Tuesday, June 17, 2025

പോയ കാലമല്ലേ രവിയേട്ടാ !!

 മഴയാണ് ! നല്ല മഴ !! വിജയൻ പറഞ്ഞത് പോലെ , ഖസാക്കിലെ രവി കണ്ട വെളുത്ത മഴ !!!

മുൻപ് വായിച്ചെങ്കിലും ഖസാക്ക് ശരിക്കു വായിക്കുന്നത് 2002 ഇൽ ഒരു പെരുമഴയത്താണ് . പത്താം ക്ലാസ്സിലെ റിസൾട്ട് വന്നിട്ടുള്ള കാലം. പ്ലസ് വൺ അഡ്മിഷൻ ഏകദേശം ശരിയായിരുന്നു. ക്ലാസുകൾ തുടങ്ങാൻ ആ വർഷം ജൂലൈ അവസാനം ആയെന്നാണ് ഓർമ്മ  പ്രത്യേകിച്ച് യാതൊരു ബാധ്യതയുമില്ലാത്ത കാലം . രാപ്പകലുകൾ മൊത്തമായും ചില്ലറയായും സിനിമകളും പുസ്തകങ്ങളും വീതം വെച്ച കാലം. അക്കാലത്തു ഞാൻ വിചാരിച്ചിരുന്നത് ഞാനൊരു എഴുത്തുകാരൻ ആകുമെന്നാണ് ..കുറഞ്ഞപക്ഷം ഒരു ജേർണലിസ്റ്റ്‌ എങ്കിലും ആകുമെന്നാണ് . എന്റെ മലയാളം എന്റെ പ്രതീക്ഷയായിരുന്ന കാലം . 

സിനിമകൾ കാണാപാഠം ആകുന്നത് വരെ കാണും. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ കാണുന്നതും ഒരു പെരുമഴയത്താണ് , സോളമൻ ലോറി ഓടിച്ചു വീട്ടിൽ വരുന്ന ആദ്യത്തെ സീൻ തന്നെ എന്റെ മനസ്സിൽ തൊട്ടു . അത്രയും വൃത്തിയായി ഷൂട്ട് ചെയ്ത ഒരു "രാത്രി " അപൂർവ്വമായേ ഞാൻ കണ്ടിരുന്നുള്ളൂ. ആദ്യമായ്‌ പദ്മരാജൻ എന്ന പേര് ഞാൻ ശ്രദ്ധിക്കുന്നത് ആ സിനിമ കണ്ടിട്ടാണ്. അതിന്റെ ഒരു കാരണം ആ കഥയുടെ ഒരു അന്തരീക്ഷ നിർമ്മിതി എനിക്ക് അത്രമേൽ വിശ്വസനീയം ആയിരുന്നു. അതിലെ സോളമനെ പോലെ എന്റെ അറിവിൽ ഉണ്ടായിരുന്ന ഒരാൾ എന്റെ കൊച്ചച്ചൻ ആയിരുന്നു. മോഹൻലാൽ എന്ന നടൻ തന്റെ സകല നടന വൈഭവങ്ങളും മലയാളികളെ കാണിച്ചു സ്തബ്ധരാക്കുന്ന ഒരു കാലം .. 1986 മുതൽ 2000 വരെ .. ആ ഒരു കാലഘട്ടം കോളേജ് ജീവിതം ആഘോഷിക്കാൻ ഭാഗ്യം ലഭിച്ച അപൂർവ്വം മനുഷ്യന്മാരിൽ ഒരാളായിരുന്നു കൊച്ചച്ചൻ .എനിക്ക് "ചിത്രം "" ദശരഥം " അങ്ങനെ പലതും ആദ്യമായി കഥയായി പറഞ്ഞു തന്ന ആൾ . VCR  വാടകക്ക് എടുത്തു കൊണ്ട് വന്നു ഹിസ് ഹൈനെസ്സ് അബ്ദുള്ളയും , കിലുക്കവും ,കിരീടവും , നാടോടിക്കറ്റും വരവേല്പും തുടർച്ചയായി ഇട്ടു രാവും പകലും സിനിമ കണ്ടു തീർക്കാൻ എന്നെ പഠിപ്പിച്ച ഒരാൾ . (പിന്നീട് വർഷങ്ങൾക്ക് ശേഷം ഞാനും ജെസ്റ്റനും മുംബൈയിൽ വെച്ച് CIFE ഹോസ്റ്റൽ മുറിയിൽ ക്ലിന്റ് eastwood അഭിനയിച്ച 4 സിനിമകൾ ഒരു ഞായറാഴ്ച കൊണ്ട് കണ്ടു തീർത്ത ചരിത്രം ഉണ്ട് ).

