഛന് വൊളന്ററി retirement കിട്ടി ....പടച്ചോനെ ലോട്ടറി ... നമ്മൾ വീണ്ടും നാട്ടിലെത്തി (അന്നു ഞാൻ കരുതി ഇനി ഇവിടം വിട്ടു പോകേണ്ടി വരില്ലാന്നു .... ബഹ്‌റിൻ ആയാലും വിഴിഞ്ഞം ആയാലും ഇപ്പോളും അവധിക്കു ചെന്നിട് ഞാൻ അതു തന്നെ കരുതുന്നു .. ഇനി ഇവിടം വിട്ടു പോകേണ്ടി വരില്ലാന്നു ...ആരൊക്കെ എന്നാ ഒക്കെ പറഞ്ഞാലും പാലാ കഴിഞ്ഞേ ഉള്ളുന്നെ നമുക്കെല്ലാം)


അങ്ങനെ നമ്മൾ സോണാലി ബെന്ദ്രെയെ വിട്ടു നാട്ടിലെത്തി . എന്നെ നേരെ കൊണ്ടു ചെന്നു ഒന്നാം ക്ലാസ്സിൽ ചെർത്തു( അച്ഛനു മുടിഞ്ഞ കോൺഫിഡൻസ് ആയിരുന്നു..പക്ഷെ  എല്ലാരും  തറ എന്നുറക്കെ വിളിച്ചു പറയുമ്പോൾ ഞാൻ,  ഇതെന്തു പുകിൽ എന്ന മട്ടിൽ വായും പൊളിച്ചിരുന്നു.. ) വീണ്ടും  പണി പാളി ... അങ്കണവാടിയൊക്കെ കഴിഞ്ഞുവന്ന പിള്ളേരാണ് എല്ലാം ...നമ്മളാണേൽ ആകെപ്പാടെ സോണാലി ബെന്ദ്രെനെ മാത്രേ കണ്ടിട്ടുള്ളു ... ഇത്രെം ആന  മണ്ടൻമാർ ഈ നാട്ടിൽ ഉണ്ടൊ എന്നുള്ള അർഥത്തിൽ നമ്മുടെ കൂടെയുള്ള ടീമ്സൊക്കെ നമ്മളെ നൊക്കാൻ തുടങ്ങി ...മര്യാദക്ക്  "അ" എന്നെഴുതാൻ കൂടി അറിയില്ല ... എനിക്ക് ഭ്രാന്തയില്ല എന്നുള്ളതാണ് എന്റെ അത്ഭുതം...കൂട്ടുകാർ ആരുമില്ല... ഞനെന്തോ അന്യഗൃഹ ജീവി ആണെന്നാണ് അവറ്റകളുടെ വിചാരം . വീണ്ടും നോട്ടം വെളിയിലായി ... കർക്കിടകമാണ് ... പുറത്തു മഴ തകർക്കുന്നു ... അങ്ങനെ മഴ നോക്കി വെറുതെ ഇരുന്നപ്പോൾ കണ്ണ് നിറഞ്ഞു നിറഞ്ഞു വന്നു ...തുളുമ്പി പോയി .... ആലിസ്‌ സിസ്റ്റർ കണ്ടു " എന്നാ പറ്റി മൊനെ" ... ശെടാ ഇതിനിപ്പോ എന്നാ മറുപടി പറയും ...എന്നാ പറ്റിയെന്നു എനിക്കും  അറിയാന്മേലാ ... ഇതൊന്നു നിർത്തണമെന്ന് എനികും ആഗ്രഹമുണ്ട്‌ ...
പക്ഷേ പറ്റുന്നില്ല .... സിസ്റ്റർ എന്നെ അകത്തു സിസ്റ്റേഴ്സ് ഇരിക്കുന്ന മുറിയിൽ കൊണ്ട് പോയി ... ചവറ അചനും അൽഫൊൺസാമ്മയും ചുവരിൽ എന്നെ നോക്കി ചിരിച്ചു ( അവരാണെന്നു അന്നെനിക്കറിയില്ല ) അവിടെ ഒരു അക്വാറിയത്തിൽ രണ്ടു  സ്വർണ മൽസ്യങ്ങൽ ഉണ്ടായിരുന്നു ....അതിന്റെ മുൻപിൽ ഇരുന്നു സിസ്റ്റർ എന്നോട് ചോദിച്ചു ... കുറേ കാര്യങ്ങൾ .... ഉത്തരങ്ങൾ കേട്ട് കണ്ണ് നിറഞ്ഞ സിസ്റ്റ്ർ ചുവന്ന പേന കൊണ്ടു എന്റെ ഉടുപ്പിന്റെ ബട്ടൺസിൽ കളം വരചു...അങ്ങനെ ആ ദിവസം കഴിഞ്ഞു .... പിന്നീട് ക്‌ളാസ്സിലേക്കു പോകാനിറങ്ങുമ്പോൾ മഴക്കാറ് കണ്ടാൽ ഞാൻ  ചോദിക്കും " അമ്മെ ഇന്നു മഴ പെയ്യുമൊ"..,

