Wednesday, August 5, 2026

ജെസ്റ്റൻ

 ഇത് നിനക്കായി ഞാൻ എഴുതുന്നതാണ് . 

കൈവെള്ളയിൽ കടലുണ്ടായിരുന്ന ഒരാളെ ഞാൻ ആദ്യമായി കണ്ടത് കോളേജിൽ ജോയിൻ ചെയ്ത അന്നാണ് . എനിക്ക് പിന്നീടെന്നോ നിമിത്തങ്ങളിൽ വിശ്വാസം വന്നു തുടങ്ങിയതിനൊരു കാരണം ആ ദിവസം ആണ് . അന്ന് ആ ക്ലാസ് റൂമിലേക്ക് ചെന്ന് ആദ്യമായി ഞാൻ പോയിരുന്നത് അവന്റെ അടുത്തായിരുന്നു. 22 വർഷങ്ങൾക്കിപ്പുറം, എന്നെ ത്രസിപ്പിക്കുന്ന ഒരു പുസ്തകമോ സിനിമയോ കണ്ടാൽ , മുന്നും പിന്നും നോക്കാതെ അത് പങ്കിടാൻ തക്ക അടുപ്പമുള്ള ഒറ്റ ഒരാളെ ഉള്ളു ഇന്നും എന്റെ contact ലിസ്റ്റിൽ . മഴ നനഞ്ഞൊട്ടിയ ഒരു മലയോര ഹൃദയം സ്നേഹത്തോടെ കൈക്കുമ്പിളിൽ സ്വീകരിച്ചത് അന്നും ഇന്നും അവനാണ്‌ . 

ഞങ്ങളൊരുമിച്ചാണ് പെന്റാ മേനകയിലെ സിഡി വിൽക്കുന്ന കടയിൽ കാവ്യഗീതികൾ അന്വേഷിച്ചു തെണ്ടിയത് 

ഞങ്ങൾ ഒരുമിച്ചാണ് നാറാണത്ത് ഭ്രാന്തനും രേണുകയും ഒരായിരം തവണ കേട്ടത് 

ഞങ്ങൾ ഒരുമിച്ചാണ് ഗുൽമോഹർ ഉം കയ്യൊപ്പും  കണ്ടു കണ്ണ് നിറഞ്ഞത് 

ഞങ്ങൾ ഒരുമിച്ചാണ് ക്ലിന്റ് ഈസ്ടവൂഡ് നെ പഠിച്ചത് , ഉണ്ടത് ... ഉറങ്ങിയത് 

ഞങ്ങൾ ഒരുമിച്ചാണ് മോർഗൻ ഫ്രീമാൻ നെ കണ്ടു കോരിത്തരിച്ചതു 

ഞങ്ങൾ ഒരുമിച്ചാണ് എംടി യെ വായിച്ചത് , കണ്ടത് , കേട്ടത് 

ഞങ്ങൾ ഒരുമിച്ചാണ് ഖസാക്കിൽ ജീവിച്ചത് 

ഞങ്ങൾ ഒരുമിച്ചാണ് സീസണും താഴ്‌വാരവും വാനപ്രസ്ഥവും കണ്ടു ഞെട്ടിയത് 

ഞങ്ങൾ ഒരുമിച്ചാണ് "സഫലമീ യാത്ര" മന പാഠമാക്കിയത് 

ഞങ്ങൾ ഒരുമിച്ചാണ് മുംബൈ തെരുവിൽ രാവു വെളുക്കുവോളം ലോകകപ്പ് വിജയത്തിൽ മതി മറന്നത് 

ഞങ്ങൾ ഒരുമിച്ചാണ് റഹ്മാൻ നെ കേട്ടത് , സച്ചിനെ കണ്ടത് , റൊണാൾഡീഞ്ഞോയെ കൊതിച്ചത് 

അവനാണ് അഗസ്ത്യ ഹൃദയം ചൊല്ലിയെന്നെ അടിമയാക്കിയത് 

അവനാണ് കടലിന്റെ ഓട്ടോഗ്രാഫ് എനിക്ക് വാങ്ങിച്ചു തന്നത് 

അവനാണ് ഈ ബ്ലോഗ് ഞാൻ ഓർമ്മപെടുത്താതെ ഓർമ്മയിൽ കൊണ്ട് നടക്കുന്ന ഒരേ ഒരാൾ 

---------------------------------------------------------------------

തലക്കെട്ടിൽ മുഴുവൻ പേരു പോലും വെയ്ക്കാത്തതു ഒറ്റ കാരണം : ഇതിൽ മുഴുവൻ ജെസ്റ്റൻ മാത്രമേയുള്ളു മാത്രം 



Sunday, July 19, 2026

പ്രവാസം

 ജന്മ ദേശം ഒരു സ്ഥലം മാത്രമല്ല , ഒരു മാനസികാവസ്ഥ കൂടിയാണ് - ദാർവീഷ് പറഞ്ഞതാണ് !

എന്ന് മുതൽക്കോ പ്രവാസത്തിലാണ് . പതിനേഴാം വയസ്സിൽ എടുത്തു ചാടിയതാണ് പ്രവാസത്തിന്റെ നടുക്കടലിൽ. കര പറ്റാൻ വേണ്ടി പോലുമല്ല അന്നങ്ങനെ ചെയ്തത് , എന്തിനോ വേണ്ടി ചെയ്തു ! 23 വർഷങ്ങൾക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോൾ അണയെണ്ട തീരം, തുടങ്ങിയടത്തു തന്നെ ആണെന്ന് തിരിച്ചറിവുണ്ടാകുന്നു . 

കടൽ കേട്ടറിവ് മാത്രമായ കുന്നും മലകളും ആവോളം ഉണ്ടായിരുന്നൊരു ബാല്യം. അവിടെ നിന്നാണ് ഓട്ടം തുടങ്ങിയത്. സമയം ആയിരുന്നു എല്ലാം ! അങ്ങനെയാണ് പഠിപ്പിച്ചതും പഠിച്ചതും സമയത്തു തീർക്കണം സർവ്വതും. സമയത്തു തീർത്താൽ സർവ്വ നരകങ്ങളും നിനക്ക് ഒഴിവു തരും !! അങ്ങനെയാണ് പഠിപ്പിച്ചത് . പഠിപ്പിച്ചതിനേക്കാൾ ആഴത്തിൽ ഞാൻ പഠിച്ചു പോയെന്നു പലരും ഈ കാലത്തിനിടയിൽ പറഞ്ഞു.- "അവനെല്ലാത്തിനും ധൃതിയാണ് " 

" കുറച്ചൊന്നു ഇരിക്കെടാ എന്നിട്ട് പോകാം " 

"വന്നു കേറിയില്ല അതിനു മുൻപ് പോകണം അല്ലെ "

"ഒന്ന് ചവച്ചു കഴിക്കു , തൊണ്ടയിൽ കുടുങ്ങും ഇങ്ങനെ കഴിച്ചാൽ "

"കടയിലേക്ക് വരണ്ട ദയവു ചെയ്ത്‌ വണ്ടിയിൽ ഇരുന്നാൽ മതി "

" ഒരഞ്ചു മിനിറ്റ്‌ അല്ലെ ലേറ്റ് ആയത് , അതിനു ഇത്ര ഷോ ഇറക്കണ്ട കാര്യമൊന്നുമില്ല "

അങ്ങനെ അങ്ങനെ നിരവധി !! 

സമയത്തു തീർക്കാൻ എന്തൊക്കെയോ ഉണ്ടെന്നെപ്പോളും , ഏതുറക്കത്തിലും തോന്നിത്തുടങ്ങിയ കാലത്തു പലതും ഞാനറിയാതെ എന്റെ ഘടികാരത്തിനിടയിലൂടെ ഊർന്നിറങ്ങി പോയത് ഞാനറിഞ്ഞേയില്ല. 2004 ലാണ് പാലാ വിടുന്നത് !!!

ഒരുപാടു മനുഷ്യരെ കണ്ടു , മനുഷ്യരെന്നു പേരുള്ളവരെ കണ്ടു , സ്ഥലങ്ങൾ കണ്ടു , മണങ്ങൾ അറിഞ്ഞു , വിമാനങ്ങളും കപ്പലുകളും ട്രെയിനുകളും മാറി മാറി കയറി  ,  കടലു കണക്കെ കടലു കണ്ടു !!! 

പക്ഷെ എന്നിട്ടിപ്പോളും , ഇന്നും , "പുലരാൻ തുടങ്ങുമൊരു രാത്രിയിൽ " എന്ന് തുടങ്ങുന്ന പുത്തഞ്ചേരി വരികൾ കേട്ടാൽ പാലാ കുരിശു പള്ളിയും ക്രിസ്തു മസ്സും വേഴങ്ങാനം അമ്പലവും പുറക്കാട്ടു വീടും പന്നിയിറച്ചിയും  ഉണക്കു കപ്പയും മാത്രമേ മനസ്സിൽ വരുന്നുള്ളു , സത്യമായും. ഇനിയെത്ര കാലം കഴിഞ്ഞാലും മറ്റൊന്നും വരാനുമില്ല .

കാപ്പി പൂക്കുന്ന തൊടികൾ , ചക്കയും കപ്പയും ചേമ്പും ചേനയും കൈതച്ചക്കയും അടുക്കളപ്പുറത്തു നിറഞ്ഞൊരു  വീട് , റബ്ബർ ഷീറ്റ് മണക്കുന്ന മുറ്റം , ഓവ് വിജയൻ തൊട്ടു പവിത്രൻ തീക്കുനി വരെയുള്ളവർ ഭരിച്ച ഞാൻ കിടന്നുറങ്ങിയിരുന്ന എന്റെ പുസ്തക മുറി. ഈ ജന്മം, ഇതിലും ആഡംബരം എനിക്ക് സാധ്യമാവില്ലെന്നാണ് ഇന്നെന്റെ ഏറ്റവും വലിയ തിരിച്ചറിവ്.  

 സ്വർണ നിറമുള്ള മനോഹരമായ കടൽത്തീരങ്ങളും ആവോലിയും നെയ്മീനും എല്ലാം എനിക്ക് സാധ്യമായെങ്കിലും മനസ്സിലെ ഘടികാരം എന്നോട് പറയുന്നത് മടങ്ങി പോകാൻ മാത്രാമാണ്.

  വണ്ടിയോടിച്ചു പോകുന്ന വഴി എന്നെങ്കിലും എവിടയെങ്കിലും വെച്ച് ഒരു KL35 വണ്ടി കണ്ടാൽ , അതിനി എത്രാമത്തെ തവണ ആയാലും ഒരു കുഞ്ഞു ചിരി എന്റെ മുഖത്ത് വരും . ആ ചിരി കണ്ടു പരിചയമുള്ള വണ്ടിയിലെ  കുഞ്ഞു പ്രവാസി എന്നോട് പറയും " അച്ഛാ ദേ !!!" 



Sunday, June 7, 2026

ഓർമ്മ !