ഏഴാം ക്ലാസ്സിൽ പഠിക്കുന്ന എനിക്ക് ആറാം തമ്പുരാന്റെ കഥ പറഞ്ഞു തരുന്നത് ഒരു ശനിയാഴ്ച രാത്രി വൈകി ഞങ്ങൾ രണ്ടു പേരും കൂടി നിർണ്ണയം കണ്ടു പിരിയാൻ നേരമാണ് .സിനിമകളിൽ മുങ്ങിത്താഴ്ന്നു കിടന്ന കാലം . മറ്റൊന്നും അന്നാലോചിച്ചു പോലുമില്ല . എന്റെ എല്ലാ ആകുലതകളെയും  ഞാൻ മറവികൾക്കു ഒറ്റി കൊടുത്ത കാലം . ആദ്യമായി തീയേറ്ററിൽ പോയി കണ്ട മോഹൻലാൽ സിനിമ ഉസ്താദ് ആണ് . പരമേശ്വരൻ ആയി അയാൾ ആടിത്തിമിർക്കുന്നത് ഞാൻ ഇപ്പോളും ഇടയ്ക്ക് യൂട്യൂബിൽ കാണും . പാലാ മഹാറാണിയിലെ എയർ ഫ്രഷ്‌നർ ഇപ്പോളും ഇരച്ചെത്തും ഓർമ്മകളിലേക്ക്. കൊച്ചച്ചൻ പരിചയപ്പെടുത്തി തന്ന കുറേ ബ്രാൻഡുകൾ ഉണ്ട് . അതിൽ സച്ചിൻ ഉണ്ട് , ലാറ ഉണ്ട് , ആംബ്രോസ് ഉണ്ട് വാൽഷ് ഉണ്ട് , ഫോക്സ് വാഗൻ ഉണ്ട് , പജീറോ ഉണ്ട് . വുഡ്ലാൻഡ് ഉണ്ട് . ബകാർഡി ഉണ്ട് , റോബർട്ടോ കാർലോസ് ഉണ്ട് , സ്റ്റെഫി ഗ്രാഫ് ഉണ്ട് ,ഷൂമാർക്കറും ഐ എം വിജയനും ഉണ്ട് . പിന്നെ മൈക്കൾ ജാക്സൺ ഉണ്ട് . മതിയല്ലോ ..ഒളിച്ചും പാത്തും ഞാൻ കണ്ടതും കേട്ടതും വായിച്ചതും ഇവരെ പറ്റിയായിരുന്നു, 

കുറെ നാളുകൾക്കു ശേഷം ഞാൻ കഴിഞ്ഞ ആഴ്ച കൊച്ചച്ചനെ കണ്ടു . ഉസ്താദ് കണ്ട ആ 14 വയസ്സുകാരൻ എന്റെ ഉള്ളിൽ നിന്നിറങ്ങി പോയിട്ട് എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന ഈ കാലത്തു , ഞാൻ കൊച്ചച്ചന്റെ കാര്യം പരിതാപകരം ആകുമെന്ന ഊഹത്തിൽ ചെന്ന എന്നോട് ആദ്യത്തെ ചോദ്യം ഇങ്ങനെ ആണ് "രാജൻ കേസ് നിനക്കോർമ്മ വന്നോടാ തുടരും കണ്ടപ്പോൾ "!!!