പിന്നീടെന്നോ ആ ചോദ്യങ്ങളും നിന്നു...ആ ചോദ്യങ്ങളൊക്കെ നിന്നു പൊയ കാലത്തു ഉള്ളിലുള്ള ചില ഉറവകളും പറ്റിപ്പോയി .



വാൽ കഷ്ണം:.    പരീക്ഷ്‌  കഴിഞ്ഞു സിസ്റ്റർ ചോദിച്ചു " മലയാളം ഒരു വക അറിയത്തില്ല ഒരു കൊല്ലം കൂടി  ഇരുത്തണോ ?അച്ഛൻ പറഞ്ഞു - വേണ്ട ...

Tuesday, September 3, 2019

പണ്ടത്തെ ഈഗോ

ഓണക്കാലമായി വീണ്ടും.... അതുകൊണ്ട് തന്നെ എനിക്ക് ഓർമ്മിക്കാനുള്ളത് ക്രിസ്മസ്  നെ കുറിച്ചാണ്.... ഡിസംബർ കുറിച്ചാണ് ; സത്യാമായിട്ടും പാലക്കാർക്കു ക്രിസ്മസ് ലേക്കുള്ള കാത്തിരുപ്പു തുടങ്ങുന്നത് ഓണക്കാലത്താണെന്നു തോന്നിയിട്ടുണ്ട്.  ഡിസംബർ നെ കുറിച്ചുള്ള ഓർമ്മകൾ തുടങ്ങുന്നത് ഗിരീഷ് പുത്തഞ്ചേരിയിൽ നിന്നാണ്ന്നു തോന്നുന്നു. സമ്മർ ഇൻ ബെത്‌ലേഹം ഇൽ അയാളെഴുതിയ പാട്ടുകളിൽ ഡിസംബർ ന്‍റെ ആത്മാവ് എന്നെന്നേക്കുമായി കുടികൊണ്ടിട്ടുണ്ടെന്നു തോന്നിയിട്ടുണ്ട്. പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴിവാര്ക്കവേ ഒരു നേർത്ത തെന്നൽ അലിവോടെ വന്നു.... അത്രയും അലിവുള്ള തെന്നൽ ഡിസംബർ ൽ ഉണ്ടാകുകയുള്ളൂ എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു .സത്യമല്ലേ.... തോന്നിയിട്ടില്ലേ.... അങ്ങേരു വേറെ ലെവലാന്നെ.... ക്രിസ്മസ് അവധിക് സ്കൂൾ ഗ്രൗണ്ട് ഇൽ ടൂർണമെന്റ് ഉണ്ട്.  കാല്പന്തിന്റെ മാസ്മരികത; (കാല്പന്തിനോടുള്ള സ്നേഹം മുൻപേയുണ്ട് പക്ഷേ സ്കൂൾ ഒക്കെ വിട്ട് കോളേജ് എത്തിയിട്ടും ചെറിയൊരു കുറ്റപ്പെടുത്തല് കേൾക്കാനുള്ള വലിപ്പം മനസ്സിന് വെക്കാത്തത് കൊണ്ടു പ്രിയ ചങ്ങാതി ഒരുപാടു തവണ നിർബന്ധിച്ചിട്ടും കളിയാക്കിയിട്ടും  തെറിവിളിച്ചിട്ടും നുമ്മ പോയില്ല...പിന്നെ പിന്നെ അവൻ  വിളിക്കാതായി ..ഞാൻ കേൾക്കാതെയായി .. പോകാറേ ഇല്ലാതായി... ഉള്ളിലെ പന്തും മാഞ്ഞു... )
വൈകീട്ട് കളി കണ്ടു മടങ്ങുമ്പോൾ എല്ലാ വീടുകളിലും തെളിഞ്ഞു കത്തുന്ന നക്ഷത്രങ്ങൾ... ചെറിയ കുഞ്ഞൻ നക്ഷത്രങ്ങൾ മുതൽ വലിയ ആന നക്ഷത്രങ്ങൾ വരെ, വാൽ നക്ഷത്രങ്ങൾ മുതൽ പേരറിയാത്ത നക്ഷത്രങ്ങൾ വരെ , തെളിഞ്ഞു കത്തുന്നത് മുതൽ മിന്നി മിന്നി ( ആ പ്രയോഗത്തിന്റെ സുഖമൊന്നും വേറൊന്നിനും കിട്ടില്ല ) കത്തുന്നതും മെഴുകുതിരി വെച്ചു തെളിയുന്നത് വരെ അങ്ങനെ ഒരുപാടൊരുപാട്....