 ഞാനിടയ്ക്കിരുന്നിങ്ങനെ ആലോചിക്കും , സ്നേഹമാണോ അതോ ഓർമ്മയാണോ വലുത് !?

അല്ലെങ്കിൽ നല്ലത് ? അല്ലെങ്കിൽ എന്താണത് തമ്മിലുള്ള ബന്ധം ! ആവോ അറിയില്ല !! കുറച്ചു കൂടി പിടി തന്നത് ഓർമ്മയാണ് ... അല്ലെങ്കിൽ ഓർമ്മകളാണ് ! സ്നേഹം പോലും നമ്മൾ ആവാഹിച്ചെടുത്തു പൊതിഞ്ഞു വെച്ചിരിക്കുന്നത് ഓർമ്മയുടെ വർണ്ണക്കടലാസിലാണ് . ആവാഹനം എന്ന് പറഞ്ഞത് മനപൂർവ്വമാണ്. കാരണം നമ്മുടെ ബോധത്തിലെ ഏറ്റവും പോപ്പുലർ ആയ ഒരു വികാരമായിരുന്നിട്ടു കൂടി നമുക്കിപ്പോളും മര്യാദക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒന്നാണ് സ്നേഹം ! "മൊത്തത്തിൽ ഒരു പൊക മയം" അതുകൊണ്ടു ആവാഹനമേ നിവർത്തിയുള്ളു . അത് പോട്ടെ !!

 ഓർമ്മകൾ ഇടയ്ക്ക് നമ്മൾ പോലും അറിയാതെ നമ്മളോട് പിണങ്ങി ചിലപ്പോ ഇറങ്ങി പോയെന്നിരിക്കാം ... പക്ഷെ ഇറങ്ങി പോകാത്ത ചിലർ ഉണ്ട് . അങ്ങനെയിറങ്ങി പോകാത്തവരെല്ലാവരും കൂടി ഉണ്ടാക്കിയതാണ് നമ്മൾ. ഓർമ്മകൾ ഇറങ്ങി പോയ മനുഷ്യർ തന്മാത്രയിലെ രമേശനെ പോലെ കാറ്റില്ലാത്ത ബലൂൺ പോലെ അർഥശൂന്യരായി പോകും .തീർന്നു പോകും . 

ഏതറ്റം മുതൽ തുടങ്ങണം എന്നറിയാൻ പാടില്ലാത്ത അത്ര ഓർമ്മകൾ ! മറക്കരുതെന്ന് വാശി പിടിച്ചു മനസ്സിനെ പറഞ്ഞു പഠിപ്പിച്ച ചില ഓർമ്മകളുണ്ട് ... ചിലതല്ല ഒരുപാടുണ്ട് !!

വലുതെന്നു തോന്നിയ പല മനുഷ്യരെ അടുത്തു കണ്ടപ്പോളും പരിചയപ്പെട്ടപ്പോളും നിരാശയാണ് ഫലം. ഒരുപാട് വലുതെന്നു തോന്നിയ ഒരാളെ ഞാൻ കുറച്ചകലെ നിന്ന് കണ്ട ഒരു കാഴ്ച പറയാം. 2009 ലെ ഒരുച്ച സമയം . എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ . ഞാൻ മുംബൈക്ക് പോകാൻ ഗരീബ് രധ്‌ ട്രെയിൻ കാത്തു ഒന്നാമത്തെ പ്ലാറ്റഫോമിൽ നിൽക്കുന്നു. നല്ല തിരക്ക് . ഏതോ ട്രെയിൻ വടക്കുന്നു വരുന്നു. ഞാൻ വെറുതെ ഇങ്ങനെ നോക്കിയപ്പോൾ തേർഡ് എ സി കംപാർട്മെന്റിൽ നിന്ന് ഒരാൾ പുറത്തിറങ്ങുന്നു. നീളൻ ജുബ്ബയും മുണ്ടും വേഷം . കയ്യിലൊരു ചെറിയ ചുവന്ന ട്രോളി ബാഗ് . എന്റെ മനസ്സിൽ ഒരായിരം തൃശൂർ പൂരം ഒരുമിച്ച് കൊടി കയറി . ഈ ജന്മം മരിക്കും മുൻപ് കാണാൻ ആഗ്രഹിച്ച വളരെ ചുരുക്കം മനുഷ്യരിൽ ഒരാൾ.  എനിക്ക് അടുത്ത് പോകണമെന്നുണ്ട്. ആ കൈ ഒന്ന് തൊടണമെന്നുണ്ട് പക്ഷെ ഞാൻ സ്തബ്ധനായി അദ്ദേഹത്തെ നോക്കി നിൽപ്പാണ് . എന്റെ ഉള്ളിലെ ആരാധനയുടെ ആഴം കൊണ്ടാകാം അദ്ദേഹത്തിന്റെ കണ്ണുകൾ  അറിയാതെ എന്റെ മുഖത്ത് വീണു . എന്റെ അന്ധാളിപ്പും ആവേശവും ആരാധനയും തിരിച്ചറിഞ്ഞിട്ടാകാം അദ്ദേഹം എന്നെ നോക്കി ഒന്ന് ചെറുതായി ചിരിച്ചു. എന്റെ അടുത്തുനിന്ന ഒരമ്മ  എന്നോട് അതാരെന്നു ചോദിച്ചു.. ശബ്ദം പുറത്തു വന്നില്ല എന്നിട്ടും ഞാൻ പറഞ്ഞൊപ്പിച്ചു -' അതാണ് സാക്ഷാൽ ഗിരീഷ് പുത്തഞ്ചേരി !!!' ഞാൻ അദ്ദേഹത്തിന്റെ പേര് ഒരുവിട്ടത് മനസ്സിലാക്കി നിറഞ്ഞൊന്നു ചിരിച്ചിട്ട് അദ്ദേഹം കണ്ണിൽ നിന്ന് മറഞ്ഞു ! ആത്മാവിൽ തൊട്ട ആ മഹാനുഭാവനെ കുറിച്ചുള്ള ഓർമ്മ ... അതെന്റെ ഏറ്റവും വലിയ ഓർമ്മകിൽ ഒന്നാണ് . 

 ഇനിയൊന്നു തികച്ചും സ്വകാര്യമായതൊന്നാണ്. എനിക്കേറ്റവും പ്രിയപ്പെട്ട ഓർമ്മകളിൽ ഒരെണ്ണം. എന്റെ വല്യമ്മാവന്റെ ഇളയ മകൾ. കവിത എന്ന് പേരുള്ള എല്ലാവരും അല്ലി എന്ന് വിളിക്കുന്ന ഒരേ ഒരു അല്ലി കുഞ്ഞു.‌ 12 വയസ്സിനു എന്നേക്കാൾ വയസ്സിനു മൂത്തതായിരുന്നിട്ടു കൂടി ഞാനും വിളിച്ചിരുന്നത് "അല്ലികുഞ്ഞേ" എന്നാണ് . 

ഇടുക്കിയാണ് സ്ഥലം . എന്റെ ബാല്യത്തിലെ ഏറ്റവും നിറമുള്ള ഓർമ്മ അല്ലികുഞ്ഞായിരുന്നു.  സ്‌കൂൾഅവധിക്കു എപ്പോൾ ചെന്നാലും പറയുന്നതെന്തും ചെയ്തു തരും , ഉള്ളതെന്തും പകുത്തു തരുന്നൊരാൾ അങ്ങനെ ഒരാളെ ആ കാലത്തെനിക്ക് വേറെ പരിചയമേ ഇല്ലായിരുന്നു .അംബു കുട്ടൻ എന്ന പേര് ലോപിച്ചു ലോപിച്ചു "അട്ടൻ " എന്നായിരുന്നു എന്നെ വിളിച്ചിരുന്നത് . അതിനു മുൻപോ അതിനു ശേഷമോ എന്നെ ആരും അങ്ങനെ വിളിച്ചിട്ടില്ല ഇനിയൊട്ട് വിളിക്കുകയും വേണ്ട . 

 അമ്മയുടെ പേര് പുഷ്പ എന്നാണെകിലും അല്ലി കുഞ്ഞു വിളിച്ചിരുന്നത് "പുപ്പാന്റി " എന്നാണ് . പുഷ്പാന്റി ലോപിച്ചാണ് പുപ്പാന്റി ആയതു . ഞാനും അല്ലി കുഞ്ഞേ എന്ന് വിളിക്കുന്നത് കേട്ടിട്ട് ഒരു ദിവസം അവിടുന്ന് മടങ്ങുമ്പോൾ 'അമ്മ എന്നോട് പറഞ്ഞു 'അല്ലിയെ അങ്ങനെ ഒന്നും വിളിക്കല്ലേ ....അല്ലി ഒരുപാടു എടുത്തു നടന്നിട്ടുള്ളതാണ് കുഞ്ഞിലേ നിന്നെ' എന്നിട്ടമ്മ എനിക്കോർമ്മ തുടങ്ങാത്ത കാലത്തേ ഒരു സംഭവം പറഞ്ഞു - എനിക്കന്നു വയറ്റിളക്കം പിടിപെട്ടിരിക്കുവാണ് (ചക്കപ്പഴം , മാങ്ങാപ്പഴം , തേൻ എന്ന് വേണ്ട സർവ്വതും രാവിലെ മുതൽ അടിച്ചു കേറ്റും അല്ലി കുഞ്ഞിന്റെ കൂടെ നടന്നു,  അങ്ങനെ കിട്ടിയ പണിയാണ് ).  അങ്ങനെ ഞാൻ മുറ്റത്തു അപ്പിയിട്ടു വെച്ചു. 4 വയസ്സോ മറ്റോ ഉള്ളു. അമ്മ വിവരം അറിഞ്ഞു വന്നപ്പോളേക്കും അപ്പിയൊക്കെ കോരികളഞ്ഞു എന്നെ കുളിപ്പിച്ച് നിർത്തിയിട്ടുണ്ടായിരുന്നു. എന്തിനാ അല്ലി , ഞാൻ ചെയ്തേനെല്ലോ എന്ന് ചോദിച്ചതിന് അലികുഞ്ഞിന്റെ മറുപടി ഇങ്ങനെയാണ് " അതിനെന്നാ പുപ്പാന്റി നമ്മടെ അട്ടനല്ലെ " എന്നാണ്. അത് പറയുമ്പോ അമ്മയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു. 15 അല്ലെങ്കിൽ 16 വയസ്സുള്ള ഒരു പെൺകുട്ടിക്ക് പറയാൻ സാധിക്കാത്ത ഒന്നാണ് ആ പറഞ്ഞതെന്ന ബോധ്യം എനിക്ക് പിന്നീടുണ്ടായി. എനിക്ക് ആ ബോധ്യം ഒക്കെ ഉണ്ടായ കാലത്തു അല്ലിക്കു വയ്യാണ്ടായി . 