Saturday, May 31, 2025

തിരോന്തോരം

 എന്റെ 17 ആം വയസ്സിൽ,  2004 ഇൽ ആണ് ആദ്യമായി തിരുവനന്തപുരം കാണുന്നത് .അച്ഛനായിരുന്നു കൂടെ ഉണ്ടായിരുന്നത് .ശംഖുമുഖത്തു പോയി . കടല് കണ്ടു . ഇന്ത്യൻ കോഫി ഹൗസിലെ മസാല ദോശ വാങ്ങി തന്നു . പിന്നീട് 12 വർഷങ്ങൽക്കു ശേഷം ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനായി ഞാൻ 2016 ഇൽ വിഴിഞ്ഞത്തു ജോയിൻ ചെയ്തു. കടല് കാണാൻ പണ്ടൊരിക്കൽ നേർച്ചയിട്ട ഒരു പാലക്കാരന് സ്വപ്നം കാണുന്നതിനും അപ്പുറമാണ് താനിരിക്കുന്ന ഓഫീസിലെ ജനാല തുറന്നാൽ കടല് കാണാൻ പറ്റുമെന്നുള്ളത് . പക്ഷെ കഥ അങ്ങനെ ആയിരുന്നില്ല !!

2008 ഇൽ  കോളേജ് പാസ്സ് ഔട്ട് ആയതിനു ശേഷം പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ലാതിരുന്നിട്ടും ഞാൻ എങ്ങനെയൊക്കെയോ mariculture ഡിവിഷനിൽ എത്തി പെട്ടു . 

ഇപ്പോൾ 9 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു . പുറകോട്ട് ആലോചിക്കുമ്പോൾ എന്താണ് ബാക്കിയുള്ളത് ...! ആകുലതകൾ ആണ് ..ആകുലതകൾ മാത്രം  ... കൊഴിഞ്ഞു പോയ വർഷങ്ങളിൽ അത്രയും ഉള്ളത് ആകുലതകൾ മാത്രമാണ് . 

ഒരു ബ്രീഡിങ് ട്രയൽ പാളി പോയാൽ , ഒരു ഫിഷ്, ഫീഡ്  കഴിച്ചില്ലെങ്കിൽ  , ഒരു brooder ഫിഷ് mature ആകാൻ ലേറ്റ് ആയാൽ , ലാർവ ചത്തുപോയാൽ , അസുഖങ്ങൾ വന്നാൽ (മീനിന് ), എങ്ങാനും ചത്ത് പോയാൽ ,  ഫീഡ് വാങ്ങാൻ കാശില്ലാതായാൽ , ഹാച്ചറിയിൽ രാപ്പകൽ പണിയെടുക്കുന്നവർക്ക് ശമ്പളം വൈകിയാൽ , ജനറേറ്റർ കേടായാൽ , പമ്പുകൾ പണി മുടക്കിയാൽ , കടല് കേറി വെള്ളം പമ്പു ചെയ്യാനാവാതെ ആയാൽ , ആൽഗേ ക്രാഷ്‌ ആയി പോയാൽ , ആളുകൾക്ക് സീഡ് കൊടുക്കാൻ പറ്റാതായാൽ , റിപോർട്ടുകൾ കൊടുക്കാൻ ലേറ്റ് ആയാൽ , റിസർച്ച് ആർട്ടിക്കിൾ ഒരെണ്ണം പോലും എഴുതാതെ പോയതിൽ, നാട്ടിലൊന്നു മനസ്സമാധാനമായി പോകാൻ കഴിയാത്തതിൽ.... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത എന്റെ ആകുലതകളിൽ കൂടെയുണ്ടായിരുന്ന, കൂടെയുള്ള ചില മനുഷ്യരുണ്ട് .  

ഓഫീസിൽ ഫയലുകൾക്കിടയിൽ മീനിന് കൊടുക്കാനുള്ള തീറ്റ വാങ്ങാനുള്ള പൈസ അടക്കം  പലതും കുടുങ്ങിക്കിടക്കുമ്പോൾ കണ്ണും പൂട്ടി വിളിച്ചു പറയാൻ ഒരാളുണ്ടായിരുന്നു ഗോപാലകൃഷ്ണൻ സർ . എന്തിനും ഏതിനും ഞാൻ കണ്ണും പൂട്ടി കേറി ചെന്നിരുന്ന .. ഇപ്പോളും കേറി ചെല്ലുന്ന ഒരിടം . ലോകത്തുള്ള പല വമ്പൻ ഹാച്ചറികളും ശ്രമിച്ചിട്ടും നടക്കാതെ പോയ giant trevally ബ്രീഡ് ആയത് സർ ഓഫീസിന്റെ പടി ഇറങ്ങുന്നതിന്റെ ഒരു മാസം മുൻപാണ് . അന്നെനിക്ക് ഉള്ളിൽ തോന്നിയ ഒരു വാചകമുണ്ട് " universe is listening you " - നിങ്ങളിൽ സത്യമുണ്ടെങ്കിൽ പ്രപഞ്ചം നിങ്ങളെ കേൾക്കും .