കാഴ്ചയുടെ വസന്തമെന്നൊക്കെ എവിടെയോ വായിച്ചിട്ടുണ്ട് അന്നറിഞ്ഞിരുന്നില്ല അതായിരുന്നു സംഭവം എന്ന്... ഇന്നും ഇതേ കാഴ്ചകളൊക്കെ ചെറിയ മാറ്റങ്ങളോടെ ഉണ്ട് പക്ഷേ സന്ധ്യക്കു കളിയും കണ്ടു മുണ്ടും മടക്കി കുത്തി നടന്നു പോകുമ്പോൾ നക്ഷത്രങ്ങളുടെ ചേലിനെപ്പറ്റി വാതോരാതെ സംസാരിച്ചു നടക്കുമ്പോൾ ഒന്നേ ഒന്നിനെ പറ്റിയെ ആകുലത ഉള്ളു.... കറന്റ് കട്ട് എന്ന മാരക വിപത്തിനെ പറ്റി  മാത്രം... (ഇന്നത്തെ ആകുലതകളെ പറ്റി  പറയേണ്ടല്ലോ..).പുൽക്കൂട് ഉണ്ടാക്കാൻ ഉണ്ണിയേശു പുല്ലു പറിക്കാൻ പോകുമ്പോൾ ഒറ്റ പ്രാർഥനായാണ്...ഈശോയെ വൈകീട്ട് പടക്കത്തിനുള്ള കാശ് എവിടുന്നേലും കിട്ടാൻ... വിഷു കൈനീട്ടം കിട്ടിയതും ബാക്കിയെല്ലാം കൂടി തപ്പിയെടുത്താണ് ഒരു സ്റ്റാർ ഒപ്പിക്കുന്നത്. ഇനിയിപ്പോ പുൽക്കൂട് കൂടി കഴിയുമ്പോൾ പോക്കറ്റ് കാലിയാകും.. പടക്കം നമ്മുടെ അഭിമാന പ്രശ്നമാണ്. തോടിന്റെ അപ്പുറത്തെ കരയിൽ നിന്നു ആര് പൊട്ടിക്കുന്നതിലും ഒരെണ്ണം കൂടുതൽ പൊട്ടിച്ചില്ലേൽ ഈഗോ അടിച്ചു ചത്ത് പോകും ഈശോയെ... (ഇന്നത്തെ ഈഗോ എതിനമാണെന്നു  പറയേണ്ടല്ലോ  )shoolil  ക്രിസ്മസ്  അവധിക്കു  തുണി വലിച്ചു കെട്ടി കാണിച്ച സിനിമകൾ സിമെന്റ് തറയിലെ കൂളിംഗ് എഫക്ടിൽ കണ്ട  ബ്രഹ്മാണ്ഡ സിനിമകൾ ( ഇപ്പോളുള്ള മിക്ക സിനിമകളുടെയും പരസ്യത്തിൽ ഈ വാക്കുപയോഗിക്കുബോൾ തോന്നാറുണ്ട്... മനസ്സിന്റെ തിരശീലയിൽ ജന്മം മുഴുവൻ ഓർത്തു വെക്കുന്ന ഡയലോഗ് കളൊക്കെയും അഞ്ചു രൂപ ടിക്കറ്റ് എടുത്ത് ഇങ്ങനെ കണ്ടതായിരുന്നെന്നു... )ഇതിപ്പോ വായിച്ചിട്ട് , ഇവന് മൊത്തത്തിൽ കിളി പോയെന്നു ആലോചിക്കേണ്ട... വായിച്ചിട്ട് പഴയ കാലമെല്ലാം സ്വർഗ്ഗമാണെന്നും തെറ്റിദ്ധരിക്കണ്ട.... പക്ഷേ ചിലതുണ്ട്... നന്മകൾക്കു പൂക്കാനിഷ്ടം കുറച്ചൊക്കെ ദാരിദ്ര്യമുള്ള മണ്ണിൽ തന്നെയാണെന്ന് തോന്നുന്നു... ധാരാളിത്തത്തിന്റെ മണ്ണിൽ അറിവിന്റെ കാരുണ്യത്തിന്റെ വിത്തിനു മുളക്കാൻ ഭയങ്കര മടിയാണ് അല്ലേൽ പിന്നെ നമ്മൾ മെനക്കിട്ടു നാട്ടു വളർത്തണം...അതിനുള്ള സമയം നമുക്കാർക്കും ഇല്ലല്ലോ പണ്ടേ...അല്ലെ... 