ഞാൻ അവസാനം കാണാൻ പോകുമ്പോൾ വീൽ ചെയറിൽ ആയിരുന്നു. ഞാനന്ന് 10 ക്ലാസ്സിൽ ആയിരുന്നു. തീരെ വയ്യാതെ ആയിരുന്നു. എന്നെ കണ്ടപ്പോൾ നിറഞ്ഞു ചിരിച്ചു ." അട്ടനെ കണ്ടിട്ടെത്ര നാളായി ഒന്നടുത്തു വന്നേ ഞാനൊന്നു ശരിക്കു കാണട്ടെ "  അങ്ങനെയാണ് പറഞ്ഞത് . എനിക്ക് കരയാൻ വരുന്നുണ്ടായിരുന്നു . അമ്മ നിന്ന് കരയുന്നുണ്ടായിരുന്നു തൊട്ടടുത്ത് . എന്റെ കയ്യിൽ പിടിച്ചിട്ട് അമ്മയോട് പറഞ്ഞു " അട്ടനു മീശയൊക്കെ വന്നല്ലോ പുപ്പാന്റി ... എനിക്ക് സന്തോഷായി ... കാണാൻ പറ്റിയല്ലോ " . എന്റെ ഒരു തുള്ളി കണ്ണീർ അല്ലികുഞ്ഞിന്റെ മടിയിൽ വീണു. എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു " അട്ടനു വരിക്കചക്കേം തേനും ഭയങ്കര ഇഷ്ടാ ...അമ്മ എടുത്തു കൊടുത്തേ .. കൊച്ചു കഴിക്കട്ടെ ...". 2 മാസങ്ങൾക്കപ്പുറം വൈകിട്ട് 3 മണിക്ക് ഞാൻ സ്‌കൂളിൽ ഉള്ളപ്പോൾ ടീച്ചർ പറഞ്ഞു അംബരീഷിന്റെ ഫാദർ വന്നിട്ടുണ്ട് . ബാഗ് പാക്ക് ചെയ്തു വാ " ഞാൻ പപ്പയോടു ചോദിച്ചില്ല ഒന്നും . പപ്പ എന്നോട് പറഞ്ഞു - അല്ലി പോയി . കഥയിലും നോവലിലും മാത്രം കേട്ട് പരിചയിച്ച ഒരു വാക്കെനിക്ക് അന്നാണ് പരിചയത്തിൽ വന്നത് - ശൂന്യത - എനിക്ക് അന്നാണ്‌ ജീവിതം ശൂന്യമായി പോയെന്നു ആദ്യമായി തോന്നിയ  നാൾ ! അല്ലി കുഞ്ഞു പോയ നാൾ, സ്വാർഥതയ്ക്കപ്പുറം മനുഷ്യനുണ്ടെന്ന് പഠിപ്പിച്ച ഏറ്റവും പ്രിയപ്പെട്ട അല്ലികുഞ്ഞു പോയ നാൾ . 

ഓർമ്മകളിലും വലുതെനിക്കൊന്നുമില്ല ഒന്നും !!!


Friday, April 24, 2026

ഭ്രമം

 ഭ്രമിപ്പിച്ചിട്ടുള്ളവർ :

വാഴക്ക വരയൻ മീൻ 

പച്ച പനംതത്ത 

വെള്ള മുയൽ 

ഗിരീഷ് പുത്തഞ്ചേരി 

എംടി 

ഓ വി വിജയൻ 

അരുന്ധതി റോയ് 

സൗരവ് ഗാംഗുലി 

ബ്രയാൻ ലാറ 

പജീറോ 

ഡെൻസിൽ വാഷിഗ്ടൺ 

രഞ്ജിത്ത് 

ഖലീൽ ജിബ്രാൻ 

എന്നോട് വാദിക്കാത്ത 

എന്നെ നിർബന്ധിക്കാത്ത 

മൂന്നു പേരും 

പിന്നെ നീയും

Saturday, January 24, 2026

ടെൻഷൻ

അവൾ : അച്ഛാ , എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ എനിക്ക് തന്നേക്ക് 


ഞാൻ : അപ്പോൾ ?


അവൾ : ഞാൻ അത് മിക്കിക്ക് കൊടുക്കും 


ഞാൻ : അപ്പോൾ 


അവൾ : മിക്കി അതേതെലും പൂച്ചക്ക് കൊടുക്കും 


ഞാൻ : അപ്പോൾ 


അവൾ : പൂച്ചയ്ക്ക് ഒരിക്കലും ടെൻഷൻ ആകൂല്ല .. അപ്പൊ ok അല്ലെ 


ഞാൻ : All okay

Wednesday, January 7, 2026

സിനിമ പ്രേമി

സിനിമയായിരുന്നു എല്ലാം !

സിനിമയിലായിരുന്നു എല്ലാം !

ഉണ്ടതും കണ്ടതുമതെ ,

നാവിലും നോവിലും അതു തന്നെ !


കൂട്ടു പോലും സിനിമയെന്നായിരുന്നു 

അന്നൊരു നാളാണ് അവൻ പറഞ്ഞത് :

"നിന്നെ മറക്കണമെങ്കിൽ ഞാൻ എന്നെ തന്നെ മറക്കണ്ടേ "


പ്രണയം മുഴുവനും സിനിമയായിരുന്നു

അന്നൊരു നാളാണ് അവൾ പറഞ്ഞത് :

An offer you cant refuse " !!





Sunday, October 5, 2025

ത്രാണനം !

 കണക്കുത്തരറിയാതെ മുഖത്തേക്ക് നോക്കുന്ന 

നിന്നെ കാണാതെ കണ്ണടച്ചു, വയ്യതു കാണാൻ... 

അരങ്ങേറ്റത്തിന് ചിലങ്ക കെട്ടിയാടുമ്പോൾ  കണ്ണടച്ചു

തെറ്റിയാലോ എന്നോർത്ത് , വയ്യത് കാണാൻ ....

നീന്താൻ പെടുന്ന പാട് കണ്ടിട്ട് അന്നും 

കണ്ണടച്ചേയുള്ളു , വയ്യതു കാണാൻ ....

വരുമൊരു നാൾ, അന്ന് ഞാൻ പോകുമ്പോൾ,

നീയൊന്നു കണ്ണടച്ചേക്കണം, വയ്യെനിക്കങ്ങനെ പോകാൻ !!





Monday, September 22, 2025

ഞാൻ മരിച്ചാൽ

 22 female കോട്ടയം സിനിമയിൽ റ്റി ജി രവിയുടെ കഥാപാത്രം പറയുന്നുണ്ട് " when I die, I will miss me" എന്ന് . ഞാൻ ഇങ്ങനെ ഇരിക്കുമ്പോൾ ആലോചിക്കാറുണ്ട് ,  നമ്മൾ ഈ ലോകത്തു നിന്ന് പോകുമ്പോൾ എന്തൊക്കെ തരം വേർപാടാണ് നമ്മെ കാത്തിരിക്കുന്നതെന്ന് ! 

ചുറ്റുമുള്ള മനുഷ്യരെ മാറ്റി നിർത്തിയാൽ എനിക്ക് നഷ്ടമാകുന്ന ചിലതുണ്ട് ...അധികം ഒന്നുമില്ല ... കുറച്ചു കാര്യങ്ങൾ 

1. പാലാ തൊടുപുഴ റോഡിൽ ഒരാവശ്യവും ഇല്ലാതെ രാവിലെ ഒരു 10.30-12.30 സമയത്തുള്ള പാട്ടു കേട്ട് കൊണ്ടുള്ള  ഒരു ഡ്രൈവ് . (അതൊരു മരുന്നാണ് കാലങ്ങളായി )

2. ഉണക്ക്‌ കപ്പയും പന്നി ഇറച്ചിയും ബ്രേക്ഫാസ്റ് ആയി കഴിക്കുന്ന ഞായറാഴ്ചകൾ 

3. വാഗമൺ കട്ടപ്പന റൂട്ടിൽ കാറ്റു കൊണ്ട് വെറുതെ ഇരിക്കുന്നത് 

4. പാലാ  ബേക്കറിയിലെ ക്രീം ബൺ 

5. വുഡ്ലാൻഡ് ഷൂസ് ഇടുന്നത്‌ 

6. ഏറ്റുമാനൂർ അമ്പലത്തിൽ തൊഴുതിറങ്ങുന്നത് 

7. നഖം വെട്ടുന്നത് 

8. കഴുകി വൃത്തിയാക്കിയ കാറിൽ കേറി ഡ്രൈവ് പോകുന്നത് 

9. സിനിമ കാണുന്നത് 

ഇത്രേ ഒക്കെയേ ഉള്ളു ! 


വേർപാട് തോന്നിപ്പിക്കുന്ന മനുഷ്യരെ കുറിച്ച് ഞാൻ പറയുന്നില്ല ... അവരുടെ ലിസ്റ്റ് ഞാൻ ഇടുന്നില്ല ,നിനക്കു ചിലപ്പോ വിഷമം ആയാലോ , ആ ലിസ്റ്റിൽ നീ മാത്രമായി ഒറ്റപെട്ടു പോയാലോ !!!  

Tuesday, June 17, 2025

പോയ കാലമല്ലേ രവിയേട്ടാ !!

 മഴയാണ് ! നല്ല മഴ !! വിജയൻ പറഞ്ഞത് പോലെ , ഖസാക്കിലെ രവി കണ്ട വെളുത്ത മഴ !!!

മുൻപ് വായിച്ചെങ്കിലും ഖസാക്ക് ശരിക്കു വായിക്കുന്നത് 2002 ഇൽ ഒരു പെരുമഴയത്താണ് . പത്താം ക്ലാസ്സിലെ റിസൾട്ട് വന്നിട്ടുള്ള കാലം. പ്ലസ് വൺ അഡ്മിഷൻ ഏകദേശം ശരിയായിരുന്നു. ക്ലാസുകൾ തുടങ്ങാൻ ആ വർഷം ജൂലൈ അവസാനം ആയെന്നാണ് ഓർമ്മ  പ്രത്യേകിച്ച് യാതൊരു ബാധ്യതയുമില്ലാത്ത കാലം . രാപ്പകലുകൾ മൊത്തമായും ചില്ലറയായും സിനിമകളും പുസ്തകങ്ങളും വീതം വെച്ച കാലം. അക്കാലത്തു ഞാൻ വിചാരിച്ചിരുന്നത് ഞാനൊരു എഴുത്തുകാരൻ ആകുമെന്നാണ് ..കുറഞ്ഞപക്ഷം ഒരു ജേർണലിസ്റ്റ്‌ എങ്കിലും ആകുമെന്നാണ് . എന്റെ മലയാളം എന്റെ പ്രതീക്ഷയായിരുന്ന കാലം . 