ഏതു പാതിരാത്രിക്കും ഞാൻ കഴിഞ്ഞ 9 വർഷങ്ങളിൽ  വിളിച്ചു ബുദ്ധിമുട്ടിക്കുന്ന ചില മനുഷ്യരുണ്ട് . ജലീൽ , പ്രദീഷ് , മനോജ് , നിഷാദ് , റസാഖ് , ഷിബു . അവരോടാണെനിക്ക് കടപ്പാടുള്ളത് . തുച്ഛമായ ശമ്പളം , അതൊരിക്കലും സമയത്തു കിട്ടില്ലെന്ന് അറിഞ്ഞിട്ടും പരാതി പറയാത്തവർ . 2017 മുതൽ 2024 വരെ കഴിഞ്ഞ 7വർഷങ്ങളിൽ ഏകദേശം 25 ലക്ഷം രൂപ ഫിഷ് എഗ്ഗ് മാത്രം sale ചെയ്ത വകുപ്പിൽ ഗവണ്മെന്റിനു നേടിക്കൊടുത്തത് ഇവരാണ് .  ഈ കണക്കുകൾ ഒരു ഔദ്യോഗിക ചർച്ചകളിലും വരില്ല ... വന്നാലും ആരും കേൾക്കാറില്ല . കേട്ടാലും ആർക്കും മനസ്സിലാകാറില്ല .അതുകൊണ്ടിത് ഇവിടെ കിടക്കട്ടെ !!

ചെയ്യുന്ന ജോലിയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് ഇതെല്ലാം സഹിക്കുന്ന മഹാതപസ്സിയല്ല ഞാൻ. എന്റെ കഴിവ് കേടു കൊണ്ടും നിവർത്തികേടും കൊണ്ടും ഇവിടെ തുടരുന്നു എന്നതിൽ കവിഞ്ഞൊന്നുമില്ല . നേട്ടങ്ങൾ പങ്കുവെയ്ക്കാൻ ഓടി വരുന്ന മനുഷ്യരിൽ ഒരാൾ പോലും ആകുലതകൾ പങ്കു വെയ്ക്കാൻ ഉണ്ടാകില്ല എന്നുള്ള യാഥാർഥ്യത്തിലും വലുതില്ലെന്ന് തിരോന്തോരം പഠിപ്പിച്ചു . ഗൂഗിൾ മാപ്പ് നോക്കാതെ ഇപ്പോളും പോകാൻ അറിയാവുന്നത് തമ്പാനൂർ റെയിൽവേ  മാത്രം . കാരണം മറ്റൊന്നുമല്ല വിഴിഞ്ഞം - വെങ്ങാനൂർ  റൂട്ട് അല്ലാതെ മറ്റെങ്ങോട്ടും പോകാറില്ല . 

ഫിലിം ഫെസ്റ്റിവൽ കാണാൻ എറണാകുളത്ത്‌ പഠിച്ചിരുന്ന കാലത്തു പ്ലാൻ ഉണ്ടായിരുന്ന എനിക്ക് ഇപ്പോൾ 15 കിലോമീറ്റർ അപ്പുറത്തുള്ള കലാഭവൻ തിയേറ്ററിൽ പോകാൻ ഫിലിം ഫെസ്റിവലിനോ അല്ലാതെയോ പ്ലാൻ പോലുമില്ല !! എന്താല്ലേ !!!





Wednesday, May 14, 2025

ഇന്നും

 പണ്ടെന്നോ ഉച്ചക്കൊന്നുറങ്ങിയതാണ് 

ജന്മാന്തരങ്ങൾക്കു മുൻപ് 

അതിന്റെ കയ്പ് മാഞ്ഞില്ല ഇന്നും !

പണ്ടെന്നോ ഉണ്ട പത്രമൊന്നു വെച്ച് പോയി 

ജന്മാന്തരങ്ങൾക്കു മുൻപ് 

അതിന്റെ തീ കെട്ടിട്ടില്ല ഇന്നും !