Sunday, May 12, 2019

അഡിക്ഷൻ

പാലാ ആണ് രാജ്യം...
മാണി സാറിന്റെ വീടിന്റെ മുന്നിൽ കൂടി Rimi പണ്ട് താമസിച്ച വീടിന്റെ മുന്നിൽക്കൂടി കുറച്ചങ്ങോട് പോയാൽ സഖറിയ സാറിന്റെ വീടുണ്ട്.. വേണമെങ്കിൽ ഭദ്രൻ സാറിനെ  കണ്ടിട്ട അല്ഫോന്സാമ്മേടെ പള്ളിയിൽ കയറി ഒന്നു പ്രാർഥിക്കാം. കുറച്ചൂടെ വണ്ടി ഓടിച്ചാൽ പുതുപ്പള്ളി ആയി ഉമ്മൻ ചാണ്ടി  സാറിനെ കണ്ടിട്ട തിരിച്ചു കോട്ടയം  പോകുമ്പോൾ    തിരുനക്കര ശിവനും പാമ്പാടി രാജനും തലയെടുപ്പോടെ നിൽപ്പുണ്ടാകും..അവിടുന്ന് കുറവിലങ്ങാട് വഴി വരുവാണേൽ ദിലീഷ് പൊത്തനെ കാണാം. മിയ  ഉണ്ട് പ്രവിത്താനത്തു.. ബഷീർ എന്ന ഇതിഹാസം താമസിച്ച വീടുണ്ട് തലയോലപ്പറമ്പ് പോയാൽ....ഇതൊന്നുമില്ലേലും ഒന്നുമില്ലേലും ലോകത്തു എല്ലാവര്ക്കും  ജനിച്ചു വളർന്ന ദേശം മാരക ഇഷ്ടമാണെല്ലോ അതുപോലെ എനിക്കും....പിന്നെ വെറുതെ ഒരു ഗുമ്മിനു പറഞ്ഞതാണ്...  