സിനിമകൾ കാണാപാഠം ആകുന്നത് വരെ കാണും. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ കാണുന്നതും ഒരു പെരുമഴയത്താണ് , സോളമൻ ലോറി ഓടിച്ചു വീട്ടിൽ വരുന്ന ആദ്യത്തെ സീൻ തന്നെ എന്റെ മനസ്സിൽ തൊട്ടു . അത്രയും വൃത്തിയായി ഷൂട്ട് ചെയ്ത ഒരു "രാത്രി " അപൂർവ്വമായേ ഞാൻ കണ്ടിരുന്നുള്ളൂ. ആദ്യമായ്‌ പദ്മരാജൻ എന്ന പേര് ഞാൻ ശ്രദ്ധിക്കുന്നത് ആ സിനിമ കണ്ടിട്ടാണ്. അതിന്റെ ഒരു കാരണം ആ കഥയുടെ ഒരു അന്തരീക്ഷ നിർമ്മിതി എനിക്ക് അത്രമേൽ വിശ്വസനീയം ആയിരുന്നു. അതിലെ സോളമനെ പോലെ എന്റെ അറിവിൽ ഉണ്ടായിരുന്ന ഒരാൾ എന്റെ കൊച്ചച്ചൻ ആയിരുന്നു. മോഹൻലാൽ എന്ന നടൻ തന്റെ സകല നടന വൈഭവങ്ങളും മലയാളികളെ കാണിച്ചു സ്തബ്ധരാക്കുന്ന ഒരു കാലം .. 1986 മുതൽ 2000 വരെ .. ആ ഒരു കാലഘട്ടം കോളേജ് ജീവിതം ആഘോഷിക്കാൻ ഭാഗ്യം ലഭിച്ച അപൂർവ്വം മനുഷ്യന്മാരിൽ ഒരാളായിരുന്നു കൊച്ചച്ചൻ .എനിക്ക് "ചിത്രം "" ദശരഥം " അങ്ങനെ പലതും ആദ്യമായി കഥയായി പറഞ്ഞു തന്ന ആൾ . VCR  വാടകക്ക് എടുത്തു കൊണ്ട് വന്നു ഹിസ് ഹൈനെസ്സ് അബ്ദുള്ളയും , കിലുക്കവും ,കിരീടവും , നാടോടിക്കറ്റും വരവേല്പും തുടർച്ചയായി ഇട്ടു രാവും പകലും സിനിമ കണ്ടു തീർക്കാൻ എന്നെ പഠിപ്പിച്ച ഒരാൾ . (പിന്നീട് വർഷങ്ങൾക്ക് ശേഷം ഞാനും ജെസ്റ്റനും മുംബൈയിൽ വെച്ച് CIFE ഹോസ്റ്റൽ മുറിയിൽ ക്ലിന്റ് eastwood അഭിനയിച്ച 4 സിനിമകൾ ഒരു ഞായറാഴ്ച കൊണ്ട് കണ്ടു തീർത്ത ചരിത്രം ഉണ്ട് ).

ഏഴാം ക്ലാസ്സിൽ പഠിക്കുന്ന എനിക്ക് ആറാം തമ്പുരാന്റെ കഥ പറഞ്ഞു തരുന്നത് ഒരു ശനിയാഴ്ച രാത്രി വൈകി ഞങ്ങൾ രണ്ടു പേരും കൂടി നിർണ്ണയം കണ്ടു പിരിയാൻ നേരമാണ് .സിനിമകളിൽ മുങ്ങിത്താഴ്ന്നു കിടന്ന കാലം . മറ്റൊന്നും അന്നാലോചിച്ചു പോലുമില്ല . എന്റെ എല്ലാ ആകുലതകളെയും  ഞാൻ മറവികൾക്കു ഒറ്റി കൊടുത്ത കാലം . ആദ്യമായി തീയേറ്ററിൽ പോയി കണ്ട മോഹൻലാൽ സിനിമ ഉസ്താദ് ആണ് . പരമേശ്വരൻ ആയി അയാൾ ആടിത്തിമിർക്കുന്നത് ഞാൻ ഇപ്പോളും ഇടയ്ക്ക് യൂട്യൂബിൽ കാണും . പാലാ മഹാറാണിയിലെ എയർ ഫ്രഷ്‌നർ ഇപ്പോളും ഇരച്ചെത്തും ഓർമ്മകളിലേക്ക്. കൊച്ചച്ചൻ പരിചയപ്പെടുത്തി തന്ന കുറേ ബ്രാൻഡുകൾ ഉണ്ട് . അതിൽ സച്ചിൻ ഉണ്ട് , ലാറ ഉണ്ട് , ആംബ്രോസ് ഉണ്ട് വാൽഷ് ഉണ്ട് , ഫോക്സ് വാഗൻ ഉണ്ട് , പജീറോ ഉണ്ട് . വുഡ്ലാൻഡ് ഉണ്ട് . ബകാർഡി ഉണ്ട് , റോബർട്ടോ കാർലോസ് ഉണ്ട് , സ്റ്റെഫി ഗ്രാഫ് ഉണ്ട് ,ഷൂമാർക്കറും ഐ എം വിജയനും ഉണ്ട് . പിന്നെ മൈക്കൾ ജാക്സൺ ഉണ്ട് . മതിയല്ലോ ..ഒളിച്ചും പാത്തും ഞാൻ കണ്ടതും കേട്ടതും വായിച്ചതും ഇവരെ പറ്റിയായിരുന്നു, 

കുറെ നാളുകൾക്കു ശേഷം ഞാൻ കഴിഞ്ഞ ആഴ്ച കൊച്ചച്ചനെ കണ്ടു . ഉസ്താദ് കണ്ട ആ 14 വയസ്സുകാരൻ എന്റെ ഉള്ളിൽ നിന്നിറങ്ങി പോയിട്ട് എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന ഈ കാലത്തു , ഞാൻ കൊച്ചച്ചന്റെ കാര്യം പരിതാപകരം ആകുമെന്ന ഊഹത്തിൽ ചെന്ന എന്നോട് ആദ്യത്തെ ചോദ്യം ഇങ്ങനെ ആണ് "രാജൻ കേസ് നിനക്കോർമ്മ വന്നോടാ തുടരും കണ്ടപ്പോൾ "!!!

Saturday, May 31, 2025

തിരോന്തോരം

 എന്റെ 17 ആം വയസ്സിൽ,  2004 ഇൽ ആണ് ആദ്യമായി തിരുവനന്തപുരം കാണുന്നത് .അച്ഛനായിരുന്നു കൂടെ ഉണ്ടായിരുന്നത് .ശംഖുമുഖത്തു പോയി . കടല് കണ്ടു . ഇന്ത്യൻ കോഫി ഹൗസിലെ മസാല ദോശ വാങ്ങി തന്നു . പിന്നീട് 12 വർഷങ്ങൽക്കു ശേഷം ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനായി ഞാൻ 2016 ഇൽ വിഴിഞ്ഞത്തു ജോയിൻ ചെയ്തു. കടല് കാണാൻ പണ്ടൊരിക്കൽ നേർച്ചയിട്ട ഒരു പാലക്കാരന് സ്വപ്നം കാണുന്നതിനും അപ്പുറമാണ് താനിരിക്കുന്ന ഓഫീസിലെ ജനാല തുറന്നാൽ കടല് കാണാൻ പറ്റുമെന്നുള്ളത് . പക്ഷെ കഥ അങ്ങനെ ആയിരുന്നില്ല !!

2008 ഇൽ  കോളേജ് പാസ്സ് ഔട്ട് ആയതിനു ശേഷം പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ലാതിരുന്നിട്ടും ഞാൻ എങ്ങനെയൊക്കെയോ mariculture ഡിവിഷനിൽ എത്തി പെട്ടു . 

ഇപ്പോൾ 9 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു . പുറകോട്ട് ആലോചിക്കുമ്പോൾ എന്താണ് ബാക്കിയുള്ളത് ...! ആകുലതകൾ ആണ് ..ആകുലതകൾ മാത്രം  ... കൊഴിഞ്ഞു പോയ വർഷങ്ങളിൽ അത്രയും ഉള്ളത് ആകുലതകൾ മാത്രമാണ് . 

ഒരു ബ്രീഡിങ് ട്രയൽ പാളി പോയാൽ , ഒരു ഫിഷ്, ഫീഡ്  കഴിച്ചില്ലെങ്കിൽ  , ഒരു brooder ഫിഷ് mature ആകാൻ ലേറ്റ് ആയാൽ , ലാർവ ചത്തുപോയാൽ , അസുഖങ്ങൾ വന്നാൽ (മീനിന് ), എങ്ങാനും ചത്ത് പോയാൽ ,  ഫീഡ് വാങ്ങാൻ കാശില്ലാതായാൽ , ഹാച്ചറിയിൽ രാപ്പകൽ പണിയെടുക്കുന്നവർക്ക് ശമ്പളം വൈകിയാൽ , ജനറേറ്റർ കേടായാൽ , പമ്പുകൾ പണി മുടക്കിയാൽ , കടല് കേറി വെള്ളം പമ്പു ചെയ്യാനാവാതെ ആയാൽ , ആൽഗേ ക്രാഷ്‌ ആയി പോയാൽ , ആളുകൾക്ക് സീഡ് കൊടുക്കാൻ പറ്റാതായാൽ , റിപോർട്ടുകൾ കൊടുക്കാൻ ലേറ്റ് ആയാൽ , റിസർച്ച് ആർട്ടിക്കിൾ ഒരെണ്ണം പോലും എഴുതാതെ പോയതിൽ, നാട്ടിലൊന്നു മനസ്സമാധാനമായി പോകാൻ കഴിയാത്തതിൽ.... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത എന്റെ ആകുലതകളിൽ കൂടെയുണ്ടായിരുന്ന, കൂടെയുള്ള ചില മനുഷ്യരുണ്ട് .  

ഓഫീസിൽ ഫയലുകൾക്കിടയിൽ മീനിന് കൊടുക്കാനുള്ള തീറ്റ വാങ്ങാനുള്ള പൈസ അടക്കം  പലതും കുടുങ്ങിക്കിടക്കുമ്പോൾ കണ്ണും പൂട്ടി വിളിച്ചു പറയാൻ ഒരാളുണ്ടായിരുന്നു ഗോപാലകൃഷ്ണൻ സർ . എന്തിനും ഏതിനും ഞാൻ കണ്ണും പൂട്ടി കേറി ചെന്നിരുന്ന .. ഇപ്പോളും കേറി ചെല്ലുന്ന ഒരിടം . ലോകത്തുള്ള പല വമ്പൻ ഹാച്ചറികളും ശ്രമിച്ചിട്ടും നടക്കാതെ പോയ giant trevally ബ്രീഡ് ആയത് സർ ഓഫീസിന്റെ പടി ഇറങ്ങുന്നതിന്റെ ഒരു മാസം മുൻപാണ് . അന്നെനിക്ക് ഉള്ളിൽ തോന്നിയ ഒരു വാചകമുണ്ട് " universe is listening you " - നിങ്ങളിൽ സത്യമുണ്ടെങ്കിൽ പ്രപഞ്ചം നിങ്ങളെ കേൾക്കും .