പണ്ടെന്നോ അലക്കാൻ വൈകിയതാണ് 

ജന്മാന്തരങ്ങൾക്കു മുൻപ് 

അതിന്റെ ഒന്നും ഉണങ്ങിയിട്ടില്ല ഇന്നും !

പണ്ടെന്നോ നിറഞ്ഞൊന്നു ചിരിച്ചതാണ് 

ജന്മാന്തരങ്ങൾക്കു മുൻപ് 

അതിന്റെ ഓർമ്മ പോലും ഓർമ്മയാണ് ഇന്ന് 


Sunday, January 12, 2025

പ്ലം കേക്ക്

 1992- 97 .....ജീവിതത്തിലെ ഏറ്റവും നല്ല മാസം ഡിസംബർ , ഏറ്റവും നല്ല പലഹാരം പ്ലം കേക്ക് , ഏറ്റവും നല്ല സ്ഥലം പാലാ , ഏറ്റവും excitement ഉള്ളത് നക്ഷത്രം തൂക്കാനും പുൽക്കൂടൊരുക്കാനും ... ഒരു വർഷം 365 ദിവസം ഉണ്ടെങ്കിലും , ജീവിതം മൊത്തത്തിൽ ഡിസംബർ 20 തൊട്ട് 30 വരെ യുള്ള 10 ദിവസത്തേക്ക് ചുരുങ്ങുമായിരുന്നു എനിക്ക് ... 

തൊടുപുഴ അപ്പുറം ഹൈറേഞ്ചിൽ ഉള്ള വല്യമ്മേടെ മോൻ അപ്പുക്കുട്ടന് കാർഡ് അയക്കുന്ന ഒരു പരിപാടിയുണ്ട്. അവൻ തിരിച്ചയക്കുന്ന കാർഡ് കിട്ടുന്നതിലും വലിയ ഒരു കിക്ക്‌ ഈ ജന്മം ഇനി കിട്ടുമോ ആവോ ! 

നക്ഷത്രം വാങ്ങുന്നതിനു 16 രൂപ വേണം ....വിഷു കൈനീട്ടം കിട്ടുന്ന പൈസ അടക്കം സ്വരൂപിച്ചിട്ട് നമ്മൾ അത് സിമ്പിൾ ആയി വർക്ക് ഔട്ട് ചെയ്‌തെടുക്കും . ഒരു വർഷം മുഴുവൻ ഞാൻ സമ്പാദിച്ചിരുന്നത് ഒരു നക്ഷത്രത്തിന് വേണ്ടി ആയിരുന്നു ...അന്നെനിക്ക് അതിൽ കൂടുതൽ ഒന്നും ആവശ്യമില്ലായിരുന്നു !! (ഒരു തവണ 25 രൂപയ്ക്കു വാൽനക്ഷത്രം വരെ വാങ്ങിച്ചു )

പുൽക്കൂടൊരുക്കാൻ ഉണ്ണീശോ പുല്ലു പറിക്കാൻ പോകുമ്പോ ഡിസംബറിന്റെ ഒരു കാറ്റുണ്ട് ... അമ്മോ ..പറയാൻ വയ്യ !! ഗ്ലാഡിയേറ്റർ മൂവിയിൽ മാക്സിമസ് അയാളുടെ ഓർമ്മയുടെ അല്ലെങ്കിൽ  ബോധത്തിന്റെയും  അബോധത്തിന്റെയും ഇടനാഴികളിൽ വെച്ചെവിടെയോ കൊല ചെയ്യപ്പെട്ട മകനെയും ഭാര്യയെയും കാണുന്ന സീനില്ലേ അതിലൊരു സംഗീതമുണ്ട് ..എന്റെ ഓർമ്മകിലെ പുൽക്കൂടുകൾക്ക് ആ സംഗീതമാണെന്ന് ഞാൻ എവിടെ വെച്ചോ തിരിച്ചറിഞ്ഞിട്ടുണ്ട് .  എന്തൊരു നിറവായിരുന്നു കർത്താവെ !!