Thursday, April 11, 2019

ചില ഫ്രീക് പരിപാടീസ്

ആർക്കും ശ്രമിച്ചു നോക്കാവുന്ന ചില കട്ട ഫ്രയ്ക് പരിപാടീസ്...
1 താങ്ക്സ് എന്ന് പറയുന്നതിന് പകരം എല്ലായിടത്തും  നന്ദി എന്ന് പറഞ്ഞു നോക്കുക 
2. വീട്ടിൽ ഇല്ലെങ്കിൽ വീട്ടിൽ  അമ്മയെ/ അച്ഛനെ  ഫോണിൽ  വിളിച്ചു ചോറുണ്ടോ എന്ന് ചോദിക്കുക
3.  ആൺകുട്ടികൾ ബാഗ് ൽ ഒരു കുടയും ഒരു കുപ്പി വെള്ളവും കരുതുക , പെൺകുട്ടികൾ നഖം സ്ഥിരമായി വെട്ടി ശീലിക്കുക ( എല്ലാവര്ക്കും വരുന്ന ചില്ലറ ചില അസുഖങ്ങൾ ചിലപ്പോ രണ്ടു കൂട്ടർക്കും കുറഞ്ഞേക്കാം ) 
4.കള്ളുകുടിക്കാൻ തോന്നുവാണേൽ അപ്പൊ തന്നെ അടുത്തുള്ള ഒരു തിയേറ്ററിൽ കയറി സിനിമ കാണുക...ചിലപ്പോ രക്ഷപെടും 
5.അലാറം ക്ലോക്കിൽ ഉം ഫോട്ടോ കാമറ യിലും ശീലിക്കാൻ ശ്രമിക്കുക
6.  24 മണിക്കൂറിൽ ഒരു 15 മിനിറ്റു വെറുതെ , വെറും വെറുതെ ,ചുമ്മാ ഇരിക്കാൻ ശ്രമിക്കുക...ഒന്നും ചെയ്യണ്ട, കാണണ്ട , പറയണ്ട,  വെറുതെ   ഇരിക്കുക അത.
7. എവിടെയേലും ചെല്ലുമ്പോൾ ചായ എടുക്കട്ടേന്ന് ചോദിക്കുമ്പോൾ പുറത്തു 40 ഡിഗ്രി ചൂടാണെലും ചായ പോരട്ടെ എന്ന് പറയുന്നത് മാറ്റി പച്ചവെള്ളം കുടിക്കാൻ ശ്രമിക്കുക.
8.വിശക്കുമ്പോൾ മാത്രം ആഹാരം കഴിക്കാൻ ശ്രമിക്കുക

Wednesday, March 27, 2019

ചില നല്ല ലക്ഷണങ്ങൾ ...

പണ്ടൊരു  കാലത്തു  പുച്ഛം ഒരു മേന്മയായി കാണുന്ന കാലത്തു , എനിക്ക് ഏറ്റവും പുച്ഛം ഉണ്ടായിരുന്ന ഒരു വിഭാഗം ആയിരുന്നു മോട്ടിവേഷൻ സ്പീക്കർമാർ. മറ്റൊന്നും കൊണ്ടല്ല ഒരാളെ പറഞ്ഞു പറഞ്ഞു നന്നാക്കാമെന്നുള്ളതൊക്കെ ശുദ്ധ മണ്ടത്തരമാണെന്നായിരുന്നു എന്‍റെ ഒരു അഭിപ്രായം. ഒരാൾക്ക് തോന്നണേല് ഒരു പരിധിക്കപ്പുറം അയാൾ തന്നെ വിചാരിച്ചെ പറ്റു...ആദ്യമിതു പറഞ്ഞത്, ഉപദേശങ്ങളോളം മണ്ടൻ പരിപാടി വേറെ ഇല്ലന്നു ഉത്തമ ബോധ്യമുണ്ടെന്നു മനസ്സിലാക്കാൻ വേണ്ടി മാത്രമാണ്. 

വിവരമുള്ളവർ പറഞ്ഞിട്ടുള്ളത് ലോകത്തു നമ്മൾ ആകെപ്പാടെ നമ്മളെ താരതമ്യം ചെയ്യേണ്ടത് മറ്റൊന്നിനോടും ഒന്നിനോടുമല്ല നമ്മളോട് മാത്രമാണെന്നാണ്. പഴയ , പോയ കാലത്തെ നമ്മളോട് തന്നെ.  അങ്ങനെ ഒറു താരതമ്യത്തിന സഹായിക്കുമെന്നു   തോന്നിയ് ചില ലക്ഷണങ്ങൾ വളച്ചു കെട്ടില്ലാതെ  പറയാൻ ശ്രമിക്കാം.