ഏതു പാതിരാത്രിക്കും ഞാൻ കഴിഞ്ഞ 9 വർഷങ്ങളിൽ  വിളിച്ചു ബുദ്ധിമുട്ടിക്കുന്ന ചില മനുഷ്യരുണ്ട് . ജലീൽ , പ്രദീഷ് , മനോജ് , നിഷാദ് , റസാഖ് , ഷിബു . അവരോടാണെനിക്ക് കടപ്പാടുള്ളത് . തുച്ഛമായ ശമ്പളം , അതൊരിക്കലും സമയത്തു കിട്ടില്ലെന്ന് അറിഞ്ഞിട്ടും പരാതി പറയാത്തവർ . 2017 മുതൽ 2024 വരെ കഴിഞ്ഞ 7വർഷങ്ങളിൽ ഏകദേശം 25 ലക്ഷം രൂപ ഫിഷ് എഗ്ഗ് മാത്രം sale ചെയ്ത വകുപ്പിൽ ഗവണ്മെന്റിനു നേടിക്കൊടുത്തത് ഇവരാണ് .  ഈ കണക്കുകൾ ഒരു ഔദ്യോഗിക ചർച്ചകളിലും വരില്ല ... വന്നാലും ആരും കേൾക്കാറില്ല . കേട്ടാലും ആർക്കും മനസ്സിലാകാറില്ല .അതുകൊണ്ടിത് ഇവിടെ കിടക്കട്ടെ !!

ചെയ്യുന്ന ജോലിയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് ഇതെല്ലാം സഹിക്കുന്ന മഹാതപസ്സിയല്ല ഞാൻ. എന്റെ കഴിവ് കേടു കൊണ്ടും നിവർത്തികേടും കൊണ്ടും ഇവിടെ തുടരുന്നു എന്നതിൽ കവിഞ്ഞൊന്നുമില്ല . നേട്ടങ്ങൾ പങ്കുവെയ്ക്കാൻ ഓടി വരുന്ന മനുഷ്യരിൽ ഒരാൾ പോലും ആകുലതകൾ പങ്കു വെയ്ക്കാൻ ഉണ്ടാകില്ല എന്നുള്ള യാഥാർഥ്യത്തിലും വലുതില്ലെന്ന് തിരോന്തോരം പഠിപ്പിച്ചു . ഗൂഗിൾ മാപ്പ് നോക്കാതെ ഇപ്പോളും പോകാൻ അറിയാവുന്നത് തമ്പാനൂർ റെയിൽവേ  മാത്രം . കാരണം മറ്റൊന്നുമല്ല വിഴിഞ്ഞം - വെങ്ങാനൂർ  റൂട്ട് അല്ലാതെ മറ്റെങ്ങോട്ടും പോകാറില്ല . 

ഫിലിം ഫെസ്റ്റിവൽ കാണാൻ എറണാകുളത്ത്‌ പഠിച്ചിരുന്ന കാലത്തു പ്ലാൻ ഉണ്ടായിരുന്ന എനിക്ക് ഇപ്പോൾ 15 കിലോമീറ്റർ അപ്പുറത്തുള്ള കലാഭവൻ തിയേറ്ററിൽ പോകാൻ ഫിലിം ഫെസ്റിവലിനോ അല്ലാതെയോ പ്ലാൻ പോലുമില്ല !! എന്താല്ലേ !!!





Wednesday, May 14, 2025

ഇന്നും

 പണ്ടെന്നോ ഉച്ചക്കൊന്നുറങ്ങിയതാണ് 

ജന്മാന്തരങ്ങൾക്കു മുൻപ് 

അതിന്റെ കയ്പ് മാഞ്ഞില്ല ഇന്നും !

പണ്ടെന്നോ ഉണ്ട പത്രമൊന്നു വെച്ച് പോയി 

ജന്മാന്തരങ്ങൾക്കു മുൻപ് 

അതിന്റെ തീ കെട്ടിട്ടില്ല ഇന്നും !

പണ്ടെന്നോ അലക്കാൻ വൈകിയതാണ് 

ജന്മാന്തരങ്ങൾക്കു മുൻപ് 

അതിന്റെ ഒന്നും ഉണങ്ങിയിട്ടില്ല ഇന്നും !

പണ്ടെന്നോ നിറഞ്ഞൊന്നു ചിരിച്ചതാണ് 

ജന്മാന്തരങ്ങൾക്കു മുൻപ് 

അതിന്റെ ഓർമ്മ പോലും ഓർമ്മയാണ് ഇന്ന് 


Sunday, January 12, 2025

പ്ലം കേക്ക്

 1992- 97 .....ജീവിതത്തിലെ ഏറ്റവും നല്ല മാസം ഡിസംബർ , ഏറ്റവും നല്ല പലഹാരം പ്ലം കേക്ക് , ഏറ്റവും നല്ല സ്ഥലം പാലാ , ഏറ്റവും excitement ഉള്ളത് നക്ഷത്രം തൂക്കാനും പുൽക്കൂടൊരുക്കാനും ... ഒരു വർഷം 365 ദിവസം ഉണ്ടെങ്കിലും , ജീവിതം മൊത്തത്തിൽ ഡിസംബർ 20 തൊട്ട് 30 വരെ യുള്ള 10 ദിവസത്തേക്ക് ചുരുങ്ങുമായിരുന്നു എനിക്ക് ... 

തൊടുപുഴ അപ്പുറം ഹൈറേഞ്ചിൽ ഉള്ള വല്യമ്മേടെ മോൻ അപ്പുക്കുട്ടന് കാർഡ് അയക്കുന്ന ഒരു പരിപാടിയുണ്ട്. അവൻ തിരിച്ചയക്കുന്ന കാർഡ് കിട്ടുന്നതിലും വലിയ ഒരു കിക്ക്‌ ഈ ജന്മം ഇനി കിട്ടുമോ ആവോ ! 

നക്ഷത്രം വാങ്ങുന്നതിനു 16 രൂപ വേണം ....വിഷു കൈനീട്ടം കിട്ടുന്ന പൈസ അടക്കം സ്വരൂപിച്ചിട്ട് നമ്മൾ അത് സിമ്പിൾ ആയി വർക്ക് ഔട്ട് ചെയ്‌തെടുക്കും . ഒരു വർഷം മുഴുവൻ ഞാൻ സമ്പാദിച്ചിരുന്നത് ഒരു നക്ഷത്രത്തിന് വേണ്ടി ആയിരുന്നു ...അന്നെനിക്ക് അതിൽ കൂടുതൽ ഒന്നും ആവശ്യമില്ലായിരുന്നു !! (ഒരു തവണ 25 രൂപയ്ക്കു വാൽനക്ഷത്രം വരെ വാങ്ങിച്ചു )

പുൽക്കൂടൊരുക്കാൻ ഉണ്ണീശോ പുല്ലു പറിക്കാൻ പോകുമ്പോ ഡിസംബറിന്റെ ഒരു കാറ്റുണ്ട് ... അമ്മോ ..പറയാൻ വയ്യ !! ഗ്ലാഡിയേറ്റർ മൂവിയിൽ മാക്സിമസ് അയാളുടെ ഓർമ്മയുടെ അല്ലെങ്കിൽ  ബോധത്തിന്റെയും  അബോധത്തിന്റെയും ഇടനാഴികളിൽ വെച്ചെവിടെയോ കൊല ചെയ്യപ്പെട്ട മകനെയും ഭാര്യയെയും കാണുന്ന സീനില്ലേ അതിലൊരു സംഗീതമുണ്ട് ..എന്റെ ഓർമ്മകിലെ പുൽക്കൂടുകൾക്ക് ആ സംഗീതമാണെന്ന് ഞാൻ എവിടെ വെച്ചോ തിരിച്ചറിഞ്ഞിട്ടുണ്ട് .  എന്തൊരു നിറവായിരുന്നു കർത്താവെ !!

പ്രവിത്താനം പള്ളി പെരുന്നാൾ നവംബർ മൂന്നാമത്തെ ഞായറാഴ്ച ..പാലാ ജൂബിലി ഡിസംബർ ആദ്യത്തെ ഞായറാഴ്ച്ച ... അങ്ങനെ അങ്ങനെ ആണ് പോക്ക് ...അപ്പുകുട്ടൻ മാരാരുടെ തായമ്പക ആറാം കാലത്തിൽ പെരുക്കി കേറുമ്പോലെയാണ് ഡിസംബറിന്റെ അവസാനത്തെ പകുതി ... ദിവസം തീരല്ലേ എന്നാണ് എന്നും പ്രാർഥിക്കുന്നത് !!pursuit of happyness മൂവിയിൽ വിൽസ്മിത് ജോലി കിട്ടിക്കഴിഞ്ഞു ഇറങ്ങി നടക്കുന്ന ആനടപ്പില്ലെ .. അങ്ങനെയാണ് ഞാൻ ആ കാലത്തു ഫുൾ നടക്കുന്നത് !!

 അന്നും കടുത്ത ശിവ ഭക്തനാണ് .. ഡിസംമ്പറിൽ ആണ് ഏറ്റവും കൂടുതൽ അമ്പലത്തിൽ പോകുക . വേഴങ്ങാനത് ശിവന്റെ അമ്പലത്തിൽ പോയിട്ട് പറയും കാര്യങ്ങൾ ...പലതരം കാര്യസാധ്യതിനായാണ് പോക്ക് !!ഉണ്ണി യേശു ജനിക്കുന്നതുമായി ബന്ധപ്പെട്ട്‌ ശിവന്റെ അടുത്ത് ഏറ്റവും കൂടുതൽ ഹർജി സമർപ്പിച്ച ആൾ ഞാനായിരിക്കണം .  "കെടും ഓഫാകും കെടും ഓഫാകും " അങ്ങനത്തെ ചില നക്ഷത്രങ്ങൾ ഉണ്ട് ... ആഡംബരം ആണ് എന്നാലും ഭഗവൻ കനിയണം . പിന്നെ പടക്കം മേടിക്കാൻ ഒരു 50 രൂപ എങ്ങനെ എങ്കിലും കനിവ് തോന്നി ഒപ്പിച്ചു തരണം ... അങ്ങനെയുള്ള ആവശ്യങ്ങൾ !! ജോലി കിട്ടി കഴിഞ്ഞാൽ ഞാൻ ഒരു 100 രൂപയ്ക്കു പടക്കം മേടിക്കുമെന്ന് ഞാൻ മനസ്സിൽ ആണയിട്ട കാലം .

വെളുപ്പിനെ 5 മണിക്ക് എണീക്കും ... പഠിക്കാനുള്ള  പുസ്തകം തുറന്നു കാതോർതിരിക്കും ...5.30 ക്ക് പള്ളിയിൽ നിന്ന് പാട്ടു കേൾക്കും " കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ " " ഇസ്രയെലിൻ നാഥനായി വഴുമേക ദൈവം " " യഹൂദിയായിലെ ഒരു ഗ്രാമത്തിൽ " ... KGF കണ്ടിട്ട് പുളകം കൊള്ളുന്ന ഇപ്പോളത്തെ ചെക്കന്മാരില്ലേ .. ആ പുളകം കൊള്ളൽ ഒറ്റ വിഷ്വൽ പോലുമില്ലാതെ ഒരു കിലോമീറ്റർ അകലെയുള്ള പള്ളി മൈക്കിലെ ശബ്ദത്തിൽ കിട്ടിയിരുന്ന കാലം !! 