പ്രവിത്താനം പള്ളി പെരുന്നാൾ നവംബർ മൂന്നാമത്തെ ഞായറാഴ്ച ..പാലാ ജൂബിലി ഡിസംബർ ആദ്യത്തെ ഞായറാഴ്ച്ച ... അങ്ങനെ അങ്ങനെ ആണ് പോക്ക് ...അപ്പുകുട്ടൻ മാരാരുടെ തായമ്പക ആറാം കാലത്തിൽ പെരുക്കി കേറുമ്പോലെയാണ് ഡിസംബറിന്റെ അവസാനത്തെ പകുതി ... ദിവസം തീരല്ലേ എന്നാണ് എന്നും പ്രാർഥിക്കുന്നത് !!pursuit of happyness മൂവിയിൽ വിൽസ്മിത് ജോലി കിട്ടിക്കഴിഞ്ഞു ഇറങ്ങി നടക്കുന്ന ആനടപ്പില്ലെ .. അങ്ങനെയാണ് ഞാൻ ആ കാലത്തു ഫുൾ നടക്കുന്നത് !!

 അന്നും കടുത്ത ശിവ ഭക്തനാണ് .. ഡിസംമ്പറിൽ ആണ് ഏറ്റവും കൂടുതൽ അമ്പലത്തിൽ പോകുക . വേഴങ്ങാനത് ശിവന്റെ അമ്പലത്തിൽ പോയിട്ട് പറയും കാര്യങ്ങൾ ...പലതരം കാര്യസാധ്യതിനായാണ് പോക്ക് !!ഉണ്ണി യേശു ജനിക്കുന്നതുമായി ബന്ധപ്പെട്ട്‌ ശിവന്റെ അടുത്ത് ഏറ്റവും കൂടുതൽ ഹർജി സമർപ്പിച്ച ആൾ ഞാനായിരിക്കണം .  "കെടും ഓഫാകും കെടും ഓഫാകും " അങ്ങനത്തെ ചില നക്ഷത്രങ്ങൾ ഉണ്ട് ... ആഡംബരം ആണ് എന്നാലും ഭഗവൻ കനിയണം . പിന്നെ പടക്കം മേടിക്കാൻ ഒരു 50 രൂപ എങ്ങനെ എങ്കിലും കനിവ് തോന്നി ഒപ്പിച്ചു തരണം ... അങ്ങനെയുള്ള ആവശ്യങ്ങൾ !! ജോലി കിട്ടി കഴിഞ്ഞാൽ ഞാൻ ഒരു 100 രൂപയ്ക്കു പടക്കം മേടിക്കുമെന്ന് ഞാൻ മനസ്സിൽ ആണയിട്ട കാലം .

വെളുപ്പിനെ 5 മണിക്ക് എണീക്കും ... പഠിക്കാനുള്ള  പുസ്തകം തുറന്നു കാതോർതിരിക്കും ...5.30 ക്ക് പള്ളിയിൽ നിന്ന് പാട്ടു കേൾക്കും " കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ " " ഇസ്രയെലിൻ നാഥനായി വഴുമേക ദൈവം " " യഹൂദിയായിലെ ഒരു ഗ്രാമത്തിൽ " ... KGF കണ്ടിട്ട് പുളകം കൊള്ളുന്ന ഇപ്പോളത്തെ ചെക്കന്മാരില്ലേ .. ആ പുളകം കൊള്ളൽ ഒറ്റ വിഷ്വൽ പോലുമില്ലാതെ ഒരു കിലോമീറ്റർ അകലെയുള്ള പള്ളി മൈക്കിലെ ശബ്ദത്തിൽ കിട്ടിയിരുന്ന കാലം !! 

ഏകദേശം 30 കൊല്ലങ്ങൾക്കിപ്പുറം , മറ്റേതോ ജന്മത്തിൽ കഴിഞ്ഞത് പോലെ തോന്നുമെങ്കിലും ഒന്നുടെ ഇരുത്തി ആലോചിക്കുമ്പോൾ എല്ലാം ശരിയാണ് ... എന്നോടേറ്റവും ഉള്ളുതുറന്ന് സംസാരിച്ച മനുഷ്യർ... ഏറ്റവും ഉള്ളു തുറന്നു സ്നേഹിച്ചവർ ...ഉള്ളറിഞ്ഞു കൂടെ നിന്നവർ ...ഉള്ളംപോലെ കൊണ്ട് നടന്നവർ ... അവരിൽ ഒട്ടുമുക്കാൽ മനുഷ്യരും ക്രിസ്ത്യാനികൾ ആണ് . ... ആലോചിക്കുമ്പോൾ എല്ലാം ശരി തന്നെയാണ് !!!