എത്ര മോശമാണെന്നു നമുക് ഉറപ്പുള്ളതിനേയും പുച്ഛത്തോടെ കാണാതിരിക്കുക എന്ന് പറയുന്നത് ഒറു അഡാ റു   പരിപാടിയല്ലേ....         

എത്ര മോശമാണെന്നു ഉറപ്പുണ്ടെങ്കിലും ഒരാളെ വിമർശിക്കാൻ ഉള്ളാലെ ഒരു വൈക്ലബ്യം വരുക എന്ന് പറയുന്നത് നമ്മൾക്കുള്ള ഗോൾഡ് മെഡലുകളാണ്, കാലത്തിന്റെ...

മക്കളെ കുറിച്ച് സംസാരിക്കുമ്പോളൊക്കെയും അപ്പനേം അമ്മയേനേം കുറിച്ച് സമരിക്കാനും ഓർക്കുന്നത് കിടിലോൽക്കിടിലമാണ്..മൊത്തത്തിൽ ഒരു ബാലൻസ് കിട്ടും...നമ്മള്  പദ്മരാജൻ എന്ന് പറയുമ്പോൾ ഇങ്ങു അറ്റത്തു ചെറിയാൻ കല്പകവാടിയും ഉണ്ടെന്നുള്ള ബോധ്യം...ദത് കിട്ടിയാൽ പൊളിച്ചു     

"ഞാൻ" എന്ന് തുടങ്ങുന്നത്  മിക്കതും ഒരു അശ്ലീലത്തിന്റെ തുടക്കമാണെന്നുള്ള അടിയുറച്ചുള്ള വിശ്വാസമുണ്ടെലുണ്ടല്ലോ മച്ചാനെ നുമ്മ വേറെ ലെവേലായി പോകുമേ... (ഇതെഴുതുമ്പോൾ ഞാനെടുത്തു സ്റ്റാറ്റസ് ആക്കിയ നൂറായിരം സെൽഫികൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്. )

കണ്ണുകൊണ്ടു കാണാത്തതിനെല്ലാം ചെറിയൊരു സ്പേസ് ഇട്ട് വിശ്വാസത്തിൽ എടുക്കാനുള്ള ബുദ്ധി  വളരെ ആവശ്യമാണ് കലിയുഗത്തിൽ എന്നാരോ പായുന്ന പോലെ കേട്ടു  (ഈ ഞാൻ തന്നെ നിന്‍റെ അടുത്തു എന്തെല്ലാം കള്ളങ്ങൾ പറഞ്ഞിരിക്കുന്നു , പാവം നീ... )

നമ്മളെ ആൾക്കാർക്ക് ബോർ അടിക്കാൻ നല്ല ചാൻസ് ഉണ്ടെന്നു ഉറച്ചു വിശ്വസിക്കുക...നിന്‍റെ വിശ്വാസം നിന്നെ കാക്കുമെന്നു കർത്താവു പറഞ്ഞതിൽ ഇതും പെടും...

ആ അത് തന്നെ നിർത്തിയിട്ടു പോകാൻ സമയമായിന്നല്ലേ....അപ്പൊ ശരി...പോയിട് നിന്‍റെ  രണ്ടു പരദൂഷണം പറഞ്ഞു  ,   ആരെയേലും ഒക്കെയൊന്ന്    പുച്ഛിച്ചിട്ട് രണ്ടു കിടിലൻ സെൽഫി എടുക്കട്ടേ..

നോട്ട്: വീടില്ലാത്തവനെ കേറിത്താമസം വിളിച്ചവനെ പറ്റി , കുട്ടിയുണ്ടാകാത്തവരോട് മോൾക്ക് പേര് നിര്ദേശിക്കുമോയെന്നു ചോദിച്ചതിനെ പറ്റി കവിത എഴുതിയ     പവിത്രൻ  തീക്കുനിക്
സമർപ്പണം

Tuesday, March 19, 2019

വാക്കും എഴുത്തും .