ഏകദേശം 30 കൊല്ലങ്ങൾക്കിപ്പുറം , മറ്റേതോ ജന്മത്തിൽ കഴിഞ്ഞത് പോലെ തോന്നുമെങ്കിലും ഒന്നുടെ ഇരുത്തി ആലോചിക്കുമ്പോൾ എല്ലാം ശരിയാണ് ... എന്നോടേറ്റവും ഉള്ളുതുറന്ന് സംസാരിച്ച മനുഷ്യർ... ഏറ്റവും ഉള്ളു തുറന്നു സ്നേഹിച്ചവർ ...ഉള്ളറിഞ്ഞു കൂടെ നിന്നവർ ...ഉള്ളംപോലെ കൊണ്ട് നടന്നവർ ... അവരിൽ ഒട്ടുമുക്കാൽ മനുഷ്യരും ക്രിസ്ത്യാനികൾ ആണ് . ... ആലോചിക്കുമ്പോൾ എല്ലാം ശരി തന്നെയാണ് !!!

എന്റെ ബാല്യത്തിലെ  ഏറ്റവും സുഗന്ധപൂരിതമായ ഡിസംബർ ഓർമ്മകൾ , ജന്മാന്തരങ്ങളിൽ ഞാൻ കണ്ടുമുട്ടിയേക്കാവുന്ന ചില സ്നേഹങ്ങളുടെ മെഴുകുതിരി വെളിച്ചം പോലെ ഇപ്പോളും ഉള്ളിൽ കത്തുന്നുണ്ടെന്ന് ഞാൻ കരുതുന്നു !! നന്ദി !!!

Wednesday, December 25, 2024

എംടി

 ഇന്ന് 2024ഡിസംബർ 25. ഈ ജന്മം , ഗുരുക്കന്മാരായി കരുതിയ വളരെ ചുരുക്കം പേരിൽ ഒരാൾ ഇന്ന് പ്രാണൻ വെടിഞ്ഞു . എന്റെ 39 വർഷങ്ങളിൽ ഏറ്റവും മുന്തിയ പ്രാണനുകളിൽ ഒന്നായി എനിക്ക് തോന്നിയതിലൊന്നു ഇന്ന് നിലച്ചു . മാടത്തു തെക്കേപ്പാട്ടു വാസുദേവൻ നായർ . 

സ്വാസ്ഥ്യം എന്നൊരു അവസ്ഥ ഉണ്ടെന്നും അതിലേക്കുള്ള വഴി മിതത്വം ആണെന്നും പഠിപ്പിച്ചൊരാൾ ! അളവറ്റതൊന്നും സ്വാസ്ഥ്യത്തിലേക്ക് എത്തിക്കില്ലെന്നു പഠിപ്പിച്ചൊരാൾ !!! എഴുതാൻ ഒന്നുമില്ല ഇന്ന് ഇനി . വഴി കാണിച്ച ആൾക്കാരിൽ ഒരാൾ എന്നെന്നേക്കുമായി ഇല്ലാതായി !! എലിപ്പന്തയങ്ങളിൽ മനസ്സ് ചത്തു നിൽക്കുമ്പോൾ കാലമേ എനിക്കിനിയും "കാലം " വായിക്കാം എന്നുള്ള ഒറ്റ വിശ്വാസത്തിൽ ഞാൻ നിർത്തട്ടെ !!

Tuesday, December 3, 2024

ഒറ്റക്കണ്ണിൽ ഉറങ്ങുന്നവൻ

 മകരത്തിലും പുതപ്പു പുതക്കാറില്ല , ഉറങ്ങിയെങ്ങാനും പോയാലോ !

കസേരയിൽ ചാഞ്ഞൊന്നിരിക്കാറില്ല, തണ്ടാണെന്നു കരുതിയാലോ !

തെളിഞ്ഞൊന്നു ചിരിക്കാറില്ല , സന്തോഷമാണെന്നു ധരിച്ചാലോ ! 

ഇഷ്ടമുള്ളത് കഴിക്കാറില്ല , ആരേലും കണക്കു പറഞ്ഞാലോ !

കൂട്ടുകാരെന്ന ലിസ്റ്റ്‌ നിലവിലില്ല , വിശ്വാസം കളഞ്ഞു പോയാലോ !

അമ്മയെ വിളിക്കാറില്ല , അറിയാതെങ്ങാനും കരഞ്ഞു പോയാലോ !

ഒറ്റയ്ക്കിരിക്കാറുണ്ട് , കുറച്ചു സമയം മരിച്ചിട്ട് പിന്നെ എണീറ്റോടും !!!



Friday, November 15, 2024

ചെകുത്താൻ

 അമ്പലത്തിൽ പോയി വഴിപാട് കഴിച്ചു 

എല്ലാം കൂടി എത്ര രൂപ ആയി എന്ന് ചോദിച്ചു 

കൂട്ടി നോക്കിയപ്പോ 666 രൂപ ആയെന്ന് !!

അയാളൊന്നു ഇരുത്തി നോക്കിയപ്പോ പറഞ്ഞു 

" അകത്തുള്ള ആളുമായി ഒരു സമാധാന ചർച്ചക്ക് വന്നതാണെന്ന് " !!!


Saturday, July 13, 2024

കാലത്തിന്റെ ഔദാര്യം !!!

 പണ്ട് ദൂരദർശൻ മാത്രമുള്ള ഒരു കാലം . ഞായറാഴ്ച 4 മണിക്ക് സിനിമ കാണുന്നതാണ് പ്രപഞ്ചത്തിൽ ഏറ്റവും സന്തോഷമുള്ള കാര്യം . അരം +അരം =കിന്നരം സിനിമ ഉള്ള ദിവസം ഉച്ച കഴിഞ്ഞു കറന്റ് പോയി .അന്ന്  കറന്റ് വരാൻ വേഴങ്ങാനം അമ്പലത്തിൽ നേർച്ച നേർന്നത്‌ സത്യമാണ് . അതൊരു കാലം . 

ഇന്നിപ്പോ Netflix, Prime, hotstar, sony liv... അങ്ങനെ സകലമാന സാധനങ്ങളും മൊബൈലിൽ ഉണ്ട് . ഒരൊറ്റ സിനിമ പോലും കാണാറില്ല മര്യാദക്ക് !! കാലമേ നമഃ 

1991-95 കാലം. മീൻ എന്ന് പറഞ്ഞാൽ ഉണക്കമീൻ എന്നാണ് അർഥം . പച്ച മീൻ വകുപ്പിൽ ഒരാളെയേ അറിയു അത് നമ്മുടെ ചുവന്ന കിളി മീൻ ആണ് ...സ്ഥിരം തോട്ടിൽ പോയി ചെറിയ പരലു പിടിച്ചു ചേമ്പിലയിൽ ആക്കി വീട്ടിൽ കൊണ്ടു വരും ... രണ്ടു ദിവസം കിടക്കും മൂന്നാം ദിവസം ഏതേലും കാരണത്തിൽ ചത്തു പോകും (ചോറൊക്കെ ഉരുള ഉരുട്ടി ഞാൻ മീൻ കിടക്കുന്ന പാത്രത്തിൽ ഇട്ടിട്ടുണ്ട് !!!) പരലിന്റെ നിറം മാത്രം കണ്ടു ശീലിച്ച എനിക്ക് കിളി മീൻ എന്ന് വെച്ചാൽ 8 ആമത്തെ ലോകാത്ഭുതമാണ് . അന്നൊക്കെ ആലോചിച്ചിട്ടുണ്ട് ഭഗവാനെ എന്നെങ്കിലും ഒരിക്കൽ ജീവനുള്ള ഒരു കിളി മീനെ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ! കൊതിച്ചിട്ടുണ്ട് അതോർത്തു ഓർത്തു !! ഉണക്ക കപ്പയും തിരണ്ടി വാൽ ചുട്ടതും കൂട്ടി പണ്ടൊരു കർക്കിടകത്തിൽ കഴിക്കുന്ന കാലത്താണ്അമ്മ പറഞ്ഞത് ഈ തിരണ്ടി ഒരു തരം മീൻ ആണെന്ന് ... അന്നുവരെ ഞാൻ അത് മറ്റെന്തോ ജീവി ആണെന്ന് ധരിച്ചിരിക്കുവാരുന്നു ... തിരണ്ടി ഒന്നും ജീവനോടെ കാണാം എന്ന് ഞാൻ കരുതിയിട്ടേ ഇല്ല കാരണം അത് അധിക പ്രസംഗം ആണെന്നറിയാം ! 

ശനിയാഴ്ചയും ഞായറാഴ്ചയും അടക്കം ഇലക്ട്രിക്ക് റേ അടക്കം എല്ലാ ബ്രഹ്മാണ്ഡ സാധനങ്ങളെയും  കാണാനും പിടിക്കാനും എന്ന് വേണ്ട സർവ്വതിനും എനിക്ക് കാലം ലൈസെൻസ് തന്ന് അനുഗ്രഹിച്ചു !!! Giant trevally എന്ന പേര് പോലും എനിക്ക് രോമാഞ്ചം ഉണ്ടാക്കിയ ഒരു കാലത്തു നിന്ന് ... ഈ മഹാരാജ്യത്ത് അതിന്റെ മുട്ടയോ അല്ലെങ്കിൽ ജീവനുള്ള കുഞ്ഞുങ്ങളെ ആദ്യമായി കാണാനുള്ള മഹാഭാഗ്യം എനിക്ക് കൂടി ഉണ്ടായി എന്നുള്ളത് എനിക്കിന്നും അവിശ്വസനീയമാണ് ! കാലം എന്നോട് കാണിച്ച ഏറ്റവും   വലിയ ഔദാര്യമാണ് അത് എന്ന് ഞാൻ വിശ്വസിക്കുന്നു !!!