എന്റെ ബാല്യത്തിലെ  ഏറ്റവും സുഗന്ധപൂരിതമായ ഡിസംബർ ഓർമ്മകൾ , ജന്മാന്തരങ്ങളിൽ ഞാൻ കണ്ടുമുട്ടിയേക്കാവുന്ന ചില സ്നേഹങ്ങളുടെ മെഴുകുതിരി വെളിച്ചം പോലെ ഇപ്പോളും ഉള്ളിൽ കത്തുന്നുണ്ടെന്ന് ഞാൻ കരുതുന്നു !! നന്ദി !!!

Wednesday, December 25, 2024

എംടി

 ഇന്ന് 2024ഡിസംബർ 25. ഈ ജന്മം , ഗുരുക്കന്മാരായി കരുതിയ വളരെ ചുരുക്കം പേരിൽ ഒരാൾ ഇന്ന് പ്രാണൻ വെടിഞ്ഞു . എന്റെ 39 വർഷങ്ങളിൽ ഏറ്റവും മുന്തിയ പ്രാണനുകളിൽ ഒന്നായി എനിക്ക് തോന്നിയതിലൊന്നു ഇന്ന് നിലച്ചു . മാടത്തു തെക്കേപ്പാട്ടു വാസുദേവൻ നായർ . 

സ്വാസ്ഥ്യം എന്നൊരു അവസ്ഥ ഉണ്ടെന്നും അതിലേക്കുള്ള വഴി മിതത്വം ആണെന്നും പഠിപ്പിച്ചൊരാൾ ! അളവറ്റതൊന്നും സ്വാസ്ഥ്യത്തിലേക്ക് എത്തിക്കില്ലെന്നു പഠിപ്പിച്ചൊരാൾ !!! എഴുതാൻ ഒന്നുമില്ല ഇന്ന് ഇനി . വഴി കാണിച്ച ആൾക്കാരിൽ ഒരാൾ എന്നെന്നേക്കുമായി ഇല്ലാതായി !! എലിപ്പന്തയങ്ങളിൽ മനസ്സ് ചത്തു നിൽക്കുമ്പോൾ കാലമേ എനിക്കിനിയും "കാലം " വായിക്കാം എന്നുള്ള ഒറ്റ വിശ്വാസത്തിൽ ഞാൻ നിർത്തട്ടെ !!

Tuesday, December 3, 2024

ഒറ്റക്കണ്ണിൽ ഉറങ്ങുന്നവൻ

 മകരത്തിലും പുതപ്പു പുതക്കാറില്ല , ഉറങ്ങിയെങ്ങാനും പോയാലോ !

കസേരയിൽ ചാഞ്ഞൊന്നിരിക്കാറില്ല, തണ്ടാണെന്നു കരുതിയാലോ !

തെളിഞ്ഞൊന്നു ചിരിക്കാറില്ല , സന്തോഷമാണെന്നു ധരിച്ചാലോ ! 

ഇഷ്ടമുള്ളത് കഴിക്കാറില്ല , ആരേലും കണക്കു പറഞ്ഞാലോ !

കൂട്ടുകാരെന്ന ലിസ്റ്റ്‌ നിലവിലില്ല , വിശ്വാസം കളഞ്ഞു പോയാലോ !

അമ്മയെ വിളിക്കാറില്ല , അറിയാതെങ്ങാനും കരഞ്ഞു പോയാലോ !

ഒറ്റയ്ക്കിരിക്കാറുണ്ട് , കുറച്ചു സമയം മരിച്ചിട്ട് പിന്നെ എണീറ്റോടും !!!



Friday, November 15, 2024

ചെകുത്താൻ

 അമ്പലത്തിൽ പോയി വഴിപാട് കഴിച്ചു 

എല്ലാം കൂടി എത്ര രൂപ ആയി എന്ന് ചോദിച്ചു 

കൂട്ടി നോക്കിയപ്പോ 666 രൂപ ആയെന്ന് !!

അയാളൊന്നു ഇരുത്തി നോക്കിയപ്പോ പറഞ്ഞു 

" അകത്തുള്ള ആളുമായി ഒരു സമാധാന ചർച്ചക്ക് വന്നതാണെന്ന് " !!!