'നക്ഷത്രമെന്നോട് ചോദിച്ചു
ഞാൻ തന്നൊരക്ഷരം കൊണ്ടു
നീയെന്തു ചെയ്തു '... കവി  വാക്യം വെറുതെയല്ല
 വാക്കിന്റെ വില എഴുതുന്നവനോളം ആർക്കറിയും.
സർവത്തിനോടുമുള്ള പ്രിയം  തുടങ്ങുന്നത് അങ്ങനെയാണെന്ന് തോന്നാറുണ്ട്.  അനിൽ  കപൂറിന്റെ   ത്രിമൂർത്തി  സിനിമ കാണുന്നത്   ഒമ്പതാമത്തെ    വയസ്സിലാണ്.  അതിലൊരു പാട്ടുണ്ട്... 
ഉപ്പേർ വാല വെരി ഗുഡ് വെരി ഗുഡ്
നീച്ചേ വാല വെരി ബാഡ് വെരി ബാഡ്
ഇതുകേട്ട് കണ്ണു. മിഴിച്ചു പോയ എനിക്ക് അച്ഛനാണ് പറഞ്ഞു തന്നത്  - മുകളിലുള്ളവരെക്കയും നല്ലവരാണെന്നും നമ്മളീ താഴെ ഭുമിയിലുള്ളവർ തീരെ പോരെന്നും.  ജീവിതത്തിൽ ആദ്യമായിട് അർത്ഥമറിഞ്ഞ പാട്ടിന്റെ വരികൾ അതായിരുന്നു .
ഇന്നുവരെ കേട്ട മികച്ച വരികളിലൊന്നായാണെനിക്ക അത്  ഇപ്പോളും തോന്നാറുണ്ട്.ആ പ്രായത്തിൽ എനിക്ക്  വെള്ളിത്തിരയിൽ അത് അഭിനയിച്ച ആളെക്കുറിച്ചു ചിന്തിച്ചു രോമാഞ്ചം വരനെ  സാധിച്ചുള്ളൂ. അതെഴുതിയ  അയാളെപ്പറ്റി ചിന്ത പോയിട്ടേ ഇല്ല . അന്ന്  തുടങ്ങിയതാണ്  Anil കപൂർ നോടുള്ളi പ്രിയം.
ക്രിക്കറ്റ് ഒരു ലഹരിയായിരുന്ന ഒരു കാലം, ദൈവമായിരുന്ന  സച്ചിനും വന്മതിൽ ദ്രാവിഡും ഉണ്ടായിരുന്നിട്ടും മാതൃഭൂമി സപ്പ്ളിമെന്റിൽ കൊൽക്കത്തയുടെ രാജകുമാരനെ പറ്റിയുള്ള ഒരു ലേഖനം എന്നന്നേക്കുമായി ദാദയുടെ , സൗരവ്  ചണ്ഡീദാസ് ഗാംഗുലിയുടെ ആരാധകനാക്കി.  സാങ്കേതികത്തികവില്ലായ്മയുടെ എല്ലാ പരാധീനതകൾക്കും മുകളിലായി   അക്ഷരങ്ങൾ തീർത്ത  രഥത്തിൽ  ദാദ മനസ്സിൽ കയറി.
 ഗൃഹലക്ഷ്മി മാഗസിനിൽ കണ്ണു  ചിമ്മുമ്പോൾ എന്ന കോളം വായിച്ച അന്നുമുതലായാണ് രഞ്ജിത്ത്  എന്ന മനുഷ്യൻ ജീവിതത്തിലേക്ക് വരുന്നത്. 
പെരുവണ്ണാപുരത്തെ വിശേഷങ്ങളും ദേവാസുരവും നന്ദനവും പ്രാഞ്ചിയേട്ടനും പാലേരി മാണിക്യവും ഉൾപ്പെടെ എല്ലാ സിനിമകൾക്കും മുകളിലായി അന്നയാൾ എഴുതിയ അമ്മക്കിളിക്കൂടെ എന്ന് പേരുള്ള ഒരു ലേഖനം ഇന്നും എന്‍റെ പേഴ്സിനുള്ളിൽ മടങ്ങി ഇരുപ്പുണ്ട്. കാലമിത്ര കഴിഞ്ഞിട്ടും കടലാസ് ദ്രവിച്ചിട്ടും മനസ്സിൽ നിറമൊട്ടും മങ്ങാതെ നിൽക്കുന്ന അക്ഷരങ്ങളുടെ  മഹാ സൗരഭ്യം.   