Friday, June 14, 2024

തഴമ്പ്

 മുഴുവൻ പേരു  തന്നെ തഴമ്പ് (ഇനിഷ്യൽ അല്ലന്നു ചുരുക്കം )

മുറിഞ്ഞാൽ തന്നെ അറിയില്ല 

പറഞ്ഞാൽ തന്നെ തൊട്ടു നോക്കണം

തൊട്ടാൽ തന്നെ വിശ്വസിക്കില്ല 

വിശ്വസിച്ചാൽ തന്നെ തഴയും 

തഴമ്പല്ലേ തഴയാനുള്ളതല്ലേ 




Tuesday, May 7, 2024

കാരണം ഒന്നുമില്ല

 എംടി യുടെ ഒരു വിഖ്യാതമായ വാചകം പോലെ കാരണം ഒന്നുമില്ല പക്ഷെ എനിക്കിഷ്ടമാണ് എന്ന് പറയാവുന്ന ചില പരിപാടികൾ ഉണ്ട് . എന്റെ മനോനിലയിൽ എനിക്ക് തന്നെ സംശയം ഉണ്ടാക്കുന്ന ചിലത് ...അതായത് , മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി , അദ്ദേഹത്തിന്റെ ചിത്രങ്ങൾ തിയേറ്ററിൽ തുടർച്ചയായി പരാജയപ്പെടുന്ന കാലം , അന്നെനിക്ക് ഏറ്റവും ഇഷ്ടം മമ്മൂട്ടി യെ ആയിരുന്നു . സഹതാപമല്ല, സ്നേഹം  തന്നെ സ്നേഹം . അദ്ദേഹത്തെക്കുറിച്ചുള്ള മോശം കമന്റ് കേൾക്കുന്ന കാലത്തു ഞാൻ വാത്സല്യത്തിലെ ക്ലൈമാക്സ് ഷോട്ട് ഓർക്കുമായിരുന്നു . മനപൂർവ്വമല്ല പക്ഷെ ഞാനറിയാതെ എന്റെ മനസ്സിൽ ആ ചിത്രം കടന്നു വരും "അവനൊരു പാവാ " അത് പറഞ്ഞിട്ടുള്ള നിറ കൺ ചിരി . പിന്നീട് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകൾ നടക്കുന്ന ഈ കാലത്തു എന്റെ ആ സ്നേഹം എവിടെയോ പോയി മറഞ്ഞു . സ്നേഹമില്ല എന്നാണോ പറയേണ്ടത് എന്നറിയില്ല പക്ഷെ എന്റെ ചിന്തകളിലോ ആകുലതകളിലോ അദ്ദേഹമോ സിനിമയോ വരാറില്ല . ഭീഷമ കണ്ടാലും കാതൽ കണ്ടാലും എനിക്ക് ആ പഴയ സ്നേഹം വരുന്നില്ല . ഞാൻ ഓർക്കാറേയില്ല !!!


 ഇന്നത്തെ സ്നേഹം മുഴുവൻ മോഹൻലാലിനോട് ആണ് . അദ്ദേഹത്തെക്കുറിച്ചുള്ള തെറിക്കു സമാനമായ കമന്റ് വായിക്കുമ്പോൾ .. അറിയില്ല പെട്ടെന്നോർമ്മ വരുന്നത് അമൃതം ഗമയ സിനിമയുടെ ക്ലൈമാക്സ് ഷോട്ട് ആണ് ! ഒരു ചിരി !! മലയാളം മറക്കാത്ത ഒരു ചിരി !!! സ്‌നേഹമാണ് സത്യമായും ... അയാളുടെ അടുത്ത സിനിമയ്ക്ക് കയ്യടി വീഴുന്നതോടെ പിന്നെ അയാളായി അയാളുടെ പാടായി ...!

കഴിഞ്ഞില്ല ... എനിക്ക് വിരാട് കോലി എന്ന പേര് ഒരിക്കലും എന്നെ ആവേശപെടുത്തിയിട്ടില്ല .. സച്ചിൻ മുഖ്യ പ്രതിഷ്ഠയും ഗാംഗുലിയും ദ്രാവിഡും ജവഗൽ ശ്രീനാഥും  ഉപദേവതകളും പിന്നെ ചുറ്റമ്പലത്തിനു വെളിയിൽ ബ്രയാൻ ലാറ എന്ന ഭൂതഗണവും  ഉണ്ടായിരുന്ന  അമ്പലത്തിലെ പൂജാരി ആയിരുന്നു ഏറെക്കാലം ഞാൻ !! ആ എനിക്കെന്ത് കോലി! എന്ത് രോഹിത് !! പക്ഷെ ഈയടുത്തു ആരോ തലമൂത്ത കാര്ന്നോന്മാർ കോലിയെ ചീത്ത വിളിച്ചപ്പോ എന്താണെന്നറിയില്ല കോലിയോട് സ്നേഹം !! സത്യം !!അവനൊരു പാവമല്ലെന്നൊക്കെ എനിക്ക് തോന്നുവാണ് !! 

രണ്ടാമൂഴം എഴുതിയ എംടി യോട് എന്തുകൊണ്ട് ഒന്നാമൂഴമോ മൂന്നാമൂഴമോ എഴുതിയില്ലെന്നു ചോദിച്ചിട്ടുണ്ട് ! ദ്രൗപദിയോടൊത്തു ശയിക്കാൻ ഊഴം കാത്ത ബാക്കി നാല് പേരുണ്ടെന്നിരിക്കെ എന്തുകൊണ്ട് ഭീമൻ എന്നൊരു ചോദ്യമുണ്ട് ...! അതിനു അദ്ദേഹം പറഞ്ഞ മറുപടി പഞ്ച പാണ്ഡവരിൽ ഏറ്റവും കൂടുതൽ മാനുഷികമായത് ഭീമനാണ് ഉള്ളത് എന്നാണ് ..

എനിക്ക് മനസ്സിലായത് ആ അഞ്ചു പേരിൽ ഏറ്റവും കൂടുതൽ കളിയാക്കലുകൾ നേരിടേണ്ടി വരുന്നത് ഭീമനാണ്  ... അയാളുടെ രൂപത്തിന്റെ പേരിൽ അയാളുടെ നിഷ്കളങ്കതയുടെ  പേരിൽ ഒക്കെ  അയാൾ ഒരുപാട് പരിഹാസം ഏറ്റു വാങ്ങുന്നുണ്ട് .. അങ്ങനെ ഒരാൾ ജയിക്കുമ്പോൾ മാത്രമേ ജയമാകുന്നുള്ളു ...ബാക്കിയെല്ലാം വെറും നാടകം !!

 പരിഹസിക്കപ്പെടുന്ന... തോറ്റു പോകുന്ന മനുഷ്യരെക്കുറിച്ചോർക്കാൻ സമയമുണ്ടാകുന്നത് അവരെക്കുറിച്ചോർത്തു വിഷമിക്കാൻ കഴിയുന്നത് നല്ലതാണെന്നാണ് എന്റെ വിശ്വാസം . 

ചരിത്രം ജയിച്ചവരുടേതാണ് .. നമ്മളീ കാണുന്ന ലോകവും ജയിച്ചവരുടേതാണ് ..പക്ഷെ തോറ്റവരുടെ ,  പരിഹസിക്കപ്പെടുന്നവരുടെ മാത്രം ആരാധകനാകുന്ന എനിക്ക് ഏറ്റവും ഇഷ്ടം എന്നെ തന്നെ ആകുന്നതും വെറുതെയല്ലെന്ന് തോന്നുന്നു  ...!!


വെറുതെയല്ല എനിക്ക് നിന്നെ കണ്ണെടുത്താൽ കണ്ടുടാ 


Saturday, May 4, 2024

ദി ബദൽ പ്ലാൻ

 പണ്ട് ഹൈക്കു കവിത വായിച്ചു ആകൃഷ്ടനായ കാലത്തു .. മരിക്കും മുൻപ് അങ്ങനൊരെണ്ണം എഴുതണം എന്നാഗ്രഹം തോന്നി ! അങ്ങനെ ഒരണ്ണം എഴുതിയെങ്കിലും അത് വെറും ക്ളീഷേ ആണെന്ന് തോന്നി എവിടെയും കുറിച്ചിട്ടില്ല ..

18 വർഷങ്ങൾക്കിപ്പുറവും ആ ക്ളീഷേ മനസ്സിൽ കിടക്കുന്നുണ്ടെങ്കിൽ അത് ക്ളീഷേ ആവില്ലെന്നുള്ള തിരിച്ചറിവിൽ ഞാൻ അതിവിടെ കുറിക്കട്ടെ !!!

---------------------------------------------------------------

കവിതയുടെ പേര് : ബദൽ 

ചതിയരങ്ങുകളിൽ, കർട്ടൻ വലിക്കാൻ 

നിർത്തിയ എന്റെ പ്രണയം , ഞാനറിയാതെ 

എപ്പോളോ ഉറങ്ങിപ്പോയെന്ന് !!!!

------------------------/----------------------------------------

.

Sunday, April 28, 2024

പുസ്തകം

തുണിക്കടയിൽ കയറിയാൽ തുണി വാങ്ങാൻ തോന്നുന്നതിനേക്കാൾ അല്ലെങ്കിൽ ഏതെങ്കിലും ഒരു കടയിലോ , പുതിയ കാലത്തിന്റെ എന്തെങ്കിലും ഒന്ന് , അത് മൊബൈൽ ആകാം ...അങ്ങനെ എന്തെങ്കിലും ഒന്ന് വേണമെന്ന് തോന്നുന്നതിനേക്കാൾ ആയിരം മടങ്ങു കൂടുതൽ ആർത്തി ഉള്ളത് അല്ലെങ്കിൽ ഉണ്ടായിരുന്നത് പുസ്തകക്കടയിൽ കയറുമ്പോൾ ആണ് . എല്ലാക്കാലത്തും ഭ്രമിപ്പിച്ചിട്ടുള്ള , ആസക്തി തോന്നിച്ചിട്ടുള്ള ഒന്നാണ് പുസ്തകങ്ങൾ ! പണ്ടൊക്കെ ഡിസി ബുക്സിൽ കയറിയാൽ ഏറ്റവും കുറഞ്ഞത് ഒരു 20 എണ്ണം അവസാനം കയ്യിലെടുക്കും . ആ ഇരുപതെണ്ണത്തിൽ ഒരെണ്ണം പോലും ഒഴിവാക്കാൻ ആകുന്നതല്ല പക്ഷെ പോക്കറ്റിന്റെ വലിപ്പം അതനുവദിക്കുന്നില്ല എന്നറിയാവുന്നതുകൊണ്ട് ആ കയ്യിലിരിക്കുന്ന 20 എണ്ണത്തിൽ ഒരു സ്ക്രീനിംഗ് നടത്തും .. വളരെവേദനയോടെ ഒടുവിൽ മൂന്നോ നാലോ എണ്ണത്തിൽ ഒതുക്കും .വാങ്ങിക്കുന്നതൊക്കെ അന്നല്ലെങ്കിൽ പിറ്റേ ദിവസം വായിച്ചു കഴിഞ്ഞിട്ടുണ്ടാകും . അന്നൊക്കെ വിചാരിച്ചിട്ടുണ്ട് , നല്ല ശമ്പളം ഉള്ള ജോലി എങ്ങാനും കിട്ടുവാണേൽ എല്ലാ മാസവും ഒരു 30 എണ്ണം വീതം പുസ്തകം വാങ്ങണം .. എല്ലാ ദിവസവും രാത്രി ഓരോ പുസ്തകങ്ങൾ .. ആഹാ അതിലും മനോഹരമായിട്ടെന്താണുള്ളത് ...