 കൈലാസത്തിൽ ഭുർജ മരത്തിന്റെ തോലുടുത്തു ഗൗരീകുണ്ഡിൽ സ്നാനം ചെയ്യുന്ന ഒരു സ്ത്രീയെപ്പറ്റി, പാർവതി ദേവിയെപ്പറ്റിയുള്ള ഗിരീഷ് പുത്തഞ്ചേരിയുടെ ഒരു ലേഖനം രണ്ടു വാതിലുകളാണ് തുറന്നതു..ഒന്ന്    ഗിരീഷിലേക്കും ഇനിയൊന്നു കൈലാസത്തിലേക്കും  .ഗിരീഷെഴുതിയ എല്ലാ  മഹത്തായ ( ഞാൻ അങ്ങനെ തന്നെ പറയും )  ഗാനങ്ങൾക്കും മുകളിലായി ഗിരീഷെനിക് അന്ന് വായിച്ച ആ കുറിപ്പാണ്
..
ബാലചന്ദ്രൻ ചുള്ളിക്കാട് മുതൽ  പവിത്രൻ തീക്കുനി വരേയ്ക്കും പിന്നെ ഒ വി വിജയൻ തൊട്ട് സുഭാഷ് ചന്ദ്രൻ വരെയുള്ളവരെയും കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല... മറ്റൊന്നും കൊണ്ടല്ല , ബഹുമാനം കൊണ്ടാണ്, വാക്കിന്റെ ദേവത നേരിട്ട് വരം കൊടുത്തവരെ പറ്റി പറയാൻ നമ്മളാരാണ്... 
note: ആരെങ്കിലും വിളിച്ചു അവർക്കുണ്ടായ പെൺകുട്ടിക് പേര്  ചോദിച്ചാൽ ഒറ്റ ഓപ്ഷൻ മാത്രമേ ഉള്ളു വര്ഷങ്ങളായി...വൈദേഹി... ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ  മാന്ത്രിക ശബ്ദത്തിൽ  'എന്നാകിലും പ്രാണ പ്രിയ  വൈദേഹിയെ പിരിയാതെ വയ്യ ' എന്ന് കേട്ട നിമിഷം മുതൽ  ലോകത്തെ ഏറ്റവും നല്ല പേരുകളിലൊന്നായി മാറി  അത്...വാക്കിനോടുള്ള ഓടുങ്ങാത്ത ആസക്തിയുടെ പേരിലാണ്   ആകെപ്പാടെ മെസ്സേജ് അയക്കുന്ന ഒരേ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിന് ഗുൽമോഹർ എന്ന് പേരിട്ടത്  .

Wednesday, January 30, 2019

ചാക്ക്

വാഹനത്തിന്റെ പിന്നിലെ പൊത്തിൽ 
 എപ്പോഴുമൊരു  ചാക്കുണ്ട്.
നാട്ടിൽ പോയി മടങ്ങുമ്പോൾ -
കെട്ടിപ്പെറുക്കി കൊണ്ടുവരാൻ,
 മാങ്ങയുമല്ല,  തെങ്ങയുമല്ല പക്ഷേ,
പഴയൊരു എന്നെ.

Tuesday, January 22, 2019

പോകുന്നവർ

ചിലർ പറയാതെ പോകുന്നു
ചിലർ പറഞ്ഞിട്ട് പോകുന്നു
ചിലർ പറയാതെ പറഞ്ഞിട്ട്  പോകുന്നു
ചിലർ പറയാതെ, പറയാതെ പോകുന്നു