രഞ്ജിത്തെന്ന കഥാകാരനോടുള്ള സ്നേഹം പണ്ട് പണ്ടേ ഉണ്ട് . എങ്കിലും അദ്ദേഹം സംവിധാനം ചെയ്ത കയ്യൊപ്പു എന്ന സിനിമ തീയേറ്ററിൽ കണ്ട അപൂർവ്വം മലയാളികളിൽ ഒരാൾ ആയതിൽ എനിക്കിന്നും ചെറുതല്ലാത്ത അഭിമാനം ഉണ്ട് . ആ സിനിമ കണ്ടിറങ്ങി ഹോസ്റ്റലിൽ വന്നുറങ്ങിയ രാത്രി ആലോചിച്ചിട്ടുണ്ട് ഈ സിനിമ കാണാനാകണം അയാളോട് എനിക്ക് കാലങ്ങളായി മനസ്സിൽ ഒരു ബന്ധം കാലം എനിക്ക് കെട്ടിപ്പടുത്തി തന്നതെന്ന് . അതിലെ ബാലചന്ദ്രന്റെ ഒരു ഡയലോഗ് ഉണ്ട്  പുസ്തകക്കടയിലെ ക്യാഷ് കൗണ്ടറിൽ നിന്ന പെൺകുട്ടിയോട് " എന്താ വില രേഖെ , താങ്ങാനാവുന്നില്ല " ... ഞാനറിയാതെ എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട് അത് കണ്ടിട്ട് ! പുറത്തു മഴ പെയ്യുമ്പോൾ പുസ്തകങ്ങൾക്ക് നടുവിൽകിടന്നു പുസ്തകം വായിക്കുന്ന ബാലചന്ദ്രന്റെ ഒരു ഫ്രെയിം ഉണ്ട് .. അത്രയും മനസ്സ് നിറഞ്ഞ ഒരു ഫ്രെയിം എനിക്ക് വേറെ കിട്ടിയിട്ടുണ്ടോ എന്ന് സംശയം ആണ് .

ഇന്നിപ്പോ ശമ്പളം ഉള്ള ജോലി ഉണ്ട് ..അര മണിക്കൂർ ഡ്രൈവ് ചെയ്താൽ ഡിസി ബുക്ക്സ് എത്തും ...എന്നിട്ട് കഴിഞ്ഞ 5 വർഷങ്ങൾക്കിടയിൽ വാങ്ങിച്ച പുസ്തകങ്ങൾ 50 എണ്ണത്തിൽ താഴെ മാത്രം ..വായിച്ചത് 10 എണ്ണത്തിലും കുറവ് !!! കാലമേ എന്നോടിത് വേണ്ടായിരുന്നു ...!!! എനിക്കെപ്പോളും ഓർമ്മ വരുന്നത് കാലം എന്ന എംടി നോവലിന്റെ പുറകിൽ പ്രസാധകർ എഴുതിയ വാചകം ആണ് ...  " മല വെള്ളം സ്വപ്നം കണ്ടുണങ്ങി പോയ പുഴ പോലെ , കാലത്തിന്റെ കടുംതുടികൾ കേട്ടു നടുങ്ങിയ മനുഷ്യ ബന്ധങ്ങളുടെ കഥ " ജീവിതത്തിന്റെ സമൃദ്ധികൾ എന്ന് ഒരുകാലത്തു തോന്നുന്നതൊക്കെ , സ്വപ്നം കാണുന്നതൊക്കെ , കാലം  പിന്നീടൊരു കാലത്തു നമുക്ക് മുന്നിൽ കൊണ്ടുവന്നു കൈനീട്ടി തന്നാലും ചിലപ്പോ നമുക്ക് മനസ്സിലായെന്നു പോലും വരില്ല , നമ്മുടെ സ്വപ്നമായിരുന്നിതെന്ന് .അഥവാ മനസ്സിലായാൽ പോലും കാരണം പോലുമറിയാത്ത എന്തോ ഒന്നിന്റെ പേരിൽ നമുക്ക് നമ്മെ പോലും നഷ്ടപ്പെട്ടിട്ടുണ്ടാകും !!  അതാണ് കാലം ..അതിലും ശക്തമായതൊന്നില്ല ... Time is not the main thing it is the only thing .

പക്ഷെ എന്നിട്ടും ഞാൻ തോറ്റിട്ടില്ല ,കാലത്തോട് എന്നെനിക്ക് ഇന്നും തോന്നാൻ കാരണം ഒരു പുസ്തകമാണ് !! ഒന്നേ ഒന്ന് . മലയാള ഭാഷ ഉള്ളിടത്തോളം കാലം അതിനു മുകളിൽ ഒരു എഴുതുണ്ടാകില്ല എന്നെനിക്കുറപ്പാണ് . അതിനു മുകളിൽ എഴുതാൻ ആരുമുണ്ടാകില്ല ഒരുകാലത്തും . പടച്ചവൻ നേരിട്ടെഴുതിയ ഒരെണ്ണം ... ഖസാക്ക് !!! കോളേജിൽ പഠിച്ച കാലത്തൊക്കെയും ഉറങ്ങുമ്പോൾ കൈ അകാലത്തൊരു പുസ്തകം വെക്കുമായിരുന്നു അത് എംടി യുടെ "കാലം " ആയിരുന്നു . ഇന്നിപ്പോൾ കാലമെന്നെ തോൽപ്പിക്കുന്ന കാലത്തു , കാലത്തെ അതിജീവിച്ച ഖസാക്കാനുള്ളത് കൈ അകലത്തിൽ .  തോൽക്കാതിരിക്കാൻ ഇടയ്ക്കൊന്നു മറിച്ചു നോക്കും ഏതു പേജ് എടുത്താലും നമ്മളെ അത്രമേൽ കൊളുത്തി വലിക്കാതെ അത്രമേൽ പ്രചോദിപ്പിക്കാതെ എനിക്കത് താഴെ വെയ്ക്കാൻ ആയിട്ടില്ല !!

പലരും പലവട്ടം പുകഴ്ത്തിയ എഴുത്തിന്റെ മാന്ത്രികത നിറഞ്ഞാടിയ ഒരുപാട് വാചകങ്ങളുണ്ടെങ്കിലും എനിക്ക് പ്രിയപ്പെട്ട ചിലതു ഞാൻ  കുറിക്കട്ടെ 

"രവി ഉറങ്ങാൻ കിടന്നു ..ജനാലയിലൂടെ ആകാശം മിന്നുന്നു , തുടിക്കുന്നു . ഈശ്വരാ ഒന്നുമറിയരുത് ഉറങ്ങിയാൽ മതി ! ജന്മത്തിൽ നിന്ന് ജന്മത്തിലേക്ക് തല ചായ്ക്കുക . കാടായി നിഴലായി മണ്ണായി ആകാശമായി വിശ്രമം കൊള്ളുക "

"അയാൾ കിണറ്റിലേക്ക് കൂപ്പു കുത്തി . കിണറു കടന്നു ഉൾക്കിണറ്റിലേക്ക് . വെള്ളത്തിന്റെ വില്ലീസ് പടുതകളിലൂടെ അയാൾ നീങ്ങി .ചില്ലു വാതിലുകൾ കടന്നു സ്വപ്നത്തിലൂടെ ,തന്നെ കൈ നീട്ടി വിളിച്ച പൊരുളിന്റെ നേർക്ക് അയാൾ യാത്രയായി . അയാൾക്ക്‌ പിന്നിൽ ചില്ലു വാതിലുകൾ ഒന്നൊന്നായി അടഞ്ഞു "

" മറ്റൊരു പ്രയാണം , കർമബന്ധത്തിന്റെ നൊടി നേരത്തെ പരിചയം . ചക്രങ്ങൾക്കിടയിൽ ഒരു നൊടി മാത്രം . താളം കൂട്ടികൊണ്ട് അത് വീണ്ടുമകന്നു "

"കർമ്മ ബന്ധത്തിന്റെ ഏതു ചരടാണ്‌ നിങ്ങളെ ഈ വഴി കൊണ്ടുവന്നത് "

"...പിന്നെ അവശേഷിക്കുക പെരുവിരലിൽ ചുഴികൾ മാത്രമാകും .. ഞാനെന്ന ഭാവം അവയിൽ കുടി കൊള്ളും കാലം ചെല്ലുമ്പോൾ അവയും തേഞ്ഞു പോകും .. പരിണമിക്കും "

"ചൂട് നഷ്ടപ്പെട്ട വെയിൽ , കരിമ്പനകളുടെ സീൽക്കാരം , എന്താണ് മനസ്സിലൂടെ കടന്നു പോയത് ? കരുണ ? ആസക്തി , നീരസം , ക്രൂരമായ ജിജിഞാസ , കൃതാർഥത ... എന്തായിരുന്നു അത് ? അല്ലെങ്കിൽ അത് എല്ലാമായിരുന്നു !!!

അത് എല്ലാമായിരുന്നു എന്നുള്ള വാചകം വായിച്ച എനിക്ക് അന്ന് വരെ ഇല്ലാത്ത വെളിപാടുണ്ടായിട്ടുണ്ട് . ഇതെല്ലാം കൂടി ചേർന്ന ഒന്നെനിക്ക് വികാരമായി തോന്നുന്നതിൽ തെറ്റില്ലെന്ന് മാത്രമല്ല അതുണ്ടെന്നു കൂടി അന്നാണെനിക്ക് ബോധ്യപ്പെട്ടത് !!!

-----------------------------------------------------------

പണ്ട് പണ്ട് ... ദിനോസറുകൾക്കും മുൻപ് ....പാലാ st thomas കോളജ് സംഘടിപ്പിച്ച സിവിൽ സർവീസ് മോക് എക്സാമിൽ ഞാൻ മലയാളം മെയിൻ എടുത്ത് ഒരു രണ്ടാം ശനിയാഴ്ച്ച പോയി പങ്കെടുത്തു . അന്ന് മൊത്തം മാർക്ക് അത്ര ആശാവഹമായിരുന്നില്ലെങ്കിലും അന്ന് ആ പരീക്ഷക്ക് , 20 മാർക്കിന്റെ ചോദ്യത്തിന് ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയതിന്റെ ഓർമ്മയ്ക്ക് ഖസാക്കിന്റെ നിറമാണ് ....ആ ചോദ്യം ഇങ്ങനെ ആയിരുന്നു " അസ്തിത്വ ദുഃഖം എന്ന പ്രേമേയം ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ അടിസ്ഥാനമാക്കി വിവരിക്കുക !!! എന്താല്ലേ !!

ആ മാർക്ക് കണ്ട അധ്യാപകൻ എന്നെ കാര്യമായി ഗുണദോഷിച്ചെങ്കിലും അതെന്റെ ആദ്യത്തെയും അവസാനത്തെയും മോക് ടെസ്റ്റ് ആയിരുന്നു ...കർമ്മ ബന്ധത്തിന്റെ ഏതു ചരടാണ്‌ എന്നെ ആ വഴിക്ക് കൊണ്ടുപോയത് അല്ലെങ്കിൽ ഈ വഴി കൊണ്ട് വന്നത് ! ആവോ !!